നമ്മുടെ സാംസ്‌കാരിക കേരളത്തിനെന്തു പറ്റുന്നു

നമ്മുടെ സാംസ്‌കാരിക കേരളത്തിനെന്തു പറ്റുന്നു

വിശ്വാസം അതല്ലേ എല്ലാം. ഇതൊരു പരസ്യം. അതല്ല എല്ലാം എന്നതാണു വസ്തുത. യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ്. വെളിപാടുവഴി ലഭിക്കുന്ന വിശ്വാസവും മനുഷ്യര്‍ സൃഷ്ടിക്കുന്ന വിശ്വാസവും ഉണ്ട്. എന്തായാലും യുക്തി സഹമല്ലാത്ത വിശ്വാസങ്ങളും അവയോടു ചേര്‍ന്നുള്ള ആചാരങ്ങളും അമാനുഷികമായ കഴിവുകളും കൊണ്ടുമാത്രം വിശദീകരിക്കാവുന്നതും അശാസ്ത്രീയവുമായ കാര്യങ്ങളാണ് അന്ധവിശ്വാസങ്ങള്‍ എന്നു നാം പൊതുവേ പറയുക. മതവുമായി ബന്ധപ്പെട്ടാണ് അന്ധവിശ്വാസങ്ങള്‍ പലതും രൂപപ്പെടുക. മതസ്ഥാപകരുടെ കരിസ്മായില്‍ ആദ്യകാലങ്ങളില്‍ ആളുകൂടും. അവരുടെ കാലശേഷം ആളെ പിടിച്ചു നിര്‍ത്താന്‍ പിന്‍ഗാമികള്‍ ചില ചെപ്പടി വിദ്യകള്‍, ആചാരങ്ങള്‍ ഒക്കെ കണ്ടു പിടിക്കാറുണ്ട്. ഒടുവില്‍ ആദ്യ കാലത്തെ ആചാര്യ ദര്‍ശനങ്ങളും തത്വങ്ങളും പിന്നിലേക്കടിക്കപ്പെടുകയും ഇത്തരം ചെപ്പടിവിദ്യകള്‍ മുന്‍പിലേക്കു വരികയും ചെയ്യും. അത്തരം കാര്യങ്ങളില്‍ മനുഷ്യര്‍ എത്തിപ്പെടുന്നു. മാനസികാരോഗ്യം കുറഞ്ഞവര്‍ ഇത്തരം അന്ധവിശ്വാസങ്ങളില്‍ പെട്ടുപോകാറുണ്ട്. നമ്മുടെ സാമൂഹികജീവിതത്തിന്റെ ആരോഗ്യവും അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കു കാരണമാകും.

'an apple a day keeps the doctor away' എന്നൊരു ചൊല്ലുണ്ട്. ഭര്‍ത്താവു മറ്റൊരു ദേശത്തു ജോലിക്കു പോകാന്‍ നേരത്ത് ഭാര്യയോടു കൂടുതല്‍ അടുപ്പം കാണിക്കാറുള്ള ഡോക്ടറെ അകറ്റി നിര്‍ത്താന്‍ ഭാര്യയ്ക്കു പറഞ്ഞു കൊടുത്ത സൂത്രവാക്യമാണിത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മുറ്റമടിക്കാന്‍ മടിയുള്ള മരുമകള്‍ മുറ്റമടി കുറയ്ക്കാന്‍ വേണ്ടി അമ്മായിഅപ്പനെ പറഞ്ഞു പറ്റിച്ചതാണ് ഒരു വഴിക്കു പോകുമ്പോള്‍ മുറ്റമടിക്കുന്നതു കണ്ടിട്ടു പോകുന്നതു ശകുനമാണെന്നത്. യാത്ര പോകുമ്പോള്‍ പൂച്ചവട്ടംചാടുന്നതു ശകുനമാണത്രേ. അതാരുണ്ടാക്കിയതാണെന്നറിയില്ല. മൂന്നുപേര്‍ ഒരുമിച്ചു യാത്രയ്ക്കു പോയാല്‍ മൂഞ്ചിപ്പോകുമെന്നും കേട്ടിട്ടുണ്ട്. അതും ആരുടെ സൃഷ്ടിയാണാവോ. ഒരു സിനിമയില്‍ യാത്രപോകാന്‍ നല്ല കാഴ്ച വേണമത്രെ. അതിനായി ഒരു വേശ്യയെ കണികാണാന്‍ വിളിച്ചു വരുത്തുന്നതിനെക്കുറിച്ച് അവതരിപ്പിക്കുന്നുണ്ട്. വീടുവയ്ക്കാന്‍, കല്യാണത്തിനിറങ്ങാന്‍ ഒക്കെ പറ്റുന്നതും പറ്റാത്തതുമായ സമയങ്ങളുണ്ടത്രേ. ഇത്തരത്തില്‍ അനേകം കാര്യങ്ങളുണ്ട്. ഇതെല്ലാം മനുഷ്യര്‍ സൃഷ്ടിക്കുന്ന ചില തരികിട പണികളാണ്. മാനസിക ശേഷി കുറഞ്ഞ മനുഷ്യരില്‍ ഇതു കൂടുതല്‍ ശക്തിപ്രാപിക്കാം.അവ ദുരന്തങ്ങളായിത്തീരുന്ന കാര്യങ്ങളാണ് ഈ ദിവസങ്ങളില്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ അറിയുന്നത്.

അന്ധവിശ്വാസം മനുഷ്യനെ എത്രത്തോളം നീചനും മനസ്സാക്ഷി മരവിച്ചുപോയ ക്രിമിനലുമാക്കി മാറ്റുമെന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ട ഇലന്തൂരിലെ ഇരട്ടക്കൊല. എറണാകുളം ജില്ലയിലെ പൊന്നുരുന്നിയില്‍നിന്നും കാലടിയില്‍നിന്നും കാണാതായ മധ്യവയസ്സുള്ള രണ്ടു സ്ത്രീകളുടെ മൃദദേഹാവശിഷ്ടങ്ങള്‍ ഒരു പാരമ്പര്യ വൈദ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തി. അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി വൈദ്യന്‍ ഭഗവല്‍സിങ്ങ്, ഭാര്യ ലൈല പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദ് എന്നിവര്‍ ചേര്‍ന്ന് നരബലി നടത്തി എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. എത്ര ക്രൂരമായാണവര്‍ ഈ കൃത്യം ചെയ്തതെന്ന് സംഭവങ്ങളുടെ ചുരുളഴിഞ്ഞപ്പോള്‍ വ്യക്തമായി. ദേവപ്രീതിക്കും ഐശ്വര്യ ലബ്ധിക്കും മനുഷ്യരെ നിഷ്ഠൂരം കൊല്ലുന്ന അന്ധവിശ്വാസത്തിന്റെ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍. ഇലന്തൂരില്‍ ഭഗവല്‍സിങ്ങും മുഹമ്മദു ഷാഫിയും ചേര്‍ന്നു നരബലിക്കായി നടത്തിയ ഇരട്ട നരഹത്യ അതിക്രൂരവും നിഷ്ടൂരവമായ അന്ധവിശ്വാസം മൂലമാണ്.

തിരുവനന്തപുരത്ത് ഗ്രീഷ്മ എന്ന പെണ്‍കുട്ടി പ്രണയത്തില്‍ ചാലിച്ച കൊടുംവിഷം കൊടുത്ത് തന്റെ സുഹൃത്ത് ഷാരോണമിനെ കൊലപ്പെടുത്തിയ സംഭവവും അതുപോലെ ക്രൂരമായ നടപടിയാണ്. കേരളം അതുകേട്ട് തരിച്ചു നില്‍ക്കുകയാണ്. ഷാരോണിനെ ഒഴിവാക്കാന്‍ മെനഞ്ഞെടുത്ത അന്ധവിശ്വാസ കഥകളാണ് കൊലപാതകത്തിലേക്കു നയിച്ചത്. കൊടുംക്രിമിനലുകളെപ്പോലെ അങ്ങേയറ്റം ആസൂത്രിതമായാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. നിരന്തരം ജ്യൂസ് ചലഞ്ചു നടത്തി അതിന്റെ പേരില്‍ എന്തു കൊടുത്താലും ഷാരോണ്‍ കുടിക്കുമെന്ന് ഉറപ്പാക്കിയിരുന്നു. ഒടുവില്‍ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഷാരോണിനെ വിവാഹം ഉറപ്പിച്ച് സ്വന്തം നിലയില്‍ താലികെട്ടിയ ശേഷം മറ്റൊരു വിവാഹം ഗ്രീഷ്മ ഉറപ്പിച്ചിരുന്നു. ആദ്യവിവാഹത്തിലെ ഭര്‍ത്താവു മരിച്ചുപോകുമെന്നു ജോത്സ്യന്‍ പറഞ്ഞതായി ഷാരോണിനെ ധരിപ്പിക്കുകയും അതുകൊണ്ട് ഷാരോണ്‍ സ്വയം ഒഴിഞ്ഞു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അതു നടക്കാതെ വന്നപ്പോഴാണ് കോലപ്പെടുത്താമെന്നു തീരുമാനിക്കുകയും നാളിതുവരെ കേട്ടുകേള്‍വിയില്ലാത്ത വളരെ നിഷ്ഠൂരമായ ഈ അറുംകൊല നടത്തുകയും ചെയ്തത്.

ഇതൊക്കെ സംഭവിക്കുന്നത് 100 ശതമാനം സാക്ഷരതയുള്ള, സാംസ്‌കാരിക ഔന്നത്യമുള്ള കേരളത്തിലാണെന്നോര്‍ക്കണം. ഇത്തരം ക്രൂരതകള്‍ അരങ്ങേറിയിട്ടും പുരോഹിതരും പൂജാരികളും സാംസ്‌കാരിക നേതാക്കളും ഒന്നും കാര്യമായി പ്രതികരിച്ചിട്ടുപോലുമില്ല. ഇനിയെങ്കിലും ഇത്തരം അരുംകൊലകള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org