ദക്ഷിണാഫ്രിക്കയുടെ കാവല്‍ദൂതനു സ്വര്‍ഗീയ ദൗത്യം

ദക്ഷിണാഫ്രിക്കയുടെ കാവല്‍ദൂതനു സ്വര്‍ഗീയ ദൗത്യം

ദക്ഷിണാഫ്രിക്കയുടെ കാവല്‍ദൂതനെ ദൈവം കൂട്ടിക്കൊണ്ടുപോയി, സ്വര്‍ഗ്ഗീയദൗത്യം നല്‍കാനെന്നുതന്നെ അനുമാനിക്കാം. മനുഷ്യമക്കളുടെ രക്ഷയ്ക്കായി ദൈവം മണ്ണിലവതരിക്കുന്ന കാലത്ത് മനുഷ്യരക്ഷയ്ക്കായി ജീവിതം സമര്‍പ്പിച്ച ധീരനായ ഒരാള്‍ സ്വര്‍ഗത്തില്‍ അവതരിക്കുന്നു. അതാണ് നാടിനനുഗ്രഹവും മനുഷ്യര്‍ക്കു പ്രചോദനവുമായ ഡെസ്മണ്ട് ടുട്ടു. ദക്ഷിണാഫ്രിക്കയിലെ ആര്‍ച്ചുബിഷപ്പും രാഷ്ട്രീയ നേതാവും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഡെസ്മണ്ട് ടുട്ടു മണ്ണിനെവിട്ട് വിണ്ണില്‍ പിറവിയെടുത്തു. കേപ് ടൗണിലെ ഒയാസിസ് ഫ്രയില്‍ കെയര്‍ സെന്ററില്‍ നിന്നായിരുന്നു പുറപ്പാട്. സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റമാഫോസായാണ് മരണവിവരം പുറത്തുവിട്ടത്. സമാനതകളില്ലാത്ത രാജ്യസ്‌നേഹി എന്നാണ് ടുട്ടുവിനെ അദ്ദേഹം വിശേഷിപ്പിച്ചത്. 90 വയസ്സായിരുന്നു അദ്ദേഹത്തിന്.

1931 ഒക്‌ടോബര്‍ 7-ന് ട്രാന്‍സ്വാളിലെ ക്ലെര്‍ക്ക്‌ഡ്രോപ്പില്‍ ജനിച്ചു. 1960-ല്‍ ആംഗ്‌ളിക്കന്‍ സഭയിലെ പുരോഹിതനായി. സക്കറിയാ സെല്ലേ ടുട്ടു, അല്ലേത്തോ ടുട്ടു എന്നിവരായിരുന്നു മാതാപിതാക്കള്‍. വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത ദക്ഷിണാഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ്പായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു വേണ്ടി കറയില്ലാതെ പൊരുതിയ യോദ്ധാവാണദ്ദേഹം. പ്രവര്‍ത്തിയില്ലാത്ത വിശ്വാസം മൃതമാണെന്നാണ് അദ്ദേഹത്തിന്റെ അഭി പ്രായം. സമാധാനം സൃഷ്ടിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തിരുന്നു. നമുക്കൊന്നിച്ച് ഒരു പുതിയ ദക്ഷിണാഫ്രിക്കയെ സൃഷ്ടിക്കണമെന്ന് അദ്ദേഹം പ്ര ചോദിപ്പിച്ചിരുന്നു. 1984-ല്‍ അദ്ദേഹത്തിനു സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കപ്പെട്ടു. 1984-ല്‍ ജൊഹന്നസ് ബര്‍ഗ് സഹമെത്രാനായിരിക്കവേയാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. ഇതു കൂടാതെ ഗാന്ധി സമാധാന സമ്മാനം ലഭിച്ചു. ആല്‍ബര്‍ട്ട് ഷൈറ്റ്‌സര്‍ സമ്മാനം, യു.എസ്. പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, സിഡ്‌നി പീസ് പ്രൈസ് എന്നിവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി അര്‍ബുദ ചികിത്സയിലായിരുന്നു. കുറച്ചു വര്‍ഷങ്ങളിലായി പലതവണ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തിരുന്നു.

വര്‍ണവിവേചനത്തിനെതിരേ അഹിംസാ മാര്‍ഗ്ഗത്തിലുള്ള പോരാട്ടത്തില്‍ നെല്‍സണ്‍ മണ്ഡേലയോടൊപ്പമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷ വിഭാഗമായ കറുത്ത വര്‍ഗ്ഗക്കാരെ വെള്ളക്കാരുടെ ഭരണകൂടം നിരന്തരം കൊന്നൊടുക്കിയിട്ടും അക്രമരഹിത സമരപാതയില്‍നിന്നും വ്യതി ചലിക്കാന്‍ ആര്‍ച്ചുബിഷപ് ഡെസ്മണ്ട് ടുട്ടു തയ്യാറായില്ല. അക്രമത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. തികഞ്ഞ ഗാന്ധിയനായിരുന്നു അദ്ദേഹമെന്ന് നമുക്കു നിസ്സംശയം പറയാം. ലോകമെങ്ങുമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ അദ്ദേഹം നിരന്തരം പോരാടി. 1950-കളുടെ തുടക്കത്തിലാണ് മണ്ഡേലയും ടുട്ടുവും തമ്മില്‍ കണ്ടുമുട്ടുന്നത്. നെല്‍സണ്‍ മണ്ഡേല ജയില്‍ വി മോചിതനായ ശേഷം ഇരുവരും ഒന്നിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നെല്‍സണ്‍ മണ്ഡേല രാജ്യത്തിന്റെ പ്രസിഡന്റായ ഉടന്‍ ആര്‍ച്ചുബിഷപ് ടുട്ടുവിനെ ട്രൂത്ത് ആന്റ് റിക്കണ്‍സിലിയേഷന്‍ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു.

1984-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഡെസ്മണ്ട് ടുട്ടുവിനു നല്‍കപ്പെട്ടു. ഇതു കൂടാതെ ഗാന്ധി സമാധാന സമ്മാനം, ആല്‍ബര്‍ട്ട് ഷൈറ്റ്‌സര്‍ സമ്മാനം, യു.എസ്. പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, സിഡ്‌നി പീസ് പ്രൈസ് എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

1970-കളുടെ അവസാനം ദക്ഷിണാഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിതനായി. അതോടെയാണ് ബൈബിളില്‍ താന്‍ കണ്ടെത്തിയ വിമോചകനായ ക്രിസ്തുവിന്റെ ജീവിതം ശക്തമായി ജീവിക്കാന്‍ തുടങ്ങിയത്. മനുഷ്യത്വത്തിന്റെ വക്താവായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഞങ്ങളും മനുഷ്യരാണ് ഞങ്ങളെ അംഗീകരിക്കൂ എന്നദ്ദേഹം അധികാരികളോടു പറഞ്ഞു. രാഷ്ട്രീയാധികാരികളെ സഭയുടെ ശബ്ദം കേള്‍ക്കാന്‍ അദ്ദേഹം കാരണക്കാരനായി. സഭയെ മനുഷ്യരിലേക്കിറക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 1980-ല്‍ അദ്ദേഹം പ്രവചിച്ചു അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ഗക്കാരന്‍ ദക്ഷിണാഫ്രിക്ക ഭരിക്കുമെന്ന്. അതു പിന്നീടു സംഭവിക്കുകയും ചെയ്തു.

വര്‍ണവിവേചനത്തിന്റെ കെടുതികള്‍ ചെറുപ്പം മുതലേ അനുഭവിച്ച ടുട്ടുവിന്റെ ജീവിതം മുഴുവന്‍ അനീതിക്കെതിരേയുള്ള പോരാട്ടമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സഭാജീവിതത്തെ വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടവഴിയിലെത്തിച്ചതും ടുട്ടുവായിരുന്നു. വെള്ളക്കാര്‍ കറുത്തവരോടു ക്രൂരത കാട്ടുന്നതിനെതിരെ നിരന്തരം പോരാടി. ഒപ്പം കറുത്തവര്‍ വെള്ളക്കാരോടു ക്രൂരത കാട്ടാനും പാടില്ലെന്ന് അദ്ദേഹം ശഠിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സര്‍ക്കാരും അനീതിയും കെടുകാര്യസ്ഥതയും കാട്ടിയപ്പോള്‍ അതിനെതിരേയും പോരാടി. 1999-ല്‍ പുറത്തിറക്കിയ 'ക്ഷമ കൂടാതെ ഭാവിയില്ല' എന്ന ഗ്രന്ഥം വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നതാണ്. വര്‍ണവെറിക്കെതിരേ പോരാടിയ നെല്‍സണ്‍ മണ്ഡേലയടക്കമുള്ള നേതാക്കളെ ഭരണകൂടം തടവിലാക്കിയപ്പോള്‍ പുറത്തുനിന്നു സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയതു ടുട്ടുവായിരുന്നു. പ്രശ്‌നങ്ങള്‍ അഹിംസയിലൂടെ പരിഹരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. രാഷ്ട്രീയമല്ല ധാര്‍മ്മികതയാണു തന്നെ നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദെലൈലാമയുമായും ടുട്ടുവും അടുപ്പത്തിലായിരുന്നു. തനിക്കു നഷ്ടമായതു ബഹുമാന്യനായ ആത്മീയ സഹാദരനെന്നാണ് ദലൈലാമ ടുട്ടുവിന്റെ മകള്‍ക്കയച്ച കത്തില്‍ എഴുതിയത്. സഭയും രാഷ്ട്രീയവും ദൈവത്തിനും ജനങ്ങള്‍ക്കും പ്രീതികരമായ രീതിയില്‍ എങ്ങനെ വര്‍ത്തിക്കണമെന്ന് നമുക്ക് ഡെസ്മണ്ട് ടുട്ടുവില്‍നിന്നു പഠിക്കാം. നെല്‍സണ്‍ മണ്ഡേല ടുട്ടുവിനെക്കുറിച്ചു പറഞ്ഞത് സമൂഹത്തിനൊരനുഗ്രഹവും പ്രചോദനവുമാണെന്നാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org