വചനമനസ്‌കാരം : No. 26

വചനമനസ്‌കാരം : No. 26
നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്‌നങ്ങളിലും കര്‍ത്താവ് അനുഗ്രഹം വര്‍ഷിക്കും. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് അവിടുന്നു നിന്നെ അനുഗ്രഹിക്കും.
നിയമാവര്‍ത്തനം 28:8

ഞാന്‍ ഇരക്കുവാന്‍ ചെന്നാല്‍

വയലേകില്ലാ ധാന്യം;

ജ്ഞാനിയല്ലല്ലോ നിലം വേദാന്തം

ശ്രവിക്കുവാന്‍ !!

മഹാകവി ജി.

ഇല്ല; വിശക്കുന്നവന് മാത്രമല്ല വയലിനും വേദാന്തം ദഹിക്കില്ല. വയല്‍ കൊതിക്കുന്ന വേദാന്തം അധ്വാനത്തിന്റേതാണ്. സ്വേദമാണ് സ്വാദായി ജീവിതത്തിന്റെ വിരുന്നുമേശകളെ പുഷ്‌കലമാക്കുന്നത്.

കണ്ണീരും വിയര്‍പ്പും പ്രാര്‍ത്ഥനയും പ്രതീക്ഷയും സ്വപ്നങ്ങളും കാത്തിരിപ്പും കൂടിക്കുഴഞ്ഞ മണ്ണാണ് പൂവായും കതിരായും ഫലമായും പരിണമിക്കുന്നത്.

അനുഗ്രഹീതമായ പ്രയത്‌നങ്ങളാണ് കലവറകളില്‍ അനുഗ്രഹ ങ്ങളായി നിറയുന്നത്. പ്രയത്‌നിക്കാനാണ് അനുഗ്രഹം വേണ്ടത്. 'നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക; നിന്റെ പദ്ധതികള്‍ ഫലമണിയും' എന്ന് ഒരാള്‍ അതിനെ ശാശ്വതീകരിക്കുന്നുണ്ട് (സുഭാ. 16:3). 'അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍ക ണമേ' എന്നു പ്രാര്‍ത്ഥിക്കാന്‍ യേശു പഠിപ്പിച്ചതിന്റെയും പൊരുള തല്ലേ? അലസനും മടിയനും ആകാശത്തേക്കു കൈകള്‍ വിരിച്ചാല്‍ അമൃത് നിറച്ചുനല്‍കുന്ന മാന്ത്രികനല്ല ദൈവം.

കര്‍ത്താവിനും കര്‍ഷകന്റെ മനസ്സാണ്. ഭൂമിയില്‍ 'നടുന്ന' ഓരോ മനുഷ്യനെക്കുറിച്ചും നൂറുമേനിയുടെ സ്വപ്നങ്ങള്‍ നെയ്ത് കാത്തിരിക്കുന്ന നിത്യകര്‍ഷകനാണ് അവിടുന്ന്. 'എന്റെ പിതാവ് കൃഷിക്കാരനാണ്' എന്നൊക്കെ ക്രിസ്തു ഫലിതം പറയുന്നതല്ല. 'സുകൃതസുമങ്ങള്‍ ചാര്‍ത്തിയൊരുങ്ങി സമലംകൃതരാകാനുള്ള' കൃപ യ്ക്കായി പ്രാര്‍ത്ഥനയോടെ പ്രയത്‌നിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org