ഷീലോ : കര്‍ത്താവ് കൈവെടിഞ്ഞ ആലയം

ഷീലോ : കര്‍ത്താവ് കൈവെടിഞ്ഞ ആലയം
Published on

എഫ്രേം - മലനാട്ടില്‍, ബെഥേലില്‍നിന്ന് 14 കി.മീ വടക്കു സ്ഥിതി ചെയ്തിരുന്ന ഒരു പുരാതന പട്ടണമായിരുന്നു ഷീലോ. ജറുസലേമില്‍നിന്ന് വടക്ക് ഷെക്കേമിലേക്ക് പോകുന്ന രാജപാതയുടെ അടുത്ത് ചെറിയ കുന്നിന്‍മുകളിലാണ് ഈ പട്ടണം സ്ഥിതിചെയ്തിരുന്നത്. ഇന്ന് ജറുസലേമില്‍നിന്ന് 33 കി.മീ വടക്കുള്ള സെയ്‌ലൂണ്‍ എന്ന ഗ്രാമത്തില്‍ കാണുന്ന കല്കൂമ്പാരം ഈ പട്ടണത്തിന്റെ അവശിഷ്ടങ്ങളാണെന്നു പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നു.

കാനാന്‍ദേശത്തു പ്രവേശിച്ചു വാസമുറപ്പിച്ച ഇസ്രായേല്‍ക്കാര്‍ക്ക് വളരെ പ്രാധാന്യമുള്ള ഒരു പട്ടണമായിരുന്നു ഷീലോ. ജോഷ്വായുടെ നേതൃത്വത്തില്‍ ഗില്‍ഗാലില്‍ നിന്നു വടക്കോട്ടു നീങ്ങിയ ജനം അവിടെയാണ് ഉടമ്പടിയുടെ പേടകവും സമാഗമ കൂടാരവും സ്ഥാപിച്ചത് (ജോഷ്വാ 18,1). വലിയ മലയല്ല; യുദ്ധ തന്ത്രവുമായിബന്ധപ്പെട്ട ഒരു പ്രാധാന്യവും ഷീലോക്കില്ല. പിന്നെ എന്തുകൊണ്ട് അവിടെ പേടകം സ്ഥാപിച്ചു എന്ന് ഗവേഷകര്‍ ചോദിക്കാറുണ്ട്. ഒരുപക്ഷേ അടുത്തൊന്നും കാനാന്‍കാര്‍ വാസമില്ലാതിരുന്നതിനാല്‍ സുരക്ഷിതം എന്നു കരുതിയാവാം ഇസ്രായേലിന്റെ ആരാധനാകേന്ദ്രമായി ഷീലോ തിരഞ്ഞെടുത്തത്.

ന്യായാധിപന്മാരുടെ കാലത്ത് ഷീലോ വലിയൊരു തീര്‍ത്ഥാടനകേന്ദ്രമായി വളര്‍ന്നു. ഇസ്രായേല്‍ ഗോത്രങ്ങളെല്ലാം തിരുനാളുകളില്‍ അവിടെ സമ്മേളിക്കുക പതിവായിരുന്നു. മുന്തിരി വിളവെടുപ്പുമായി ബന്ധപ്പെട്ട കൂടാരതിരുനാളിന്റെ ആഘോഷാവസരത്തില്‍ ബെഞ്ചമിന്‍ ഗോത്രത്തിന്റെ നിലനില്പിനുവേണ്ടി ഭാര്യമാരെ ഷീലോയില്‍ നിന്നു കണ്ടെത്തിയതിന്റെ വിവരണം ന്യായാ 21,19-21-ല്‍ കാണാം. ഷീലോയിലേക്കു നടത്തിയ തീര്‍ത്ഥാടനത്തിന്റെ അവസരത്തിലാണ് വന്ധ്യയും അതിനാല്‍ത്തന്നെ ദുഃഖിതയും ആയ ഹന്നാ ഒരു കുഞ്ഞിനുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചത്. തനിക്കു ലഭിച്ച ആദ്യജാതനെ കര്‍ത്താവ് പ്രാര്‍ത്ഥന കേട്ടു എന്ന് അര്‍ത്ഥമുള്ള സാമുവേല്‍ എന്ന് വിളിക്കുകയും ദൈവശുശ്രൂശയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തതും ഷീലോയിലാണ്.

വൃദ്ധ പുരോഹിതനായ ഏലിയുടെ കൂടെയാണ് സാമുവേല്‍ ശുശ്രൂഷ ആരംഭിച്ചത്. ഏലിയുടെ അശ്രദ്ധയും മക്കളുടെ അധര്‍മ്മവും നിമിത്തം ഏലികുടുംബത്തെ കഠിനമായി ശിക്ഷിക്കുമെന്നും താന്‍ വാസസ്ഥലമായി തിരഞ്ഞെടുത്ത ഷീലോ നശിപ്പിക്കുമെന്നും കര്‍ത്താവ് സാമുവേലിന് ദര്‍ശനത്തിലൂടെ മുന്നറിയിപ്പു നല്കി (1 സാമു 2,22-3,18). കര്‍ത്താവ് അറിയിച്ചതനുസരിച്ച് ഏലിയുടെ രണ്ടു മക്കളും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഫിലിസ്ത്യര്‍ കര്‍ത്താവിന്റെ പേടകം പിടിച്ചെടുത്തു. വാര്‍ത്തയേല്പിച്ച ആഘാതമേറ്റ ഏലി മരിച്ചു. പേടകം നഷ്ടപ്പെട്ട ഷീലോയിലെ ആലയം ഫിലിസ്ത്യര്‍ നശിപ്പിച്ചു എന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്.

ഫിലിസ്ത്യര്‍ പിടിച്ചെടുത്ത പേടകം പിന്നീട് ഷീലോയിലേക്കു തിരിച്ചുവന്നില്ല. ഷീലോയില്‍ അവശേഷിച്ച ഏലിയുടെ പിന്‍തലമുറ നോബിലേക്കു മാറി താമസിച്ചു. സാവൂളിന്റെ കാലത്ത് അവിടുത്തെ ആരാധനയും ബലിയര്‍പ്പണവും തുടര്‍ന്നു (1 സാമു 14,3; 22,1). ഇസ്രായേലിന്റെ അധര്‍മ്മം മൂലം നശിപ്പിക്കപ്പെട്ട പട്ടണമാണ് ഷീലോ. പിന്നീട് ഒരിക്കലും അത് പുതുക്കി പണിതിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് ഇന്നും കുന്നില്‍ ചരുവില്‍, ഗോതമ്പുകൃഷിയിടത്തിനു നടുവില്‍, ഒരു കല്ക്കൂന കാണാം; ഇതായിരുന്നു ഷീലോ എന്ന ഒരു ഫലകവും അവിടെയുണ്ട്.

അധര്‍മ്മം വിളിച്ചുവരുത്തുന്ന വിനാശത്തിന്റെ പ്രതീകമായി ജെറെമിയാ പ്രവാചകന്‍ ഷീലോയെ എടുത്തുകാട്ടുന്നുണ്ട്. ''ഷീലോയില്‍ ചെന്നു നോക്കുവിന്‍. എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടത നിമിത്തം ഞാന്‍ അവിടെ എന്താണു ചെയ്തതെന്നു കാണുവിന്‍'' (ജറെ 7,12). ജറുസലെം നശിപ്പിക്കപ്പെടും എന്ന പ്രവചനത്തിന് തെളിവായാണ് ഷീലോയുടെ കാര്യം പറഞ്ഞത്. തകര്‍ന്നുപോയ ജറുസലേമില്‍ അവശേഷിക്കുന്ന വിലാപത്തിന്റെ മതിലും ഷീലോയിലെ കല്ക്കൂനയും ഒരേ കാര്യം തന്നെ വിളിച്ചുപറയുന്നു: അധര്‍മ്മം സമൂലനാശത്തിനു കാരണമാകും. ദേവാലയം പോലും നശിപ്പിക്കപ്പെടും. ഇതാ നിങ്ങളുടെ ആലയം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു, കല്ലിന്മേല്‍ കല്ലുശേഷിക്കാതെ നശിപ്പിക്കപ്പെടും (ലൂക്കാ 13,35; 19-41-44) എന്ന യേശുവിന്റെ തിരുവചനവും ഷീലോയുടെ സന്ദേശം തന്നെ നല്കുന്നു. കല്ലും മണ്ണുംകൊണ്ടു നിര്‍മ്മിച്ച ആലയങ്ങള്‍ മാത്രമല്ല. ദൈവത്തിന്റെ സജീവാലയങ്ങളായ മനുഷ്യര്‍ക്കും ഇതുതന്നെ സംഭവിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org