സ്ത്രീ വിമോചനത്തിന്റെ നൊബേല്‍ ഭാഷ്യവും കേരളവും

സ്ത്രീ വിമോചനത്തിന്റെ നൊബേല്‍ ഭാഷ്യവും കേരളവും

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹയായത് അറിയപ്പെടുന്ന സാമ്പത്തികശാസ്ത്രജ്ഞയും അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ക്ലോഡിയാ ഗോര്‍ഡിനാണ്. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എത്രത്തോളം പ്രാതിനിധ്യമുണ്ടെന്നതു സംബന്ധിച്ച ഗവേഷണമാണ് ക്ലോഡിയായെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. തൊഴിലിടങ്ങളിലെ വനിതാ പ്രാതിനിധ്യത്തിന്റെ 200 കൊല്ലത്തെ ചരിത്രമാണു പഠന വിധേയമാക്കിയത്. ഈ വിഷയത്തിലെ 93 ജേതാക്കളില്‍ 3-ാമത്തെ വനിതയാണ് ക്ലോഡിയ. 1946 ല്‍ ന്യൂയോര്‍ക്കിലാണ് അവര്‍ ജനിച്ചത്. ജന്‍ഡര്‍ ഇക്കണോമിക്‌സ് എന്ന ഒരു ശാഖതന്നെ ക്ലോഡിയായുടെ സംഭാവനയാണ്. മാത്രമല്ല മനുഷ്യസ്വത്ത്, തൊഴില്‍ മാര്‍ക്കറ്റ്, ലിംഗ വിവേചനങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധം അവരുടെ പഠനവിഷയമായിരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും നൈപുണി വികസനത്തിലൂടെയും ലിംഗ വിവേചനം കുറയ്ക്കാന്‍ കഴിയും എന്ന് അവരുടെ പഠനങ്ങള്‍ തെളിയിക്കുന്നു. എങ്ങനെയാണ് സ്ത്രീകള്‍ക്കു നല്‍കുന്ന വിദ്യാഭ്യാസം അവരുടെ വരുമാനത്തില്‍ മാറ്റം വരുത്തുന്നതെന്നും നയരൂപീകരണങ്ങളില്‍ മാറ്റം വരുത്തുന്നതെന്നും അവരുടെ പഠനം വ്യക്തമാക്കുന്നു. തൊഴിലിടങ്ങളിലെ സമയക്രമീകരണം സ്ത്രീകള്‍ക്കനുകൂലമായി ക്രമപ്പെടുത്താനുള്ള സാധ്യതയുണ്ടായാല്‍ ലിംഗപരമായ പ്രശ്‌നങ്ങളും പരിഹരിക്കാനാവും എന്നവര്‍ വ്യക്തമാക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള വേതനത്തിലെ വ്യത്യാസം നൈപുണി വികസനത്തിലൂടെയും സമയക്രമീകരണത്തിലൂടെയും സാധിക്കും. സ്ത്രീകളുടെ സമയക്രമം നിശ്ചയിക്കുമ്പോള്‍ അവരുടെ വീട്ടിലെ ഉത്തരവാദിത്വം, യാത്ര എന്നിവ പരിഗണിക്കണം. ഗര്‍ഭധാരണം, ശിശുപരിപാലനം തുടങ്ങിയ കാര്യങ്ങളും പരിഗണിക്കപ്പെടണം. ഇത്തരത്തിലുള്ള അവരുടെ കണ്ടെത്തലുകള്‍ നയരൂപീകരണത്തിലും തൊഴില്‍ മേഖലയില്‍ സമൂലമായ മാറ്റം വരുത്തുന്നതിനും സഹായകമായിട്ടുണ്ട്. അവരുടെ പഠനങ്ങള്‍ തൊഴില്‍ മേഖലയില്‍ വൈവിധ്യത കൊണ്ടുവരുന്നതിനും ലിംഗനീതി സാധ്യമാക്കുന്നതിനും സാധിക്കും. തൊഴില്‍ കമ്പോളങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്ലോഡിയായുടെ പഠനഫലങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. നമ്മള്‍ നേരത്തേതന്നെ നടപ്പാക്കേണ്ടിയിരുന്ന വളരെയേറെ നിര്‍ദേശങ്ങള്‍ ഉണ്ട്. കേരളത്തില്‍ ഇക്കാര്യങ്ങള്‍ വളരെക്കാലം മുമ്പേ നമ്മള്‍ നടപ്പാക്കിക്കോണ്ടിരിക്കുകയാണ്. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ നമ്മള്‍ പ്ലാന്‍ ചെയ്തു നടപ്പാക്കേണ്ടതുമുണ്ട്. നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ നമ്മള്‍ ഈ മാറ്റം സാധിച്ചു വരികയായിരുന്നു. സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമ്മള്‍ എത്രയോ കാലംമുമ്പേ മുന്നിലാണ്. കുറച്ചുകാലമേ ആയുള്ളൂവെങ്കിലും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സ്ത്രീകളെ ജീവിത പാഠങ്ങള്‍ പഠിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലെത്തിച്ചിട്ടുണ്ട്. നൈപുണി വികസനത്തിലും മനോധൈര്യം വിണ്ടെടുക്കുന്നതിലും കുടുംബശ്രീ സ്ത്രീകളെ പ്രാപ്തരാക്കിയിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവസാന്നിധ്യവും ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഗോളതലത്തിലുള്ള വാര്‍ത്താവിനിമയ സാധ്യതകള്‍ ഏറെക്കാലമായിട്ടുണ്ടായിരുന്നെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ ഔന്നത്യം ലോകശ്രദ്ധ പിടിച്ചു പറ്റിയേനെ. സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം കേരളത്തിലും പണ്ടുമുതലേ മെച്ചപ്പെ ട്ടതല്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ശേഷി സവിശേഷമായി കണക്കാക്കുന്നതുകൊണ്ടാണ് ഈ അന്തരം ഇപ്പോഴും നിലനില്‍ക്കുന്നത്. രണ്ടു പേരേയും വ്യക്തികളെന്ന നിലയില്‍ സമഗ്രതയില്‍ കാണാന്‍ ഇന്നും നമുക്കായിട്ടില്ല എന്നു വിലയിരുത്തേണ്ടിവരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org