കത്തോലിക്കാ സഭ ബി ജെ പി സഖ്യത്തിലേക്കോ?

കത്തോലിക്കാ സഭ ബി ജെ പി സഖ്യത്തിലേക്കോ?
നോര്‍ത്ത് ഇന്ത്യയില്‍ നടക്കുന്ന ക്രിസ്തുമത പീഡനങ്ങള്‍ അത്രവേഗം മറക്കാവുന്നതല്ലല്ലോ. മാത്രമല്ല എന്താണു സുരക്ഷിതത്വം? അതു തല്ലുംകൊലയും ഇല്ലാത്ത അവസ്ഥ മാത്രമല്ല. ജീവിതത്തിന്റെ സമ സ്ത മേഖലകളിലും മാന്യമായി നിലനില്‍ക്കാനും വളരാനും സാധിക്കുന്ന അന്തരീക്ഷ സൃഷ്ടി കൂടിയാണ്. അങ്ങനെയൊന്നും ഇന്നും ക്രൈസ്തവര്‍ക്കില്ല.

ദൈവരാജ്യ സംസ്ഥാപനമാണ് കത്തോലിക്കാ സഭയുടെ ഭൂമിയിലെ ദൗത്യം. അതൊരു പ്രതിരോധ, പിന്നാമ്പുറ പ്രവര്‍ത്തനവുമായി നടന്നാല്‍ സാധിക്കുന്നതല്ല.അത്തരം വേലിക്കെട്ടുകള്‍ വലിച്ചെറിഞ്ഞ് മുന്‍നിരപ്പോരാളികളാകണം. മോശയെപ്പോലെ മലമുകളില്‍ കൈകളുയര്‍ത്തി നില്‍ക്കണം. ബിഷപ്പുമാരും ആര്‍ച്ചുബിഷപ്പുമാരും അത്തരം നിലപാടുകളുമായി ഇപ്പോള്‍ രംഗത്തുണ്ട്. അണികളും ഏതാണ്ട് അതേ നിലപാടില്‍ത്തന്നെ നിലകൊള്ളുന്നു. രാഷ്ട്ര നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരാണു ക്രിസ്ത്യാനികള്‍. യേശുവിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ നാം തിരിച്ചറിയണം. പ്രവാചകരുടെ വാക്കും പ്രവര്‍ത്തിയും മറക്കാതിരിക്കുക. പള്ളിയും ആരാധനക്രമങ്ങളും മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നു വിചാ രിക്കുന്നതു കുറ്റകരമായ ഒളിച്ചോട്ടമാണ്. ദൈവരാജ്യസംസ്ഥാപന ദൗത്യത്തെക്കുറിച്ചു ബോധ്യം വേണം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദാര്‍ശനികവും സത്യത്തിനു സാക്ഷ്യം വഹിക്കുന്നതുമായ ഇടപെടലുകള്‍ കൈസ്തവരുടെ ധര്‍മ്മമാണ്. ആ ബോധ്യം ഉണ്ടായിരുന്നവരൊക്കെ രാഷ്ട്ര നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. നമുക്കിനി പിന്നാലെ നടക്കുന്നതു നിര്‍ത്താം. പ്രതിരോധത്തിനുപകരം ദൈവരാജ്യസംസ്ഥാപനത്തിന്റെ മുന്‍നടപ്പുകാരാകാം. നമ്മള്‍ മുന്നേ നടന്നാല്‍ ബാക്കിയെല്ലാം പിന്നാലെ വരും. റബറിന് കിലോയ്ക്ക് 300 രൂപയാക്കിയാല്‍ ബി ജെ പിക്ക് എം പിമാരെ നല്‍കാമെന്ന പ്രസ്താവന വിവാദമായത് ഈ സാഹചര്യത്തിലാണ്. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി. എന്തായാലും സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഭാവാത്മകമായ പ്രതികരണവുമുണ്ടായി. കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റുതന്നെ ആര്‍ച്ചുബിഷപ്പിനെ കാണാനെത്തി. റബര്‍ കര്‍ഷകരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ബിഷപ് ഉയര്‍ത്തിയത്. 300 രൂപയാക്കിയാല്‍ അതിന്റെ ഗുണം കിട്ടുക കത്തോലിക്കര്‍ക്കു മാത്രമല്ല. റബര്‍ കര്‍ഷകരായിട്ടുള്ള സകലര്‍ക്കും ലഭിക്കും. പ്രസ്താവനയിലെ ലാളിത്യത്തിനപ്പുറം രാഷ്ട്രീയ മാനങ്ങളേറെയുണ്ട്. നിലവിലുള്ള രണ്ടു മുന്നണികളിലും പ്രതീക്ഷയില്ലെന്നും ബിഷപ് പറയാതെ പറയുകയായിരുന്നു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു ബി ജെ പിയുടെ കീഴില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണെന്ന്. സഭയുടെ പുതിയ മനോഭാവം വ്യക്തമാക്കുന്നതാണെങ്കിലും അതിത്തിരി കടന്ന കൈയ്യായിപ്പോയി. നമ്മളങ്ങനെ സുരക്ഷിതരൊന്നുമല്ല. നോര്‍ത്ത് ഇന്ത്യയില്‍ നടക്കുന്ന ക്രിസ്തുമത പീഡനങ്ങള്‍ അത്രവേഗം മറക്കാവുന്നതല്ലല്ലോ. മാത്രമല്ല എന്താണു സുരക്ഷിതത്വം? അതു തല്ലുംകൊലയും ഇല്ലാത്ത അവസ്ഥ മാത്രമല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാന്യമായി നിലനില്‍ക്കാനും വളരാനും സാധിക്കുന്ന അന്തരീക്ഷ സൃഷ്ടി കൂടിയാണ്. അങ്ങനെയൊന്നും ഇന്നും ക്രൈസ്തവര്‍ക്കില്ല. കീഴടങ്ങലും സ്തുതിപാടലും ഇനി അവസാനിപ്പിക്കാം. ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ ഡല്‍ഹി ആര്‍ച്ചുബിഷപ്പും ഫരിദാബാദ് ആര്‍ച്ചുബിഷപ്പും ഉള്‍െപ്പടെ അനേകം വൈദികരും സന്നിഹിതരായിരുന്നു. സഭ ബി ജെ പിയോടുള്ള അസ്പര്‍ശ്യത വെടിയാന്‍ തയ്യാറാകുകയാണോ? ഒപ്പംതന്നെ ബി ജെ പി ക്രിസ്ത്യാനികളെക്കൂടി ഭരണകാര്യങ്ങളില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുന്നുവോ? അങ്ങനെ ഗോവയിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും സംഭവിച്ചതുപോലെ കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും സംഭവിക്കാനിരിക്കുന്നു എന്നൊരു പ്രതീതി വന്നുചേര്‍ന്നിരിക്കുന്നു. ഭരണത്തില്‍ പങ്കാളിത്തമുണ്ടായാല്‍ ക്രൈസ്തവ പീഡനം കുറയുമെന്ന് ക്രൈസ്തവര്‍ സ്വാഭാവികമായും പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്നു. മാത്രമല്ല ഈ വഴിയില്‍ നമുക്കു ദേശീയ നേതാക്കളുണ്ടായാല്‍ അതു സഭയ്ക്കു നേട്ടം തെന്നയാണ്.

കേരളത്തിലെ ഭരണകക്ഷി അഥവാ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ക്രൈസ്തവരെ ഗൗരവമായി പരിഗണിക്കുന്നില്ല എന്നു മാത്രമല്ല, ഭാവിയിലേക്കും ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല എന്ന നിരീക്ഷണമാണു പൊതുവേയുള്ളത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി എല്ലാക്കാര്യങ്ങളും പാര്‍ട്ടിക്കാര്‍ക്കു മാത്രമായി മാറ്റിവയ്ക്കുന്നു എന്ന ആക്ഷേപം തള്ളിക്കളയേണ്ടതില്ല. പാര്‍ട്ടി ഇപ്പോള്‍ കാണിക്കുന്ന ലീഗ് പ്രീണനവും മറുവഴി തേടാന്‍തന്നെ പ്രേരിപ്പിക്കുകയാണ്. ദൈവനിഷേധത്തിന്റെ നിഷേധാത്മക ഭാവവും കമ്മ്യൂണിസ്റ്റുകാരെ ഉപേക്ഷിക്കാന്‍ കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.

കോണ്‍ഗ്രസ്സിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ് അടുത്തകാലത്തെങ്ങും പ്രതീക്ഷിക്കേണ്ടതില്ല എന്നതുകൊണ്ട് കോണ്‍ഗ്രസ്സില്‍ ആശ്രയം വയ്‌ക്കേണ്ടതില്ല എന്നും നിരീക്ഷിക്കുന്നു. നേതൃത്വത്തിലെ അപജയവും തമ്മില്‍ത്തമ്മിലുള്ള പിണക്കങ്ങളും തൊഴുത്തില്‍കുത്തും ഭാവിയിലേക്ക് ഒരു പ്രതീക്ഷയും നല്‍കുന്നില്ല. കോണ്‍ഗ്രസ്സുകാര്‍ ഒരു കാലത്ത് കുറച്ചു ക്രിസ്ത്യന്‍ ലീഡേഴ്‌സിനെ വളര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഈ പാര്‍ട്ടിയില്‍ എത്ര ക്രിസ്ത്യന്‍ ലീഡേഴ്‌സുണ്ട്? എന്തായാലും ക്രിസ്ത്യാനികളെ ഇനി കോണ്‍ഗ്രസ്സിന്റെ വോട്ടു ബാങ്കാകാന്‍ കിട്ടില്ല എന്നുറപ്പായി. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സില്ലാത്തത് ക്രിസ്ത്യാനികള്‍ പാര്‍ട്ടിയിലേക്കു പോകാതിരുന്നിട്ടാണ് എന്നു കരുതാം. കേരളാ കോണ്‍ഗ്രസ്സിലുമില്ല പ്രതീക്ഷ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org