
ഭ്രാതാക്കളേ..... ഭൗതികമാകുമോരോ
പാഴ്‌വേലകൊണ്ടിങ്ങനെ നാള്‍ തുലഞ്ഞാല്‍,
അന്ധാന്ധുഗര്‍ഭത്തിനകത്തുനിന്നു-
മാത്മോദ്ധൃതിക്കുള്ള മുഹൂര്‍ത്തമെപ്പോള്‍?
വെടിഞ്ഞിടും നാള്‍വരെ നമ്മള്‍ കോടി
ബഹിര്‍ന്നിശാന്തത്തിനു കൂട്ടിനിന്നാല്‍,
അന്തര്‍ഗൃഹത്തിങ്കലടിഞ്ഞുകേറു-
മത്യന്തശൂന്യത്വമൊഴിപ്പതെപ്പോള്‍??
കരയ്ക്കു പൈതങ്ങള്‍ കണക്കു നമ്മള്‍
കാശാകുമിക്കക്ക പെറുക്കി നിന്നാല്‍,
സാംസാരികാബ്ധിക്കടിയില്‍ക്കിടക്കും
നന്മുക്തി വെണ്മുത്തു ലഭിപ്പതെപ്പോള്‍???
-ഉള്ളൂര്‍
ഭൗതികമായ പാഴ്‌വേലകളില്‍ മുഴുകി നാള്‍ തുലച്ചാല്‍ അന്ധ കാരത്തിന്റെ ഗര്‍ഭത്തില്‍നിന്ന് ആത്മാവിനെ വീണ്ടെടുക്കുന്ന മുഹൂര്‍ത്തമെപ്പോഴാണ്? മരിക്കുന്നതു വരെ രാത്രികള്‍ക്ക് കൂട്ടിരു ന്നാല്‍ അകതാരില്‍ അടിഞ്ഞുകയറുന്ന അത്യന്തശൂന്യത ഒഴിപ്പ തെപ്പോഴാണ്? കുട്ടികളെപ്പോലെ, കാശാകുന്ന കക്ക പെറുക്കി കരയ്ക്കു നിന്നാല്‍ ജീവിതസാഗരത്തിന്റെ അടിത്തട്ടില്‍ കിടക്കു ന്ന മുക്തിയുടെ വെണ്മുത്തുകള്‍ ലഭിക്കുന്നതെപ്പോഴാണ്?
'ഉള്ളൂരുജ്വലശബ്ദാഢ്യന്‍' എന്ന് പറയുന്നത് വെറുതെയല്ല. ഭൗതികതയുടെ നിഷ്ഫലത വ്യക്തമാക്കാന്‍ അദ്ദേഹം സൃഷ്ടി ക്കുന്ന ആശയപ്രപഞ്ചത്തിന്റെ ആഴവും ഗാംഭീര്യവും നോക്കൂ. അതിനാലാണ് ഉമാകേരളത്തിലെ ഈ വരികള്‍ നമുക്ക് നല്ല ധ്യാനപാഠങ്ങളാകുന്നത്.
നോമ്പ്, സ്വന്തം ജീവിതവഴികളെ സൂക്ഷ്മമായി പരിശോധി ക്കാനും കര്‍ത്താവിലേക്ക് തിരിയാനുമുള്ള സമയമാണ്. എന്തിന് ഇവിടെ വന്നുവെന്നും എന്തു ചെയ്യുന്നെന്നും പരിശോധിച്ചറി യാന്‍ നോമ്പ് നിമിത്തമാകട്ടെ.