വേണം നമുക്ക് വേറിട്ട സമര മുറകള്‍

വേണം നമുക്ക് വേറിട്ട സമര മുറകള്‍
വളര്‍ച്ചയുടേയും ഉയര്‍ച്ചയുടേയും കാലത്ത് സമയം വിലപ്പെട്ടതാണ്. തെറ്റുകള്‍ തിരുത്തിയും ശരിയുടെ വഴിയേ മാത്രം സഞ്ചരിച്ചും പരിഹരിക്കാം എല്ലാം. അതിനു സമരമുറകള്‍ വേറെവേണം.

ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സമരത്തെ അനുകൂലിക്കാന്‍ തോന്നുന്നില്ല. എന്നാല്‍ പശ്ചിമഘട്ടം സമരത്തെ അനുകൂലിക്കുന്നു. അതു മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണുയര്‍ത്തുന്നത്. അതില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ കളി അവസാനിപ്പിച്ച് ഗൗരവമായിട്ടിടപെടുകയും മനുഷ്യര്‍ക്ക് അവിടെ സ്വസ്ഥമായി ജീവിക്കാന്‍ അവസരമുണ്ടാക്കുകയും വേണം. സമരം ചെയ്യേണ്ട വിഷയമാണത്. കാട്ടുപന്നിയുടെ വിഷയത്തില്‍ നടന്ന സമരവും വേണ്ടതുതന്നെ. എന്നാല്‍ സ്വപ്ന ഉയര്‍ത്തുന്ന വിഷയവുമായി ബന്ധപ്പെടാന്‍ താത്പര്യം തോന്നുന്നില്ല. സ്വപ്നയെ എങ്ങനെ വിശ്വസിക്കും എന്ന കാതലായ വിഷയം അവിടെ നില്‍ക്കട്ടെ. എന്താണു സമരം. സമരം ഒരു ആത്മീയ പ്രവര്‍ത്തനമാണ്. നന്മയ്ക്കും നീതിക്കുവേണ്ടിയുള്ള സഹന സമരമാണ് യഥാര്‍ത്ഥ സമരം. പ്രതിഷേധങ്ങളാകാം, പക്ഷേ അവയെ സമരമെന്നു വിളിക്കാമോ. സമരം ആരേയും ഉപദ്രവിക്കാനാവരുത്. ആവുന്നത്ര പേരുടെ ജീവനും ജീവിതവുമായി ബന്ധപ്പെട്ടതാകണം. കേരളത്തില്‍ ഇപ്പോള്‍ എന്താണു സംഭവിക്കുന്നത്. സ്വപ്ന നടത്തിയ ഒരു 164 സ്റ്റേറ്റ്‌മെന്റിന്റെ വെളിച്ചത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. സ്വപ്നയുടെ 164 സ്റ്റേറ്റ്‌മെന്റിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നതിനു മുന്നേകേറി അലമ്പുണ്ടാക്കണമായിരുന്നോ. ഈ വിഷയത്തില്‍ ഒരു കോടതിവിധിയോ ഒരു അന്വേഷണ കമ്മീഷന്റെ ഉത്തരവോ ഉണ്ടായിട്ടില്ല. സ്വപ്ന പറഞ്ഞു എന്നതുകൊണ്ട് മാത്രം മുഖ്യമന്ത്രിയെ എന്തിനു വഴിയില്‍ തടയണം. വിമാനത്തില്‍ കയറി പ്രശ്‌നമുണ്ടാക്കണമായിരുന്നോ. അതൊരു രഹസ്യമൊഴിയാണ്. അതുടനെതന്നെ പരസ്യപ്പെടുത്തിയതിനു പിന്നിലെന്താണെന്ന് അന്വേഷിക്കേണ്ടേ. അപ്പോള്‍ ചോദിക്കും പ്രതിഷേധിക്കേണ്ടേ. വേണം. പക്ഷേ അത് ഭരണം സ്തംഭിപ്പിച്ച് നാട്ടുകാരെ മുഴുവന്‍ വഴിയാധാരമാക്കി സംസ്ഥാനത്തൊട്ടാകെ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു വേണമോ. മറ്റു സമരമുറകളെക്കുറിച്ചു ചിന്തിക്കാത്തതെന്താ? സമരമുറകളുടെ പേറ്റന്റ് നമുക്കുള്ളതാണെന്നു വേണമെങ്കില്‍ പറയാം. നമ്മളാണു സത്യഗ്രഹത്തിന്റെ ഉപജ്ഞാതാക്കള്‍. ഗാന്ധിജിയുടെ സത്യഗ്രഹം ലോകത്തിനാകെ മാതൃകയായതാണ്. അതു സഹന സമരമായിരുന്നു. ശത്രുവിനെ ആക്രമിക്കുന്നതിനു പകരം ശത്രുവിനു മാനസ്സാന്തരം ഉണ്ടാകുന്നതുവരെ സ്വയം ഇല്ലാതാകാന്‍ തയ്യാറാകുന്നതാണ്. ശത്രുവിന്റെ മാനസ്സാന്തരത്തിനായി ജലപാനംപോലുമില്ലാതെ സ്വയം ത്യാഗം ചെയ്യുന്ന സഹനസമരത്തിന്റെ പുത്തന്‍ മാതൃക നല്‍കിയവരാണു നമ്മള്‍. വഴിതടയലും ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കലും നമ്മുടെ സഹന സമരത്തിനു ചേരുന്നതല്ല. ചീത്തവിളിക്കലും ഭീഷണിപ്പെടുത്തലും സമരത്തിന്റെ ഭാഗമാകരുത്. കാലം മാറിയില്ലേ. പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതല്ലാതെ ചെളിവാരിയെറിയുന്നതു സാംസ്‌കാരിക കേരളത്തിനു ഭൂഷണമല്ല. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ജോലി ചെയ്യാന്‍ സഹായിക്കുകയാണു വേണത്.

ഭരണകക്ഷി-പ്രതിപക്ഷ സമരമാകുമ്പോള്‍ ഇരുപക്ഷത്തുനിന്നും ശരിയിലേക്കുള്ള സഞ്ചാരം വേണം. സമരം ചെയ്തും പ്രതിഷേധിച്ചും വളര്‍ന്ന പാര്‍ട്ടി ഇങ്ങനെയല്ല സമരങ്ങളേയും പ്രതിഷേധങ്ങളേയും നേരിടേണ്ടത്. സത്യത്തോടു തുറവിയും ശരിയുടെ പക്ഷത്തു നില്‍ക്കാനുള്ള തന്റേടവും ഭരണകക്ഷിയും കാണിക്കണം. കോടതിയും പോലീസും ആദ്യത്തെ അടിയടിക്കേണ്ടവരല്ല, അവസാനത്തെ ആയുധമാവണം അധികാര പ്രയോഗങ്ങള്‍. അധികാരം ജനസേവനത്തിനുള്ളതാണ്.ആരേയും അടിച്ചമര്‍ത്താനുള്ളതല്ല. കറുത്ത മാസ്‌കുപോലും ധരിക്കാന്‍ പാടില്ല എന്നു വരുന്നത് തനി ഫാസിസ്റ്റ് മനോഭാവമാണ്.കോണ്‍ഗ്രസ്സുകാരുടെ സ്ഥാപനങ്ങള്‍ തല്ലിത്തതകര്‍ത്താല്‍ പ്രശ്‌നം തീരുമോ. അതിജീവനവും നേരിടലും ജനാധിപത്യരീതിയും മഹത്വമുള്ള മാര്‍ഗങ്ങളിലൂടെയുമാണു സാധിക്കേണ്ടത്. അഹങ്കാരം പറഞ്ഞും വെല്ലുവിളിച്ചും കൊലവിളി ഉയര്‍ത്തിയും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പരിഹാരം കാണാനാവില്ല.

ഒന്നാലോചിക്കു. ഇവിടെ ഇപ്പോള്‍ എത്രകാലമായിട്ടുണ്ട് ഭരണം നടന്നിട്ട്. മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചിട്ട്. കുറെക്കാലം തൃക്കാക്കര ഇലക്ഷന്റെ പേരില്‍ ഭരണകൂടം മുഴുവന്‍ തൃക്കാക്കരയില്‍ തമ്പടിച്ചു. ഇപ്പോഴാകട്ടെ പ്രതിപക്ഷം ഒന്നും ചെയ്യിക്കുന്നുമില്ല. വലയുന്നതാര്, ജനങ്ങള്‍. ഇതിനി എത്രകാലം നീളും. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം പറയുന്ന മനു എസ്.പിള്ളയുടെ ദന്ത സിംഹാസനം എന്ന ഗ്രന്ഥത്തില്‍ നാം ഇങ്ങനെ വായിക്കുന്നു. ഇവിടുത്തെ സ്വാഭാവികമായ അവസ്ഥ യുദ്ധമാണ്. ഇവരുടെ ഏറ്റവും മുന്തിയ ആനന്ദം എല്ലാ ആയുധങ്ങളും ധരിച്ച് അങ്ങോട്ടുമിങ്ങോട്ടും കവാത്തു നടത്തുന്നതാണ് (പേജ് 25). ഇതുതന്നെയാണ് നാം ഇന്നും തുടരുന്നത്. വളര്‍ച്ചയുടേയും ഉയര്‍ച്ചയുടേയും കാലത്ത് സമയം വിലപ്പെട്ടതാണ്. തെറ്റുകള്‍ തിരുത്തിയും ശരിയുടെ വഴിയേ മാത്രം സഞ്ചരിച്ചും പരിഹരിക്കാം എല്ലാം. അതിനു സമരമുറകള്‍ വേറെവേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org