ലോകായുക്ത ഭേദഗതി ആര്‍ക്കുവേണ്ടി?

ലോകായുക്ത ഭേദഗതി ആര്‍ക്കുവേണ്ടി?

തെറ്റു ചെയ്തിട്ടു രക്ഷപെടാന്‍ നിയമം മാറ്റിയെഴുതുന്നത് ജനാധിപത്യമര്യാദയ്ക്കു ചേരുന്നതാണോ? ജനാധിപത്യത്തെ അവ ഹേളിക്കുകയാണ്. ലോകായുക്ത നിയമത്തിലെ പുതിയ ഭേദഗതി നിയമവ്യവസ്ഥിതിക്കുതന്നെ തുരങ്കം വയ്ക്കുകയാണ്. ഇതാണവസ്ഥയെങ്കില്‍ നമുക്കെന്തിനാണിങ്ങനെ ഒരു നിയമവും സംവിധാനങ്ങളും? ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതിനേക്കാള്‍ നല്ലത് ലോകായുക്തയെ അടച്ചുപൂട്ടുകതന്നെയാണ്. അത്രയും സാമ്പത്തിക നേട്ടമെങ്കിലും സംസ്ഥാനത്തിനുണ്ടാകും. പല്ലും നഖവും ഇല്ലാത്ത ഒരു കാവല്‍നായയെ കൊണ്ടുനടക്കണോ? കുറ്റം ചെയ്താല്‍ കണ്ടെത്താനും അന്വേഷിക്കാനും ഒരു സംവിധാനം ഉണ്ടാകുക എന്നത് യഥാര്‍ത്ഥത്തില്‍ കാര്യക്ഷമതയുള്ള ഒരു നല്ല ഭരണാധികാരിയുടെ ഭാഗ്യമാണ്. അത്തരമൊരു സംവിധാനമുണ്ടായാല്‍ ഭരണസംവിധാനത്തിലെ മുഴുവന്‍ പേര്‍ക്കും ഒരു പേടിയുണ്ടാകും. ഭരണം സുഗമമാകും.

പോലീസിനെ പ്പോലും നിര്‍വ്വീര്യരോ കോലാഹലപ്രിയരോ ആക്കുന്ന സര്‍ക്കാരില്‍നിന്ന് ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാനാണ്? ഗുണ്ടാവിളയാട്ടം സാ ധാരണ ക്രമമാക്കി മാറ്റുന്ന ഭരണാധികാരികള്‍ ഇതും ഇതിനപ്പുറവും ചെയ്യും. വീണുകിട്ടിയ രണ്ടാം ഊഴം ഒരു ദുര്‍ഭരണം നടത്തി പടിയിറങ്ങണോ എന്നാലോചിക്കാന്‍ സമയമായി.

അഴിമതിക്കാര്‍ക്കെതിരേ നടപടികളെടുക്കാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ ബില്ല് രാഷ്ട്രപതിയുടെ അനുമതിയോടെ മാത്രമേ പാസ്സാക്കാവൂ എന്ന് യു.ഡി.എഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ലോകായുക്ത നിയമം രാഷ്ട്രപതിയുടെ അനുമതിയോടെ നിയമമായിരിക്കെ ഇനി അതു ഭേദഗതി ചെയ്യാന്‍ രാഷ്ട്രപതിയുടെ അനുമതിയോടെയേ പാടുള്ളൂ എന്നാണ് അവരുടെ വാദം. ലോകായുക്തയുടെ അധികാരം കവരുന്ന പുതിയ ഭേദഗതി പാര്‍ലമെന്റു പാസ്സാക്കിയ ലോക്പാല്‍ നിയമത്തിന് എതിരാകുമോ എന്നു പരിശോധിക്കേണ്ടത് രാഷ്ട്രപതിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പിലാണ് സര്‍ക്കാര്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. 14-ാം വകുപ്പ് കെ.ടി. ജലീല്‍ കേസില്‍ മാത്രമാണ് ലോകായുക്ത ചര്‍ച്ച ചെയ്തത്. 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. പാര്‍ലമെന്റോ നിയമസഭയോ പാസ്സാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പറയാന്‍ കോടതിക്കു മാത്രമേ സാധിക്കൂ എന്ന് ജസ്റ്റീസ് പട്‌നായിക്കിന്റെ അദ്ധ്യക്ഷതയിലുള്ള സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കിയിട്ടുമുണ്ട്. ലോകായുക്ത നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിയമമന്ത്രിയുടെ വാദം സുപ്രീംകോടതി വിധിക്കെതിരാണ്. 1999-ല്‍ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം 22 വര്‍ഷങ്ങള്‍ക്കു ശേഷം നിയമവിരുദ്ധമാണെന്നു പറയുന്നത് അസംബന്ധമല്ലേ? ജലീല്‍ കേസില്‍ ഭരണഘടനാ വിരുദ്ധമാണെന്നു പറയാത്ത നിയമം ഭരണ ഘടനാവിരുദ്ധമാണെന്നു ഇപ്പോള്‍ പറയുന്നത് മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും രക്ഷിക്കാനാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കുറ്റം ചെയ്താല്‍ കണ്ടെത്താനും അന്വേഷിക്കാനും ഒരു സംവിധാനം ഉണ്ടാകുക എന്നത് യഥാര്‍ത്ഥത്തില്‍ കാര്യക്ഷമതയുള്ള ഒരു നല്ല ഭരണാധികാരിയുടെ ഭാഗ്യമാണ്. അത്തരമൊരു സംവിധാനമുണ്ടായാല്‍ ഭരണസംവിധാനത്തിലെ മുഴുവന്‍ പേര്‍ക്കും ഒരു പേടിയുണ്ടാകും. ഭരണം സുഗമമാകും.

ലോകായുക്ത വിവാദ വ്യവസ്ഥകള്‍ നിയമസഭ മുമ്പു തള്ളിയതാണെന്ന് സഭാ രേഖകള്‍ ഓര്‍മ്മപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി അന്വേഷിച്ചു തെളിഞ്ഞാല്‍ സ്ഥാനത്തു തുടരാന്‍ അയോഗ്യനായി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന വ്യവസ്ഥ 1999-ല്‍ നിയമസഭ ഏറെ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമായിരുന്നു. ഇ.കെ. നായനാര്‍ മന്ത്രി സഭയില്‍ നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായര്‍ ബില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോഴും പിറ്റേവര്‍ഷം സഭയില്‍ അവതരിപ്പിച്ചപ്പോഴും ലോകായുക്തയുടെ കണ്ടെത്തല്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി, സര്‍ക്കാര്‍ എന്നീ അധികാര സ്ഥാനങ്ങള്‍ക്ക് തള്ളാനും കൊള്ളാനും അധികാരം വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ അതിനെ എതിര്‍ത്തിരുന്നു. ലോകായുക്ത എല്ലാ അന്വേഷണവും നടത്തി ഒരംഗം കുറ്റക്കാരനാണെന്നു വിധിച്ചാല്‍ അതിന്മേല്‍ മുഖ്യമന്ത്രിയോ ഗവര്‍ണറോ തീരുമാനമെടുക്കുന്നത് ഈ നിയമത്തിന്റെ പല്ലും നഖവും തകര്‍ക്കലാകുമെന്ന് അന്നേ അംഗങ്ങള്‍ പറഞ്ഞിരുന്നു. ഓംബുഡ്‌സ്മാനെക്കുറിച്ച് പണ്ടേ ഒരു ചൊല്ലുണ്ട്. കുരയ്ക്കാന്‍ മാത്രം കഴിയുന്ന, കടിക്കാന്‍ കഴിയാത്ത ഒരു കാവല്‍നായ എന്ന്. ഇപ്പോഴത്തെ ഭേദഗതികൂടിയായാല്‍ പല്ലും നഖവും പോലുമില്ലാത്തനായ എന്നു പറയേണ്ടിവരും.

ഇതിനിടെ കെ.റ്റി. ജലില്‍ ലോകായുക്തയെ വ്യക്തിപരമായി അധിക്ഷേപിക്കാനിറങ്ങി പുറപ്പെട്ടിരിക്കുന്നത് പാര്‍ട്ടിക്കോ ഭരണകൂടത്തിനോ താത്വികമായോ നൈയാമികമയോ ഒന്നും പറയാനില്ലാതാ യിട്ടാണ് എന്നതു വ്യക്തം. പരാജ യപ്പെട്ടവരുടെ വെറും ജല്‍പ്പനങ്ങള്‍ പോലെ മാത്രമേ അതു കാണുകയുള്ളു.

ഭരണഘടനാസ്ഥാപനം വഹിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ ഒരു സ്റ്റാറ്റിയൂട്ടറി പദവിയിലുള്ള ഒരാളുടെ തീരുമാനപ്രകാരം പുറത്തുപോകേണ്ടിവരുന്നത് ഭരണ ഘടനാപരമായ മാന്യതയ്ക്കു ചേരാത്തതാണെന്നു ചാനല്‍ ചര്‍ച്ചയില്‍ പറയുന്നതു കേട്ടു. ലോകായുക്ത ക്വാസി ജുഡീഷ്യല്‍ ബോഡിയാണ്. ആ നിലയ്ക്ക് ലോകായുക്തയുടെ തീരുമാനം നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ കണ്‍കറന്‍സ് വേണമെന്നു നിഷ്‌കര്‍ഷിച്ച് അമന്റ്‌മെന്റു കൊണ്ടുവന്നാലും കുറെക്കൂടി മാന്യതയുണ്ടാകുമായിരുന്നു.

ഘടകകക്ഷിയായ സി.പി.ഐ പോലും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. അവര്‍ ചോദിക്കുന്ന ചോദ്യവും പ്രസക്തമാണ്. എന്തിന് ഓര്‍ഡിനന്‍സ് ? ഇത്ര വലിയ തിടുക്കമെന്തിന്? അതിനുത്തരം കണ്ടെത്തുമ്പോഴാണ് കള്ളി വെളിച്ചത്തുവരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org