

പിഴുതെറിയാനും ഇടിച്ചുതകർക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയർത്താനും നട്ടുവളർത്താനും വേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയും മേൽ നിന്നെ ഞാൻ അവരോധിച്ചിരിക്കുന്നു.
ജറെമിയാ 1 : 10
പത്രധർമ്മം എന്നത് പ്രവാചകധർമ്മമാണ്. മുറിവേറ്റും രക്തം ചിന്തിയും ആ ധർമ്മം സത്യദീപം നിറവേറ്റി.
സത്യദീപം വാരികയുടെ ശതാബ്ദിയാണ്. 1927 ജൂലൈ 3-ന് തുടങ്ങിയ സത്യോപാസന നൂറു വർഷം പൂർത്തിയാക്കുകയാണ്. ശതാബ്ദിയാരംഭ പതിപ്പിലേക്കുള്ള മനസ്‌കാരവചനം പ്രാർഥനാപൂർവം ആലോചിക്കവെ, വചനങ്ങളുമായി വേദപുസ്തകത്തിലെ മനുഷ്യർ തിക്കിത്തിരക്കി! ‘നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്ത നീർച്ചാലുപോലെയും’ എന്നത് (5:24) തിരഞ്ഞെടുക്കൂ എന്ന് ആമോസ് പ്രവാചകൻ! ‘മരിക്കേണ്ടി വന്നാലും സത്യം വെടിയരുത്; ദൈവമായ കർത്താവ് നിനക്കുവേണ്ടി പൊരുതി ക്കൊള്ളും’ എന്നതാണ് (4:28) ഉചിതം എന്ന് പ്രഭാഷകൻ! ‘നീതിയുടെ സമാധാനവും ഭക്തിയുടെ മഹത്വവും എന്ന് ദൈവം എന്നേക്കുമായി നിന്നെ പേര് വിളിക്കും’ എന്നതിനോളം (5:4) അനുയോജ്യമായി മറ്റൊന്നുമില്ലെന്ന് ബാറൂക്ക്! ‘ശാഖകൾ വീശി ഫലമണിഞ്ഞ് ഒരു നല്ല മുന്തിരിച്ചെടിയായി ത്തീരാൻവേണ്ടി അവൻ അതിനെ നിറഞ്ഞ ജലാശയത്തിനരികിൽ ഫലഭൂയിഷ്ഠമായ മണ്ണിൽ പറിച്ചു നട്ടു’ എന്ന (17:8) വചനം ഓർമ്മിക്കണമെന്ന് എസെക്കിയേൽ! ‘മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ’ എന്ന യേശുവചനം (5:16) മതിയെന്ന് മത്തായി സുവിശേഷകൻ! എല്ലാം സത്യദീപത്തിന്റെ ദീപ്തദൗത്യത്തെ അടയാളപ്പെടുത്തുന്ന വചനങ്ങളാണ്. ഒടുവിൽ, ജറെമിയാ പ്രവാചകനോട് കർത്താവ് അരുളിച്ചെയ്ത വചനം ഉറപ്പിച്ചു. സത്യദീപത്തിന്റെ നൂറു വർഷത്തെ അക്ഷരസപര്യയെ ഒറ്റ വാക്യത്തിൽ സംഗ്രഹിച്ചാൽ അത് ഈ വചനമാണ്. പിഴുതെറിയേണ്ടത് സത്യദീപം വൃത്തിയായി പിഴുതെറിഞ്ഞു. ഇടിച്ചുതകർക്കേണ്ടത് കരുത്തോടെ ഇടിച്ചുതകർത്തു. നശിപ്പിക്കേണ്ടത് നിശ്ശേഷം നശിപ്പിക്കുകയും തകിടം മറിക്കേണ്ടത് പൂർണ്ണമായി തകിടം മറിക്കുകയും ചെയ്തു. പണിതുയർത്തേണ്ടത് നന്നേ അധ്വാനിച്ച് പണിതുയർത്തി. നട്ടു വളർത്തേണ്ടത് ത്യാഗപൂർവം നട്ടുവളർത്തി.
എറണാകുളം-അങ്കമാലി മേജർ അതിരൂപതയുടെ മുഖപത്രം എന്നാണ് സത്യദീപം അറിയപ്പെടുന്നത്. എന്നാൽ, വാസ്തവത്തിൽ സത്യദീപം സുവിശേഷമൂല്യങ്ങളുടെ മുഖപത്രമാണ്. ക്രിസ്‌തുപാഠങ്ങളുടെ പത്രമുഖമാണ്. നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് ദൈവരാജ്യ മെങ്കിൽ; സത്യദീപം ദൈവരാജ്യ ത്തിന്റെ മുഖപത്രവും സ്വർഗത്തിന്റെ ജിഹ്വയുമാണ്. ഒരു കത്തോലിക്കാ പ്രസിദ്ധീകരണം എന്തിനെല്ലാം വേണ്ടി നിലകൊള്ളണമോ അതിനെല്ലാം വേണ്ടി സത്യദീപം നിലകൊണ്ടു. യേശു പറഞ്ഞതുപോലെ, നീതിക്കുവേണ്ടി വിശന്നു; സത്യത്തിനുവേണ്ടി ദാഹിച്ചു; ജീവനുവേണ്ടി ജ്വലിച്ചു. സമത്വത്തിനും സുതാര്യതയ്ക്കും വേണ്ടി നിരന്തരം ശബ്‌ദിച്ചു. പത്രധർമ്മം എന്നത് പ്രവാചകധർമ്മമാണ്. മുറിവേറ്റും രക്തം ചിന്തിയും ആ ധർമ്മം സത്യദീപം നിറവേറ്റി. നൂറു വർഷം പ്രായമാകുന്ന ആ ശരീരത്തിലേക്ക് നോക്കൂ: നിറയെ മുറിപ്പാടുകളും വടുക്കളും കാണുന്നില്ലേ? സത്യത്തിന്റെ മുറിപ്പാടുകൾ; നീതിക്കായി നിലകൊണ്ടതിന്റെ വടുക്കൾ. മുറിവുകളുടെ തമ്പുരാൻ കനിഞ്ഞു നൽകിയ സ്‌നേഹാശ്ലേഷങ്ങൾ!
സ്വർഗത്തിലേക്ക് നോക്കാൻ സത്യദീപം മനുഷ്യരെ പ്രേരിപ്പിച്ചു. മനുഷ്യരിലേക്ക് നോക്കാൻ സഭയുടെയും രാഷ്ട്രത്തിന്റെയും അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടു. വഴിയും സത്യവും ജീവനുമായി യേശുവിൽ വെളിപ്പെട്ട ദൈവത്തിലേക്കെത്താൻ എല്ലാവരെയും പ്രചോദിപ്പിച്ചു. ‘സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടി ചൂടി നിൽക്കുന്ന സഭ’ സാക്ഷാൽക്കരിക്കാൻ യത്നിച്ചു. സഭാധികാരത്തിന് തെറ്റിയപ്പോഴെല്ലാം തിരുത്തി. photophobia എന്നൊരു അവസ്ഥയുണ്ട്. വെളിച്ചം നോക്കിക്കൂടായ്ക; പ്രകാശഭയം; പ്രഭാവിരക്തി എന്നെല്ലാമാണ് അർഥം. വ്യക്തികൾക്കെന്നതുപോലെ ചില മാധ്യമങ്ങൾക്കും പ്രകാശഭയമുണ്ട്. യേശു പറഞ്ഞ പ്രകാശത്തോടുള്ള വെറുപ്പിന്റെ പാഠഭേദം! അതിനാലാണ് അവർ സത്യത്തെയും സത്യത്തിൽ നിന്നു പ്രവഹിക്കുന്ന വെളിച്ചത്തെയും ഭയക്കുകയും വെറുക്കുകയും ചെയ്യുന്നത്. എന്നാൽ, സത്യദീപം സത്യത്തെയും സത്യത്തിൽ നിന്നുള്ള വെളിച്ചത്തെയും സ്‌നേഹിച്ചു. ആ സ്നേഹസാക്ഷാത്ക്കാരത്തിന്റെ നൂറു വർഷങ്ങളാണ് പൂർത്തിയാകുന്നത്. വാളിനേക്കാൾ കരുത്തുറ്റ വാക്കുകളുടെ നൂറു വർഷങ്ങൾ! സത്യത്തിന്റെ അക്ഷരമാലയും നീതിയുടെ വ്യാകരണവുമായി ഇനിയും സ്നേഹവസന്തങ്ങൾ വിടർത്താൻ സത്യദീപത്തിനു കഴിയട്ടെ. ഭാവുകങ്ങൾ.