
ഉയരുക - ഉയര്‍ത്തുക എന്നര്‍ഥമുള്ള റൂം എന്ന ക്രിയാധാതുവില്‍നിന്നാണ് റാമാ എന്ന ഹീബ്രുവാക്കിന്റെ ഉത്ഭവം. ''ഉയര്‍ന്നത്'' എന്നാണ് അര്‍ഥം - കുന്ന്, മല എന്നൊക്കെയാണ് വിവക്ഷ. അബ്രാഹം എന്ന പുതിയ പേര് കര്‍ത്താവു നല്കുന്നതിനുമുമ്പ് പൂര്‍വ്വപിതാവിന്റെ പേരായിരുന്ന അബിറാം അഥവാ അബ്‌റാം ഈ വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. റാമാ എന്ന പേരില്‍ അറിയപ്പെടുന്ന പല സ്ഥലങ്ങളെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ട്. അവയില്‍ നിന്ന് പുതിയ നിയമത്തില്‍ പരാമര്‍ശവിഷയമാകുന്ന റാമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
''റാമായില്‍ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ തന്റെ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സ്വാന്തനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍ അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു'' (മത്താ 2,18). ബേത്‌ലെഹെമിലും ചുറ്റുപാടുമുള്ള ആണ്‍കുഞ്ഞുങ്ങളെ ഹെറോദേസ് വധിച്ചപ്പോള്‍ പൂര്‍ത്തിയായ ജെറെമിയായുടെ പ്രവചനമാണിത് (ജെറെ 31,15). നബുക്കദ്‌നേസര്‍ രാജാവ് പതിനായിരക്കണക്കിന് യഹൂദരെ അടിമകളായി ജറുസലെമില്‍നിന്ന് ബാബിലോണിലേക്കു കൊണ്ടുപോയപ്പോള്‍ തങ്ങിയ ഒരു ഇടത്താവളമാണ് റാമാ. അവിടെവച്ചാണ് തടവുകാരില്‍നിന്ന് ജറെമിയായെ പ്രത്യേകം തിരഞ്ഞെടുത്തു മോചിപ്പിച്ചത് (ജറെ 40,1).
ബെഥേലില്‍നിന്ന് ബെത്‌ലെഹമിലേക്കു ഉള്ള യാത്രാമധ്യേ റാഹേല്‍ തന്റെ രണ്ടാമത്തെ മകനായ ബെഞ്ചമിനെ പ്രസവിച്ച സ്ഥലമാണിത്. പ്രസവത്തോടെ റാഹേല്‍ മരിച്ചു. ദുഃഖാര്‍ത്ഥനായ യാക്കോബ് തന്റെ ഇഷ്ടപത്‌നിയെ അവിടെ സംസ്‌കരിച്ചു; കല്ലറയുടെ മുകളില്‍ ഒരു സ്തംഭവും സ്ഥാപിച്ചു (ഉല്‍പ 35,16-20). റാഹേലിന്റെ ശവകുടീരം ഇന്നും അവിടെയുണ്ട്. അതിനാലാണ് റാമായില്‍നിന്നു റാഹേല്‍ തന്റെ മക്കളെ ഓര്‍ത്തുകരയുന്നു എന്നു പ്രവാചകന്‍ പറയുന്നത് റാഹേലിന്റെ മക്കളായിരുന്നു ജോസഫും ബെഞ്ചമിനും. ഇസ്രായേല്‍ ജനത്തിന്റെ മുഴുവന്‍ പ്രതിനിധികളായിട്ടാണ് പ്രവാചകന്‍ അവരെ കാണുന്നത്. പ്രവാസത്തിലേക്കു പോയവര്‍ എന്നേക്കുമായി നഷ്ടപ്പെട്ടു എന്ന ചിന്ത ഈ വിലാപത്തിനു പിന്നിലുണ്ട്. യേശുവിനെ വധിക്കാന്‍ ശ്രമിച്ച ഹേറോദേസിന്റെ ക്രൂരതയില്‍ മക്കള്‍ നഷ്ടപ്പെട്ട മാതാക്കളിലൂടെ റാഹേലിന്റെ വിലാപം പ്രതിധ്വനിക്കുന്നു എന്നാണ് സുവിശേഷകനായ മത്തായി സൂചിപ്പിക്കുന്നത്.
നിഷ്‌ക്കരുണം വധിക്കപ്പെടുന്ന മക്കളുടെയെല്ലാം മാതാവാണ് റാഹേല്‍. തന്റെ സിംഹാസനത്തിന് ഇളക്കം തട്ടിയേക്കും എന്നു ഭയന്നാണ് ഹേറോദേസ് ശിശുക്കളെ വധിച്ചത്. നിരപാരാധരായ ശിശുക്കളും വൃദ്ധരും മാറാരോഗികളും വികലാംഗരും ഇന്നും വധിക്കപ്പെടുന്നു, ഗര്‍ഭഛിദ്രവും ഭീകരാക്രമണവും ദയാവധവും പട്ടിണിയും മറ്റും വഴി. മനുഷ്യന്റെ ദുഷ്ടതയും ക്രൂരതയും, അനാസ്ഥയും നിസ്സംഗതയും വഴി നിരപരാധരുടെ ജീവന്‍ നഷ്ടപ്പെടുന്നിടത്തെല്ലാം റാമായുണ്ട്. അവിടെ നിന്നുയരുന്ന പൂര്‍വ്വമാതാവിന്റെ വിലാപം അന്തരീക്ഷത്തില്‍ അലതല്ലിക്കൊണ്ടേയിരിക്കും.
ജറുസലേമില്‍നിന്ന് 8 കി.മീ. വടക്കാണ് റാമാ. ഏര്‍ - റാം എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ഈ കുന്നിന്‍ മുകളില്‍ ഇസ്രായേല്‍ രാജാവായ ബാഷാ ഒരു കോട്ട പണിയാന്‍ ശ്രമിച്ചു. ബെഥേലില്‍ നിന്നു ജറുസലേമിലേക്കുള്ള വഴിയിലാണിത്. തലസ്ഥാന നഗരിക്കു ഭീഷണിയായിത്തീരും എന്നു കരുതിയ യൂദാരാജാവ് ആസാ അതിനെ എതിര്‍ത്തു, സിറിയായുടെ സഹായത്തോടെ ബാഷായെ തുരത്തി (1 രാജാ 15,17-22).
റാമാ എന്നും ഒരു പേടിസ്വപ്നമായിരുന്നു. യൂദായുടെ വടക്കേ അതിര്‍ത്തിയോടു ചേര്‍ന്ന്, ബെഞ്ചമിന്‍ ഗോത്രത്തിന്റെ അവകാശഭൂമിയിലുള്ള ഈ പട്ടണം വടക്കുനിന്നു വരുന്ന ശത്രുക്കളുടെ അവസാനത്തെ താവളമാണ്. അവിടെനിന്നാണ് തലസ്ഥാന നഗരിയായ ജറുസലെമിനെതിരേ ആക്രമണം തുടങ്ങുക. അതുകൊണ്ടാണ് ''റാമാ വിറകൊള്ളുന്നു'' എന്ന് ഏശയ്യായും (ഏശ 10,29) ''റാമായില്‍ കാഹളം മുഴക്കുക'' എന്ന് ഹോസിയായും (ഹോസി 5,8) പറയുന്നത്. നിലവിളിയുടെയും പോര്‍വിളിയുടെയും മാറ്റൊലികള്‍ ഉയര്‍ത്തിക്കൊണ്ട് ഏര്‍-റാം എന്ന കുന്നിന്‍ മുകളില്‍ റാമായുടെ തകര്‍ന്ന കല്ലുകളും റാഹേലിന്റെ ശവകുടീരവും ഇന്നും നിലകൊള്ളുന്നു.