മാഗ്ദല : മോചനഗോപുരം

തീർഥാടനം [രണ്ടാം ഭാഗം] - നസ്രത്തിൽ നിന്ന് പുതിയ ജറുസലത്തേക്ക്
മാഗ്ദല : മോചനഗോപുരം
Published on

''ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളും മഗ്ദലേനാ എന്നു വിളിക്കപ്പെട്ടവളുമായ മറിയവും... അവരോടൊപ്പം ഉണ്ടായിരുന്നു''

ലൂക്കാ 8:2

  • ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

ബൈബിളില്‍ ഒരിക്കല്‍ പോലും പേരെടുത്തു പറയാത്ത ഒരു നഗരമാണ് മാഗ്ദല. യേശു വിനെ അനുഗമിച്ച സ്ത്രീകളില്‍ ഒരാള്‍ മഗ്ദലേനാ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു എന്നു മാത്രമാണ് സുവിശേഷങ്ങളില്‍ കാണുന്നത്. 'മാഗ്ദലയില്‍ നിന്നുള്ളവള്‍' എന്നാണല്ലോ 'മഗ്ദലേന' എന്ന പേരിനര്‍ഥം.

യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ മഗ്ദലേനാ യ്ക്കു വലിയ പ്രാധാന്യമുണ്ട്. ഉത്ഥിതനായ യേശുവിനെ ആദ്യം കണ്ടതും യേശു ഉയിര്‍ ത്തെഴുന്നേറ്റു എന്ന് ശിഷ്യന്മാരെ അറിയിച്ചതും മഗ്ദലേനായാണ് (യോഹ. 20:11-18). 'അപ്പസ്‌തോ ലന്മാരുടെ അപ്പസ്‌തോല' (apostle of the apostles) എന്ന് ക്രിസ്തീയ പാരമ്പര്യം അവളെ വിശേഷിപ്പിക്കുന്നു. കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുകയും ഞായറാഴ്ച രാവിലെ ശവകുടീരം സന്ദര്‍ശിക്കുകയും ചെയ്ത സ്ത്രീകളുടെ കൂട്ടത്തില്‍ മറിയം മഗ്ദലേനായും ഉണ്ടായിരുന്നു എന്ന് മത്തായിയും മര്‍ക്കോസും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ അവള്‍ വേശ്യയായിരുന്നു എന്ന് ഒരു സുവിശേഷത്തിലുമില്ല. തന്നെയു മല്ല, കത്തോലിക്കാസഭ ഈ പാരമ്പര്യ വിശ്വാസം തള്ളിക്കള യുകയും ചെയ്തു. അതിന്റെ വ്യക്തമായ അടയാളമാണ് മഗ്ദലേനാ മറിയത്തിന്റെ തിരുനാളില്‍ കുര്‍ബാന മധ്യേ വായിക്കാന്‍ നിര്‍ദേശിച്ചിരുന്ന പാപിനിയായ സ്ത്രീയുടെ മാനസാന്തരം (ലൂക്കാ 7:36-50) മാറ്റി, പകരം ഉത്ഥിതനായ യേശുവിനു സാക്ഷ്യം വഹിക്കു ന്നതിന്റെ വിവരണം (യോഹ. 20:1-18) നിര്‍ദേശിച്ചിരിക്കുന്നത്. പിന്നെ എവിടെ നിന്നു വന്നു മറിയം മഗ്ദലേനാ വേശ്യയാ യിരുന്നു എന്ന വിശ്വാസം?

മഗ്ദലേനാ എന്ന പേരു കേള്‍ക്കുമ്പോള്‍ വ്യഭിചാരവും വേശ്യാവൃത്തിയുമല്ല, തിന്മയില്‍ നിന്നു ദൈവം നല്‍കുന്ന മോചനമായിരിക്കണം മനസ്സിലേക്കു കടന്നുവരുന്നത്. തിന്മയുടെ മേലുള്ള ആത്യന്തിക വിജയമാണ് ശൂന്യമായ കല്ലറയും ഉത്ഥിതനായ യേശുവും. രണ്ടിന്റെയും പ്രഥമസാക്ഷിയാണ് മറിയം മഗ്ദലേനാ. അതിനാല്‍ത്തന്നെ, മാഗ്ദല എന്ന നഗരത്തെയും ഈ വിമോചനത്തിന്റെ പ്രതീകവും സാക്ഷ്യവുമായി കാണണം.

രണ്ടു കാര്യങ്ങള്‍ ഇവിടെ ശ്രദ്ധേയമാകുന്നു. 'മഗ്ദലേനാ' എന്ന പേരിന്റെ ഉത്ഭവമാണ് ഒന്നാമത്തേത്. 'മാഗ്ദല എന്ന പട്ടണത്തില്‍ നിന്നുള്ളവള്‍' എന്നാണ് പേരിനര്‍ഥം. യേശുവിന്റെ കാലത്ത് മാഗ്ദല വലിയൊരു പട്ടണമായിരുന്നു. ഹേറോദേസ് അന്തിപ്പാസ് പണികഴിപ്പിച്ച്, തിബേരിയൂസ് സീസറിന്റെ ബഹുമാനാര്‍ഥം തിബേരിയാസ് എന്നു പേരിട്ട്, ഗലീലിയുടെ തലസ്ഥാനമാക്കി മാറ്റിയ പട്ടണത്തില്‍ നിന്ന്

5 കിലോമീറ്റര്‍ വടക്ക്, ഗലീലി കടല്‍തീരത്തുള്ള ഒരു വലിയ വ്യാപാര-വ്യവസായ കേന്ദ്രമായി രുന്നു മാഗ്ദല. മീന്‍പിടുത്തവും സംസ്‌കരണവും കയറ്റുമതിയു മായിരുന്നു മുഖ്യതൊഴില്‍. തിബേരിയാസ് കഴിഞ്ഞാല്‍ ഗലീലിയിലെ ഏറ്റം പ്രധാനപ്പെട്ട പട്ടണമായിരുന്നു അത്.

'ഗോപുരം' എന്നര്‍ഥമുള്ള 'മിഗ്‌ദോല്‍' എന്ന വാക്കില്‍ നിന്നാണ് 'മാഗ്ദല' എന്ന പേരിന്റെ ഉത്ഭവം. 'മാഗ്ദല നുനയ്യ' എന്നായിരുന്നു അരമായ ഭാഷയില്‍ ആ പേര്. 'മത്സ്യഗോ പുരം' എന്നു വാച്യാര്‍ഥം. യഹൂദ ചരിത്രകാരനായ ഫ്‌ളാവിയൂസ് ജൊസേഫൂസിന്റെ വിവരണം അനുസരിച്ച്, മാഗ്ദലയില്‍ 40,000 ആളുകള്‍ വസിച്ചിരുന്നു. റോമിനെ തിരേ യഹൂദര്‍ നടത്തിയ യുദ്ധത്തില്‍ അവിടെ നിന്ന് 230 വഞ്ചികളില്‍ സൈനികര്‍ പങ്കെടുത്തു. അതിനാല്‍ സംശയമില്ല, മാഗ്ദല ഒരു വലിയ തുറമുഖ നഗരവും വ്യവസായ കേന്ദ്രവും ആയിരുന്നു.

വലിയ നഗരങ്ങളുടെ പിന്നാമ്പുറ ങ്ങളില്‍ വേശ്യാവൃത്തി സാധാരണ മായിരുന്നു, ഇന്നത്തെ 'ചുവന്ന തെരുവുകള്‍' പോലെ അതിനാല്‍ മഗ്ദലേനാ എന്ന പേരില്‍ ഒരു ദുഃഖസൂചന ഉണ്ടായതില്‍ അദ്ഭുതപ്പെടാനില്ല.

സുവിശേഷകന്‍ ലൂക്കാ അവളെ പരിചയപ്പെടുത്തുന്ന വിധമാണ് ശ്രദ്ധാര്‍ഹമായ രണ്ടാമത്തെ കാര്യം. ''ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയ വളും മഗ്ദലേനാ എന്നു വിളിക്ക പ്പെടുന്നവളും.'' പിശാചു ബഹിഷ് കരണത്തെക്കുറിച്ചാണ് സുവിശേ ഷകന്‍ പറയുന്നത് എന്നതില്‍ സംശയമില്ല. ഇതിനു തൊട്ടുമുമ്പു പറയുന്നതും കൂടി ശ്രദ്ധിക്കുക. ''അശുദ്ധാത്മാക്കളില്‍ നിന്നു മറ്റു വ്യാധികളില്‍ നിന്നും വിമുക്തരാക്ക പ്പെട്ട പല സ്ത്രീകളും'' (8,2).

മഗ്ദലേന വേശ്യയായിരുന്നു എന്നതിനു മതിയായ തെളിവില്ലെ ങ്കിലും അതിശക്തമായ പൈശാചികാധിപത്യത്തില്‍ നിന്ന് - അതാണല്ലോ 'ഏഴു ദുഷ്ടാത്മാക്കള്‍' സൂചിപ്പിക്കുന്നത് - യേശു മോചിപ്പിച്ചവളാണ് മഗ്ദലേനാ മറിയം. അങ്ങനെ മഗ്ദലേനാ യും മാഗ്ദലയും തിന്മയുടെ ആധിപത്യത്തില്‍ നിന്ന് യേശു നല്കുന്ന വിമോചനത്തിന്റെ പ്രതീകങ്ങളായി നില്‍ക്കുന്നു, നഗരത്തിനു പേരു നല്‍കി ഉയര്‍ന്നു നിന്ന ഗോപുരം പോലെ.

യേശുവിന്റെ കാലത്ത് മാഗ്ദലയില്‍ രണ്ടു സിനഗോഗു കള്‍ ഉണ്ടായിരുന്നു. യേശു അവിടെ പഠിപ്പിച്ചു എന്നു സുവി ശേഷകന്മാര്‍ പറയുന്നില്ല. എങ്കിലും ''അവന്‍ വഞ്ചിയില്‍ കയറി, മഗദാന്‍ പ്രദേശത്തേ ക്കുപോയി'' (മത്താ. 15:39) എന്ന വിവരണത്തില്‍ ഒരു സൂചന കാണാം മാഗ്ദലയുടെ പരിസരമായിരുന്നു മഗദാന്‍ പ്രദേശം. ഏ ഡി 68-ല്‍ റോമാക്കാര്‍ മാഗ്ദല പൂര്‍ണ്ണ മായും നശിപ്പിച്ചു. പിന്നീട് അതു പല തവണ പുതുക്കി പണിയുകയുണ്ടായി. കോണ്‍ സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവ് ഹെലേനാ രാജ്ഞി അവിടെ ഒരു ക്രിസ്തീയ ദൈവാലയം പണിയിച്ചു. ഇസ്ലാം കടന്നുകയറ്റത്തില്‍ അതു നശിപ്പിക്കപ്പെട്ടു. ഇന്ന് തീര്‍ഥാടകരെ ആകര്‍ഷിക്കു ന്നത് തടാകതീരത്തുള്ള, എല്ലാ മത വിശ്വാസികള്‍ക്കും ഒരുമിച്ചു വരാന്‍ വേണ്ടി നിര്‍മ്മിച്ചിരി ക്കുന്ന 'ആഴത്തിലേക്കു നീക്കുക' സംഗമകേന്ദ്രമാണ്. അതില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ഒരു സ്ഥലമുണ്ട്. അതിനു പുറമെ, 'തോണിപ്പള്ളി' (Boat chapel), മിഷന്‍ പള്ളി, സമ്മേളന പള്ളി എന്ന മൂന്നു സമ്മേളന സ്ഥലങ്ങളും ഉണ്ട്.

തിന്മയുടെ സ്വാധീനത്തില്‍ നിന്ന് യേശു നല്‍കുന്ന വിമോചനത്തിന്റെ പ്രതീകമായി മാറി മാഗ്ദലയുടെ പേരിന് അടിസ്ഥാനമായ ഗോപുരം. മഗ്ദലേനാ എന്ന പേരു കേള്‍ക്കുമ്പോള്‍ വ്യഭിചാരവും വേശ്യാവൃത്തിയുമല്ല, തിന്മയില്‍ നിന്നു ദൈവം നല്‍കുന്ന മോചനമായിരിക്കണം മനസ്സിലേക്കു കടന്നുവരുന്നത്. തിന്മയുടെ മേലുള്ള ആത്യ ന്തിക വിജയമാണ് ശൂന്യമായ കല്ലറയും ഉത്ഥിതനായ യേശുവും. രണ്ടിന്റെയും പ്രഥമസാക്ഷിയാണ് മറിയം മഗ്ദലേനാ. അതിനാല്‍ത്തന്നെ, മാഗ്ദല എന്ന നഗരത്തെയും ഈ വിമോചനത്തിന്റെ പ്രതീകവും സാക്ഷ്യവുമായി കാണണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org