വിഴിഞ്ഞം : വഴങ്ങില്ല, വളയില്ല

വിഴിഞ്ഞം : വഴങ്ങില്ല, വളയില്ല
സഹ്യപര്‍വ്വത പ്രദേശങ്ങളില്‍നിന്നും ഖനനം ചെയ്‌തെടുക്കുന്ന പാറയാണ് തുറമുഖ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. സഹ്യപര്‍വ്വത പ്രദേശങ്ങള്‍ നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക ഭീഷണികളെപ്പറ്റി പല ഭൗമ പരിസ്ഥിതിക ശാസ്ത്രജ്ഞന്മാരും ആശങ്കകളുയര്‍ത്തിയിട്ടുള്ളതാണ്.

വിഴിഞ്ഞം വഴങ്ങില്ല, വളയുകയുമില്ല. കടലിന്റെ കരുത്ത് ചില്ലറയല്ല, അളക്കാനാവില്ല. അതുകൊണ്ട് വിഴിഞ്ഞം തോല്ക്കില്ല. തോറ്റാല്‍പ്പിന്നെ കടലോരത്തു ജീവിതമില്ല. ഇതു വിഴിഞ്ഞത്തുനിന്നുള്ള വര്‍ത്തമാനം.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരമെന്നു മാധ്യമങ്ങള്‍. എന്നാല്‍ വിഴിഞ്ഞംസമരത്തിന്റെ ആകാശമൊന്നു വേറെയാണ്. ഇതു മത്സ്യത്തൊഴിലാളികളുടെ മാത്രം സമരമല്ല. ഇതു നിശ്ചയമായും തീരദേശത്തിന്റെ സമരമാണ്. തീരത്തു വസിക്കുന്ന സകലരുടേയും നിലനില്‍പ്പിന്റെ മുറവിളിയാണ്. അതേക്കാളുപരി ഭൂമിയുടെ നിലനില്‍പ്പിനുവേണ്ടിയുള്ള ആഹ്വാനമാണ്. കടലും തീരവും ആരുടേതാണെന്ന വളരെ ഗൗരവമായ പ്രശ്‌നം ഉന്നയിക്കപ്പെടുന്ന സമരവേദിയാണു വിഴിഞ്ഞം. നമ്മുടെ നാട്ടില്‍ വനാവകാശ നിയമമുണ്ട്. വനം ആദിവാസികള്‍ക്കവകാശപ്പെട്ടതാണെന്നംഗീകരിക്കപ്പെടുന്നതു പോലെ കടലും തീരവും തീരവാസികള്‍ക്കവകാശപ്പെട്ടതാണെന്നും അംഗീകരിക്കണം. ഞങ്ങളുടെ അമ്മയാണു കടല്‍. കടലമ്മ കനിഞ്ഞാലേ വീട്ടില്‍ തീ പുകയൂ എന്നു ഞങ്ങള്‍ പറയാറുണ്ട്. തീരവാസികള്‍ വസിക്കുന്ന തീരവും അന്നം തേടുന്ന കടലും തീരവാസികളുടേതാണ്. അതെടുത്ത് അദാനിക്കു വില്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. ബൈബിളിലെ ആഹാബു രാജാവ് നാബോത്തിന്റെ മുന്തിരിത്തോപ്പ് ആവശ്യപ്പെട്ടതുപോലെയാണ് സംസ്ഥാന സര്‍ക്കാരും അദാനിയും തമ്മില്‍ നടത്തുന്ന വിഴിഞ്ഞം ഡീല്‍. നാബോത്തു കൊടുക്കാതിരുന്നത് നാബോത്തിനു പൈതൃകമായി കിട്ടിയ ഭൂസ്വത്ത് നാബോത്തിന്റെ സ്വര്‍ഗപ്രാപ്തിയുടെ പ്രതീകം കൂടിയായതുകൊണ്ടാണ്. ഇവിടെ മീന്‍പിടുത്തക്കാരന്റെ വര്‍ത്തമാനവും ഭാവിയും ഈ കടലും തീരവും തന്നെയാണ്. അതുകൊണ്ട് ഈ സമരം തീരവാസികളുടെ നിലനില്‍പ്പിന്റെ, അതിജീവനത്തിന്റെ സമരമാണ്. മാത്രമല്ല പ്രകൃതിയും പ്രപഞ്ചവും നിലനില്‍ക്കാന്‍ വേണ്ടിയുള്ള സമരമാണ്.

വിഴിഞ്ഞത്തേത് ഒരു അന്താരാഷ്ട്ര സീ പോര്‍ട്ടാണ്. അവിടെ നേരത്തേ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഒരു പോര്‍ട്ടുണ്ടായിരുന്നു. അതിനടുത്തുതന്നെയാണ് വാണിജ്യക്കപ്പലുകളൊക്കെ അടുക്കുന്ന വലിയ വ്യവസായ ലക്ഷ്യത്തോടെയുള്ള പോര്‍ട്ടു നിര്‍മ്മിക്കുന്നത്. ഏറ്റവും ആഴമുള്ള ഒരു സീപോര്‍ട്ടാണിത്. 2015 ലാണു ഇതിന്റെ പണിയാരംഭിച്ചത്. 1000 ദിവസംകൊണ്ടു പണിപൂര്‍ത്തിയാക്കുമെന്നാണു പറഞ്ഞിരുന്നത്. ഇപ്പോള്‍ 7 വര്‍ഷമായിട്ടും മൂന്നിലൊന്നു പണിയേ പൂര്‍ത്തിയായിട്ടുള്ളു. അതിനായി നിര്‍മ്മിച്ച വളരെ ദൈര്‍ഘ്യമുള്ള പുലിമുട്ടു കാരണം ഇപ്പോഴേ കടലേറ്റം അതിരൂക്ഷമാണ്. തീരശോഷണം ഭയാനകമാണ്. നൂറുകണക്കിനു വീടുകള്‍ വീണുപോയിരിക്കുന്നു. ആളുകള്‍ താത്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിയാന്‍ തുടങ്ങിയിട്ടു നാളുകളേറെയായി. ഓക്കിയെത്തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട മുന്നൂറിലേറെ കുടുംബങ്ങള്‍ ഇപ്പോഴും ഒരു സിമന്റു ഗോഡൗണില്‍ മൃഗീയമായ അവസ്ഥയില്‍ കഴിയുന്നു. ഉടുതുണി മാറ്റിയുടുക്കാന്‍ പോലും സാധിക്കുന്നില്ല. അവര്‍ക്കെല്ലാം പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നതാണ് വിഴിഞ്ഞം സമരത്തിന്റെ മുഖ്യമായ ആവശ്യം.

കടല്‍ ഒരു ജീവിയാണ്, വൃക്ഷം പോലെ, മൃഗങ്ങള്‍ പോലെ, മനുഷ്യന്‍ പോലെ. കടലാണ് ഇവിടെ ജീവന്‍ നിലനിര്‍ത്തുന്നത്. നമുക്കാവശ്യമായ ഓക്‌സിജന്റെ 64 ശതമാനവും നല്‍കുന്നതു കടലാണ്. കടലാണ് കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്. കടല്‍ നമുക്ക് അന്നം തരുന്നു. കടല്‍ തലോടുകയും പ്രഹരിക്കുകയും ചെയ്യും. കടലാകുന്ന ഈ ജീവിയെ കൊന്നെടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പ്.

പരശുരാമന്‍ മഴുവെറിഞ്ഞുകിട്ടിയ കരയാണു നമ്മുടെ കേരളം എന്നൊരു ഐതിഹ്യം നമുക്കുണ്ടല്ലോ. എന്തായാലും കേരളത്തില്‍ പലയിടങ്ങളിലും കടലായിരുന്നു. കടക്കരപ്പള്ളി കടല്‍ക്കരപ്പള്ളിയായിരുന്നു. കടുത്തുരുത്തി കടല്‍ത്തുരുത്തിയാണ്. പെരുംനെയ്തലാണു ചങ്ങനാശ്ശേരിയിലെ പെരുന്ന. നെയ്തല്‍ കടല്‍ത്തീരമാണ്. കുട്ടനാട് സമുദ്രനിരപ്പിനും താഴെയുളള സ്ഥലമാണ്, കായംകുളം സമുദ്രനിരപ്പിനും താഴെയാണ്. അങ്ങനെ നോക്കിയാല്‍ കടല്‍വച്ചുപോയി കരയായ കേരളം വെള്ളത്തിനടിയാലാകാനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നതു നാം മനസ്സിലാക്കണം. കടലിലേക്കു കല്ലെറിഞ്ഞാല്‍ തിരിച്ചെറിയും. തീരം സംരക്ഷിക്കാന്‍ കെട്ടിയ പുലിമുട്ടുകളെല്ലാം അശാസ്ത്രിയമായി ചെയ്തിട്ടുള്ളതാകയാല്‍ അതിന്റെ പരിണിത ഫലം കടലുകയറ്റമാണ്. വെളുക്കാന്‍ തേച്ചതു പാണ്ടായി. ഇപ്പോള്‍ തീരശോഷണം പതിവായി. കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ നിര്‍മ്മാണമാണ് കൊച്ചിയില്‍നിന്നു തെക്കോട്ട് കടലുകയറ്റം ഉണ്ടാക്കുന്നത്. ചെത്തിയിലെ പുലിമുട്ടുകാരണമാണ് ചേന്നവേലി ഇല്ലാതായത്. കേരളത്തിന്റെ പലതീരങ്ങളിലും നടക്കുന്ന കരിമണല്‍ ഖനനവും കടല്‍ക്ഷോഭത്തിനു കാരണമാകുന്നു. പരിസ്ഥിതി ലോല പ്രദേശമാണു വിഴിഞ്ഞം.ആയിരക്കണക്കിനു വൈവിധ്യമേറിയ സമുദ്രജീവികളേയും സസ്യങ്ങളേയും നിലനില്‍പ്പിന് ആധാരമായിട്ടുള്ള വ്യത്യസ്തതരം പവിഴപ്പുറ്റുകളും പാറക്കെട്ടുകളുമെല്ലാം നിറഞ്ഞ ഒന്നാണ് ഈ തീരക്കടലിന്റെ സമ്പന്നമായ അടിത്തട്ട്. ഈ പ്രദേശത്ത് താങ്ങാനാവാത്ത ആഘാതമേല്‍പ്പിക്കുകയാണ് ഇവിടുത്തെ നിര്‍മ്മാണം. സഹ്യപര്‍വ്വത പ്രദേശങ്ങളില്‍നിന്നും ഖനനം ചെയ്‌തെടുക്കുന്ന പാറയാണ് തുറമുഖ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്.സഹ്യപര്‍വ്വത പ്രദേശങ്ങള്‍ നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക ഭീഷണികളെപ്പറ്റി പല ഭൗമ പരിസ്ഥിതിക ശാസ്ത്രജ്ഞന്മാരും ആശങ്കകളുയര്‍ത്തിയിട്ടുള്ളതാണ്. ആ നിലയ്ക്ക് നിര്‍മ്മാണവുമായി മുന്നോട്ടു പോയാല്‍ കേരളം ഇല്ലാതാകും. തുറമുഖത്തിന്റെ പണി പുരോഗമിക്കുന്നതോടെ സെഡിമെന്റ് ട്രാന്‍സ്‌പോര്‍ട്ട് എന്ന പ്രതിഭാസത്തിന്റെ ഫലമായി ഈ പ്രദേശത്ത് വന്‍തോതില്‍ മണ്ണ് വന്നടിയുന്ന സ്ഥിതിവിശേഷം ഉണ്ടാകും. അടിത്തട്ടിന്റെ ആഴം കുറയുമ്പോള്‍ മണ്ണു നിക്കം ചെയ്യുന്നതിനായി ഡ്രഡ്ജിങ്ങ്് വേണ്ടിവരും. ഇത്തരത്തിലുള്ള മണ്ണു നീക്കം ചെയ്യല്‍ ആ പ്രദേശങ്ങളില്‍ സ്വാഭാവികമായും സമൃദ്ധമായും ഉള്ള മത്സ്യസമ്പത്തിനെ ഇല്ലാതാക്കുകയും മത്സ്യബന്ധനം തന്നെ പ്രയാസമായിത്തീരുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും. മാത്രമല്ല കടലിന്റെ ആവാസവ്യവസ്ഥതന്നെ തകരും. അതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് ഗൗരവമായ പഠനം നടത്തേണ്ടതാണ്.

2010-ല്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കമ്മീഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലും പിന്നീട് എയിക്കോം എന്ന വിദഗ്ദ്ധ ഏജന്‍സി നടത്തിയ പഠന റിപ്പോര്‍ട്ടിലും ഈ പദ്ധതി ലാഭകരമാവില്ല എന്നു പറഞ്ഞിട്ടുണ്ട്. 2015-ല്‍ ഏണസ്റ്റ് ആന്റ് യംഗ് എന്ന ഏജന്‍സി നടത്തിയ പഠന റിപ്പോര്‍ട്ടിലും ഇതു ലാഭകരമാവില്ല എന്നുതന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ നമ്മുടെ സി.എ.ജി. റിപ്പോര്‍ട്ടും ഇതുതന്നെ പറയുന്നു. 2011-ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രണ്ടു പ്രാവശ്യം തളളിക്കളഞ്ഞ പദ്ധതിയാണിത്. വിഴിഞ്ഞം തീരം പരിസ്ഥിതി ലോല പ്രദേശമാണെന്നും പദ്ധതി നിലവില്‍ വന്നാല്‍ അതു സമീപഗ്രാമങ്ങളുടെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. 2014-ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. 2015 ജനുവരിയില്‍ ഒരു ഇടക്കാല വിധിയിലൂടെ സുപ്രീം കോടതി ഹരിത ട്രിബ്യൂണലിന്റെ എല്ലാ നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഈ അവസരത്തിലാണ് സര്‍ക്കാര്‍ ധൃതിയില്‍ ടെന്‍ഡര്‍ ഉറപ്പിക്കുന്നത്. വളരെ സുപ്രധാനമായ ഒരു കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കാണിച്ച തിടുക്കം ജനാധിപത്യ വിരുദ്ധമാണ്.കോടതിയില്‍നിന്ന് അന്തിമ തീരുമാനം വരുന്നതിനു മുമ്പേ പണിതുടങ്ങുകയും ചെയ്തു. ഈ തിടുക്കം എന്തിനായിരുന്നു? വിഴിഞ്ഞം സമരം പരാജയപ്പെടാന്‍ പാടില്ല. അതു പരാജയപ്പെട്ടാല്‍ തീരത്തു ജീവിതം ഇല്ലാതാകും. സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍ സമരപ്പന്തലില്‍ പറഞ്ഞതിങ്ങനെ. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തുടങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകളും പഠനങ്ങളും നടത്തുന്ന സമയത്ത് ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാര്‍ തുറമുഖ നിര്‍മ്മാണത്തിലൂടെ ഈ പ്രദേശത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും തീരശോഷണം ഉണ്ടാകില്ലെന്നുമുള്ള കള്ളങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടാണ് സര്‍ക്കാരിനും തുറമുഖ അധികാരികള്‍ക്കും നല്‍കിയത്. ഇതില്‍ ഇന്ത്യയിലെ ശാസ്ത്ര സമൂഹം ലജ്ജിക്കണം.

ഇത്ര ഗൗരവമുള്ള വിഷയം തീരവാസികള്‍ ഉയര്‍ത്തുമ്പോള്‍ അതിനോടു മുഖംതിരിച്ചു നില്‍ക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനു ചേരുന്നതല്ല. അടിയന്തിരമായി സമരനേതാക്കളോടു ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org