ഹെര്‍മോണ്‍ : വിശുദ്ധമല

ഹെര്‍മോണ്‍ : വിശുദ്ധമല
Published on

ദൈവത്തിനു പ്രതിഷ്ഠിക്കുക, പൂര്‍ണ്ണമായി സമര്‍പ്പിക്കുക എന്ന് അര്‍ഥമുള്ള ഹാറം എന്നീ ഹീബ്രു വാക്കില്‍നിന്നാണ് ഹെര്‍മോണ്‍ എന്ന വാക്കിന്റെ ഉത്ഭവം. ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ടത് വിശുദ്ധമാണ്; ദൈവത്തിനായി മാറ്റിവയ്ക്കപ്പെട്ടതില്‍ മറ്റ് ആര്‍ക്കും അവകാശമില്ല. വിശുദ്ധം എന്ന വാക്കിന്റെ അര്‍ഥവും ഇതുന്നെയാണ്.

ദൈവത്തിനായി, ദൈവികശുശ്രൂഷയ്ക്കായി, മാറ്റിവയ്ക്കപ്പെടുന്ന വ്യക്തികളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധമായി പരിഗണിക്കപ്പെടുന്നു. അതിനെ മറ്റെന്തെങ്കിലും കാര്യത്തിനായി ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. അതിനാല്‍ ഹാറം എന്ന വാക്കിന് നിഷേധിക്കുക, വിലക്കുക എന്നും അര്‍ത്ഥമുണ്ട്. ഇപ്രകാരം ദൈവത്തിനായി പ്രതിഷ്ഠിക്കപ്പെടുന്ന പട്ടണവും വസ്തുക്കളും ജീവികളും സമ്പൂര്‍ണ്ണദഹനബലിയായി സമര്‍പ്പിക്കേണ്ടതാണ്.

അതില്‍ മറ്റാര്‍ക്കും അവകാശമില്ല. അതില്‍നിന്ന് സ്വന്തം ഉപയോഗത്തിനായി ആരെങ്കിലും എന്തെങ്കിലും എടുത്താല്‍ അത് ദൈവത്തിനെതിരേ ചെയ്യുന്ന പാപമായി പരിഗണിക്കപ്പെടും. ഇപ്രകാരം ഒരു പാപമാണ് ആഖാന്‍ ചെയ്തത്. ദൈവത്തിന് പ്രതിഷ്ഠിക്കപ്പെട്ട സ്ഥലം വിശുദ്ധമാണ്. അവിടെ ആര്‍ക്കും പ്രവേശനമില്ല. ഇപ്രകാരം വിശുദ്ധമായി പരിഗണിക്കപ്പെട്ടിരുന്ന മലയാണ് ഹെര്‍മോണ്‍. അതു ദൈവത്തിന്റെ വാസസ്ഥലമായി തദ്ദേശവാസികള്‍ കരുതിപ്പോന്നു.

ഇസ്രായേലിനു ദൈവം നല്കിയ വാഗ്ദത്തഭൂമിയുടെ വടക്കെ അതിര്‍ത്തിയായി ഹെര്‍മോണ്‍ മല പരിഗണിക്കപ്പെട്ടിരുന്നു (നിയ 3,8; ജോഷ്വാ 12,1). സീദോന്യര്‍ ഈ മലയെ സീറിയോണ്‍ എന്നും അമോര്യര്‍ സെനീര്‍ എന്നു വിളിച്ചിരുന്നു (നിയ 3,9). ബൈബിളില്‍ രണ്ടു തവണ സീയോണ്‍ എന്ന് ഈ മലയെ വിളിക്കുന്നുണ്ട്. ''അരോവര്‍ മുതല്‍ സീയോന്‍മല അതായത്, ഹെര്‍മോണ്‍ വരെയും'' (നിയ 4,48). ''സീയോന്‍ പര്‍വ്വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോണ്‍ തുഷാരം'' (സങ്കീ 133,3) എന്ന് പാടുന്ന സങ്കീര്‍ത്തകന്‍ രണ്ടു പേരുകളും ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കുന്നു.

സീദോന്യരുടെ പ്രയോഗം സങ്കീര്‍ത്തകനും ഉപയോഗിക്കുന്നുണ്ട്: ''അവിടുന്ന് ലെബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു. സീറിയോനെ കാട്ടുപോത്തിനെപ്പോലെയും'' (സങ്കീ 29,6). ന്യായാധിപന്മാരുടെ പുസ്തകത്തില്‍ (3,3) ബാല്‍ ഹെര്‍മ്മോണ്‍ എന്നും ഈ മല അറിയപ്പെടുന്നു. ബാല്‍ ദേവന്റെ വാസസ്ഥലമായി തദ്ദേശവാസികള്‍ വിശ്വസിച്ചിരുന്നതിനാലാവാം ഈ പേരുണ്ടായത്.

ലെബനോന്‍ പര്‍വ്വത നിരയിലെ ഏറ്റം ഉയര്‍ന്ന കൊടുമുടിയാണ് ഹെര്‍മ്മോണ്‍ മല. സമുദ്രനിരപ്പില്‍നിന്ന് 2814 മീറ്റര്‍ ഉയര്‍ന്നു നില്ക്കുന്ന ഈ മലയുടെ മുകളില്‍ ആണ്ടുവട്ടം മുഴുവന്‍ മഞ്ഞുണ്ടാകും. കാനാന്‍ദേശത്തിന്റെ പല ഭാഗത്തുനിന്നും ഈ കൊടുമുടി ദൃശ്യമാണ്. ഇതിന്റെ തെക്കേ ചരുവില്‍ നിന്നാണ് ജോര്‍ദാന്‍ നദി ഉത്ഭവിക്കുന്നത്. ഈ പര്‍വ്വതത്തിന്റെ ചുവട്ടിലായിരുന്നു ഹേറോദേസ് അന്തിപ്പാസ് പണിയിച്ച കേസറിയാ ഫിലിപ്പിപട്ടണം.

അവിടെ വച്ചാണല്ലോ പത്രോസ് വിശ്വാസപ്രഖ്യാപനം നടത്തിയതും യേശു ആസന്നമായിരിക്കുന്ന പീഡാനുഭവത്തെക്കുറിച്ച് ആദ്യത്തെ മുന്നറിയിപ്പു നല്കിയതും (മത്താ 16,13-21). അതിനാല്‍ ആറുദിവസം കഴിഞ്ഞ് സംഭവിച്ച രൂപാന്തരീകരണം ഹെര്‍മ്മോണ്‍ മലയില്‍ വച്ചായിരുന്നു എന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഗലീലിയുടെ മധ്യഭാഗത്ത് ഉയര്‍ന്നുനില്ക്കുന്ന താബോര്‍ മലയാണ് രൂപാന്തരീകരണത്തിന്റെ വേദിയായി പൊതുവേ അംഗീകരിച്ചിട്ടുള്ളത്.

ഹെര്‍മ്മോണ്‍ മലയുടെ ചരുവുകളില്‍ നിബിഢവനങ്ങളുണ്ടായിരുന്നു. ലെബനോനിലെ ദേവദാരുക്കള്‍ അവിടെ സമൃദ്ധമായി വളര്‍ന്നിരുന്നു. ആ വനങ്ങളില്‍ സിഹം, കടുവാ, കരടി, മുതലായ വന്യമൃഗങ്ങള്‍ ധാരാളമുണ്ടായിരുന്നു. ഹെര്‍മ്മോണ്‍ പര്‍വ്വതത്തില്‍ പെയ്തിറങ്ങുന്ന മഴയും മഞ്ഞും പൊടിമഞ്ഞും താഴേക്ക് ഒഴുകി നദികളില്‍ ജലം നിറയ്ക്കുന്നു, ഭൂമിയെ ഫലപുഷ്ടമാക്കുന്നു. ''അവിടെയാണ് കര്‍ത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്'' (സങ്കീ 133,3).

കൃപാമാരി ചൊരിയുന്ന ദൈവികസാന്നിദ്ധ്യത്തിന്റെ അടയാളമായി ഉയര്‍ന്നുനില്ക്കുന്ന ഹെര്‍മോണ്‍ മല സ്വര്‍ഗ്ഗത്തിന്റെ പ്രതീകമാണ്. വിശുദ്ധികൂടാതെ അവിടെ പ്രവേശിക്കാനാവില്ല എന്നും ഹെര്‍മോണ്‍ എന്ന പേര് അനുസ്മരിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org