കുടുംബജീവിതത്തിന്റെ മഹത്വം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി പദം വലിച്ചെറിയാന്‍ തയ്യാറായ ഒരാള്‍

കുടുംബജീവിതത്തിന്റെ മഹത്വം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി പദം വലിച്ചെറിയാന്‍ തയ്യാറായ ഒരാള്‍

മഴ ഏതു ഭാഷയില്‍ പെയ്യണം? തകര്‍ന്നടിഞ്ഞ നഗരങ്ങള്‍ക്കുമേല്‍ ഏതു ഭാഷയില്‍ മഴ പെയ്യണം? (In what language does rain fall over tormented cities? Pablo Neruda) എന്നു ചോദിച്ചതു പാബ്‌ളോ നെരുദയാണ്. എല്ലാ ചോദ്യങ്ങളുംപോലെ ഇതും ഒരു താത്വികമായ ചോദ്യംതന്നെ. കാറ്റിനും മഴയ്ക്കും ഭാഷയുണ്ടോ? മഴപ്പെയ്ത്തിന്റെ സൗന്ദര്യത്തെക്കുറിച്ചെഴുതിയിട്ടുള്ള അനേകം കവിതകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എനിക്കു, പക്ഷേ, മഴ അത്ര സുന്ദരമായിട്ടനുഭവപ്പെട്ടിട്ടില്ല. ഭയവും പട്ടിണിയും ദുരിതവുമാണ് പെയ്തിറങ്ങുന്നത് എന്നാണു തോന്നിയിട്ടുള്ളത്. അതിനാല്‍ മഴപ്പെയ്ത്തിനു ഭാഷയുണ്ട്. അങ്ങനെയെങ്കില്‍ ജീവിതത്തിലേക്കു പെയ്തിറങ്ങുന്ന മഴ ഏതു ഭാഷയിലായിരിക്കണം എന്നു ചോദിക്കാമോ? ചോദിക്കാം. അതിനു നമ്മുടെ ഇഷ്ടത്തിനല്ലല്ലോ മഴപ്പെയ്ത്ത് എന്നു മറുചോദ്യവും ആവാം. കവിതയില്‍ അത്തരം ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ല. എന്തായാലും നമുക്കു ചോദിക്കാം. മഴ ഏതു ഭാഷയില്‍ പെയ്യണം? പ്രത്യേകിച്ചും നമ്മുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍. രാഷ്ട്രീയത്തിനു ഭാഷയുണ്ട്. ചിലപ്പോള്‍ തെന്നിത്തെറിച്ച് ചറപറയുള്ള പെയ്ത്തിന്റെ ഭാഷ. ചിലപ്പോള്‍ പെരുമഴ. ചിലപ്പോള്‍ പേമാരി. നിശ്ചയമായും മനുഷ്യനു വേണം സാന്ത്വനത്തിന്റേയും ദയയുടേയും മഴ. രാഷ്ട്രീയ സാമൂഹിക രംഗത്ത് എങ്ങനെ മഴ പെയ്യുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

കേരളത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ സാരഥികള്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ മാറിക്കൊടുക്കണമെന്ന ഒരു ധാരണ കൂട്ടുകക്ഷി ഭരണ സമിതികള്‍ ഉള്ളിടങ്ങളിലുള്ളതാണ്. രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകും. മിക്കയിടങ്ങളിലും നേതൃമാറ്റം അത്ര സുഗമമല്ലാത്തതായി കാണപ്പെടുന്നു. പലയിടത്തും വഴക്കും വക്കാണവും. ചിലപ്പോള്‍ ഭരണത്തകര്‍ച്ച വരെ ഉണ്ടാകാറുണ്ട്. കിട്ടിയ കസേര വിട്ടുകൊടുക്കാന്‍ ആരും തന്നെ തയ്യാറില്ല. ഇതിപ്പോള്‍ ഒരു പൊതുസ്വഭാവമായി മാറുന്നു. ഇവിടെയാണ് ബെനഡിക്ട് പതി നാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തിന്റെ വിശുദ്ധി തിരിച്ചറിയേണ്ടത്. ഇന്നും ലോകം മുഴുവന്‍ ചര്‍ച്ചചെയ്യുന്ന ഒരു വിഷയമാണിത്. മാര്‍പാപ്പയുടേതുപോലൊരു അധികാരസാരഥ്യം ലോകത്തു വേറെയില്ല സഭയ്ക്കു പുതിയ നേതൃത്വം ആവശ്യമാണെന്നു സ്വയം ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വയം സ്ഥാനമൊഴിയാന്‍ മാര്‍പാപ്പ എടുത്ത തീരുമാനത്തിന്റെ വിശുദ്ധിയും ധീരതയും സമാനതകളില്ലാത്തതാണ്. കഴിഞ്ഞ 600 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇങ്ങനെയൊരു സ്ഥാനത്യാഗം ആദ്യമാണ് എന്നു മനസ്സിലാക്കുമ്പോള്‍ അതിന്റെ വെളിച്ചം ശോഭയുള്ളതാകുന്നു. ആത്മീയതയുടെ ഉത്തുംഗസ്ഥാനത്തിരിക്കുന്ന മാര്‍പാപ്പയ്ക്ക് ചിലപ്പോള്‍ അതിനുള്ള കൃപയുണ്ടായി എന്നു കരുതാം. എന്നാല്‍ സാധാരണ മനുഷ്യരില്‍നിന്ന് അങ്ങനെയൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ. അങ്ങേയറ്റം വിശുദ്ധയും അപാരമായ ധീരതയും കാട്ടുന്ന തീരുമാനമാണ് ഈയിടെ ന്യൂസ്‌ലാന്‍ഡ് പ്രൈംമിനിസ്റ്റര്‍ ജസിന്‍ഡ ആര്‍ഡേന്‍ എടുത്തത്. അവര്‍ പ്രധാനമന്ത്രിപദം രാജിവയ്ക്കുന്നു എന്നു പ്രഖ്യാപിച്ചു. എന്താകാര്യം. ഒരു നല്ല കുടുംബിനിയാകണം. കുഞ്ഞിനെ നോക്കണം. ജീവിതപങ്കാളിയുമായുള്ള വിവാഹം നടത്തണം. കുടുംബത്തെ നോക്കണം. ഇതത്ര ചില്ലറക്കാര്യമല്ല എന്നു പറയേണ്ടതില്ലല്ലോ. 2017 മുതല്‍ ന്യൂസ്‌ലാന്റിന്റെ പ്രധാനമന്ത്രിയാണവര്‍. 37 വയസ്സു മാത്രമുള്ള ജസിന്‍ഡ. മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ഐക്യരാഷ്ട്ര സഭയിലെത്തിയത് മറ്റംഗങ്ങളെ ഞെട്ടിച്ചത് മറക്കാറായിട്ടില്ല. ജസിന്‍ഡ രാജി പ്രഖ്യാപിക്കുന്നത് ഏറ്റവും തിളങ്ങി നില്‍ക്കുന്ന സമയത്താണ്. അവിടെ തിരഞ്ഞെടുപ്പു വരാനിരിക്കുന്ന സമയത്തുമാണ്. തിരഞ്ഞെടുപ്പില്‍ അനായാസം ജയിക്കുമെന്നതുറപ്പാണ്. ന്യൂസ്‌ലാന്റ് കണ്ട ഏറ്റവും തലയെടുപ്പുള്ള നേതാവാണവര്‍. പ്രധാനമന്ത്രി എന്ന നിലയില്‍ ലോകത്തിന്റെ നെറുകയില്‍ ഇടം ലഭിച്ചിരുന്നു. കോവിഡ് കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. കോവിഡ് കാലത്ത് മരണത്തില്‍ നിന്ന് ആ രാജ്യത്തെ ജനങ്ങളെ കാത്തുസംരക്ഷിച്ചത് അവരുടെ പ്രയത്‌നഫലമാണ്. അക്കാലത്ത് കോവിഡുമൂലം മരിച്ചവരുടെ എണ്ണം അവിടെ വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് അതിര്‍ത്തികള്‍ അടയ്ക്കുക, ക്വാറന്റൈന്‍ നടപ്പിലാക്കുക തുടങ്ങിയ ശക്തമായ നടപടികള്‍ അവര്‍ സ്വീകരിച്ചിരുന്നു. ലോകത്ത് ഏറ്റവും കുറവു കോവിഡ് മരണമാണ് ന്യൂസ്‌ലാന്റില്‍ ഉണ്ടായത്. 2015 മാര്‍ച്ച് 15-നു ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മോസ്‌ക്കുകളില്‍ ഒരു ക്രിമിനല്‍ നടത്തിയ ഷൂട്ടിങ്ങില്‍ 50 പേര്‍ മരണമടഞ്ഞ സംഭവം ലോകത്തെ ഞടുക്കിയതാണ്. ആ സാഹചര്യത്തെ ജസിന്‍ഡ അതിജീവിച്ചത് എത്ര മാതൃകാപരമായാണ്. കുറ്റവാളിയുടെ പേരു വെളിപ്പെടുത്തിയില്ല. ആ സമയത്ത് മരിച്ചവരുടെ ആശ്രിതരെ സമാശ്വസിപ്പിച്ചത് സ മാനതകളില്ലാത്ത രീതിയിലാണ്. അതില്‍നിന്നു ലോകം പാഠം പഠിച്ചു. ആ സമയത്തു സ്വീകരിച്ച നിലപാടുകളും നടപടികളും ലോകത്തിനു മാതൃകയായിരുന്നു. അവര്‍ എല്ലാവര്‍ക്കും സമാധാനം ആശംസിച്ചു. പിന്നീടുള്ള ശ്രമം മുഴുവന്‍ സമാധാനം പുനസ്ഥാപിക്കാനായിരുന്നു. എല്ലാക്കാര്യങ്ങളിലും നിലപാടുകളുണ്ടായിരുന്നു. മറ്റുള്ളവര്‍ തന്നെ എങ്ങനെ വിലയിരുത്തണമെന്നചോദ്യത്തിനും ഉത്തരമുണ്ട്. സദാ നേരവും ദയ കാണിക്കാന്‍ ശ്രമിച്ച ഒരാള്‍ എന്നവര്‍ ഉത്തരം പറയുമ്പോള്‍ അതു സ്വയമേയുള്ള വിലയിരുത്തലായി.

2022 ജനുവരി 23 ന് ജസിന്‍ഡ അവരുടെ തന്നെ വിവാഹം നടത്താനിരിക്കെ കോവിഡ് സാഹചര്യം പരിഗണിച്ച് വിവാഹം മാറ്റി വച്ചിരുന്നു. പ്രധാനമന്ത്രി പദം രാജിവച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഞാന്‍ ഒരു സാധാരണ വ്യക്തിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയമായി. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. ജീവിതപങ്കാളിയെ വിവാഹം കഴിക്കാനും മകള്‍ നേവിന് സ്‌കൂള്‍ തുടങ്ങാനും സമയമായി. പ്രധാനമന്ത്രി പദത്തില്‍നിന്ന് കുടുംബജീവിതത്തിലേക്ക് എന്നു വേണമെങ്കില്‍ വിലയിരുത്താം. കാഴ്ചപ്പാടുകളിലെ തെളിച്ചം, നിലപാടുകളിലെ ധീരത. എന്തിനേറെ ഒരു അസാമാന്യ വ്യക്തിത്വം. ഒരു പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം പോലും മുന്‍ധാരണകള്‍ ഉണ്ടായിട്ടുപോലും ഒഴിയാന്‍ തയ്യാറല്ലാത്ത ഇന്ത്യന്‍ മനസ്സിന് മനസ്സിലാവാത്ത ഒരു വ്യക്തിത്വം. ഇവര്‍ പാടുന്ന ജീവിതത്തിന്റെ ഈണത്തിലാവണം നമുക്കായുള്ള മഴപ്പെയ്ത്ത്. ഈ ഊഷരഭൂമിയില്‍ ശാദ്വലത പകരാന്‍ മഴമേഘങ്ങള്‍ ഒരു ജസിന്‍ഡന്‍ ഈണത്തില്‍ പെയ്തിറങ്ങട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org