ആരോഗ്യ പ്രവര്‍ത്തര്‍ ആക്രമിക്കപ്പെടുമ്പോള്‍

ആരോഗ്യ പ്രവര്‍ത്തര്‍ ആക്രമിക്കപ്പെടുമ്പോള്‍
Published on

ഫാ. സേവ്യര്‍ കുടിയാംശ്ശേരി

കോവിഡ് നമ്മെ വീട്ടിലിരുത്തി. എന്നാല്‍ ലോകവും കാലവും വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. വാര്‍ത്തകളുടെ വേഗത തീവ്രതരം തന്നെ. രാവിലത്തെ വാര്‍ത്തപോലും ഉച്ചയാകുമ്പോള്‍ വാര്‍ത്തയല്ലാതാവുന്നു. അതിനാല്‍ ശരിയേത് തെറ്റേത് എന്നാലോചിക്കാന്‍ നേരമില്ല, പ്രാധാന്യമുള്ളതേത് പ്രാധാന്യം കുറഞ്ഞതേത് എന്നറിയാന്‍ വഴിയുമില്ല. ഫോക്കസ്സ് തെറ്റുന്ന കാലം. വേണം ബോധപൂര്‍വ്വമായ കരുതലും ജാഗ്രതയും. അതു നിലനില്‍പിന്റെ നിലവിളിയായി മാറുന്നു. സമസ്ത മേഖലയിലും നമുക്കു ഫോക്കസ്സു തെറ്റുന്നതുപോലെ തോന്നുന്നു. ആരോഗ്യംതന്നെയാണ് ഇപ്പോഴും ശ്രദ്ധിക്കപ്പെടേണ്ട വിഷയം. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും സംരക്ഷിക്കപ്പെടണം. വ്യക്തിയുടെ ആരോഗ്യം പോലെതന്നെ സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടണം. ഇന്ന് സാമൂഹികമായ ആരോഗ്യം വെന്റിലേറ്ററിലാണ് എന്നു പറയേണ്ടിവരും.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ ആശുപത്രിയില്‍ത്തന്നെ ഉണ്ടായിരുന്നു. ചോദിക്കുമ്പോഴെല്ലാം എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാമെന്നാണു പറഞ്ഞു കൊണ്ടിരുന്നത്. ഒടുവില്‍ അയാളുടെ ഭാര്യ ബലം പ്രയോഗിച്ചകത്തു കടന്നപ്പോഴാണ് ആള്‍ മരിച്ചിട്ട് നാലു ദിവസമായെന്നറിയുന്നത്. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഇതുപോലെതന്നെ മറ്റൊരു സംഭവമുണ്ടായി. അതും ബന്ധുക്കള്‍ ആശുപത്രിയില്‍ത്തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ മന്ത്രി ഇടപെട്ട് അന്വേഷണ കമ്മീഷനെ വച്ചിരിക്കുകയാണ്. അവിടെ രോഗികളെ ശ്രദ്ധിക്കുന്നില്ല എന്ന് പരാതി സ്ഥിരമായി ഉയര്‍ന്നു കേള്‍ക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്റ്റേയ്‌റ്റൊട്ടുക്ക് ഉയര്‍ന്നു കേള്‍ക്കുന്നു. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ തളര്‍ന്നിരിക്കുന്നു. അവര്‍ മടുത്തു എന്നു പറഞ്ഞു കൂടാ എങ്കിലും അവരും മനുഷ്യരല്ലേ. ശ്രദ്ധ പാളുന്നുണ്ടാവും.

ഒരുവന്റെ ആരോഗ്യം ആ വ്യക്തിയേയും ചുറ്റുപാടുകളേയും സംവിധാനങ്ങളേയും ആശ്രയിച്ചിരിക്കും. ശരീരത്തിന് ആരോഗ്യം ഉള്ളതുപോലെ സമൂഹമാകുന്ന ശരീരത്തിനും ആരോഗ്യമുണ്ട്. സാമൂഹികാരോഗ്യം എത്ര കരുത്തുള്ളതാണോ അതിനനുസരിച്ചായിരിക്കും സമൂഹത്തിന്റ സുസ്ഥിതി. ഇത് എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിലൂടെ സാധിക്കേണ്ട കാര്യമാണ്.

ഇതോടൊപ്പംതന്നെ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ വരുന്നു. കുട്ടനാട്ടില്‍ പഞ്ചായത്തു പ്രസിഡന്റുതന്നെ ഒരു ഡോക്ടറെ ആക്രമിച്ചു. ഇപ്പോള്‍ കേസു നടന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ നേഴ്‌സുമാരും ആശുപത്രി ജീവനക്കാരും ആക്രമണത്തിനു വിധേയരാകുന്നുണ്ട്. കാര്യങ്ങള്‍ നമ്മള്‍ കരുതുന്നതിനേക്കാള്‍ വഷളാകുകയാണ്. എത്രയോ മനുഷ്യരാണ് കുട്ടികള്‍ ഉള്‍പ്പെടെ, ആത്മഹത്യ ചെയ്തത്. പലയിടങ്ങളിലും കൊലപാതകങ്ങള്‍ നടന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഈ അടുത്തനാളുകളില്‍ എത്രയോ കൊലപാതകങ്ങള്‍ നടന്നു കേരളത്തില്‍. കുഞ്ഞുങ്ങളെ ഞെരിച്ചുകൊന്നിട്ട് കാമുകന്റെകുടെ ഇറങ്ങിപ്പോയിരിക്കുന്നു. രോഗികള്‍ മരിച്ചിട്ട് അറിയിക്കാതിരുന്നതിനെക്കുറിച്ച് ഞാന്‍ നേരിട്ട് സൂപ്രണ്ടിനോടു ചോദിച്ചപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ അറിയിച്ചതാണ് എന്നാണ്. അതിനുള്ള തെളിവും അവരുടെ കൈയിലുണ്ടത്രേ. അപ്പോള്‍ ആരോ കള്ളം പറയുന്നു. ഒന്നുകില്‍ ആശുപത്രി അധികൃതര്‍ അല്ലെങ്കില്‍ മരിച്ചവരുടെ ബന്ധുക്കള്‍. അതിപ്പോള്‍ കേസായ സ്ഥിതിക്ക് പോലീസും കോടതിയും തീരുമാനിക്കട്ടെ.

ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ആക്രമിക്കപ്പെട്ടു കൂടാ. 2021 ആഗസ്റ്റ് 18-ലെ മനോരമയുടെ എഡിറ്റോറിയലിന്റെ തലക്കെട്ട് ഡോക്ടര്‍മാരോട് അക്രമം അരുത് എന്നാണ്. കോവിഡ് കാലത്ത് സ്വന്തം ജീവന്‍ അപകടപ്പെടുത്തിയാണ് അവര്‍ നമ്മുടെ രക്ഷയ്ക്കായി ഇറങ്ങിയത്. അവര്‍ നമുക്കു ചെയ്ത സേവനത്തിന് നമ്മളെന്തു പ്രത്യുപകാരം ചെയ്യും. ഒന്നുമില്ലെങ്കില്‍ അവരെ ഉപദ്രവിക്കാതെയെങ്കിലും ഇരിക്കണം. വല്ലാണ്ടു കലുഷിതമായ ഒരു കാലത്തിലൂടെ നാം കടന്നുപോകുകയാണ്. കോവിഡ് മഹാമാരി കൊണ്ടുവന്ന കെടുതികള്‍ ചില്ലറയൊന്നുമല്ല. രോഗവും കെടുതികളും ഒരു വശത്ത്. അതു സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറുവശത്ത്. മനോബലമില്ലാത്തവരെല്ലാം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. സര്‍വ്വത്ര അസ്വസ്ഥതയാണ്. ഇതിന്റെയെല്ലാം ഫലമായി ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ എല്ലായിടത്തുമുണ്ട്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നു. അത് അടിയന്തിരമായി അവസാനിപ്പിക്കപ്പെടണം. അക്രമം ഒന്നിനും ഒരു പരിഹാരമല്ല. മാത്രമല്ല ഡോക്ടര്‍മാരോട് അനാദരവു കാട്ടുകയും മനുഷ്യത്വരഹിതമായി പെരുമാറുകയും ചെയ്യുന്നത് സാംസ്‌കാരിക കേരളത്തിനു ഭൂഷണമല്ല. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. ഒരുവന്റെ ആരോഗ്യം ആ വ്യക്തിയേയും ചുറ്റുപാടുകളേയും സംവിധാനങ്ങളേയും ആശ്രയിച്ചിരിക്കും. ശരീരത്തിന് ആരോഗ്യം ഉള്ളതുപോലെ സമൂഹമാകുന്ന ശരീരത്തിനും ആരോഗ്യമുണ്ട്. സാമൂഹികാരോഗ്യം എത്ര കരുത്തുള്ളതാണോ അതിനനുസരിച്ചായിരിക്കും സമൂഹത്തിന്റ സുസ്ഥിതി. ഇത് എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിലൂടെ സാധിക്കേണ്ട കാര്യമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org