ആരോഗ്യ സേവനരംഗത്ത് എലിയും പൂച്ചയും കളി

ആരോഗ്യ സേവനരംഗത്ത് എലിയും പൂച്ചയും കളി

ആതുരസേവനം ആരോഗ്യരംഗമായി മാറിയപ്പോള്‍ അനാരോഗ്യകരമായ പ്രവണതകള്‍ വര്‍ദ്ധിച്ചു. മാനുഷികത നഷ്ടമായിരിക്കുന്നു. മുടക്കുമുതല്‍ കുറച്ചു കൂടുതല്‍ ലാഭമുണ്ടാക്കുന്ന പഴഞ്ചന്‍ മാനേജുമെന്‍റ് തന്ത്രവും ആധുനികസംവിധാനങ്ങളും പോഷ് സൗകര്യങ്ങളും ഒരുക്കി മുടക്കുമുതല്‍ കൂട്ടി വമ്പന്‍ ലാഭമുണ്ടാക്കുന്ന പുത്തന്‍ മാനേജുമെന്‍റ്  തന്ത്രവുമാണ് ഇന്ന് ആരോഗ്യസേവനമെന്ന പേരില്‍ കേരളത്തില്‍ അരങ്ങു തകര്‍ക്കുന്നത്

നഴ്സുമാരുടെ സമരമുണ്ടായപ്പോള്‍ രോഗികള്‍ക്ക് അസൗകര്യങ്ങളുണ്ടായി. അന്നു രോഗികള്‍ക്കുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ഏതെങ്കിലും ആശുപത്രി മാനേജുമെന്‍റ് മാപ്പ് പറയണ്ട, ഖേദിക്കുകപോലും ചെയ്തില്ല. നഴ്സുമാര്‍ക്കു മാത്രമല്ല, ഡോക്ടര്‍ക്കും സ്വീപ്പര്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചാലും ഒപ്പം വര്‍ദ്ധിപ്പിക്കപ്പെടുന്നതാണു ഡോക്ടറുടെ ഫീസും സേവനഫീസും മറ്റും. ഇവ നല്കേണ്ടി വരുന്നതു രോഗികളും. എന്നിട്ടും രോഗികള്‍ക്ക് അര്‍ഹമായ പരിഗണനയോ മാന്യമായ പെരുമാറ്റമോ നല്കുന്ന ആശുപത്രികളുടെ എണ്ണം കുറവാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് രോഗികള്‍ക്ക് അറിവില്ലാത്തതും രോഗീചികിത്സ ആതുരസേവനമായി കണ്ട് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറല്ലാത്തതുമാണു മുഖ്യകാരണങ്ങള്‍. ചികിത്സാപ്പിഴവുകള്‍ തുടര്‍ക്കഥകളാകുന്നത് ഇതുകൊണ്ടാണ്.

ഒരു സുഹൃത്തു പറഞ്ഞ അനുഭവമാണ് ഇനി വിവരിക്കുന്നത്. മനുഷ്യജീവനെ എത്രമാത്രം വിലയില്ലാത്ത രീതിയിലാണ് ആശുപത്രി ജീവനക്കാര്‍ സമീപിക്കുന്നത് എന്നതിന് ഒരു ഉദാഹരണമാണ് ഈ അനുഭവം.

അടുത്ത ബന്ധുവിനു രക്തം നല്കുവാന്‍ സുഹൃത്തു പോയി. നമുക്ക് ഇദ്ദേഹത്തെ കഥാനായകന്‍ എന്നു വിളിക്കാം. രക്തം നല്കി തിരിച്ചുവന്നതിനുശേഷം രാത്രിയോടെ ആശുപത്രിയില്‍ നിന്ന് ഒരു സ്ത്രീ കഥാനായകനെ വി ളിച്ചു. അവര്‍ വിളിക്കുമ്പോള്‍ വീട്ടില്‍ ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ ആത്മസുഹൃത്തിനോടും ഭാര്യയോടും മകനോടുമൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു കഥാനായകന്‍. ആശുപത്രിയില്‍ രക്തദാനം നടത്തിയപ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ നമ്പറും കൊടുത്തിരുന്നു. ആ നമ്പറിലേക്കാണ് ആശുപത്രിയില്‍നിന്നു ജീവനക്കാരിയുടെ വിളി വന്നത്.
രക്തം പരിശോധിച്ചു രേഖപ്പെടുത്തിയ ഷീറ്റില്‍ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്-ബി എന്നീ കോളങ്ങള്‍ക്കു നേരെ ബ്ലാങ്ക് (ശൂന്യത) ആണു കാണിച്ചിരിക്കുന്നത്. അതിനാല്‍ കഥാനായകന് ഇതിലേതെങ്കിലും രോഗം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും എത്രയും വേഗം കഴിയുമെങ്കില്‍ നാളെത്തന്നെ, ആശുപത്രിയില്‍ എത്തണമെന്നുമാണു ജീവനക്കാരി വെളിപ്പെടുത്തിയതും ആവശ്യപ്പെട്ടതും.

തനിക്കു മാരകരോഗങ്ങളില്‍ ഒന്നു പിടിപെട്ടിട്ടുണ്ടെന്ന ഈ വെളിപാടില്‍ കഥാനായകന്‍ ആകെ തകര്‍ന്നു. ഒരു വിധത്തില്‍ സുഹൃത്തിനെ കാറില്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചു. കഥാനായകന്‍റെ പെരുമാറ്റത്തില്‍ പതിവില്ലാത്ത മാറ്റം കണ്ട സുഹൃത്തു കാര്യം തിരക്കി. ഒരു പൊട്ടിക്കരച്ചിലോടെ വിവരം പറഞ്ഞപ്പോള്‍ സുഹൃത്തും അമ്പരന്നു. പിറ്റേദിവസം ആശുപത്രിയില്‍ പോകേണ്ടെന്നും താനുംകൂടി വന്നിട്ട് ഒരു ദിവസം കഴിഞ്ഞു പോയാല്‍ മതിയെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് ആശുപത്രിയുടെ ഫോണ്‍നമ്പറും വാങ്ങിയാണു സുഹൃത്തു പോയത്.

തിരിച്ചുവന്ന കഥാനായകന്‍റെ അസ്വസ്ഥത നിറഞ്ഞ പെരുമാറ്റം ഭാര്യയെയും മകനെയും അമ്പരപ്പിച്ചു. എങ്കിലും അവര്‍ കാര്യമറിയാന്‍ സമ്മര്‍ദ്ദം ചെലുത്തിയില്ല. ഭാര്യയ്ക്കറിയാമായിരുന്നു, കുറച്ചു വൈകിയാലും കഥാനായകന്‍ തന്നോട് എല്ലാം തുറന്നു പറയുമെന്ന്. കിടക്കയില്‍ തിരിഞ്ഞും മറി ഞ്ഞും കിടന്നു നിദ്രാരഹിതമായ മണിക്കൂറുകള്‍ തള്ളിനീക്കിയശേഷം കഥാനായകന്‍ ഫോണില്‍ ലഭിച്ച 'ഭീകരസന്ദേശം' ഭാര്യയെ അറിയിച്ചു. പരസ്പരം കെട്ടിപ്പുണര്‍ന്നുകൊണ്ട് ഇരുവരും ഏറെ കരഞ്ഞു.

ഹെപ്പറ്റൈറ്റിസ്-ബി ആണെങ്കില്‍ ജീവിതം ഏറെ വൈകാതെ അവസാനിക്കും. എച്ച്ഐവിയാണെങ്കില്‍ ഏഴു വര്‍ഷമെങ്കിലും ആയുസ്സ് കിട്ടും. ആ രാത്രിയില്‍ അയാളും ഭാര്യയും പ്രാര്‍ത്ഥിച്ചത് അയാള്‍ക്ക് എച്ച്ഐവി ആയിരിക്കണമേ എന്നാണ്. അത്തരത്തില്‍ ഒരു പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ എത്തിയത് ആദ്യമായിട്ടായിരിക്കണം. കരഞ്ഞുകരഞ്ഞ് എപ്പോഴോ അവര്‍ ഉറങ്ങിപ്പോയി.

പിറ്റേദിവസം ജോലിക്കു പോകാന്‍ മനസ്സ് ഉണ്ടായിരുന്നില്ലെങ്കിലും കഥാനായകനെ ഭാര്യ നിര്‍ബന്ധിച്ച് ഓഫീസിലേക്കു പറഞ്ഞുവിട്ടു. പതിനൊന്നു മണിയോടെ കഥാനായകന് ആത്മസുഹൃത്തിന്‍റെ ഫോണ്‍സന്ദേശം ലഭിച്ചു. അയാള്‍ ആശുപത്രിയിലേക്കു വിളിച്ചെന്നും ഫോണ്‍സന്ദേശം ലഭിച്ചതുപോലുള്ള പ്രശ്നം ഇല്ലെന്നുമായിരുന്നു സുഹൃത്ത് അറിയിച്ചത്.

സംഭവിച്ചത് ഇതാണ്: രക്തം പരിശോധിച്ചയാള്‍ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്-ബി എന്നീ കോളങ്ങളില്‍ ഒന്നും രേഖപ്പെടുത്താതിരുന്നപ്പോള്‍ രക്തം ദാനം ചെയ്തയാള്‍ക്ക് ഇവയില്‍ ഏതെങ്കിലും രോഗം ഉണ്ടാകുമെന്ന നിഗമനത്തില്‍ റിപ്പോര്‍ട്ട് കാര്യം ശ്രദ്ധിക്കേണ്ട ജീവനക്കാരി നേരെ വിളിച്ചതു രക്തം ദാനം ചെയ്ത കഥാനായകനെയാണ്. ഈ രോഗം ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അധികാരികളെ അറിയിക്കണം. അതിനുമുമ്പു രോഗം ഉണ്ടോയെന്നു രോഗിയെ വരുത്തി പരിശോധിക്കാനുള്ള തന്ത്രമായാണു കഥാനായകനെ ഫോണില്‍ വിളിച്ചു പേടിപ്പിച്ചത്. തങ്ങളുടെ ജോലിയില്‍ സംഭവിച്ച പിഴവിന്‍റെ പേരില്‍ ഒരു കുടുംബത്തെ തീ തീറ്റിക്കുംമുമ്പ് ആ ആശുപത്രി ജീവനക്കാരി രണ്ടാമതൊന്ന് ആലോചിച്ചില്ല. രക്തം ദാനം ചെയ്തയാളുടെ സ്ഥാനത്തു തന്നെ സങ്കല്പിച്ചുനോക്കാന്‍ അവര്‍ മെനക്കെട്ടില്ല.

കാപ്സ്യൂള്‍: ചൈനയില്‍ പണ്ടു ഡോക്ടര്‍മാരും കക്ഷികളും തമ്മിലുള്ള ബന്ധം മറ്റൊരു രീതിയിലായിരുന്നു. രോഗമില്ലാത്ത അവസ്ഥയില്‍ വ്യക്തി ഡോക്ടര്‍ക്കു കാശു കൊടുത്തുകൊണ്ടിരിക്കും. രോഗം വന്നാല്‍ ഡോക്ടര്‍ പണം വാങ്ങാതെ ചികിത്സിച്ചു ഭേദമാക്കണം. വ്യക്തി ആരോഗ്യത്തോടെയിരിക്കുമ്പോഴാണു ഡോക്ടര്‍ക്കു കാശു കിട്ടുകയുള്ളൂ എന്നതിനാല്‍ ഡോക്ടര്‍ വ്യക്തിയെ ഏറെ ശ്രദ്ധിക്കും എന്നതാണിതിന്‍റെ ഗുണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org