
ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന് അവിടെ ഇരുന്നപ്പോള്‍ ശിഷ്യന്മാര് അടുത്തെത്തി. അവന് അവരെ പഠിപ്പിക്കാന്‍ തുടങ്ങി. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവരുടേതാണ്.
മത്താ. 5:1-3
ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം
യേശുവിന്റെ പ്രസംഗങ്ങ ളില്‍ ഏറ്റവുമധികം അറിയപ്പെടു ന്നതാണല്ലോ മത്താ 5-7 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന മലയിലെ പ്രസംഗം. 'ഭാഗ്യവാന്മാര്' എന്ന് എട്ടു തവണ ആവര്‍ത്തിച്ചുകൊണ്ട് പ്രസംഗം ആരംഭിക്കുന്നതിനാല്‍ 'അഷ്ടഭാഗ്യങ്ങളുടെ മല' (Mount of Beatitudes) എന്ന് അറിയപ്പെടുന്ന ഈ മല കഫര്‍ണാമിനും തബ്ഗായ്ക്കും ഇടയില്‍, ഗലീലി തടാക തീരത്തുനിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.
'മല' എന്നു പറയുന്നെങ്കിലും ഇത് ചെറിയൊരു കുന്നു മാത്രമാണ്, ഗലീലി തടാകത്തിന്റെ ഉപരിതലത്തില്‍നിന്ന് ഏകദേശം 200 മീറ്റര്‍ ഉയര്‍ന്നു നില്ക്കുന്ന ചെറിയൊരു കുന്ന്. സമുദ്രനിരപ്പ് എന്നു സാധാരണ വിശേഷിപ്പിക്കുന്ന മധ്യധരണ്യാഴിയുടെ ഉപരിതലത്തില്‍നിന്ന് ഏകദേശം 230 മീറ്റര്‍ താഴെയാണ് ഗലീലിതടാകത്തിന്റെ ഉപരിതലം എന്നു മനസിലാക്കുമ്പോള്‍, യേശു പ്രസംഗിക്കാന്‍ കയറിയ മലമുകള്‍ യഥാര്‍ഥത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 25 മീറ്റര്‍ താഴെയായിരുന്നുവെന്നു ശ്രദ്ധേയമായൊരറിവു ലഭിക്കും. പ്രസംഗിക്കാനായി കയറിയ മലയുടെ ഉയരമല്ല, മല എന്ന പ്രതീകമാണ് പ്രധാനം എന്ന് ഈ യാഥാര്‍ഥ്യം നമ്മെ അനുസ്മരിപ്പിക്കുന്നു.
'ഹര് ഹ ഓഷെര്' എന്നാണ് ഈ മല ഹീബ്രുഭാഷയില്‍ ഇന്നറിയപ്പെടുന്നത് 'ഭാഗ്യങ്ങളുടെ മല' (Mount of Beatitudes) എന്നര്‍ഥം. എന്നാല്‍ മുന്‍കാലങ്ങളില്‍, പ്രത്യേകിച്ചും ബൈസന്റൈന്‍ ഭരണകാലത്ത്, ഈ മല ഗ്രീക്കു ഭാഷയില്‍ 'ഓരോസ് ഹെരെമോണ്' (Oros heremon) എന്നാണ് അറിയപ്പെട്ടിരുന്നത്. 'ഓരോസ്' എന്നാല്‍ മല എന്നര്‍ഥം; ഹെരെമോണ് എന്ന വിശേഷണത്തിന് വിജനം, ശൂന്യം, ആള്‍പാര്‍പ്പില്ലാത്തത് എന്നും. അതിനാല്‍ 'ഏകാന്തതയുടെ മല' എന്നും ഇതിനെ വിശേഷിപ്പിക്കാം.
യേശു തന്റെ പരസ്യ ജീവിതത്തിന്റെ ആദ്യപകുതി ഈ മലയുടെ ചുറ്റുവട്ടത്തി ലായിരുന്നു ചിലവഴിച്ചത്. ജനക്കൂട്ടത്തില്‍ നിന്നകന്ന്, പ്രാര്‍ഥിക്കാനായി ഏകാന്തത തേടി യേശു വിജന സ്ഥലത്തേക്കു പോയിരുന്ന തായി സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് (മര്‍ക്കോ. 1:35; ലൂക്കാ 4:42). തന്നെതേടി വിജനസ്ഥലത്തെ ത്തിയ ആയിരക്കണക്കിനു ജനങ്ങളോടു സുവിശേഷം പ്രസംഗിച്ചതും തുടര്‍ന്ന് അപ്പം വര്‍ധിപ്പിച്ച് അവരെ തൃപ്തരാക്കിയതും ഈ മലയുടെ അടിവാരത്തുള്ള തബ്ഗായില്‍ വച്ചായിരുന്നു (മത്താ. 14:13-15, മര്‍ക്കോ. 6:31-35; ലൂക്കാ 9:12). അപ്പം തിന്നു തൃപ്തരായ ജനം, തന്നെ ബലമായി പിടിച്ച് രാജാവാക്കാന്‍ പോകുന്നു എന്നു മനസിലാക്കിയ യേശു 'വീണ്ടും മലമുകളിലേക്കു പിന്മാറി' (യോഹ. 6:15) എന്നു പറയുമ്പോള്‍ യോഹന്നാന് സൂചിപ്പിക്കുന്നതും ഈ മല തന്നെ.
പുതിയ നിയമത്തിലെ 'ഭാഗ്യമല' പഴയനിയമത്തിലെ സീനായ് മലയ്ക്കു സമാന്തരമായി നില്ക്കുന്നു. ഏകാന്തതയില്‍ ദൈവികസാന്നിധ്യം തേടി മോശ കയറിപ്പോയതും ഉടമ്പടിയുടെ പ്രമാണപ്പലകകള് സ്വീകരിച്ചതും സീനായ് മലയില്‍ വച്ചാണ്. പഴയനിയമത്തിന്റെ പൂര്‍ത്തീകരണമായ പുതിയ നിയമം യേശു വിശദീകരിച്ചതാണ് മലയിലെ പ്രസംഗം (മത്താ. 5:7). അതില്‍ 'പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു' എന്ന് ആറു തവണ ആവര്‍ത്തിച്ചുകൊണ്ട് പഴയതും പുതിയതുമായ ഉടമ്പടികളും പ്രമാണങ്ങളും തമ്മിലുള്ള ബന്ധവും വ്യത്യാസങ്ങളും യേശു എടുത്തുകാട്ടി. അങ്ങനെ അഷ്ടഭാഗ്യങ്ങളുടെ മല പുതിയ ഉടമ്പടിയുടെ മലയാണ്; അതു പ്രഘോഷിച്ച യേശു പുതിയ മോശയും. കല്പലകകളില് എഴുതിയ പഴയ ഉടമ്പടിയുടെ സ്ഥാനത്ത് ഹൃദയഫലകങ്ങളില്‍ എഴുതുന്ന പുതിയ ഉടമ്പടിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ (ജെറ. 3:31-33; എസെ. 36:25-28) യേശുവില്‍ പൂര്‍ത്തിയായതും ഈ ഭാഗ്യമല അനുസ്മരിപ്പിക്കുന്നു.
അഷ്ടഭാഗ്യങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ തീര്‍ഥാടകരെ ക്ഷണിച്ചുകൊണ്ട് മലമുകളില്‍ നില്ക്കുന്ന ദേവാലയമാണ് മലയിലെ ഏറ്റം പ്രധാനസ്ഥലം. നാലാം നൂറ്റാണ്ടില്‍ പണി കഴിച്ച ദേവാലയം ഏഴാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ടു. അതിന്റെ നഷ്ടാവശിഷ്ടങ്ങള്‍ ഈ ദേവാലയം സ്ഥിതി ചെയ്യുന്നതിന്റെ താഴ്ഭാഗത്തും കാണാം. അഷ്ടഭാഗ്യങ്ങളെ അനുസ്മരിപ്പിക്കും വിധം അഷ്ടകോണാകൃതിയില്‍ ഇപ്പോള്‍ കാണുന്ന ദേവാലയം ഇറ്റാലിയന്‍ ഭരണാധികാരിയായിരുന്ന മുസ്സോലിനിയുടെ സാമ്പത്തിക സഹായത്തോടെ 1934-39 കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ്.
ഇറ്റലിയില്‍ നിന്നുള്ള ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് മേല്‍നോട്ടം വഹിക്കുന്നു. എട്ട് വശങ്ങളുള്ള ദേവാലയത്തിന്റെ ഉള്‍ഭിത്തിയുടെ ഓരോ വശത്തും അഷ്ടഭാഗ്യങ്ങളില്‍ ഓരോന്ന് ലത്തീന്‍ ഭാഷയില്‍ ആലേഖനം ചെയ്തിരിക്കുന്നു. മുകളിലുള്ള താഴികക്കുടം യേശുവിനെ പ്രതി പീഡനമേല്ക്കുന്നവര്ക്കു ലഭിക്കാനിരിക്കുന്ന ഒമ്പതാമത്തെ ഭാഗ്യത്തെ (മത്താ. 5:11-12) അനുസ്മരിപ്പിക്കുന്നു. 1926-ല്‍ തീര്‍ഥാടകര്‍ക്കുവേണ്ടി പണി കഴിക്കപ്പെട്ട അതിഥിമന്ദിരം, 2000-ാമാണ്ടില്‍ പണിതീര്‍ത്ത 'ദോമുസ് ഗലീലെയേ' എന്ന പേരില്‍ അറിയപ്പെടുന്ന സമ്മേളനം - ധ്യാനകേന്ദ്രം, അപ്പസ്തോലന്മാരുടെ ഗുഹ എന്നറിയപ്പെടുന്ന ഗുഹ മുതലായവയും ഭാഗ്യമലയിലെ ആകര്‍ഷകങ്ങളായ സ്ഥലങ്ങളാണ്.
(തുടരും)