ഗിബെയാ : അധര്‍മ്മത്തിന്റെ പ്രതീകം

ഗിബെയാ : അധര്‍മ്മത്തിന്റെ പ്രതീകം
Published on

ബെഞ്ചമിന്‍ ഗോത്രാതിര്‍ത്തിയിലുള്ള ഒരു പട്ടണമാണ് ഗിബെയാ. 'ഉയര്‍ന്ന സ്ഥലം' 'കുന്ന്' എന്നാണ് പേരിനര്‍ഥം. ജറുസലേമില്‍നിന്ന് ഏകദേശം 7 കി.മീ. വടക്ക്, ഗിബയോനില്‍നിന്ന് വടക്കോട്ടുപോകുന്ന രാജപാതയുടെ സമീപത്താണിത്. അറബിയില്‍ ടെല്‍-എല്‍-ഫുല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രാമത്തിനടുത്ത് ഈ പട്ടണത്തിന്റെ പുരാതനാവശിഷ്ടങ്ങള്‍ കാണാം.

ന്യായാധിപന്മാരുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അതിഹീനമായ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ് ഗിബെയാ ഏറ്റം കൂടുതല്‍ അറിയപ്പെടുന്നത് (ന്യായാ 19-20). ഒളിച്ചോടിയ ഉപനാരിയെ അനുനയിപ്പിച്ച് ബെത്‌ലേഹെമില്‍ നിന്നു സ്വന്തം നാട്ടിലേക്കു തിരിച്ചുകൊണ്ടുപോകുന്ന ഒരു ലേവ്യന് ഗിബെയായിലെ ഒരു വൃദ്ധന്‍ തന്റെ ഭവനത്തില്‍ അന്തിയുറങ്ങാന്‍ അഭയം നല്കി.

എന്നാല്‍ പട്ടണവാസികളായ ചില ആഭാസന്മാര്‍ വൃദ്ധനെ ഭീഷണിപ്പെടുത്തുകയും ലേവ്യന്റെ ഉപനാരിയെ കൂട്ടബലാത്സംഗത്തിലൂടെ വധിക്കുകയും ചെയ്തു: ലേവ്യനാകട്ടെ, അവളുടെ ശവം 12 കഷ്ണങ്ങളായി മുറിച്ച് ഇസ്രായേല്‍ ഗോത്രങ്ങളിലേക്കെല്ലാം കൊടുത്തയച്ചു. സംഭവത്തിന്റെ ഭീകരത മനസ്സിലാക്കിയ ഇസ്രായേല്‍ ജനം ഒത്തൊരുമിച്ച് ഗിബെയായെ വളഞ്ഞു. ബെഞ്ചമിന്റെ ഗോത്രം ഗിബെയായെ പിന്തുണച്ചെങ്കിലും അവസാനം പട്ടണം നശിപ്പിക്കപ്പെട്ടു; വലിയ കൂട്ടക്കൊല നടന്നു.

ഇസ്രായേലിലെ ആദ്യരാജാവായ സാവൂളിന്റെ ജന്മസ്ഥലമാണ് ഗിബെയാ. അവിടെവച്ചാണ് കര്‍ത്താവിന്റെ ആത്മാവ് അവനില്‍ ശക്തമായി ആവസിച്ചത്; സാവൂള്‍ തന്റെ തലസ്ഥാനമായി ആദ്യം തിരഞ്ഞെടുത്തതും ഗിബെയാ ആണ് (1 സാമു 10,10-26). സാവൂള്‍ തങ്ങളോടുകാട്ടിയ അക്രമത്തിനു പ്രതികാരമായി ഗിബയോണ്‍കാര്‍ അയാളുടെ 7 മക്കളെ തൂക്കിക്കൊന്നത് ഗിബെയാ പട്ടണത്തിന്റെ മതിലിലാണ് (2 സാമു 21,1-9).

അസീറിയാക്കാരുടെ ആക്രമണത്തെക്കുറിച്ച് പ്രവചിച്ച ഏശയ്യാ ഈ പട്ടണത്തെ ശത്രുസൈന്യത്തിന്റെ മുന്നേറ്റത്തിലെ ഒരു താവളമായി അവതരിപ്പിക്കുന്നു (ഏശ 10,29). അധര്‍മ്മത്തിന്റെ പ്രതീകമായിട്ടാണ് ഹോസിയാ പ്രവാചകന്‍ ഈ പട്ടണത്തെ ചിത്രീകരിക്കുന്നത് (ഹോസി 9,9;10,9). അതിനാല്‍ ശിക്ഷാകാഹളം മുഴങ്ങുന്നതും അവിടെനിന്നാണ് (ഹോസി 5,8).

സോദോമിന്റെ പര്യായം പോലെയാണ് ഗിബെയാ. അഗതികള്‍ക്കും അനാഥര്‍ക്കും എതിരേ ചെയ്യുന്ന അതിക്രമം കഠിനമായ ശിക്ഷ വിളിച്ചുവരുത്തും എന്ന് രണ്ടു പട്ടണങ്ങളുടെയും അനുഭവം അനുസ്മരിപ്പിക്കുന്നു. ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും പെരുകുന്ന നമ്മുടെ നാടിനും ഈ അനുഭവങ്ങള്‍ വലിയ താക്കീതാണ്.

''ഗിബെയായിലെ ദിനങ്ങളിലെന്നപോലെ അവര്‍ അത്യന്തം ദുഷിച്ചുപോയിരിക്കുന്നു'' (ഹോസി 9,9) എന്ന് പ്രവാചകന്‍ വിലപിക്കുന്നത് നമ്മുടെ ലോകത്തെയും നാടിനെയും നോക്കിയല്ല എന്നു പറയാനാവുമോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org