മാധ്യമങ്ങള്‍ അതിരുകടക്കുന്നോ?

മാധ്യമങ്ങള്‍ അതിരുകടക്കുന്നോ?
ഒരക്രമത്തിന്റെ അവതരണം ഏതാണ്ട് പത്ത് അക്രമങ്ങള്‍ നടന്ന ഇഫക്റ്റുണ്ടാക്കുകയാണ് തുടര്‍ച്ചയായ അവതരണങ്ങളിലൂടെ. ഇതു സമൂഹത്തില്‍ ഭീതി ജനിപ്പിക്കുകയും അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇവിടെ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.

മാധ്യമങ്ങള്‍ അതിരു കടക്കുന്നോ എന്നു ചോദിച്ചത് കേരളാ ഹൈക്കോടതിയാണ്. സുപ്രീംകോടതിയും ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. കോടതിയില്‍ വി ചാരണയില്‍ ഇരിക്കുന്ന കേസുകള്‍ തലനാരിഴ കീറി പരസ്യമായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു ശരിയോ? കോടതിയില്‍ സീല്‍ഡ് കവറില്‍ സമര്‍പ്പിക്കുന്ന അതീവ ഗൗരവമുള്ള വിഷയങ്ങള്‍പോലും മാധ്യമങ്ങള്‍ ചര്‍ച്ചാ വിഷയമാക്കിയ പശ്ചാത്തലത്തിലാണ് കോടതി ഇങ്ങനെ ചോദിച്ചത്. വര്‍ത്തമാന കാലത്ത് ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ ടൂളാണ് മാധ്യമങ്ങള്‍. കുറച്ചുകാലമായി കേരളത്തില്‍ നിരന്തരമായി ആത്മഹത്യ കള്‍, കൊലപാതകങ്ങള്‍ എന്നിവ നടക്കുന്നു. മനുഷ്യന്‍ മനുഷ്യനെ വെട്ടികൊല്ലുന്നു, കത്തിക്കുന്നു. ആരും ചോദിക്കുന്നില്ല, മാധ്യമങ്ങള്‍ ആവേശത്തോടെ അവയെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ഇവയുടെ അവതരണങ്ങള്‍ അസഹനീയമാണ് എന്നു പറയാതെ വയ്യ. രണ്ടു പ്രശ്‌നങ്ങളാണിവിടെ സൂചിപ്പിക്കാനുള്ളത്. ഒന്ന്, അക്രമങ്ങളുടെ രീതികള്‍ (ാീറൗ െീുലൃമിറശ) അവതരിപ്പിക്കുന്നത് അപകടംതന്നെയാണ്. കാരണം അത്തരം നടപടികള്‍ ആവര്‍ത്തിക്കാന്‍ പ്രേരണയായേക്കും. രണ്ട്, ഒരക്രമത്തിന്റെ അവതരണം ഏതാണ്ട് പത്ത് അക്രമങ്ങള്‍ നടന്ന ഇഫക്റ്റുണ്ടാക്കുകയാണ് തുടര്‍ച്ചയായ അവതരണങ്ങളിലൂടെ. ഇതു സമൂഹത്തില്‍ ഭീതി ജനിപ്പിക്കുകയും അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇവിടെ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.

ബന്ധങ്ങളും മാധ്യമങ്ങളും

സാമൂഹിക ജീവിയായ മനുഷ്യന് പരസ്പരം ബന്ധപ്പെടുക എന്നത് അനിവാര്യമായ ഒരു കാര്യമാണ്. ആയിരിക്കുക എന്നാല്‍ കൂടെയായിരിക്കുക എന്നാണെന്ന് ഗബ്രിയേല്‍ മര്‍സേല്‍ പറയുന്നു. പരസ്പരം ബന്ധപ്പെടുക എന്നത് മനുഷ്യന്റെ പ്രകൃതിദത്തമായ സഹജഭാവമാണ്. മാധ്യമങ്ങള്‍ മനുഷ്യസമൂഹത്തിന്റെ സൗഭാഗ്യമാണ്. പരസ്പരം ബന്ധപ്പെടാന്‍ സഹായിക്കുന്ന സൗഭാഗ്യം. ഇക്കാര്യത്തില്‍ മനുഷ്യന് അനുഗ്രഹമായിത്തീര്‍ന്നിരിക്കുന്നു മാധ്യമങ്ങള്‍. അര്‍ത്തുങ്കല്‍ പള്ളിയില്‍ പെരുന്നാള്‍ തുടങ്ങി എന്നറിയിക്കുന്നത് കൂവിയാണ്. കമ്യൂണിക്കേഷന്റെ ഒരു പ്രാകൃത രൂപം. ഇവിടെ മനുഷ്യന്‍തന്നെ മാധ്യമമായി മാറുന്നു. ഇപ്പോള്‍ സാങ്കേതികവിദ്യ സഹായത്തിനുണ്ട്. ആരാണൊരു മാധ്യമപ്രവര്‍ത്തകന്‍? ബൈബിളിന്റെ വെളിച്ചത്തില്‍ അതു ദൈവദൂതനാണ്. ദൈവത്തിന്റെ ദൂതുമായെത്തുന്ന മാലാഖ അല്ലെങ്കില്‍ പ്രവാചകന്‍. ഇത്രയ്ക്കും ആത്മീയ ഔന്നത്യം നിറഞ്ഞുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തനം ചില സാഹചര്യങ്ങളില്‍ മാലാഖ ഉരുണ്ടു വീണ അവസ്ഥയിലാകാറുണ്ട്. സിനിമകളില്‍ നമ്മള്‍ കാണുന്നുണ്ട്. അക്രമി തന്റെ ശത്രുവിന്റെ നേര്‍ക്ക് നിറയൊഴിച്ച് തല തകര്‍ക്കുന്നത്, നെഞ്ചിലേക്കു കത്തി കുത്തി കയറ്റി കൊലപ്പെടുത്തുന്നത്. രക്തം ചീറ്റി വീഴുന്നത് ആ രംഗം കാണുന്ന കാഴ്ചക്കാരനിലേക്കു കൂടിയാണ് എന്നത് ക്യാമറാമാന്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. അല്ലെങ്കില്‍ മറന്നേ പറ്റൂ. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഒരറ്റത്ത് അടിമത്വത്തിന്റെ അടിവേരുകള്‍ പൊട്ടി മുളയ്ക്കുന്നുണ്ട്. ക്യാമറക്കണ്ണുകളില്‍ ക്രൈമിന്റെ മാതൃകകള്‍ വിശദീകരിക്കപ്പെടുന്നു. സ്റ്റുഡിയോകള്‍ ക്രിമിനലുകള്‍ക്കു രൂപംകൊടുക്കുന്ന ഇന്‍കുബേഷന്‍ സെന്ററുകളായി പരിണമിക്കുന്നു. അതു മാധ്യമ സ്വാതന്ത്ര്യമാണ് എന്നു വ്യാഖ്യാനിക്കപ്പെടുന്നു. കുറ്റം ചെയ്യുന്ന അക്രമിയേക്കാള്‍ കുറ്റക്കാരനാണ് അതിന്റെ പിന്നണിയിലെ ആസൂത്രകനും പ്രേരകനും. അങ്ങനെയെങ്കില്‍ വരുംകാലത്തേക്കു ക്രൈമിന്റെ വഴികള്‍ വരച്ചു കാട്ടുന്ന മാധ്യമക്കാര്‍ ക്രിമിനലുകളല്ലേ? നിരപരാധികള്‍ ശിക്ഷിക്കപ്പെടാതെതന്നെ കളങ്കിതര്‍ ശിക്ഷിക്കപ്പെടണമെന്നു പറയുമ്പോള്‍ എങ്ങനെ മാധ്യമങ്ങള്‍ രക്ഷപെടും. ക്രിമിനല്‍ മാധ്യമങ്ങള്‍ എന്ന പ്രയോഗം ക്രിമിനല്‍ വക്കീല്‍, ക്രിമിനല്‍ ജഡ്ജ് എന്നൊക്കെ പറയുന്നതുപോലെ തെറ്റാണ്. പക്ഷേ വക്കീലും ജഡ്ജുമൊക്കെ ക്രിമിനലുകള്‍ ആണെങ്കില്‍ അങ്ങനെ പറയാം. മാധ്യമങ്ങള്‍ ക്രൈം ചെയ്യുന്നുണ്ടെങ്കില്‍ ക്രിമിനല്‍ മാധ്യമങ്ങള്‍ എന്നു പറയാം. ക്രിമിനല്‍ മാധ്യമങ്ങള്‍ എന്നു വിളിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

മാധ്യമങ്ങള്‍ ദൗത്യവും ദര്‍ശനവും

വിവരങ്ങളും വാര്‍ത്തകളും പൗരന്മാരിലെത്തിക്കുക എന്നതാണ് മാധ്യങ്ങളുടെ പ്രഥമവും സു പ്രധാനവുമായ ദൗത്യം. വിവരങ്ങളും വാര്‍ത്തകളും സമൂഹത്തിന്റെ വിശുദ്ധവും ധന്യവുമായ പൊതു സ്വത്താണ്. അതെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അതെല്ലാവരിലേക്കും എത്തിച്ചുകൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകരും പവിത്രമായ ദൗത്യമാണു നിര്‍വ്വഹിക്കുന്നത്. മനുഷ്യപ്രവൃത്തികളില്‍ നിന്ന് വിശുദ്ധവിചാരങ്ങള്‍ രൂപപ്പെടുത്തി ശാശ്വതീകരിച്ചു നല്‍കുമ്പോള്‍ ചരിത്രാഖ്യാനത്തിന്റെ വിശുദ്ധിയും വന്നു ചേരുന്നു. അതു മനുഷ്യജീവിതങ്ങളെ വിമലീകരിക്കാനും വിജ്ഞാനത്താല്‍ പ്രകാശമുള്ളതാക്കാനുമാണ്. അതിനു പകരം മനുഷ്യനെ അജ്ഞതയിലേക്കും അന്ധകാരത്തിലേക്കും തള്ളിവിടുന്ന നിലയിലേക്കു മാധ്യമപ്രവര്‍ത്തനം അധഃപ്പതിച്ചിരിക്കുന്നു. വാര്‍ത്തകളെല്ലാം റിപ്പോര്‍ട്ടു ചെയ്യേണ്ടതുണ്ട്. വിവരങ്ങള്‍ വിവേകമില്ലാതെ റിപ്പോര്‍ട്ടു ചെയ്യാമോ? റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമ ധാര്‍മ്മികതയുണ്ടാവണം എന്നത് വളരെ ഗൗരവമുള്ള ഒരു വിഷയമാണ്. എന്തും ഏതും റിപ്പോര്‍ട്ടു ചെയ്യേണ്ടതുണ്ടൊ എന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ടിങ്ങിന്റെ ലക്ഷ്യം എന്താണ്? വാര്‍ത്തകളും വിവരങ്ങളും ആളുകളില്‍ എത്തിക്കുകയെന്നതുമാത്രമാണോ? ഏതു റിപ്പോര്‍ട്ടിങ്ങിന്റെ പിന്നിലും ഒരു ദര്‍ശനവും ധാര്‍മ്മികതയും നിര്‍ബന്ധമായും ഉണ്ടാവണം. മാധ്യമ രംഗത്തു പണമിറക്കുന്നവന്‍ അവന്റെ താത്പര്യം സംരക്ഷിക്കണമെന്നു ശഠിക്കും, സ്വാഭാവികം. അതിന്റെ ഭാഗമായി റിപ്പോര്‍ട്ടിങ്ങില്‍ മാറ്റമുണ്ടാക്കും. ദാര്‍ശനികമായ നിലപാടുകള്‍ റിപ്പോര്‍ട്ടിങ്ങില്‍ ഉണ്ടാകും. മാധ്യമക്കാര്‍ സംഭവങ്ങളെ യഥാതഥം പകര്‍ത്തി വിടേണ്ടതാണോ? നിലപാടുകളും സംരക്ഷിക്കപ്പെടും. അതിനുമപ്പുറം സമൂഹത്തിന്റെ നന്മയെ പ്രതിയുള്ള ധാര്‍മ്മികത കാത്തു പാലിക്കപ്പെടേണ്ടതുമാണ്. ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ സമൂഹത്തിന്റെ നന്മ സംരക്ഷിക്കപ്പെടണം. ഒരു ക്രൈം നടന്നാല്‍ അതിന്റെ രീതികളെല്ലാം ചിത്രീകരിച്ചു കൊടുക്കേണ്ടതുണ്ടോ? ഒരു ക്രൈം ഒരു സ്ഥലത്തുണ്ടായി എന്നു പറഞ്ഞാല്‍പ്പോരേ? ക്രൈം നടത്തിയ രീതികള്‍ ചിത്രീകരിക്കുന്നതാര്‍ക്കുവേണ്ടി, എന്തിനു വേണ്ടി? ആളുകളിലെ സെന്‍സേഷന്‍ ഇളക്കി വിടാനായിരിക്കും സഹായിക്കുക. വികാരമുണര്‍ത്തി കൈയടി വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലമായില്ലേ? ക്രൈം ചെയ്യുന്ന രീതികള്‍ ചിത്രീകരിച്ചാല്‍ സെന്‍സേഷനുണര്‍ത്താം. എന്നാല്‍ അതു പലര്‍ക്കും പിന്നീട് ഇത്തരം കൃത്യങ്ങള്‍ ചെയ്യാനുള്ള വഴി കാണിച്ചു കൊടുക്കുന്ന പോലെയാകും. മലമുകളില്‍ നിന്നു കല്ലുരുട്ടി താഴെക്കിടുന്ന നാറാണത്തു ഭ്രാന്തനെപ്പോലെ മാധ്യമപ്രവര്‍ത്തകര്‍ അര്‍ത്ഥരാഹി ത്യത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഇവിടെ ജോര്‍ജ്ജ് ഓര്‍വെല്‍ പറയുന്നതുപോലെ സ്വാതന്ത്ര്യം അടിമത്വമാകുന്നു, യുദ്ധം സമാധാനമാകുന്നു, അജ്ഞത കരുത്താകുന്നു. പരസ്പരം വിറ്റു കാശാക്കുന്ന ഒരു കാലം. ജീവിതത്തിന്റെ ദുരന്ത മുഖത്തേക്കു ക്യാമറ തിരിക്കുമ്പോള്‍ അതാര്‍ക്കുവേണ്ടി എന്നോ എന്തിനു വേണ്ടി എന്നോ നമ്മളാരും ബോധപൂര്‍വ്വം ചിന്തിക്കുന്നില്ല. ഏതോ മരത്തിന്റെ ശീതളതയില്‍ നമ്മള്‍ എന്തൊക്കെയോ ചെയ്തു പോകുന്നു. തേച്ചുമായിച്ചു കളയാനാവാത്ത വിധം ഇരുട്ടിന്റെ വരകള്‍ നാം വരച്ചു കൊണ്ടേയിരിക്കുന്നു. ആലപ്പുഴയില്‍ നടന്നതുപോലെതന്നെ പാലക്കാട്ടും ക്രൈം അരങ്ങേറുന്നു എന്നത് സര്‍ക്കാരിനോടും പോലീസിനോടുമുള്ള ചോദ്യംതന്നെയാണ്. അത്തരം ചോദ്യമുനകള്‍ സ്വാഭാവികമായും നീളുന്നത് മാധ്യമങ്ങള്‍ക്കു നേരെക്കൂടിയാണ്. നടപടികള്‍ വേണ്ടതല്ലേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org