വചനമനസ്‌കാരം : No. 25

വചനമനസ്‌കാരം : No. 25
എന്റെ ദൈവമേ, എന്നെ എന്നും ഓര്‍മിക്കണമേ!
നെഹെമിയാ 13:31

നെഹെമിയായുടെ ഗ്രന്ഥം പൂര്‍ത്തിയാകുന്നത് മനോഹരമായ ഈ പ്രാര്‍ത്ഥനയോടെയാണ്. ഒരുപക്ഷേ, സര്‍വ്വമനുഷ്യരുടെയും ജീവിതഗ്രന്ഥങ്ങളുടെ പരിപൂര്‍ത്തിയും പരിസമാപ്തിയും ഈ അര്‍ത്ഥന തന്നെയാകണം. 'നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കു ന്നു' എന്ന ബോധ്യമുണ്ടായിരുന്നിട്ടും 'എന്നെയും ഓര്‍ക്കണമേ!' എന്ന പ്രാര്‍ത്ഥനയല്ലേ അന്ത്യവിനാഴികയില്‍ തന്റെ ആത്മാവിനെ രക്ഷിക്കാന്‍ ഒരുവനെ സഹായിച്ചത്? സ്മൃതിവിസ്മൃതികള്‍ക്കിട യിലൂടെ എത്ര സൂക്ഷ്മമായാണ് പറുദീസകള്‍ വീണ്ടെടുക്കപ്പെടു ന്നതും കൈവിട്ടുപോകുന്നതും!

ഒരര്‍ത്ഥത്തില്‍ വേദപുസ്തകം ഓര്‍മ്മകളുടെ പുസ്തകമാണ്. ദൈവം ഓര്‍മ്മിക്കുന്നവരുടെയും ദൈവത്തെ ഓര്‍മ്മിക്കുന്നവരു ടെയും ഓര്‍മ്മിക്കണമെന്ന് ദൈവത്തെ ഓര്‍മ്മിപ്പിക്കുന്നവരുടെയും ജീവിതഗ്രന്ഥം. 'തടവുകാരനായി നിനെവേയില്‍ എത്തിയപ്പോള്‍ എന്റെ സഹോദരന്‍മാരും ചാര്‍ച്ചക്കാരും വിജാതീയരുടെ ഭക്ഷണം കഴിച്ചു. എന്നാല്‍, ഞാന്‍ കഴിച്ചില്ല; കാരണം, ദൈവത്തേക്കുറിച്ചു ള്ള ഓര്‍മ്മ എന്റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു' എന്ന് ഒരാള്‍ പറയുന്നതിന്റെ പൊരുളതാണ് (തോബിത് 1:10, 11, 12). 'മകനേ, ജീവിതകാലം മുഴുവന്‍ നമ്മുടെ ദൈവമായ കര്‍ത്താവിനെ ഓര്‍ ക്കുക' എന്ന വാക്കുകള്‍ (4:5) അദ്ദേഹത്തിന്റെ അന്തിമനിര്‍ദ്ദേശ മായതില്‍ അത്ഭുതമില്ല.

ഓര്‍മ്മകളില്‍ ഒരിടം - ദൈവവും മനുഷ്യരുമൊക്കെ ആഗ്രഹി ക്കുന്നത് അതാണ്. 'എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍' എന്ന് അവന്‍ തന്നെയും പറയുന്നതിന്റെ കാരണമതാണ്. ജീവിതം ഓര്‍മ്മകളുടെ ഉത്സവമാകട്ടെ. ദൈവത്തിന്റെയും മനുഷ്യരുടെയും ഹൃദയങ്ങളില്‍ സുഗന്ധസ്മൃതികളാല്‍ നിറയുന്ന ഉത്സവം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org