വചനമനസ്‌കാരം : No. 31

വചനമനസ്‌കാരം : No. 31
ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു. ദഹനബലിയും പാപപരിഹാരബലിയും അവിടുന്ന് ആവശ്യപ്പെട്ടില്ല.
സങ്കീര്‍ത്തനങ്ങള്‍ 40:6

നമ്മുടെ ബലികള്‍ക്കും കാഴ്ചകള്‍ക്കുമായി ദാഹത്തോടെ കാത്തിരിക്കുന്നവനാണ് ദൈവമെന്ന് നാം തെറ്റിദ്ധരിച്ചതാണ്. ഹൃദയമില്ലാത്ത ബലികളും ആത്മാവില്ലാത്ത ആരാധനകളും നിറ ഞ്ഞ ആചാരനിബദ്ധമായ ജീവിതം ഇലപ്പടര്‍പ്പുണ്ടെങ്കിലും ഫല ങ്ങളൊന്നുമില്ലാത്ത വൃക്ഷമാണ്. ബലികളോ കാഴ്ചകളോ അല്ല, കാതുകളും കണ്ണുകളും തുറന്നുകിട്ടുക എന്നതാണ് സുപ്രധാനം. ആത്മാവില്‍ അണയാതെ എരിയുന്ന ബലിജ്വാലകള്‍ കാണാനും അകതാരില്‍ അവിരാമം മുഴങ്ങുന്ന ആനന്ദോത്സവങ്ങള്‍ കേള്‍ക്കാ നും കഴിയുന്നതാണ് കൃപ. ആ വരപ്രസാദത്തില്‍ ആമഗ്‌നരായാല്‍ പ്രത്യേകം ബലികളും കാഴ്ചകളും പിന്നെ അര്‍പ്പിക്കേണ്ടതില്ല. വാഴ്‌വ് തന്നെ കാഴ്ചയും ബലിയും ആരാധനയുമാകും.

ഉള്ളിലെ ബലിശിലകളില്‍ ഉണ്മയുടെ ബലികളര്‍പ്പിക്കാനാണ് ദൈവം ഉള്‍ക്കണ്ണു തെളിച്ചു തരുന്നത്. അകത്തു വസിക്കുന്നവന്‍ അലിവോടെ മന്ത്രിക്കുന്നത് കേള്‍ക്കാനാണ് അകക്കാത് തുറന്നു തരുന്നത്. 'സച്ചിദാനന്ദാത്മകനദ്വയനനാമയന്‍' തന്നെയായ പരം പൊരുള്‍ അകക്കാമ്പില്‍ വസിക്കുന്നുണ്ടെന്ന അവബോധമാണ് ഉള്ളിനെ ശ്രീകോവിലാക്കുന്നത്. അതുള്ളവര്‍ക്ക് 'ഈ മലയിലോ ജറുസലെമിലോ' അവിടുത്തെ ആരാധിക്കേണ്ടി വരില്ല. 'അഹം ബ്രഹ്മാസ്മി' എന്ന ആത്മബോധമുണര്‍ന്ന അവരാണ് യേശു പറഞ്ഞ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന 'യഥാര്‍ത്ഥ ആരാധകര്‍.' അറിയുന്നതിനെ ആരാധിക്കുകയും ആരാ ധിക്കുന്നതിനെ അറിയുകയും ചെയ്യുന്ന അത്തരം ആരാധകരെ യാണ് അവിടുന്ന് അന്വേഷിക്കുന്നതും (യോഹ. 4:23).

മതങ്ങള്‍ക്ക് മദമിളകുന്ന ഇക്കാലത്ത് അകത്തെ കണ്ണും കാതും തുറന്നു കിട്ടാനുള്ള പ്രാര്‍ത്ഥന അര്‍ത്ഥപൂര്‍ണ്ണവും പ്രസക്തവുമാ ണ്. ആ കാഴ്ചയും കേള്‍വിയുമാണ് അവനവനിലെന്നപോലെ അപരനിലുമുള്ള തിരുസാന്നിധ്യത്തിന് ആരാധനയുടെ അഞ്ജലി യുയര്‍ത്തുന്നത്. വിശാലാര്‍ത്ഥത്തില്‍, മറ്റൊരു ഫ്രാന്‍സീസിന്റെ കനവിലെ സിനഡാത്മകതയുടെ പൊരുളും ഇതത്രെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org