മനുഷ്യത്വം വറ്റിവരളുന്നോ?

മനുഷ്യത്വം വറ്റിവരളുന്നോ?
Published on

നമ്മുടെ അമ്മനാടിന്‍റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തിന്‍റെ നന്മയെക്കുറിച്ചും സാംസ്കാരിക പൈതൃകത്തെക്കുറിച്ചും നാം വാചാലരായി. രാജ്യം കൈവരിച്ച ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളെക്കുറിച്ച് നാം അഭിമാനം കൊണ്ടു. എന്നാല്‍ ഈ ദിവസങ്ങളില്‍ നമ്മുടെ രാജ്യത്തു നടക്കുന്ന സംഭവങ്ങള്‍ നമുക്ക് അത്ര സന്തോഷം പകരുന്നതല്ല. രണ്ടു സംസ്ഥാനങ്ങളിലായി നടന്ന രണ്ടു സംഭവങ്ങള്‍ മനുഷ്യമനസ്സാക്ഷിയെ ഞടുക്കുന്നതായിരുന്നു. അതു നമ്മുടെ നാടിന്‍റെ മുഖം വികൃതമാക്കിയിരിക്കുകയാണ്. ഒന്നു കേരളത്തിലും മറ്റൊന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറിലും.
കേരളത്തില്‍വച്ച് അപകടത്തില്‍പ്പെട്ട തമിഴ്നാട്ടുകാരനായ മുരുകനെ കേരളത്തിലെ ആറോളം ആശുപത്രികളില്‍ കൊണ്ടുപോയിട്ടും ചികില്‍സ ലഭിച്ചില്ല. കൂട്ടിരിപ്പിനാളില്ല, വെന്‍റിലേറ്ററില്ല തുടങ്ങിയ മുട്ടാപ്പോക്കു കാര്യങ്ങള്‍ പറഞ്ഞു ചികില്‍സ നിഷേധിച്ചു. ഒടുവില്‍ മുരുകന്‍ മരിച്ചു. മുഖ്യമന്ത്രി അസംബ്ളിയില്‍ മുരുകന്‍റെ കുടുംബത്തോടു മാപ്പു പറഞ്ഞു. എന്നാല്‍ ഡോക്ടേഴ്സിന്‍റെ സംഘടന, ആശുപത്രിക്കാരോ ഡോക്ടേഴ്സോ തെറ്റു ചെയ്തിട്ടില്ല, കുറ്റക്കാരല്ല എന്നു പരസ്യപ്രസ്താവനയിറക്കി ന്യായീകരണവുമായി രംഗത്തുവന്നു. ഡോക്ടേഴ്സിനെ അറസ്റ്റു ചെയ്താല്‍ സമരം ചെയ്യുമെന്നു ഭീഷണിയും മുഴക്കി. മുഖ്യമന്ത്രിയുടെ മാപ്പപേക്ഷയില്‍ ഒതുങ്ങുന്നതല്ല കാര്യങ്ങള്‍. മുരുകന്‍റെ ദരിദ്രരായ കുടുംബാംഗങ്ങള്‍ക്കുണ്ടായ നഷ്ടം എന്തു ചെയ്താലും നികത്തപ്പെടുന്നതല്ല. എന്നാലും കുടുംബത്തിനു നഷ്ടപരിഹാരം നല്‍കേണ്ടതാണ്. മാത്രമല്ല അത്തരം ഭീഷണിയിലൊന്നും വഴങ്ങാതെ കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടികളും ഉണ്ടാകണം. കേരളത്തിന്‍റെ സാമൂഹിക, വിദ്യാഭ്യാസ സാംസ്കാരിക പൈതൃകത്തിനു കളങ്കം ചാര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനടപടികളും ഉണ്ടാകണം

രണ്ടാമത്തെ സംഭവം ഉണ്ടായത് ഉത്തര്‍പ്രദേശിലെ ഗോരഖ് പൂറിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രിയായ ബാബാ രാഘവ് ദാസിലാണ്. 76-ഓളം കുട്ടികള്‍ പ്രാണവായു ലഭിക്കാതെ മരിച്ചു. ഓരോ ദിവസം ചെല്ലുന്തോറും മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു.

മരിച്ച കുഞ്ഞുങ്ങളെ കൊണ്ടുപോകാന്‍ ഒരു വാഹനംപോലും ലഭിക്കാതിരുന്നതിനാല്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ കൈയില്‍പ്പിടിച്ചു സ്കൂട്ടറിന്‍റെ പിന്നില്‍ കയറി വീടുകളിലേക്കു പോകുന്ന അതിദാരുണമായ കാഴ്ച ടി.വി.യിലൂടെ കണ്ട് രാജ്യത്തിന്‍റെ മനസ്സാക്ഷി ഞെട്ടിത്തെറിച്ചു. ഈ സംഭവത്തോടു സര്‍ക്കാര്‍ സ്വീകരിക്കുന്ന നിസ്സംഗനിലപാട് അതിക്രൂരമാണ്. അതിനേക്കാള്‍ ക്രൂരമാണ് ഉത്തരവാദിത്വപ്പെട്ടവര്‍ ചരിത്രത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെന്നു പരസ്യമായി പറയുന്ന ന്യായീകരണം. അതിലും ക്രൂരമാണ് സ്വന്തം കൈയില്‍നിന്നു കാശെടുത്ത് ഓക്സിജന്‍ കൊടുത്ത ഡോക്ടറെ സസ്പെന്‍റു ചെയ്തത്. ഇത്രയ്ക്കു ക്രൂരമായ നിലപാടുകളെടുക്കുന്നത് നമ്മുടെ നാടിന്‍റെ മനസ്സാക്ഷിക്കു ഉള്‍ക്കൊള്ളാവുന്നതാണോ?

നമ്മുടെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ കുറെക്കാലമായി ആളെ നോക്കിയാണു ശരിതെറ്റുകള്‍ നിര്‍ണയിക്കുക. സ്വന്തം ആളാണെങ്കില്‍ തെറ്റു ശരിയാകും, സ്വന്തം ആളല്ലെങ്കില്‍ ശരി തെറ്റാകും. വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍ സാധിക്കാതായിരിക്കുന്നു. എവിടെയാണു സത്യം? എവിടെയാണു നീതി? ഇവിടെ മനുഷ്യത്വം വറ്റിവരണ്ടുവോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org