വചനമനസ്‌കാരം : No. 21

വചനമനസ്‌കാരം : No. 21
Published on
നിസ്സാരരോഗമെന്നു ഭിഷഗ്വരന്‍ പുച്ഛിച്ചുതള്ളുന്നു; എന്നാല്‍, ഇന്നു രാജാവ്; നാളെ ജഡം! മരിച്ചുകഴിഞ്ഞാല്‍ പുഴുവിനും ക്രിമിക്കും വന്യമൃഗങ്ങള്‍ക്കും അവകാശം!
പ്രഭാഷകന്‍ 10:10-11

'ദേഹം നിമിത്തമഹംബുദ്ധികൈക്കൊണ്ടു

മോഹം കലര്‍ന്നു ജന്തുക്കള്‍ നിരൂപിക്കും

ബ്രാഹ്മണോഹം, നരേന്ദ്രോഹ, മാഢ്യോഹമെ-

ന്നാമ്രേഡിതം കലര്‍ന്നീടും ദശാന്തരേ

ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം

വെന്തുവെണ്ണീറായ് ചമഞ്ഞു പോയീടിലാം

മണ്ണിന്നു കീഴായ് കൃമികളായ് പോകിലാം

നന്നല്ല ദേഹം നിമിത്തം മഹാമോഹം!'

- തുഞ്ചത്തെഴുത്തച്ഛന്‍

പ്രഭാഷകനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരിക്കില്ല എഴുത്തച്ഛന്‍ ഈ വരികള്‍ കുറിച്ചത്! എങ്കിലും പൊരുളിലെ സാമ്യം വിസ്മയകരമായ ജ്ഞാനായനത്തിന്റെ നേരടയാളമല്ലേ? ദേഹം നിമിത്തമുള്ള അഹംബുദ്ധിയാലാണ് ബ്രാഹ്മണനും ചക്ര വര്‍ത്തിയും ആഢ്യനുമൊക്കെയാണ് താനെന്ന് ആവര്‍ത്തിച്ചു ചിന്തിക്കുന്നത്. ആരാകിലും ഒടുവില്‍ പുഴുവിന് പ്രാതലും ക്രിമി ക്ക് മൃഷ്ടാന്നവുമായി ഒടുങ്ങുന്നു എന്ന പരമസത്യത്തില്‍ ദൈവ വചനത്തിന്റെയും കവിതയുടെയും ലാവണ്യസംഗമം!

നോമ്പ്, ദേഹത്തെ വരുതിയിലാക്കാനും ദേഹമോഹങ്ങളെ കീഴടക്കാനുമുള്ള കാലമാണ്. 'ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കുമെന്നും ശരീരത്തിന്റെ പ്രവണത കളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ ജീവിക്കുമെന്നും' (റോമാ 8:13) സവിശേഷമായി ഓര്‍മ്മിക്കേണ്ട കാലം. ദേഹിക്കെ ന്നതുപോലെ, ദേഹത്തിനും നോമ്പ് സുവിശേഷമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org