ജറുസലെം : സമാധാനത്തിന്റെ നഗരം

തീര്‍ഥാടനം ഒന്നാം ഭാഗം : ഏദേന്‍ മുതല്‍ പറുദീസ വരെ
ജറുസലെം : സമാധാനത്തിന്റെ നഗരം
Published on

സമാധാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍!

ലൂക്കാ 19,42

രക്ഷാചരിത്രത്തിന്റെ നാള്‍വഴികളിലൂടെയുള്ള ഈ തീര്‍ത്ഥാടനത്തില്‍ നിര്‍ണ്ണായകമായൊരു സ്ഥലമാണ് ജറുസലെം. അബ്രാഹത്തിന്റെ വിശ്വാസപൈതൃകം അവകാശപ്പെടുന്ന ഇസ്രായേല്‍ക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീമുകള്‍ക്കും ഏറെ പ്രാധാന്യമുള്ള നഗരമാണത്. തങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമായ ഉടമ്പടിയുടെ പേടകം സൂക്ഷിച്ചിരുന്ന ദേവാലയം ജറുസലെമില്‍ ആയിരുന്നു എന്നതാണ് ഇസ്രായേല്‍ക്കാര്‍ക്ക് ഈ നഗരം ഏറ്റം പ്രധാനപ്പെട്ടതാകാന്‍ കാരണം.

മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തു തന്റെ കുരിശുമരണവും ഉത്ഥാനവും മഹത്വീകരണവും വഴി മനുഷ്യരക്ഷ സാക്ഷാല്‍ക്കരിച്ചതും പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ട് സഭ സ്ഥാപിച്ചതും ജറുസലെമില്‍ ആയതിനാല്‍ ക്രിസ്ത്യാനികള്‍ക്ക് ഏറ്റം പ്രധാനപ്പെട്ട വിശുദ്ധ സ്ഥലമാണത്. ഇസ്ലാം മതസ്ഥാപകനായ മുഹമ്മദ് അവിടെനിന്നു സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന മുസ്ലീമുകള്‍ക്കും ജറുസലെം ഏറെ പ്രധാനപ്പെട്ട നഗരമാണ്.

അബ്രാഹവുമായി ബന്ധപ്പെട്ടാണ് ജറുസലെം ആദ്യമായി ബൈബിളില്‍ പരാമര്‍ശവിഷയമാകുന്നത്. യുദ്ധം ജയിച്ചു തിരിച്ചുവരുന്ന അബ്രാഹത്തെ സ്വീകരിക്കാന്‍ കാഴ്ചകളുമായി വന്ന മെല്‍ക്കിസെദെക്ക് ജറുസലെമിലെ രാജാവായിരുന്നു (ഉല്‍പ 14,18). തന്റെ ഏകജാതനെ അര്‍പ്പിക്കാന്‍ അബ്രാഹം ബലിപീഠം ഒരുക്കിയ മോറിയാ മലയിലാണ് ദാവീദ് ഉടമ്പടിയുടെ പേടകം കൂടാരത്തില്‍ പ്രതിഷ്ഠിച്ചതും പിന്നീട് സോളമന്‍ ദേവാലയം നിര്‍മ്മിച്ചതും. അതോടെ ഇസ്രായേല്‍ ജനത്തിന്റെ ഏറ്റം പ്രധാനപ്പെട്ട നഗരമായി മാറി ജറുസലെം.

സമാധാനത്തിന്റെ നഗരം എന്നാണ് ജറുസലെം എന്ന പേരിന്റെ അര്‍ത്ഥം. എന്നാല്‍ ഇത്രമാത്രം അസമാധാനത്തിലൂടെ കടന്നുപോയ മറ്റേതെങ്കിലും നഗരം ലോകത്തില്‍ ഉണ്ടോ എന്നു സംശയിക്കണം. ആകെ 52 തവണ ജറുസലെമില്‍ യുദ്ധമുണ്ടായി. 44 തവണ നഗരം കീഴടങ്ങി. 23 തവണ ദീര്‍ഘമായ ഉപരോധത്തിനു വിധേയമായി. രണ്ടുതവണ സമൂലം നശിപ്പിക്കപ്പെട്ടു. റോമാക്കാര്‍ രണ്ടുതവണ നഗരം കീഴടക്കിയതിനുശേഷം ക്രിസ്ത്യാനികളും മുസ്ലീമുകളും മാറിമാറി അവിടെ ആധിപത്യം സ്ഥാപിച്ചു.

1948 മെയ് 14-ാം തിയതി ഇസ്രായേല്‍ എന്ന രാജ്യം നിലവില്‍ വന്നപ്പോള്‍ ജറുസലെമിന്റെ കിഴക്കുഭാഗം ജോര്‍ദ്ദാന്‍ രാജ്യത്തിന്റെയും പടിഞ്ഞാറുഭാഗം ഇസ്രായേലിന്റെയും ആധിപത്യത്തിലായി. 1967 ജൂണ്‍ 5-10 ല്‍ നടന്ന ആറുദിവസയുദ്ധത്തില്‍ (Friday War) വിജയിച്ച ഇസ്രായേല്‍ ജറുസലെമിനെ വീണ്ടും ഒറ്റ നഗരമാക്കി, തങ്ങളുടെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. പിന്നീട് എല്ലാവര്‍ക്കും അവിടെ മതസ്വാതന്ത്ര്യം അനുവദിച്ചു. എന്നാലും അസമാധാനം നീറിപ്പുകയുന്ന ഒരു നഗരമാണ് ഇന്നും ജറുസലെം.

യേശു തന്റെ പരസ്യജീവിതത്തിലെ അവസാനത്തെ ആഴ്ച ചിലവഴിച്ചത് ജറുസലെമിലായിരുന്നു. നിരന്തരമായ അവിശ്വസ്തതമൂലം നഗരത്തിനു സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് യേശു പലതവണ മുന്നറിയിപ്പുകള്‍ നല്കി, മാനസാന്തരത്തിനു ക്ഷണിച്ചായിരുന്നു. അതില്‍ അവസാനത്തെ ആഹ്വാനമാണ് ആരംഭത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്.

''ദാവീദിന്റെ പുത്രന് ഹോസാന... കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ് അനുഗൃഹീതന്‍'' (മത്താ 21,9; ലൂക്കാ 19,38) എന്ന് ആര്‍ത്തുവിളിക്കുന്ന ആയിരങ്ങളുടെ അകമ്പടിയോടെ, രാജകീയമായി, കഴുതപ്പുറത്തുവരുന്ന യേശു ഒലിവുമലയില്‍നിന്നു ജറുസലെമിനെ നോക്കി വിലപിച്ചു. സമാധാനത്തിനുള്ള അവസാനത്തെ അവസരമായിരുന്നു അത്. ''എന്നാല്‍ അവ ഇപ്പോള്‍ നിന്റെ ദൃഷ്ടിയില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. ശത്രുക്കള്‍ നിനക്കു ചുറ്റും പാളയമടിച്ച് നിന്നെ വളയുകയും... നിന്നില്‍ കല്ലിന്മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍ നിന്റെ സന്ദര്‍ശനദിനം നീ അറിഞ്ഞില്ല'' (ലൂക്കാ 19, 41-44).

മാനസാന്തരത്തിനുള്ള അവസാനത്തെ ആഹ്വാനവും തിരസ്‌കരിച്ച ജറുസലെം എ.ഡി. 70-ല്‍ നശിപ്പിക്കപ്പെട്ടു. യേശുവിന്റെ പ്രവചനം പൂര്‍ത്തിയായി. എന്നാലും നശിപ്പിക്കപ്പെട്ട നഗരം പലതവണ പുതുക്കിപ്പണിയപ്പെട്ടു. ആണ്ടുതോറും തീര്‍ത്ഥാടകരായി വരുന്ന അനേകായിരങ്ങള്‍ക്കുമുമ്പില്‍ ജറുസലെം ഇന്നും വലിയൊരു പ്രതീകവും തീക്ഷ്ണമായ ആഹ്വാനവുമായി നില്ക്കുന്നു; ഒരിക്കലും അസ്തമിക്കാത്ത ദൈവസ്‌നേഹത്തിന്റെ പ്രതീകവും, മാനസാന്തരത്തിനുള്ള ആഹ്വാനവും.

ദൈവം ഒരുവന്‍ മാത്രമേ ഉള്ളൂ. മനുഷ്യരെല്ലാം ആ ഏകദൈവത്തിന്റെ മക്കളും, അതിനാല്‍ത്തന്നെ പരസ്പരം സഹോദരങ്ങളുമാണ്. ആകയാല്‍ എല്ലാവരും പരസ്പരം അംഗീകരിച്ചും സ്‌നേഹിച്ചും, ഐക്യത്തിലും സമാധാനത്തിലും ജീവിക്കണം എന്നതാണ് ദൈവഹിതം എന്നു സമാധാനത്തിന്റെ നഗരമായ ജറുസലെം അനുസ്മരിപ്പിക്കുന്നു. തകര്‍ന്നുപോയ ദേവാലയത്തിന്റെ പടിഞ്ഞാറേ മതിലിനുമുമ്പില്‍ വിലപിക്കുന്ന യഹൂദരും, ദേവാലയഗിരിയില്‍ പണിയപ്പെട്ടിരിക്കുന്ന മോസ്‌കുകളില്‍ നിസ്‌കരിക്കുന്ന മുസ്ലീമുകളും, കാല്‍വരിയിലും തിരുക്കല്ലറയുടെ മുമ്പിലും പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനികളും ഓര്‍മ്മിക്കണം, തങ്ങള്‍ ആരും ശത്രുക്കളല്ല, സഹോദരങ്ങളാണ് എന്ന സത്യം.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ ഒരു സ്വതന്ത്രനഗരമായി ജറുസലെമിനെ പ്രഖ്യാപിക്കണം എന്ന് പോള്‍ VI മാര്‍പാപ്പാ മുന്നോട്ടുവച്ച നിര്‍ദ്ദേശം സ്വീകരിച്ചിരുന്നെങ്കില്‍ ഈ പ്രതീക്ഷയും സ്വപ്‌നവും യാഥാര്‍ത്ഥ്യമാകുമായിരുന്നു. ഇനിയും ആ സാധ്യത നിലനില്ക്കുന്നു.

കണ്ണീരെല്ലാം തുടച്ചുമാറ്റുന്ന, മരണവും വേര്‍പാടും ദുഃഖവും മുറവിളിയും ഇല്ലാത്ത, സമ്പൂര്‍ണ്ണമായ സന്തോഷവും ശാശ്വതമായ സമാധാനവും പ്രദാനം ചെയ്യുന്ന, പുതിയ ജറുസലെമിലേക്കു വിരല്‍ചൂണ്ടുന്ന, ദാവീദിന്റെ നഗരമായ ഭൗതിക ജറുസലെമില്‍ ഈ തീര്‍ത്ഥാടനത്തിന്റെ ആദ്യഘട്ടം സമാപിക്കാം, ശാശ്വതമായ സമാധാനം എന്ന സ്വപ്‌നം വേഗം സാക്ഷാല്‍ക്കരിക്കപ്പെടും എന്ന പ്രതീക്ഷയോടെ, സമാധാനം നല്കണമേ എന്ന പ്രാര്‍ത്ഥനയോടെ...

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org