അമ്മ മരക്കാടിനുളളില്‍ അവള്‍ അവര്‍ക്കമ്മയായി

അമ്മ മരക്കാടിനുളളില്‍ അവള്‍ അവര്‍ക്കമ്മയായി
Published on

അമ്മ മരക്കാടിനുള്ളില്‍

അവള്‍ അവര്‍ക്കമ്മയായി.

വനം വീടായി, ഇരുട്ടു വെളിച്ചമായി.

അതേ അവള്‍, ലെസ്‌ലി, അവളാണ് അവരെ രക്ഷിച്ചത്. അച്ചനും അമ്മയും ജോലിക്കു പോകുമ്പോള്‍ അവളാണ് കുഞ്ഞുങ്ങളെ നോക്കിയിരുന്നത്. അവള്‍ക്കും കുട്ടികള്‍ക്കും കാടു പരിചിതമായിരുന്നു. അവരുടെ അമ്മൂമ്മ പറഞ്ഞു: 'ഞങ്ങളുടെ മക്കളെ കാത്തത് ഞങ്ങളുടെ കാടാണ്. കാടു ഞങ്ങള്‍ക്ക് അമ്മയാണ്.' മനോരമ പത്രം അതുകൊണ്ടിങ്ങനെ കുറിച്ചു: 'അമ്മസോണ്‍' കാടുകള്‍ എന്ന്.

അവള്‍ മരണത്തെ വിട്ടു പോരാന്‍ തീരുമാനിച്ച നിമിഷം ദൈവം ഇടപെട്ട നേരമാണ്. അവര്‍ സഞ്ചരിച്ച വാഹനം തകര്‍ന്നു. കൂടെയുണ്ടായിരുന്ന അമ്മയും കൂട്ടരും മരിച്ചു. അമ്മയുടെ മൃതദേഹത്തിനരികെ അവര്‍ ഇരുന്നിരുന്നു. ഏറെ കരഞ്ഞിരിക്കാം. അവള്‍ അമ്മയില്‍ കണ്ട മരണത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. തകര്‍ന്നു വീണ വാഹനത്തില്‍നിന്നു ലഭിച്ച ഭക്ഷണപൊടിയും കാട്ടിലെ കായ്കനികളും കരുതലോടെ ഭക്ഷിച്ചു. വെള്ളം നിറയ്ക്കാന്‍ സോഡാ ബോട്ടില്‍ വാഹനത്തില്‍ നിന്നു ലഭിച്ചു. ഒളിച്ചതു മരപ്പൊത്തില്‍. പാമ്പുകളും മൃഗങ്ങളും കൊതുകുകളും നിറഞ്ഞ നിബിഡ വനത്തില്‍ കുട്ടികള്‍ അഭയം തേടിയത് മരപ്പൊത്തില്‍. അങ്ങനെ അവളും അവരും ജീവനു കാവല്‍നിന്നു.

രക്ഷാസേനയെ കണ്ടപാടെ അവള്‍ ഓടിയെത്തി പറഞ്ഞു: 'എനിക്കു വിശക്കുന്നു. അമ്മ മരിച്ചു.' ഒരു വയസ്സു പ്രായമുള്ള കുഞ്ഞു സഹോദരന്‍ ക്രിസറ്റീനെ കൈയിലെടുത്ത് പതിമൂന്നുകാരിയായ ലെസ്‌ലി മുന്നിലേക്കു വന്നു. പറഞ്ഞവാക്കുകള്‍ നിക്കോളാസ് ഗോമസ്സിന്റെ മനസ്സിനെ പൊള്ളിനോവിച്ചു. കൊളംമ്പിയായിലെ ആമസോണ്‍ വനാന്തരങ്ങളില്‍ തെരച്ചില്‍ തുടങ്ങി നാല്പതാം ദിവസം സൈനികനായ നിക്കോളാസിനും സംഘത്തിനും മുന്നിലാണ് കുട്ടികള്‍ എത്തിയത്. വളരെയധികം ക്ഷീണിതയായിരുന്നെങ്കിലും തങ്ങളെ കണ്ടയുടന്‍ ലെസ്‌ലി ക്രിസ്റ്റീനുമായി ഓടിവന്നു. സഹോദരങ്ങള്‍ ക്ഷീണിച്ച് മണ്ണില്‍ കിടക്കുകയായിരുന്നു. ഒരാള്‍ ചാടിയെഴുന്നേറ്റു പറഞ്ഞു. ഞങ്ങളുടെ അമ്മ മരിച്ചു. രക്ഷാപ്രവര്‍ത്തകരായെത്തിയവര്‍ കുട്ടികളെ ഉന്മേഷവാന്മാരാക്കാന്‍ ശ്രമിച്ചു. അവര്‍ കുട്ടികള്‍ക്കുവേണ്ടി പാട്ടുപാടി. കുട്ടികള്‍ ഏറ്റുപാടി ദുരന്തമുഖത്തെ അതിജീവനത്തിന്റെ പാട്ടുകള്‍. ആമസോണ്‍ കാടുകളിലെ സായുധസംഘാംഗങ്ങളെ അവര്‍ ഭയന്നിരിക്കാം. അപ്പോഴും അവര്‍ പ്രതീക്ഷ കൈവിട്ടില്ല.

മെയ് ഒന്നിനായിരുന്നു നാലു കുട്ടികളും അമ്മയും സഞ്ചരിച്ചിരുന്ന ചെറുവിമാനം ആമസോണ്‍ വനത്തില്‍ തകര്‍ന്നു വീണത്. അമ്മ മഗ്ദലീനാ ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ലെസ്‌ലി ജാക്കൊ ബൊംബെയര്‍ (13) സോലിനി (9)ടിയന്‍ ക്രിസ്റ്റീന്‍ (1) എന്നിവരെ വെള്ളിയാഴ്ച കൊളംമ്പിയന്‍ സൈന്യം കണ്ടെത്തി. മഗ്ദലീന മരണത്തോടു മല്ലടിച്ചത് നാലു ദിവസം. മക്കള്‍ കാവലിരുന്നു. രക്ഷപ്പെടൂ മക്കളേ അച്ചന്റെ അടുത്തേയ്ക്കു പോകൂ, എന്നെപ്പോലെ അദ്ദേഹവും നിങ്ങളെ സ്‌നേഹിക്കും. അമ്മയുടെ ആ വാക്കുകളാണ്് രക്ഷപ്പെടണം എന്ന വിചാരം കുട്ടികളില്‍ ഉണര്‍ത്തിയത്.

അവരെ ആരു കാത്തു? നിശ്ചയമായും ഈശ്വരന്‍ കാത്തു. കാടും പുഴയും മരപ്പൊത്തുകളുമെല്ലാം കാത്തു. അവരുടെ വിശ്വാസം അവര്‍ക്കു തുണയായി. നാളതുവരെ ലഭിച്ച കാടനുഭവം അവര്‍ക്കു തുണയായി. കാടു നല്‍കിയ വിദ്യാഭ്യാസം എന്നു തിരുത്തി പറയട്ടെ. മണ്ണില്‍ തൊടീക്കാതെ കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ക്കുള്ളില്‍ നമ്മള്‍ നല്‍കിയ ടൈയും കോട്ടും ധരിച്ചിരുന്ന് എഞ്ചിനിയറിംഗും മെഡിസിനും സ്വപ്‌നം കണ്ടു പഠിച്ചു വരുന്ന നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെയുണ്ട്?

ഈശ്വരന്‍ അവരെ കാത്തു എന്നു നാം പരിപൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രകൃതിയും പ്രപഞ്ചവും ഈശ്വരന്റേതാണ്. കാടു നല്കിയ പഴങ്ങള്‍ അവര്‍ ഭക്ഷിച്ചു.ഒരു പക്ഷേ ഇസ്രായേല്‍ ജനം മരുഭൂമിയില്‍ കണ്ട ഭക്ഷണത്തോടു ചോദിച്ചതുപോലെ ഇതെന്താണ് - 'മന്നാ' (മന്നാ എന്നാല്‍ ഇതെന്താണ് എന്ന ചോദ്യമാണ്). എന്നവരും ചോദിച്ചിരിക്കാം. മരം കാക്കുന്ന, മണ്ണു കാക്കുന്ന ഭക്ഷണം നമുക്കു ദൈവം തരുന്ന മന്നയാണ്. മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് ദൈവത്തില്‍നിന്നു ലഭിക്കുന്ന വാക്കുകള്‍കൊണ്ടുകൂടിയാണ്. നമ്മുടെ മതബോധനത്തില്‍ ഇത്തരം പാഠങ്ങളുണ്ടോ?

ചേര്‍ത്തു വായിക്കാന്‍ ഒരു വാല്‍ക്കഷണം:

പണ്ടു പണ്ട് ഓന്തുകള്‍ക്കും മുമ്പ്, ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍, രണ്ടു ജീവബിന്ദുക്കള്‍, നടക്കാനിറങ്ങി. അസ്തമയത്തിലാറാടി നിന്ന ഒരു താഴ്‌വരയിലെത്തി.

'ഇതിന്റെ അപ്പുറം കാണണ്ടേ?' ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.

'പച്ച പിടിച്ച താഴ്‌വര' ഏടത്തി പറഞ്ഞു: ഞാനിവിടെ നില്‍ക്കട്ടെ.'

'എനിക്കു പോകണം' അനുജത്തി പറഞ്ഞു. അവളുടെ മുമ്പില്‍ നീണ്ടു കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി. 'നീ ചേച്ചിയെ മറക്കുമോ?' ഏട്ടത്തി ചോദിച്ചു.

'മറക്കില്ല' അനുജത്തി പറഞ്ഞു.

'മറക്കും' ഏട്ടത്തി പറഞ്ഞു.

അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്‌വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍ക്കുരുന്നില്‍ നിന്ന് വീണ്ടുമവള്‍ വളര്‍ന്നു, അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാല്‍ കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവച്ചു. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി. ചെതലിയുടെ താഴ്‌വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചെമ്പകത്തിന്റ ചില്ലയൊടിച്ച് പൂനുള്ളിയെടുത്തപ്പോള്‍ ചെമ്പകം പറഞ്ഞു 'അനുജത്തി നിയെന്നെ മറന്നല്ലോ.' (ഒ. വി. വിജയന്‍,ഖസാക്കിന്റെ ഇതിഹാസം).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org