
മധ്യധരണ്യാഴിയുടെ കിഴക്കെ അറ്റത്ത്, കാനാന്‍ദേശത്തിന്റെ പടിഞ്ഞാറുള്ള വിശാലമായ സമതലമാണ് ഷാരോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വടക്ക് കര്‍മ്മല മലനിരകളും അവിടെനിന്ന് മധ്യധരണ്യാഴിയിലേക്കൊഴുകുന്ന മുതലയാറും (നാഹര്‍ സെര്‍ഖ - Crocodile River) തെക്ക് യോപ്പാനഗരവും അയ്യാലോണ്‍ - ഖാനാ ആറുകളുമാണ് അതിരുകള്‍.
തെക്ക്-വടക്ക് ഏകദേശം 80 കി.മീ നീളവും കിഴക്കുപടിഞ്ഞാറ് 12 മുതല്‍ 20 വരെ കി.മീ. വീതിയുമുള്ള ഈ സമതലം അധികപങ്കും ചതുപ്പു നിലമായിരുന്നു. ഈ സമതലത്തിനു നെടുകെ, തെക്കുവടക്കായി ഏകദേശം 100 മീറ്റര്‍വരെ ഉയരമുള്ള മണല്‍ക്കൂനകളുള്ളതിനാല്‍ കിഴക്കുനിന്ന് മധ്യധരണ്യാഴിയിലേക്ക് ഒഴുകുന്ന അഞ്ചുപുഴകള്‍ വളഞ്ഞുപുളഞ്ഞൊഴുകുകയും ഒഴുക്ക് തടസ്സപ്പെട്ട് ചതുപ്പുനിലങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യുന്നു.
പഴയനിയമകാലത്ത് ഇവിടെ ആള്‍വാസം കുറവായിരുന്നു; ഭൂമി കൃഷിക്കു യോഗ്യമായിരുന്നില്ല. സമതലത്തിനു മധ്യേ യാത്രയും ദുഷ്‌ക്കരമായിരുന്നു. അതിനാല്‍ ഈജിപ്തില്‍ നിന്ന് വടക്ക് ഡമാസ്‌ക്കസിലേക്കുള്ള വഴി സമതലത്തിനു കിഴക്കുള്ള മലനിരകളുടെ ഓരംചേര്‍ന്നാണ് പോയിരുന്നത്. ചതുപ്പുനിലങ്ങളില്‍ മുള്‍ച്ചെടികളും കാട്ടുപൂക്കളും വളര്‍ന്നിരുന്നു. ''ഷാരോണിലെ പനിനീര്‍പ്പൂ'' (ഉത്ത 2,1) എന്ന വിശേഷണം. ''മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂ'' (ഉത്ത 2,2) എന്ന് വിശദീകരിക്കുന്നത് ഇതിന് ഉദാഹരണമാണ്. മലഞ്ചെരുവുകളില്‍ ഓക്കുമരങ്ങള്‍ തഴച്ചുവളര്‍ന്നിരുന്നു.
സ്വാഭാവികമായ തുറമുഖമൊന്നും ഷാരോണ്‍ തീരത്തുണ്ടായിരുന്നില്ല. ഹേറോദേസ് മഹാരാജാവാണ് ഇവിടെ ഒരു തുറമുഖം കൃത്രിമമായി നിര്‍മ്മിച്ചത്. അഗസ്റ്റസ് സീസറിന്റെ ബഹുമാനാര്‍ത്ഥം കേസറിയാ എന്നു പേരിട്ട ആ പട്ടണമായിരുന്നു പുതിയ നിയമകാലത്തെ പാലസ്തീനായില്‍, ജറുസലെം കഴിഞ്ഞാല്‍, ഏറ്റം പ്രധാനപട്ടണം. അവിടെയാണ് റോമന്‍ ഗവര്‍ണര്‍ വസിച്ചിരുന്നത്. പൗലോസിനെ വിചാരണ ചെയ്തതും രണ്ടു വര്‍ഷത്തിലേറെ തടവറയില്‍ സൂക്ഷിച്ചതും ഈ കേസറിയായിലായിരുന്നു.
പുരാതനകാലത്ത് ചതുപ്പുനിലമായിരുന്നെങ്കിലും ഇന്ന് ഇസ്രായേലിലെ ഏറ്റം ഫലപുഷ്ടമായ പ്രദേശമാണിത്. 1948-ല്‍ ഇസ്രായേല്‍രാജ്യം രൂപം കൊണ്ടതിനുശേഷം ഇവിടെ വളരെ ശാസ്ത്രീയമായ രീതിയില്‍ കൃഷികള്‍ ആരംഭിച്ചു. ഇന്ന് നാരകം, മധുരനാരകം, മാവ്, വാഴ മുതലായവ സമൃദ്ധമായി വളരുന്ന വലിയ തോട്ടങ്ങള്‍ അവിടെയുണ്ട്. വിശുദ്ധനാടു സന്ദര്‍ശിക്കുന്നവര്‍ നിറയെ കായ്ച്ചുകിടക്കുന്ന മാവിന്‍ തോട്ടങ്ങളും നിലം മുട്ടുന്ന വലിയ വാഴക്കുലകളും കണ്ട് അത്ഭുതപ്പെടാറുണ്ട്.
ദൈവം നല്കുന്ന ദാനവും മനുഷ്യപ്രയത്‌നവും ഒരുമിച്ചു ചേരുമ്പോള്‍ ലഭ്യമായ ഫലസമൃദ്ധിയുടെ പ്രതീകവും പര്യായവുമാണ് ഷാരോണ്‍.