
ഫാ. സേവ്യര്‍ കുടിയാംശ്ശേരി
നിങ്ങള്‍ക്ക് നൂറു ഡോക്ടര്‍മാരെ വേണോ ഒരു സി.വി. രാമനെ വേണോ? ചോദിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒരു കോടി രൂപാ സമ്മാനം ഏറ്റുവാങ്ങുകയും ചൈനീസ് സൂമിനു പകരം വി കണ്‍സോളെന്ന ഇന്‍ഡ്യന്‍ വീഡിയോ കോണ്‍ഫ്രന്‍സിങ്ങ് ടൂള്‍ ഡിവലപ് ചെയ്യുകയും ചെയ്ത ശ്രീ ജോയ് സെബാസ്റ്റ്യന്‍. വേദി – ആലപ്പുഴ ബൈപ്പാസ്സിന്റെ എലവേറ്റഡ് പോര്‍ഷനു കീഴേയുള്ള സീവ്യൂ വാര്‍ഡിലെ സെന്റ് സെബാസ്റ്റിയന്‍സ് ചാപ്പലിലെ തിരുനാളിനോടനുബന്ധിച്ചു നടന്ന വികസസന സെമിനാര്‍. തിരുനാളുകള്‍ക്കും മാറ്റം വരുന്നു. ആചാരാനുഷ്ഠാനങ്ങളോടൊപ്പം വികസന-വിചാര ആശയ സംവേദനങ്ങളും ഇടം പിടിക്കുന്നു എന്നതില്‍ വിശ്വാസികള്‍ക്കു സന്തോഷം.
ഇപ്പോഴെല്ലാവരും ഡോക്ടറും എന്‍ജിനീയറുമാകാനുള്ള തത്രപ്പാടിലാണ്. നമുക്കിപ്പോള്‍ ഹൊറിസ്സോണ്ടലായിട്ടുള്ള വികസനമാണുണ്ടാകുന്നത്. വേര്‍ട്ടിക്കല്‍ ലൈനിലുള്ള വികസനത്തെക്കുറിച്ചുകൂടി ചിന്തിച്ചേ മതിയാവൂ. എന്നാല്‍ ലോകവ്യാപകമായും ഇന്‍ഡ്യയുടെ ദേശീയതലത്തിലും ഇത് ഇന്നോവേഷന്‍ ചലഞ്ചിന്റെ കാലമാണ്. ഓരോരുത്തരും വ്യത്യസ്തരാണ്. ഈ വൈവിധ്യതയ്ക്കും വ്യത്യസ്തതയ്ക്കുമനുസരിച്ച് പുതിയ പുതിയ കണ്ടെത്തലുകള്‍ ഉണ്ടാവണം.
ബി.ജെ.പി. സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റവതരണം കഴിഞ്ഞു. ഈ നൂറ്റാണ്ടിലെ ബജറ്റെന്നാണു നിര്‍മ്മലാ സീതാരാമന്‍ സ്വയം വിശേഷിപ്പിച്ചത്. ഒരു നല്ല ബജറ്റെന്ന പ്രതീതിയെങ്കിലും ജനിപ്പിക്കാന്‍ ധനമന്ത്രിക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തിനു പ്രത്യേക കരുതലുണ്ട്, തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണെങ്കില്‍പ്പോലും. ആറു നെടുംതൂണുകളിലാണ് ബജറ്റ് സൗധം കെട്ടിപ്പൊക്കിയിരിക്കുന്നത്. 1) ആരോഗ്യം-സൗഖ്യം, 2 മൂലധനം- അടിസ്ഥാന സൗകര്യം, 3) സാര്‍വ്വത്രിക വികസനം, 4) വിദ്യാഭ്യാസം-തൊഴില്‍, 5) നൂതനാശയങ്ങള്‍, ഗവേഷണ വികസനം, 6) മിനിമം സര്‍ക്കാര്‍- മാക്‌സിമം സര്‍ക്കാര്‍. ഇവയില്‍ 5-ാമതു പറഞ്ഞ നൂതനാശയങ്ങള്‍ ഗവേഷണ വികസനം എന്ന ആശയത്തില്‍ത്തന്നെ ഊന്നിനിന്നുകൊണ്ടാണ് ശ്രീ ജോയി സെബാസ്റ്റ്യന്‍ സംസാരിച്ചുകൊണ്ടിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച നോളജ് ഇക്കോണമി എന്ന സങ്കല്പത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ വീടുകളിലേക്കും ലാപ് ടോപ് കൊടുക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ചും പറഞ്ഞു.
നമുക്കു ഡോക്ടര്‍മാരും വേണം, സിവി. രാമന്മാരും വേണം.
ഒരു സി.വി. രാമനെങ്കിലും ഉണ്ടെങ്കിലേ 100 ഡോക്ടര്‍മാരെ കിട്ടുകയുള്ളു.
പഠനമാധ്യമമാണു പ്രധാനപ്പെട്ടവിഷയം. വിദ്യാഭ്യാസരംഗത്ത്
ദാനം ചെയ്യല്‍ നിര്‍ത്താം. കണ്ടെത്താന്‍ അനുവദിക്കുക.
അനുസരണ വേണം, പക്ഷേ ചോദ്യം ചെയ്യാന്‍ പരിശീലിപ്പിക്കപ്പെടണം.
വിശ്വാസം വേണം, ഒപ്പം വിമര്‍ശനവും. സാമുദായിക സ്‌നേഹം
വേണ്ടതു തന്നെ; ഒപ്പം മതേതരത്വവിചാരവും ഉണ്ടാവണം.
കേരളത്തിലെ വീട്ടമ്മമാര്‍ വിദ്യാസമ്പന്നരാണ്. അവര്‍ക്ക് കുറച്ചൊക്കെ ഫ്രീ സമയവുമുണ്ട്. അവരുടെ ഫ്രീ ടൈം പ്രയോജനപ്പെടുത്തിയാല്‍ നമുക്കു നല്ല വര്‍ക്ക് ഫോഴ്‌സായി. അനേകം രാജ്യങ്ങള്‍ക്കു വേണ്ട പല കാര്യങ്ങളും നമുക്ക് ഏറ്റെടുത്തു ചെയ്തു കൊടുക്കാന്‍ പറ്റും. കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലേയും വരുമാന ശ്രോതസ്സു വ്യത്യസ്തമാകും. അങ്ങനെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മുന്നോട്ടു വയ്ക്കുന്ന പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ കേരളം കുതിച്ചുയരുമെന്ന് അഭിപ്രായമുയര്‍ന്നു. ഇന്നൊവേഷന്‍ സാധ്യതകള്‍ ഇന്ന് അനന്തമാണെന്ന് ചര്‍ച്ചയുണ്ടായി. കോവിഡ് കൊണ്ടുവന്ന വെര്‍ച്വല്‍ ഫ്‌ളാറ്റ്‌ഫോമുകളുടെ ഉപയോഗവും വര്‍ക്ക്ഫ്രം ഹോം എന്ന സാധ്യതയും കൊണ്ടുവന്ന മാറ്റം ചില്ലറയൊന്നുമല്ല. മാരാരിക്കുളം മോഡല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാരാരിക്കുളം കടല്‍ത്തീരത്ത് സാധാരണ മത്സ്യത്തൊഴിലാളികള്‍ കെട്ടിപ്പടുത്ത ഹോംസ്റ്റേകള്‍ ഇപ്പോള്‍ വലിയ വരുമാന സ്രോതസ്സായി. അത് അവരുടെ ജീവിതശൈലിതന്നെ മാറ്റിയെടുത്തു. ആലപ്പുഴയിലെ പുരവഞ്ചികള്‍ പുതിയ സാധ്യതകള്‍ വെട്ടിത്തുറന്നിട്ടുണ്ട്. ഗൂഗിള്‍ എന്നു കേട്ടിട്ടു മാത്രമുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ചെറിയ ഒരു ഗൈഡന്‍സ് കിട്ടിക്കഴിഞ്ഞപ്പോള്‍ പുരവഞ്ചികളിലേക്കുള്ള ബുക്കിങ്ങ് ഫ്രീലാന്‍സിങ്ങായി ഏറ്റെടുത്ത് ഗൂഗിള്‍വഴി സംഘടിപ്പിച്ചു കൊടുക്കുന്നു. ഒരു ദിവസം നാലായിരം അയ്യായിരം രൂപ സമ്പാദിക്കുന്നു. ഊബര്‍, ഓല തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത് അത്ഭുതകരമായ കാര്യങ്ങളാണ്. കോവിഡ് കാലത്ത് കടപ്പുറത്തെ ചെറുപ്പക്കാര്‍ മത്സ്യം ഓണ്‍ലൈന്‍ ബുക്കിങ്ങ്‌വഴി സംഘടിപ്പിച്ച് വീടുകളിലെത്തിക്കാന്‍ തുടങ്ങി. ഇപ്പോഴത് വലിയ പ്രസ്ഥാനങ്ങളായി വളരുന്നു. മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ മീന്‍പിടിക്കാന്‍ പോകുന്നത് ജി.പി.എസ്സും ഫിഷ് ഫൈന്‍ഡറും ഉപയോഗിച്ചാണ്. ആലപ്പുഴ ബൈപ്പാസ്സ് ആലപ്പുഴക്കാര്‍ക്കു കൊണ്ടുവരുന്ന സാധ്യതകളും ചര്‍ച്ചാവിഷയമായി. കാര്യങ്ങള്‍ മൊത്തത്തില്‍ മാറുകയാണ്. വിദ്യാഭ്യാസ മാധ്യമ രീതികളിലും മാറ്റം വരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ വിദ്യാഭ്യാസ നയം വിപ്ലവാത്മകമായ മാറ്റങ്ങളാണു മുന്നില്‍ക്കാണുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇനി കോളേജുകളേ ഉണ്ടാവില്ല. പകരം ഓട്ടോണമസ് കോളേജുകളും യൂണിവേഴ്‌സിറ്റികളുമേ ഉണ്ടാവുകയുള്ളൂ. ഉണ്ടാകുന്ന ഹയര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെല്ലാം ഏതു കാര്യത്തിനും പരിശീലനവും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കും. മുടിവെട്ടുകാരനുപോലും മേലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടിവരും.
ഇനി നമുക്ക് തുടക്കത്തില്‍ ചോദിച്ച ചോദ്യത്തിനുത്തരം കണ്ടെത്താം. നമുക്കു ഡോക്ടര്‍മാരും വേണം, സിവി. രാമന്മാരും വേണം. പക്ഷേ ഒരു കാര്യം എല്ലാവരും സമ്മതിച്ചു. ഒരു സി.വി. രാമനെങ്കിലും ഉണ്ടെങ്കിലേ 100 ഡോക്ടര്‍മാരെ കിട്ടുകയുള്ളൂ. പഠനമാധ്യമമാണു പ്രധാനപ്പെട്ടവിഷയം. വിദ്യാഭ്യാസരംഗത്ത് ദാനം ചെയ്യല്‍ നിര്‍ത്താം. കണ്ടെത്താന്‍ അനുവദിക്കുക. അനുസരണ വേണം പക്ഷേ ചോദ്യം ചെയ്യാന്‍ പരിശീലിപ്പിക്കപ്പെടണം. വിശ്വാസം വേണം ഒപ്പം വിമര്‍ശനവും. സാമുദായിക സ്‌നേഹം വേണ്ടതുതന്നെ; ഒപ്പം മതേതരത്വവിചാരവും ഉണ്ടാവണം.