
കള്ളവും ചതിയുമില്ലാത്ത സമ്പല്‍സമൃദ്ധിയുടെ, മഹാബലിയുടെ ഒരു കാലമുണ്ടായിരുന്നു എന്നു കരുതപ്പെടുന്ന നാടാണു കേരളം. എന്നാലിന്ന് കേരളം വായ്പാ തട്ടിപ്പുകാരുടെ ഇരകളായിക്കൊണ്ടിരിക്കുകയാണ്. കൊച്ചി കടമക്കുടിയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം ദമ്പതികള്‍ തൂങ്ങിമരിച്ച സംഭവം ഒരു തരത്തിലും ഉള്‍ക്കൊള്ളാനാവാത്ത ദുരന്തമായിരിക്കുകയാണ്. തട്ടിപ്പുസംഘത്തിന്റെ ഭീഷണി സഹിക്കാനാവാതെയാണ് ആ കുടുംബം ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മീനങ്ങാടിയില്‍ ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതും ഇതുപോലെ തട്ടിപ്പുകാരുടെ വലയില്‍ വീണതിന്റെ ഫലമാണെന്നാണ് അറിയുന്നത്. ഇത്തരം തട്ടിപ്പുകാരെക്കൊണ്ടു കേരളം പൊറുതിമുട്ടിയിരിക്കുകയാണ്.
ചതിക്കുഴി
കോവിഡാനന്തര കാലത്ത് സാമ്പത്തിക പ്രതിസന്ധി പലര്‍ക്കുമുണ്ട്. ബാങ്കില്‍നിന്നൊക്കെ ലോണ്‍ ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പണ്ട് ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാന്‍ വട്ടിപ്പലിശക്കാര്‍ നാട്ടുംപുറങ്ങളില്‍ ഉണ്ടായിരുന്നു. അന്നേ വട്ടിപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയാണു ലോണ്‍ തിരിച്ചുപിടിച്ചിരുന്നത്. ഇപ്പോഴാകട്ടെ വട്ടിപ്പലിശക്കാര്‍ പുതിയ രൂപത്തിലും ഭാവത്തിലും ഡിജിറ്റലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.അത്തരക്കാര്‍ ഇപ്പോള്‍ ലോണ്‍ നല്‍കുതിന് പുതിയ ആപ്പുകളുമായിട്ടാണ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഈ ആപ്പുപയോഗിച്ചാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ലോണ്‍ ലഭിക്കും. ഒരുപാടുപേര്‍ ഇപ്പോള്‍ ഇതില്‍ പെട്ടിരിക്കുകയാണ്. ഒരു രേഖയു മില്ലാതെ, ഒരുടമ്പടിയുമില്ലാതെ, നിരദദ്രവ്യമോ ജാമ്യക്കാരോ ഇല്ലാതെ എന്തിനേറെ ഒരൊപ്പുപോലുമില്ലാതെ പണം വീട്ടിലെത്തുമെന്നു വന്നാല്‍ ആരാണ് വീഴാത്തത്. ഈ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജീവനുപോലും ഭീഷണിയാകുന്ന കെണിയില്‍ പെട്ടുപോയേക്കാം. ലോണ്‍ ആപ്പുകള്‍ വഴി ലോണ്‍ ആഗ്രഹിക്കുവരുടെ സകല ഡാറ്റായും തട്ടിപ്പുകാര്‍ ആദ്യമേ കരസ്ഥമാക്കും. ഈ സമയത്തുതന്നെ നമ്മുടെ ഫോണിലുള്ള മറ്റു കോണ്‍ടാക്ട് നമ്പരുകളും ശേഖരിക്കും. ഇതോടെ തട്ടിപ്പുകാര്‍ നമ്മുടെ സുഹൃത്തുകളുമായി ബന്ധം പുലര്‍ത്തി തുടങ്ങും. എല്ലാ വഴികളും ഒരുക്കികഴിഞ്ഞിട്ടാണ് വായ്പ അനുവദിക്കുന്നത്. ഇര കൈയില്‍നിന്നു വഴുതിപ്പോകാതിരിക്കാന്‍ വളരെ വേഗത്തില്‍തന്നെ പണം അനുവദിക്കുകയും ചെയ്യും. പലിശ നിരക്കും പ്രോസസ്സിങ്ങ് ചാര്‍ജും പറയാറില്ല. തോന്നുന്നതുപോലെ അവയെല്ലാം ഈടാക്കാന്‍ തന്നെയാണത്. വായ്പാ തട്ടിപ്പുകള്‍ പെരുകുന്നതിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ദിവസവും കേള്‍ക്കുന്നത്. പൊലീസിനു ലഭിച്ച 14,897 ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളില്‍ 10 ശതമാനവും ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആപ്പുകളാണത്രേ. തട്ടിപ്പുകള്‍ക്കു വിധേയരാകുന്നതില്‍ കൂടുതലും സ്ത്രീകളാണത്രേ. കുറേപ്പേരെങ്കിലും അത്യാവശ്യത്തിനു ലോണ്‍ എടുക്കുന്നവരാണ്. എ ന്നാല്‍ കുറെപ്പേരെങ്കിലും ആഡംബര കാര്യങ്ങള്‍ക്കും ലോണെടുക്കുന്നു. സ്ത്രീകളില്‍ പലരും അയലത്തെ വീട്ടുകാരുമായി മത്സരിക്കാന്‍ സാധനങ്ങള്‍ വാങ്ങിക്കൂ ട്ടാനുള്ള തത്രപ്പാടിലാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ക്കിരയാകുന്ന ത്. സമയത്തു തിരിച്ചടവു സാധിക്കാതെ വരുന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുകയായി. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ മോര്‍ഫു ചെയ്ത ചിത്രങ്ങളും മറ്റും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കും. സ്ത്രീകള്‍ പലപ്പോഴും ലോണ്‍ കരസ്ഥമാക്കിയ കാര്യം ഭര്‍ത്താക്കന്മാരോടു പറഞ്ഞിട്ടുപോലുമുണ്ടാവില്ല. അത്തരം സാഹചര്യത്തില്‍ ട്രാപ്പില്‍ പെട്ടുപോയാല്‍ ഭര്‍ത്താവിനോടു പോലും പറയാന്‍ സാധിക്കാതെ വരുന്നു. പിന്നെ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാതാകുന്നു. ആ ഭീഷണിയില്‍ കുരുങ്ങിപ്പോകുന്നവരാണ് ജീവിതം അവസാനിപ്പിക്കുന്നുത്.
ഓണ്‍ലൈന്‍ തട്ടിപ്പ് ആപ്പുകള്‍ക്കു പുറമേ വ്യാജ സന്ദേശങ്ങളും അയച്ച് കബളിപ്പിക്കുന്നു. വൈദ്യുതി ബില്ലില്‍ കുടിശ്ശികയുണ്ടെന്ന തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ എത്തും. ചെറിയ തുക കുടിശ്ശിക ഇനത്തിലുണ്ടെന്നും നിശ്ചിത തീയതിക്കകം അടച്ചു തീര്‍ക്കണമെ ന്നും ആവശ്യപ്പെടും. ഇന്റര്‍നെറ്റ് ലിങ്കു സഹിതമാണ് വാട്‌സാപ്പില്‍ സന്ദേശമെത്തുക. ലിങ്കില്‍ ക്ലിക്കു ചെയ്ത് പ്രവേശിക്കുന്നവരില്‍നി ന്ന് ആധാറും ബാങ്ക് അക്കൗണ്ടും ശേഖരിക്കും. കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളില്‍ ഒരിക്കലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ആവശ്യപ്പെടാറില്ല എന്നറിഞ്ഞിരിക്കുക. എന്തായാലും വ്യജസന്ദേശങ്ങളെ ശ്രദ്ധയോടെ തിരിച്ചറിഞ്ഞ് ഒഴിവാക്കണം.
ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാവണം. സോഷ്യല്‍ മീഡിയ ഗൗരവമായി നിരീക്ഷിക്കണം. പൊലീസിന്റെ ജാഗ്രതയും ശക്തിപ്പെടുത്തണം. ഇന്നു പക്ഷേ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ സര്‍വത്ര അഴിമതിയും തട്ടിപ്പുമാണ്. ഉന്നതങ്ങളിലെ തട്ടിപ്പാണിപ്പോള്‍ താഴേക്കു വരുന്നത്.
ഈ സാഹചര്യത്തില്‍ നമ്മള്‍തന്നെ ജാഗ്രത പാലിക്കേണ്ടതുണ്ട്. തട്ടിപ്പു നടന്നതായി സംശയം തോന്നിയാല്‍ ഉടന്‍ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. കൂടാതെ പൊലീസില്‍ പരാതി നല്‍കാനും വൈകരുത്. തുടര്‍ന്ന് പല ഫോണ്‍നമ്പരുകളില്‍നിന്ന് വിളി വരും. അതൊന്നും അറ്റന്റ് ചെയ്യരുത്. അങ്ങനെ വരുന്ന നമ്പരുകള്‍ നോട്ടു ചെയ്തു വയ്ക്കുന്നത് പിന്നീടും ഫോണ്‍ എടുക്കാതിരിക്കാന്‍ സഹായിക്കും. തട്ടിപ്പിനു വിധേയരാകുന്നവര്‍ തന്നെ താനിങ്ങനെ തട്ടിപ്പിനു വിധേയരായിട്ടുണ്ട് വ്യാജ സന്ദേശങ്ങള്‍ എത്തിയേക്കാമെന്ന് സുഹൃത്തുക്കളേയും ബന്ധുക്കളേയും അറിയിക്കുക. ഇക്കാലത്ത് മോര്‍ഫു ചെയ്ത ചിത്രങ്ങള്‍ അയച്ചതുകൊണ്ട് ലോകം അവസാനിക്കില്ല എന്നും മനസ്സിലാക്കുക.