മെഗിദോ : അന്തിമപോരാട്ടത്തിന്റെ പര്‍വ്വതം

തീര്‍ഥാടനം ഒന്നാം ഭാഗം : ഏദേന്‍ മുതല്‍ പറുദീസ വരെ
മെഗിദോ : അന്തിമപോരാട്ടത്തിന്റെ പര്‍വ്വതം
Published on

കാര്‍മ്മല്‍ പര്‍വ്വതനിരയുടെ തെക്കു കിഴക്കേ അറ്റത്ത്, മലയിടുക്കില്‍ പണിയപ്പെട്ട പട്ടണമാണ് മെഗിദോ. മധ്യധരണ്യാഴിയുടെ തീരത്തെ തുറമുഖ നഗരമായ ഹയ്ഫായില്‍ നിന്ന് ഏകദേശം 30 കി.മീ. തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിലൂടെയാണ് സുപ്രധാനമായ രണ്ടു വാണിജ്യപാതകള്‍ കടന്നുപോയിരുന്നത്.

തെക്കുപടിഞ്ഞാറ് ഈജിപ്തില്‍നിന്ന് വടക്കു കിഴക്ക് സിറിയായിലേക്കും മെസൊപൊട്ടാമിയായിലേക്കുമുള്ള രാജപാത ഇതിലേ കടന്നു പോകുന്നു. തെക്ക് കിഴക്ക് അറേബ്യയില്‍ നിന്ന് വടക്കു പടിഞ്ഞാറ് ടയിര്‍, സീദോന്‍ മുതലായ ഫെനീഷ്യന്‍ നഗരങ്ങളിലേക്കുള്ള വാണിജ്യപാതയും ഈ പട്ടണത്തിലൂടെയാണ് കടന്നു പോയിരുന്നത്. അതിനാല്‍ത്തന്നെ അനേകം യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു പട്ടണമാണ് മെഗിദോ.

പാലസ്തീനായില്‍ പുരാവസ്തു ഗവേഷകര്‍ ഏറ്റം കൂടുതല്‍ പഠനംനടത്തിയ പട്ടണങ്ങളിലൊന്നാണ് മെഗിദോ. ഏകദേശം 13 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഈ പട്ടണത്തില്‍ ഗവേഷണം നടത്തിയവര്‍ 20 വ്യത്യസ്ത കാലഘട്ടങ്ങളില്‍ പണിയപ്പെട്ട നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി കണ്ടെത്തിയിട്ടുണ്ട്. ഏറ്റം അടിയിലത്തെ തട്ടില്‍ കാണുന്ന അവശിഷ്ടങ്ങള്‍ക്ക് അയ്യായിരത്തില്‍പരം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ബി.സി.നാലാം സഹസ്രാബ്ദത്തിന്റെ ആരംഭം മുതല്‍ ഇവിടെ ജനവാസമുണ്ടായിരുന്നു.

ജോഷ്വാ കീഴടക്കിയ 31 പട്ടണങ്ങളുടെ പട്ടികയില്‍ മെഗിദോയും ഉണ്ടെങ്കിലും (ജോഷ്വാ 12,21). മനാസ്സെ ഗോത്രത്തിന് അവകാശമായി കിട്ടിയ ആ നഗരത്തില്‍ നിന്നു കാനാന്‍കാരെ തുരത്താന്‍ കഴിഞ്ഞില്ല എന്ന് ന്യായാ 1,27-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദിന്റെ കാലത്താണ് മെഗിദോ ഇസ്രായേലിന്റെ ആധിപത്യത്തിലായത്. സോളമന്‍ പുതുക്കിപ്പണിത ഒരു പ്രാദേശിക തലസ്ഥാനമായിരുന്നു മെഗിദോ (1 രാജാ 4,12).

ആഹാബിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്ത യേഹുവിന്റെ ശരമേറ്റ യൂദാരാജാവ് അഹസിയാ മെഗിദോയില്‍ വച്ചാണ് മരിച്ചത് (2 രാജാ 9,27). യൂദായില്‍ മനനവീകരണത്തിന് മുന്‍കൈ എടുക്കുകയും ജെറമിയാ പ്രവാചകന്റെ പ്രശംസയ്ക്ക് അര്‍ഹനാവുകയും ചെയ്ത ജോസിയാ രാജാവും യുദ്ധത്തില്‍ മരിച്ചത് മെഗിദോയില്‍ വച്ചുതന്നെ. ബാബിലോണിനെതിരേ യുദ്ധം ചെയ്യുന്ന അസീറിയായെ സഹായിക്കാന്‍ വലിയൊരു സൈന്യവുമായി പോയ ഈജിപ്തിലെ ഫറവോ നെക്കോയെ തടയാന്‍ ശ്രമിച്ചതാണ് ജോസായിയ്ക്കു മാരകമായ മുറിവേല്ക്കാന്‍ കാരണം (2 രാജാ 23,29).

കോട്ടകളുടെയും കൊട്ടാരങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇന്ന് കാഴ്ചക്കാരെ പ്രത്യേകം ആകര്‍ഷിക്കുന്ന ഒന്നാണ് നഗരമധ്യത്തിലുള്ള ധാന്യസംഭരണിക്കുഴി. 21 അടി ആഴവും 37 അടി വ്യാസവുമുള്ള ഭീമാകാരമായ ഈ കിണര്‍ ധാന്യം സംഭരിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. പട്ടണമതിലിനു പുറത്തുള്ള ഭൂഗര്‍ഭ ഉറവയിലേക്ക് പട്ടണത്തിനുള്ളില്‍നിന്നുണ്ടാക്കിയ തുരങ്കവും ശ്രദ്ധേയമത്രെ. ശത്രുക്കള്‍ നഗരം ഉപരോധിക്കുമ്പോഴും വെള്ളം ഈ തുരങ്കത്തിലൂടെ നഗരത്തിനുള്ളിലെ വലിയ കിണറ്റിലേക്ക് ഒഴുകിക്കൊണ്ടിരിക്കും.

യുദ്ധത്തിന്റെയും വിലാപത്തിന്റെയും പ്രതീകമായിട്ടാണ് മെഗിദോ അറിയപ്പെടുന്നത് (സഖ 12,11). വെളിപാടു പുസ്തകത്തില്‍ നന്മയും തിന്മയും തമ്മില്‍, സാത്താനും ക്രിസ്തും തമ്മില്‍ നടക്കാന്‍ പോകുന്ന അന്തിമപോരാട്ടത്തിന്റെ സ്ഥലം എന്നു വിശേഷിപ്പിക്കുന്ന ഹര്‍മഗെദോന്‍ (വെളി. 16,16; 19,17-21) മെഗിദോയുടെ ഒരു പര്യായമായി കരുതുന്നവരുണ്ട്. മെഗിദോമല എന്നു അര്‍ത്ഥമുള്ള ''ഹര്‍മെഗിദോ'' എന്ന ഹീബ്രു നാമം ഗ്രീക്കിലേക്കു പകര്‍ത്തിയപ്പോള്‍ ഹര്‍മഗെദോന്‍ എന്നായതാവാം.

ഈ നിഗമനം ശരിയാണെങ്കില്‍ മെഗിദോ വലിയൊരു പ്രതീകമാണ്. ജീവിതംതന്നെ യുദ്ധഭൂമിയാണെന്നും ഇവിടെ നന്മയോടു ചേര്‍ന്നു നില്ക്കുക ജീവല്‍ പ്രധാനമാണെന്നും അനുസ്മരിപ്പിക്കുന്ന പ്രതീകം. ഇന്നെടുക്കുന്ന തീരുമാനമാണ് അന്തിമവിധിയിലും പരിഗണിക്കപ്പെടുക. ദൈവരാജ്യത്തിന്റെ സംസ്ഥാപനത്തിനു വേണ്ടിയുള്ള യുദ്ധം അതിന്റെ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നു എന്നും മെഗിദോ-ഹര്‍മഗെദോന്‍ അനുസ്മരിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org