വാസവന്റെ കമ്മ്യൂണിസ്റ്റു പുണ്യവാളന്‍

വാസവന്റെ കമ്മ്യൂണിസ്റ്റു പുണ്യവാളന്‍
പണ്ടുകാലത്തെങ്കിലും അസാധാരണത്വത്തില്‍ അസാധാരണത്വം കണ്ടെത്തുന്നവരെക്കുറിച്ചു മാത്രമേ വിശുദ്ധ വിചാരത്തോടെ സംസാരിക്കുകപോലും ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഈ അസാധാരണത്വമെന്നത് വെറും സാധാരണത്വമാണെന്നു വ്യാഖ്യാനം വന്നു.

വാസവനും വെളിപാടു കിട്ടി. അതു വഴി ഒരു കമ്മ്യൂണിസ്റ്റു പുണ്യവാളന്‍ പിറവിയെടുക്കുന്നു. ഇനി ഭജനയും പൂജയും പ്രാര്‍ത്ഥനാമന്ത്രങ്ങളും. വാഴ്ത്തുപാട്ടുകളും ആള്‍ ദൈവനിര്‍മ്മിതിയും കാലഘട്ടത്തിന്റെ സവിശേഷതയാണത്രേ. എന്നാല്‍ വാസവന്റെ വെളിപാടുകള്‍ അസാധാരണത്വമുള്ളതുതന്നെ.

ബൈബിള്‍ അവതരിപ്പിക്കുന്ന സ്്‌നാപക യോഹന്നാന്‍ പിറന്നപ്പോള്‍ നാട്ടുകാര്‍ പരസ്പരം ചോദിച്ചുവത്രേ, ഇവനാരായിത്തീരും? ഈ ചോദ്യം ഭൂമിയില്‍ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിനെക്കുറിച്ചും ചോദിക്കാവുന്ന ചോദ്യമാണ്. നമ്മളാരും അങ്ങനെയൊരു ചോദ്യം ഒരു കുഞ്ഞിന്റെ കാര്യത്തിലും ചോദിച്ചിട്ടില്ല. വാസ്തവത്തില്‍ അങ്ങനെയൊരന്വേഷണം എല്ലാക്കുഞ്ഞുങ്ങളുടെ കാര്യത്തിലും വേണ്ടതാണ്. കാരണം ഭൂമിയലേക്കു പിറന്നു വീഴുന്ന ഓരോ കുഞ്ഞും അനന്തമായ സാധ്യതയാണ്.

ഉമ്മന്‍ ചാണ്ടിയുടെ തലയ്ക്കുമീതേ ഒരു വിശുദ്ധ ഹാലോ മരണാനന്തരം രൂപപ്പെട്ടിരുന്നു. അതില്‍ പിടിച്ചുകയറാന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളാരും മെനക്കെട്ടില്ല. അതു വളരാതിരിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ കുഴിമാടത്തിലേക്ക് ആളുകള്‍ തീര്‍ത്ഥാടനം പോകുന്നതു തടയണമെന്നുവരെ തീരുമാനമെടുത്തതുമാണ്. വിശുദ്ധ പദവിയുടെ കാര്യത്തിലും ആള്‍ക്കൂട്ടം തീരുമാനിക്കും എന്നു വരുന്നു.

പണ്ടുകാലത്തെങ്കിലും അസാധാരണത്വത്തില്‍ അസാധാരണത്വം കണ്ടെത്തുന്നവരെക്കുറിച്ചു മാത്രമേ വിശുദ്ധ വിചാരത്തോടെ സംസാരിക്കുകപോലും ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഈ അസാധാരണത്വമെന്നത് വെറും സാധാരണത്വമാണെന്നു വ്യാഖ്യാനം വന്നു. അതോടെ വിശുദ്ധ പദവിയിലേക്ക് അനേകം പേര്‍ ഉയര്‍ത്തപ്പെട്ടു. വെളിച്ചം കടന്നുവരാന്‍ സാധാരണയായി നമ്മള്‍ ക്രിയാത്മകമായി ഒന്നുംതന്നെ ചെയ്യാറില്ല. പക്ഷേ, വെളിച്ചം കടന്നുവരാതിരിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യാറുമുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ വൈരുധ്യാത്മക ഭൗതികവാദവും കടന്ന് നിരീശ്വരവാദവും വലിച്ചെറിഞ്ഞു കഴിഞ്ഞു. പള്ളീപ്പോക്കു പ്രോത്സാഹിപ്പിക്കുന്നില്ല എന്നു പറഞ്ഞ് ഡോ. മനോജ് കലഹിച്ചു മറുകണ്ടം ചാടിയതിനുശേഷം പുതിയ ജീവിത ശൈലി ട്രെന്‍ഡിയായി. ഇപ്പോള്‍ തലയില്‍ മുണ്ടിടാതെ ക്ഷേത്രത്തില്‍ പോകാം, ഭജനയിരിക്കാം. കാപ്പിയും പരിപ്പുവടയും അകാലമൃത്യു വരിച്ചു. ഇപ്പോള്‍ കുറെക്കൂടി നിലവാരമുള്ള ഭക്ഷണക്രമത്തിലേക്കു മാറി. ഒരു കാലത്ത് ക്യാപ്പിറ്റലിസത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്നാലിപ്പോള്‍ അതിനെ സാധ്യതയായി കണക്കാക്കുന്നു. കേന്ദ്രത്തെ നോക്കിയാണല്ലോ ഇപ്പോള്‍ കാര്യങ്ങള്‍ പഠിക്കുന്നത്. പ്രൊലിറ്ററേറ്റിന്റെ കാര്യവും മറവിയിലാണ്ടുപോയി. ആത്മീയ കച്ചവടം എതിര്‍ക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ ഇപ്പോള്‍ അതു സ്വീകാര്യമായി മാറി. അതു തിരിച്ചറിഞ്ഞ വാസവന്‍ പരസ്യമായി വിളിച്ചു പറഞ്ഞു. പിണറായി വിജയന്റെ പാദസ്പര്‍ശമേറ്റ മണ്ണിനെക്കുറിച്ച്. അതു വിശുദ്ധരെക്കുറിച്ചു പറയുന്നതാണ്. വാസവന്‍ തുടര്‍ന്നു, പിണറായി വിജയന്‍ കേരളത്തിനു ലഭിച്ച വരദാനമാണ്. പിണറായി വിജയന്‍ പിറന്നപ്പോള്‍ ഇവനാരായിത്തീരുമെന്നാരെങ്കിലും ചോദിച്ചിരുന്നോ എന്തോ? കാലം ഒരു പക്ഷേ അങ്ങനെയൊരു ചോദ്യം ചോദിച്ചിരിക്കാം. പിണറായി വിജയന്‍ ഇപ്പോള്‍ കിരീടം വച്ച വിശുദ്ധനാണ്. നവകേരള സദസ്സിന്റെ എല്ലാ വേദികളിലും അതിനനുസരിച്ച് ആദരിക്കപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന്റെ മധ്യസ്ഥനായി ഇനിമേല്‍ അറിയപ്പെടും. യുവല്‍ നോവാ ഹരാരി പറഞ്ഞ 'ഹോമോ ദേവൂസ്' - ദൈവമനുഷ്യനില്‍ ഇത്തരം സാധ്യതകളെക്കുറിച്ചും പറയുന്നു. വൈരുധ്യാത്മക ഭൗതികവാദത്തിന്റെ അടവുനയം ഇനി സ്റ്റേറ്റായിട്ടു ദൈവമാകുകയാണ് എന്ന് വാസവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി അത് അണികളിലെത്തുകയേ വേണ്ടൂ. കുട്ടി സഖാക്കളോടു പറഞ്ഞാല്‍ അവര്‍ വേണ്ടതു ചെയ്തുകൊള്ളും.

  • പിന്‍ക്കുറിപ്പ്: എന്നാലും എന്റെ വാസവാ എത്ര വൈകി നാം ഈ സൗന്ദര്യത്തെ അറിയുവാന്‍. എന്തായാലും നവകേരള സദസ്സ് ഒരു ഗുണവുമില്ലാത്തതായിരുന്നു എന്ന് ആരും പറയില്ല. ഇതിത്തിരി നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ കുട്ടികളെ ഇറക്കി നിര്‍ത്തിയതും സിന്ദാബാദ് വിളിപ്പിച്ചതും പഞ്ചായത്തുകളോടു കാശു വാങ്ങിയതും തൊഴിലുറപ്പുകാരെ ഭയപ്പെടുത്തിയതുമെല്ലം ഈ അക്കൗണ്ടില്‍ ചേര്‍ക്കാമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org