ഗില്‍ഗാല്‍ : ആദ്യത്തെ പാളയം

ഗില്‍ഗാല്‍ : ആദ്യത്തെ പാളയം
Published on

വാഗ്ദത്ത ഭൂമിയെ ലക്ഷ്യംവച്ചു യാത്ര ചെയ്ത ഇസ്രായേല്‍ജനം ജോഷ്വായുടെ നേതൃത്വത്തില്‍ അത്ഭുതകരമായി ജോര്‍ദാന്‍ നദി കടന്നതിനുശേഷം ആദ്യമായി പാളയമടിച്ച സ്ഥലമാണ് ഗില്‍ഗാല്‍. ജെറീക്കോ പട്ടണത്തില്‍നിന്ന് 2 കി.മീ കിഴക്കായി കണ്ടെത്തിയിരിക്കുന്ന നഷ്ടാവശിഷ്ടങ്ങള്‍ ഗില്‍ഗാലിന്റേതാണെന്നു കരുതപ്പെടുന്നു. പഴയനിയമത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു നഗരമാണ് ഗില്‍ഗാല്‍.

''ശിലാവൃത്തം'' എന്നാണ് ഗില്‍ഗാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്നു വ്യാഖ്യാതാക്കള്‍ കരുതുന്നു. അത്ഭുതകരമായി നദി കടന്നതിന്റെ ഓര്‍മ്മയ്ക്കായി ജോഷ്വായുടെ കല്പനയനുസരിച്ച് ജനം നദിയില്‍ നിന്നെടുത്ത പന്ത്രണ്ടു കല്ലുകള്‍ വൃത്താകൃതിയില്‍ നാട്ടിനിര്‍ത്തി സ്ഥാപിച്ച സ്മാരകത്തില്‍നിന്നാണ് ഈ പേരുണ്ടായത് എന്ന് ഔദ്യോഗികഭാഷ്യം (ജോഷ്വാ 4,19-24). ദൈവത്തിന്റെ രക്ഷാകരപ്രവൃത്തിയും അവിടുത്തെ പ്രമാണങ്ങളും ഓര്‍മ്മിപ്പിക്കാനുള്ള ഒരു സ്മാരകമാണ് ഗില്‍ഗാല്‍.

മരുഭൂമിയില്‍വച്ചു ജനിച്ച ഇസ്രായേല്‍മക്കള്‍ക്ക് അവിടെവച്ച് പരിഛേദനം നല്കിക്കൊണ്ട് ഈജിപ്തിന്റെ അപകീര്‍ത്തി നീക്കിക്കളഞ്ഞതിനാലാണ് ഈ പേരുണ്ടായത് എന്ന് മറ്റൊരു വ്യാഖ്യാനം (ജോഷ്വാ 5,1-9). ഉരുട്ടിമാറ്റുക എന്നര്‍ത്ഥമുള്ള ''ഗലാല്‍'' എന്ന ക്രിയാധാതുവില്‍നിന്നാണ് ഗില്‍ഗാല്‍ എന്ന പേരുണ്ടായതത്രേ. പേരിന്റെ ഉത്ഭവം എന്തായാലും ദൈവത്തോടു വിശ്വസ്തത പുലര്‍ത്താനുള്ള ആഹ്വാനമാണ് ഗില്‍ഗാല്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഗില്‍ഗാല്‍ എപ്പോഴും വിശ്വസ്തതയുടെ കേന്ദ്രവും അടയാളവും മാത്രം ആയിരുന്നില്ല.

ഇവിടെനിന്നാണ് ജോഷ്വാ കാനാന്‍ദേശം കീഴടക്കാനുള്ള മുന്നേറ്റങ്ങള്‍ ആരംഭിച്ചത് (ജോഷ്വാ 6,11-14; 10,6-43). ഇവിടെ സ്ഥാപിച്ചിരുന്ന ആരാധനാലയത്തില്‍ സാമുവേല്‍ ശുശ്രൂഷ നടത്തുകയും നീതിപാലനം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു (1 സാമു 7,16). ഇവിടെവച്ചാണ് സാവൂളിനെ ഇസ്രായേലിന്റെ ആദ്യരാജാവായി വാഴിച്ചത് (1 സാമു 10,8; 11,14-15).

ജോഷ്വായുടേതെന്നപോലെ സാവൂളിന്റെയും സൈനികതലസ്ഥാനമായിരുന്നു ഗില്‍ഗാല്‍ (1 സാമു 13,4). അബ്ശലോമിനെ ഭയന്ന് പലായനം ചെയ്ത ദാവീദ് മരുഭൂമിയില്‍ നിന്നു മടങ്ങി വന്നപ്പോള്‍ യൂദാഗോത്രം സ്വീകരണമൊരുക്കിയത് ഗില്‍ഗാലിലാണ് (2 സാമൂ 19,40). ഏലിയായും ഏലീഷായും ഗില്‍ഗാലില്‍ പ്രവര്‍ത്തിച്ചിരുന്നു (2 രാജാ 2,1; 4,38). എന്നാല്‍ എട്ടാം നൂറ്റാണ്ടായാപ്പോഴേക്കും ഗില്‍ഗാല്‍ ഒരു വിഗ്രഹാരാധനാകേന്ദ്രമായിത്തീര്‍ന്നിരുന്നു.

ജെറൊബേവാം രണ്ടാമന്റെ കാലത്ത് രംഗപ്രവേശം ചെയ്ത ആമോസ് ഗില്‍ഗാലിനെ അകൃത്യങ്ങളുടെ കേന്ദ്രമായും അങ്ങോട്ടുള്ള തീര്‍ത്ഥാടനത്തെ പാപം വര്‍ദ്ധിപ്പിക്കുന്ന ആചാരമായും വ്യാഖ്യാനിച്ചു (ആമോസ് 4,4; 5,5). വിഗ്രഹാരാധനയുടെ തുടക്കം തന്നെ ഗില്‍ഗാലില്‍ ആണെന്ന് ഹോസിയാ (5,5) കുറ്റപ്പെടുത്തി.

നശിപ്പിക്കേണ്ട കൊള്ളവസ്തുക്കള്‍ സൂക്ഷിച്ചുവച്ച ആഖാന്റെ പ്രവൃത്തിയിലേക്കാണ് (ജോഷ്വാ 7) ഹോസിയാ വിരല്‍ ചൂണ്ടുന്നത്. എന്നാലും ദൈവത്തിന്റെ രക്ഷാകരപ്രവൃത്തികളെ വിളിച്ചറിയിച്ചുകൊണ്ട് ഗില്‍ഗാലിന്റെ ഓര്‍മ്മ ഇന്നും നിലനില്ക്കുന്നു, വൃത്താകൃതിയില്‍ നാട്ടിനിര്‍ത്തിയ ശിലാസ്മാരകംപോലെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org