കടലെടുത്തുപോകുന്ന ജീവിതങ്ങള്‍ സര്‍ക്കാരും കൈയൊഴിയുമ്പോള്‍

കടലെടുത്തുപോകുന്ന ജീവിതങ്ങള്‍ സര്‍ക്കാരും കൈയൊഴിയുമ്പോള്‍

03-03-2022 യില്‍ മലയാള മനോരമ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍നിന്നാരംഭിക്കാമെന്നു കരുതുന്നു. തോട്ടപ്പള്ളി ഹാര്‍ബറില്‍ അടുപ്പിച്ച വള്ളത്തില്‍ പാചകത്തിനിടെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളി മരാരിക്കുളം സ്വദേശി ഈപ്പനെ കണ്ടത്“പ്രധാന വള്ളത്തിന് മൂന്നു എന്‍ജിനാണ്, കാരിയര്‍ വള്ളത്തിന് രണ്ടും. രണ്ടു ബോട്ടിനും കൂടി 150 ലിറ്റര്‍ മണ്ണെണ്ണയെങ്കിലുമില്ലാതെ കടലില്‍ പോകാന്‍ കഴിയില്ല. സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നതും മത്സ്യഫെഡ് തരുന്നതുമായ മണ്ണെണ്ണ പലപ്പോഴും ഒരു ദിവസത്തെ ചെലവിനു പോലും തികയില്ല 42 അടി വലുപ്പമുള്ള വള്ളത്തില്‍ 25 ലേറെ പേരാണ് പോകുന്നത്. വള്ളവും വലയും കൂടിയാകുമ്പോള്‍ 20 ലക്ഷത്തിലധികം വിലയാകും. മറ്റു ചെലവുകള്‍ പുറമേ പലപ്പോഴും മീന്‍ കിട്ടാറില്ല. ജൂണ്‍ മുതലുള്ള സീസണില്‍ മാത്രം വള്ളത്തിന് 3 ലക്ഷം രൂപയുടെ കടമായി. ഒരു ദിവസം കടലില്‍ പോകാന്‍ മാത്രം 18,000 രൂപയിലധികം വേണം. മണ്ണെണ്ണയുടെ വില കൂടിയതിനാല്‍ കൂടുതല്‍ പ്രദേശത്തേക്ക് മീന്‍ തേടി പോകാനും കഴിയുന്നില്ല. ഓയില്‍ ഉള്‍പ്പടെ 150 രൂപയോളം നല്‍കിയാണ് മണ്ണെണ്ണ പുറത്തുനിന്ന് വാങ്ങുന്നതെന്നും ഈപ്പന്‍ പറയുന്നു.

ഓരങ്ങളിലും തീരങ്ങളിലും ഒതുക്കപ്പെട്ടവരുടെ തേങ്ങലുകള്‍ കൊണ്ടു മുഖരിതമാണിന്നു കേരളം. ബഫര്‍ സോണ്‍ വിഷയത്തില്‍ ചങ്കുതകര്‍ന്നു കേഴുന്ന മലയോരവാസികളുടെ ദീനരോദനങ്ങള്‍ കേള്‍ക്കപ്പെടുന്നില്ല. ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ തകര്‍ത്തെറിയുന്ന കടലോരത്തെ കുടിലുകളില്‍ നിന്നുയരുന്ന നിലവിളികള്‍ കേള്‍ക്കപ്പെടുന്നില്ല. കടലെടുത്തു പോകുന്ന ജീവിതങ്ങള്‍, സര്‍ക്കാരും കൈയൊഴിയുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിനുമുന്നില്‍ പകച്ചു നില്‍ക്കുകയാണു തീരവാസികളും മലയോരവാസികളും. കേരളം ആരുടേതാണ് എന്ന ചോദ്യം രണ്ടിടത്തുനിന്നും ഉയരുന്നുണ്ട്.

അനാഥമാക്കപ്പെടുന്ന തീരം

കടല്‍ക്ഷോഭം, കടല്‍കയറ്റം,കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഴുവന്‍ ദുരന്തങ്ങളുംകൊണ്ടു തകരുന്ന ഇടമായിരിക്കുന്നു ഇന്നു തീരം. തുടരെത്തുടരെ വരുന്ന നിരോധനങ്ങള്‍ മൂലം മുഴുപ്പട്ടിണിയിലാണു തീരവാസികള്‍. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്ന ദിനങ്ങളില്‍ നഷ്ടപരിഹാരം നല്‍കാമെന്നു സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും അതൊന്നും നല്‍കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ നിരോധനാജ്ഞകള്‍ ധിക്കരിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു തീരവാസികള്‍. പെട്രോളിന്റേയും മണ്ണെണ്ണയുടേയും വിലവര്‍ധനയും അവയ്ക്കുള്ള സബ്‌സിഡി വെട്ടിച്ചുരുക്കിയതും ഇരട്ടടിയായിരിക്കുകയാണ്. ഒരു കടലോളം കണ്ണുനീര്‍ കരയിലുണ്ട്. അതാണു നെയ്തല്‍തീരം. ഒരു കടല്‍പ്പൊക്കത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും. അക്ഷരാര്‍ത്ഥത്തില്‍ ഓരത്തേക്കൊതുക്കപ്പെട്ടവര്‍. അവര്‍ക്കു തുണയാകേണ്ട സര്‍ക്കാരും കയ്യൊഴിഞ്ഞിരിക്കുന്നു.

മത്സ്യമേഖല ഇപ്പോള്‍ നാഥനില്ലാക്കളരിയായിരിക്കുകയാണ്. മന്ത്രി സജി ചെറിയാന്‍ രാജിവച്ചസാഹചര്യത്തില്‍ പകരം മന്ത്രിയെ നിയമിക്കുന്നതിനു പകരം അദ്ദേഹം ചെയ്തിരുന്ന ഔദ്യോഗി ക ദൗത്യങ്ങളെല്ലാം പലര്‍ക്കായി ഭാഗം വച്ചു കൊടുത്തിരിക്കുന്നു.തീരവാസികളെ സര്‍ക്കാരും അനാഥമാക്കുന്ന ക്രൂരത നിറഞ്ഞ തീരുമാനമാണത്. തീരത്തേക്കിപ്പോള്‍ ആരും തിരിഞ്ഞുനോക്കുന്നില്ല. ഫിഷറീസ് വകുപ്പ് അങ്ങനെ ആര്‍ക്കെങ്കിലും അഡീഷണല്‍ കൊടുക്കാവുന്ന ഒരു വകുപ്പല്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുള്ളതും ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതം ആശ്രയിക്കുന്നതുമായ ഈ വകുപ്പ് ആരെങ്കിലും അഡീഷനലായിട്ടു കൈകാര്യം ചെയ്യേണ്ടതല്ല എന്നത് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഇപ്പോഴത്തെ ഈ നടപടി മത്സ്യത്തൊഴിലാളികളോടു കാണിക്കുന്ന അവഗണനയായിട്ടേ കാണാന്‍ സാധിക്കു. തീരത്തിപ്പോള്‍ നോക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. ഒരധികാരിയും വരുന്നില്ല. കടല്‍ക്ഷോഭം, പ്രകൃതി ദുരന്തങ്ങള്‍, കടല്‍ഭിത്തിയില്ലാത്തിടത്ത് പണമുണ്ടായിട്ടുപോലും പണിനടക്കാത്ത അവസ്ഥ. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള എല്ലാ പദ്ധതികളും മരവിച്ചിരിക്കുകയാണ്. ഭരണകൂടം നോക്കുകുത്തിയാകുന്ന കാഴ്ച. ഇങ്ങനെയാണോ ഒരു ക്ഷേമ രാഷ്ട്രം മുന്നോട്ടു പോകേണ്ടത്.

ഒരു സമൂഹത്തെ മുഴുവന്‍ പട്ടിണിക്കിടാനും അവര്‍ക്കര്‍ഹമായ വികസനവും വളര്‍ച്ചയും തടയാനും ഒരു ജനാധിപത്യ സര്‍ക്കാരിനവകാശമില്ല. കടല്‍ഭിത്തികെട്ടി തീരം സംരക്ഷിക്കേണ്ട കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നു. കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കടല്‍ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നും അതു മഴക്കാലമെത്തുന്നതിനുമുമ്പേ ചെയ്തു തീര്‍ക്കണമെന്നും തീരത്തെ മുഴുവന്‍ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. കേള്‍ക്കപ്പെടുന്നില്ല. ഇപ്പോള്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ കല്ലുകൊണ്ടുവരാനും സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നു. ആരോടു പറയാന്‍. എത്രയും വേഗം ഫിഷറീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രിയേയും ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരേയും നിയമിക്കേണ്ടത് അനിവാര്യമാണ്.

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരാണ് നടപടികളെടുക്കേണ്ടതും കേന്ദ്രത്തെയും സുപ്രീംകോടതിയെയും ബോധ്യപ്പെടുത്തേണ്ടതും. അതിനു പകരം സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിയുടെ പ്രവര്‍ത്തകര്‍ നാടുനീളെ ചുറ്റിനടന്ന് സമരം നടത്തിയിട്ട് ഒരു കാര്യവുമില്ല. കടല്‍തീരത്തിന്റെയും മലയോരത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org