ആരാധനാലയത്തെ കലാപഭൂമിയാക്കരുത്

ആരാധനാലയത്തെ കലാപഭൂമിയാക്കരുത്
Published on

ദീപാവലി നാളിലാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. ഈ ദിനം പെട്ടെന്ന് ഓര്‍മ്മയിലെത്തുന്ന ഒരു കാര്യം 'മധുരംഗായതി' എന്ന നോവലില്‍ ഒ.വി. വിജയന്‍ നടത്തുന്ന മനോഹരമായ ഒരു രംഗാവിഷ്കാ രമാണ്. സുകന്യ എന്ന കഥാപാത്രത്തെ ആല്‍മരം ഒരു ദീപാവലി നാളില്‍ പൊക്കിയെടുത്ത് ഒരു ക്ഷേത്രനടയിലെത്തിക്കുന്നു. അവിടെ ദീപാവലിയോടനുബന്ധിച്ചു കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന ലക്ഷം ദീപങ്ങളെ കാണിച്ചിട്ടു ചോദിക്കുന്നു: "സുകന്യേ ഇപ്പോള്‍ നിനക്കു മനസ്സിലായില്ലേ നമ്മളാരും ഒറ്റയ്ക്കല്ലെന്ന്. ആരോക്കെയോ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, എന്തൊക്കെയോ നന്മകളുടെ മധ്യേയാണു നാം. പ്രളയകാലത്ത് നമ്മളനുഭവിച്ച നന്മയെ ഈ വാചകങ്ങളിലൊതുക്കാമെന്നു തോന്നുന്നു. ദീപാവലി തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ്. ദീപാവലി വെളിച്ചത്തിന്‍റെയും ഐക്യത്തിന്‍റെയും ഉത്സവമാണ്. വെളിച്ചം നമ്മെ ഒന്നിപ്പിക്കുന്നു. ദൈവം ഏല്‍പിച്ച ജോലി ഒരുമിച്ചു നിര്‍വ്വഹിച്ചുകൊണ്ടിരുന്ന ആദംഹവ്വാമാര്‍ ഒരു ദിവസം ഉഭയസമ്മതത്തോടെ ഇരുദിക്കുകളിലായി വേല ചെയ്യുമ്പോഴാണ് ഹവ്വാ പ്രലോഭനത്തിനു വശപ്പെട്ടതെന്ന് പാരഡൈസ് ലോസ്റ്റില്‍ മില്‍ട്ടണ്‍ നിരീക്ഷിക്കുന്നു. ഒറ്റയാന്‍ നടത്തം വഴിതെറ്റി ഇരുട്ടില്‍ നിപതിക്കാന്‍ കാരണമായേക്കാം. ഇത്തവണ ദീപാവലിനാളില്‍ ശബരിമലയിലേക്ക് ആളുകള്‍ വഴിതെറ്റിക്കയറുകയും അന്ധകാരത്തിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്ന കാഴ്ച വിശ്വാസികളെ അലോസരപ്പെടുത്തുന്നുണ്ട്. ശബരിമല യഥാര്‍ത്ഥത്തില്‍ ഒരു ദീപപ്രഭയാണ്. മനുഷ്യനെ പ്രകാശത്തില്‍ ഒന്നിപ്പിക്കുന്ന കാഴ്ചയുടെ ഉയരമാണത്. അതിനെ കലാപഭൂമിയാക്കാനുള്ള കുത്സിതശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ ഒരു ആരാധനാലയത്തിന്‍റെ ആത്മ വിശുദ്ധിക്കു മങ്ങലേല്‍പിച്ചിരിക്കുന്നു.

പൊലീസും സര്‍ക്കാരും അങ്ങേയറ്റം സംയമനം പാലിച്ചതു കൊണ്ടാണ് ശബരിമലയില്‍ കലാപം ഒഴിവായത്. പൊലീസിനു നിയന്ത്രണംതെറ്റാവുന്ന സാഹചര്യങ്ങളുണ്ടായി. എന്നിട്ടും സംയമനം പാലിച്ചു. സര്‍ക്കാരും ഒരു യുവതിയെയെങ്കിലും പ്രവേശിപ്പിച്ച് സുപ്രീംകോടതിയുടെ ഓര്‍ഡര്‍ നടപ്പാക്കാന്‍ കടുംപിടുത്തം പിടിച്ചില്ല. പക്ഷേ എന്തിനായിരുന്നു ഈ കോപ്പുകൂട്ടലുകളും ഇടപെടലുകളും. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതുതന്നെ, തര്‍ക്കമില്ല. എന്നാല്‍ എല്ലാറ്റിനും ഒരു ഔചിത്യമുണ്ട്. സുപ്രീംകോടതിതന്നെ ഭരണഘടനാ നിലപാടു വ്യക്തമാക്കിയശേഷം നിയമാനുസൃതമായ തീരുമാനമെടുക്കാന്‍ മതനേതാക്കള്‍ക്കു നിര്‍ദ്ദേശം നല്‍കിയാല്‍ മതിയായിരുന്നു. സുപ്രീംകോടതി വിധി പ്രഖ്യാപിച്ച സ്ഥിതിക്ക് അതു നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയാലും മതിയായിരുന്നു. വേണ്ട പോലീസ് പ്രൊട്ടക്ഷനും നല്‍കണം. സമാധാനം സംജാതമാക്കുന്നതിനു പകരം ഇതൊരു സുവര്‍ണാവസരമാണെന്നു കരുതി ശ്രീധരന്‍പിള്ളയെപ്പോലുള്ള രാഷ്ട്രീയക്കാര്‍ രംഗം വഷളാക്കി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതാണ് ഏറ്റവും വലിയ പ്രശ്നമായത്. ഇത്രയേറെ പൊലീസിനെ സന്നിധാനത്തെത്തിച്ചു സന്നിധാനത്തെ കലാപഭൂമിയാക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. എന്തിനായിരുന്നു ഇത്രയേറെ പേരെ അറസ്റ്റ് ചെയ്തു കൂട്ടിയത്. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയക്കാരും ഭരണാധികാരികളും ചേര്‍ന്ന് ഒരു ആരാധനാലയത്തെ കലാപഭൂമിയാക്കി. മതസ്വാതന്ത്ര്യം മൗലികാവകാശമായി പറഞ്ഞൊത്തിട്ടുള്ള ഒരു രാജ്യത്താണ് ഇത്ര വലിയ കടന്നുകയറ്റമുണ്ടായിരിക്കുന്നത്. ക്രമക്കേടുകളെ തിരുത്തിയെടുക്കേണ്ട മാധ്യമങ്ങളാകട്ടെ ചന്തസ്ഥലത്തിരുന്നു പിരി കേറ്റുന്ന പിള്ളേരെപ്പോലെ തമ്മിലടിപ്പിച്ചു രസിക്കുകയാണ്. പടികയറാനെത്തുന്ന യുവതികളെ തടയാന്‍ ഭക്തര്‍ പമ്പയില്‍ തമ്പടിച്ചു. ഇരുമുടിക്കെട്ടുമായെത്തിയ പലരും ഭക്തരായിരുന്നില്ല, പ്രതിഷേധക്കാരായിരുന്നു. ദൈവനാമത്തില്‍ വേഷം കെട്ടുന്നതിനു ശബരിമല കാരണമായല്ലോ എന്നത് വേദനാജനകം തന്നെ. നാമജപം ഭക്തര്‍ ഉരുവിട്ടതു ഭക്തിയാലല്ല, സമരമുറയായിരുന്നു എന്നതും തെറ്റായിരുന്നില്ലേ? സന്നിധാനത്തില്‍ നടന്നതു പലതും നടക്കാന്‍ പാടില്ലാത്തതായിരുന്നു. പൊലീസും രാഷ്ട്രീയക്കാരുമെല്ലാം ചേര്‍ന്ന് ശബരിമലയെ കലാപഭൂമിയാക്കിയതിനു മാപ്പു പറയണം. നാടിന്‍റെ പ്രകാശഗോപുരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ നാടിനെ തകര്‍ക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org