
'ദേവാലയം പോലും അശുദ്ധമാക്കാന്‍ ശ്രമിച്ചു' എന്നതാണ് അഭിഭാഷകനായ തെര്‍ത്തുളൂസ് പൗലോസ് അപ്പസ്‌തോലന്റെ മേല്‍ ആരോപിച്ച പ്രധാന കുറ്റം. ദേശാധിപതിയായ ഫെലിക്‌സിന്റെ മുമ്പില്‍ അതിന് നല്‍കുന്ന മറുപടിയിലാണ് തന്റെ വിശ്വാസ ജീവിതത്തിന്റെ സാരസംഗ്രഹമെന്ന് വിശേഷിപ്പിക്കാവുന്ന ഈ വാചകം അദ്ദേഹം പറയുന്നത്. 'ഇന്നേവരെ ദൈവത്തിന്റെ മുമ്പില്‍ നല്ല മനസ്സാക്ഷിയോടെയാണ് ഞാന്‍ ജീവിച്ചത്' എന്ന് സഹസ്രാധിപനോടും അദ്ദേഹം പറയുന്നുണ്ട് (23:1).
നിഘണ്ടു പറയുന്നതു പോലെ, 'ഒരുവന്റെ വിചാരങ്ങളെല്ലാം മുന്‍കൂട്ടി അറിയുന്നതായ അവന്റെ മനനേന്ദ്രിയം' മാത്രമല്ല മനസ്സാക്ഷി. പിന്നെയോ, എല്ലാം അറിയുകയും ഓര്‍മ്മിപ്പിക്കുകയും, കുറ്റപ്പെടുത്തുകയും തിരുത്തുകയും, സാക്ഷ്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും, നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന സമ്പൂര്‍ണ്ണമായ ജീവസാക്ഷിയാണ്. എല്ലാം കണ്ടുകൊണ്ട് 'ഒരാള്‍' ഇരിക്കുന്നത് മുകളില്‍ അല്ല, ഉള്ളില്‍ത്തന്നെയാണ്.
മനസ്സാക്ഷി കുറ്റപ്പെടുത്താത്തവനെയാണ് ഭാഗ്യവാന്‍ എന്ന് വേദപുസ്തകം വിളിക്കുന്നത് (പ്രഭാ. 14:2). 'കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടും കൂടെ' അതിവിശുദ്ധ സ്ഥലത്ത് മാത്രമല്ല, എല്ലായിടത്തും വ്യാപരിക്കാനാകുന്നതാണ് കൃപയും ഭാഗ്യവും. എല്ലാവരോടും എല്ലായ്‌പോഴും നിഷ്‌കളങ്കമായ മനസ്സാക്ഷി - അതാകട്ടെ നമ്മുടെയും ജീവിതത്തിന്റെ ടാഗ്‌ലൈന്‍ അഥവാ തലക്കുറി.