
കേരള സഭ ഒരു ആത്മപരിശോധനാക്കാലം ഡിക്ലയര്‍ ചെയ്യേണ്ടതാണ്. ബാക്കിയെല്ലാം മാറ്റിവച്ച് വിലയിരുത്തലിനു സമയം കണ്ടെത്തേണ്ടതുണ്ട്.
നമ്മുടേത് ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്. മതം വേറെ രാഷ്ട്രം വേറെ എന്നു പറയുന്ന അമേരിക്കന്‍ മതേതരത്വമല്ല നമ്മുടേത്. എല്ലാ മതങ്ങളേയും സംരക്ഷിക്കുകയും വളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണ് നമ്മുടെ മതേതരത്വം. ഈ ദൗത്യം രാജ്യത്തിന്റെ മാത്രമല്ല ഓരോ പൗരന്റേയും കടമയാണ്. ഞാന്‍ എന്റെ വിശ്വാസം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കൂടുതലായി അയല്‍വാസിയുടെ വിശ്വാസം സംരക്ഷിക്കാന്‍ പരിശ്രമിക്കണം. എന്നാലിപ്പോള്‍ മതവും വിശ്വാസവും സങ്കീര്‍ണ്ണമായ പ്രതിസന്ധികള്‍ നേരിടുകയാണ്.
കക്കുകളിയും ദി കേരളാ സ്റ്റോറിയും ഇപ്പോള്‍ വിവാദ വിഷയമായിരിക്കുകയാണല്ലോ. കക്കുകളി എന്ന ഫ്രാന്‍സിസ് നൊറോണയുടെ കഥ നാടകമാക്കി അവതരിപ്പിക്കുന്നവര്‍ വളരെ ബോധപൂര്‍വം ക്രിസ്ത്യാനികളെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. സന്യസ്തരെ അവഹേളിക്കുക എന്ന ഒരു ഹിഡന്‍ അജന്‍ഡ അതില്‍ വ്യക്തമാണ്. കെ സി ബി സി പ്രസിഡന്റ് ക്ലീമിസ് പിതാവ് ആവശ്യപ്പെട്ടതുപോലെ ഈ നാടകത്തിന്റെ അവതരണാനുമതി നിഷേധിക്കേണ്ടതാണ്. അതോടോപ്പം ഇതൊരവസരമായിക്കണ്ട് ഇതിനു കാരണമായിട്ടുള്ള വിഷയങ്ങളെക്കുറിച്ച് കെ സി ബി സി തലത്തില്‍ ഒരു ഗൗരവമായ അന്വേഷണം നടത്തേണ്ടതല്ലേ? സന്യാസ സഭകളിലേക്കും സെമിനാരികളിലേക്കുമുള്ള റിക്രൂട്ടുമെന്റ് എങ്ങനെയാണ്? അതുപോലെ പരിശീലന കളരികളുടെ നടത്തിപ്പു സംബന്ധിച്ചും വളരെ ക്രിട്ടിക്കലായിട്ടുള്ള അന്വേഷണവും വേണ്ടതാണ്. കേരള സഭയുടെ ഇപ്പോഴത്തെ അവസ്ഥ അത്ര മംഗളകരമല്ല എന്ന് പുറമേ നിന്നു നോക്കിയാല്‍ മനസ്സിലാകും. പുരോഹിതരുടേയും സന്യസ്തരുടേയും ജീവിതവും പരിശോധിക്കപ്പെടേണ്ടതാണ്. നമ്മുടെ രൂപത - കെ സി ബി സി തലങ്ങളില്‍ പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ പൊതുസമൂഹത്തില്‍ കൊണ്ടുവന്ന് അപസ്വരങ്ങള്‍ കേള്‍പ്പിക്കേണ്ടതുണ്ടോ? മൊത്തത്തില്‍ ഒരു ആത്മീയാന്ധത നിലവിലുണ്ട്. അതുകൊണ്ടുകൂടി നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. മാത്രമല്ല നമ്മുടെ പ്രകടനപരത അല്പം കൂടുതലാണ്. അതുകൊണ്ടുകൂടിയല്ലേ നാം ആക്രമിക്കപ്പെടുന്നത്? പുരോഹിതരും മെത്രാന്മാരും ആര്‍ക്കുവേണ്ടി, എന്തിനു വേണ്ടി എന്നു ചിന്തിക്കുന്നുണ്ടോ? എല്ലാവരും ധ്യാനം നടത്തുന്നുണ്ട്. അതിത്തിരി കൂടുതലാണെങ്കിലേ ഉള്ളൂ. കേരള സഭ ഒരു ആത്മ പരിശോധനാക്കാലം ഡിക്ലയര്‍ ചെയ്യേണ്ടതാണ്. ബാക്കിയെല്ലാം മാറ്റിവച്ച് വിലയിരുത്തലിനു സമയം കണ്ടെത്തേണ്ടതുണ്ട്.
സുദിപ്‌തോ സെന്‍ സംവിധാനം ചെയത് വിപുല്‍ അമൃത്‌ലാല്‍ ഷാ നിര്‍മ്മിച്ച ഹിന്ദി ചിത്രം കേരളത്തില്‍നിന്നുള്ള ഏതാനും സ്ത്രീകള്‍ ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീടു തീവ്രവാദി ഗ്രൂപ്പില്‍ ചേരുകയും ചെയ്തു എന്നതാണു പ്രമേയം. നേരത്തെതന്നെ കേരളത്തില്‍ ചര്‍ച്ചയായിട്ടുള്ള ലൗ ജിഹാദ് ആണ് വിഷയമാകുന്നത്. വളരെ സൂക്ഷിച്ച്, ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്. ലൗ ജിഹാദും നാര്‍കൊട്ടിക് ജിഹാദും പ്രശ്‌നകരമായി വളര്‍ന്നിരിക്കുന്നു എന്ന് പാലാ പിതാവ് നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു. സിനിമാ സംവിധാനം ചെയ്തിരിക്കുന്നവര്‍ പഠനം നടത്തിയ ശേഷമാണിതു ചെയ്തിരിക്കുന്നത് എന്നു പറയുന്നു. വസ്തുതയുണ്ട്, ഇല്ല എന്നു രണ്ടു പക്ഷമുണ്ട്. സമൂഹത്തില്‍ അസ്വസ്ഥതയും വിഭാഗീയതയും വളര്‍ത്താന്‍ ബോധപൂര്‍വം സൃഷ്ടിച്ചിരിക്കുന്നതാണെന്നു വിലയിരുത്തപ്പെടുന്നുണ്ട്. തൊട്ടാല്‍പ്പൊള്ളുന്ന അപകടകരമായ ഒരവസ്ഥ നിലനില്‍ക്കുന്നു എന്നു പറയുമ്പോള്‍ പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്.
ഒപ്പം നമ്മുടെ കുടുംബജീവിതത്തെക്കുറിച്ചും മതബോധനത്തെക്കുറിച്ചും കൂദാശാജീവിതത്തെക്കുറിച്ചും ദി കേരളാ സ്റ്റോറിയുടെ പശ്ചാത്തലത്തില്‍ സഭാനേതൃത്വം ഗൗരവമായ പഠനം നടത്തേണ്ടതാണ്. വിശ്വാസത്തിനും വിശ്വാസജീവിതത്തിനും എന്തു പറ്റുന്നു എന്ന് പഠിക്കേണ്ടിയിരിക്കുന്നു. പുറത്തുനിന്നുള്ള ആക്ഷേപങ്ങളെ നമുക്കു നേരിടാം, ഒരു ചെറുത്തുനില്‍പ് അനിവാര്യമാണ്. പക്ഷേ ഉള്ളിലെ ജീര്‍ണ്ണിപ്പും പരിഹരിക്കപ്പെടേണ്ടേ? ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും ക്രമാതീതമായി കൂടുന്നുണ്ട്. അതു പക്ഷേ നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നുണ്ടോ?