എബെനേസര്‍ : അഭയശില

തീര്‍ഥാടനം : ഏദേന്‍ മുതല്‍ പറുദീസ വരെ
എബെനേസര്‍ : അഭയശില
Published on

ഉടമ്പടിയുടെ പേടകം ഫിലിസ്ത്യര്‍ പിടിച്ചെടുത്ത യുദ്ധത്തില്‍ ഇസ്രായേല്‍ക്കാര്‍ പാളയമടിച്ച സ്ഥലമാണ് എബെനേസര്‍. ഫിലിസ്ത്യ പാളയമായിരുന്ന അഫെക്കില്‍ നിന്ന് ഏകദേശം 2 കി.മീ. കിഴക്കായിരുന്നു ഇസ്രായേല്‍ പാളയം.

കര്‍ത്താവിന്റെ സംരക്ഷണം ഉറപ്പുവരുത്താനായി ഉടമ്പടിയുടെ പേടകം 40 കി.മീ കിഴക്കുള്ള ഷീലോയിലെ ആലയത്തില്‍ നിന്ന് എബെനേസറിലേക്കു കൊണ്ടുവന്നു. പക്ഷേ പേടകം സഹായിച്ചില്ല; പരാജയം പൂര്‍ണ്ണമായിരുന്നു. പേരിന്റെ അര്‍ത്ഥത്തിനു കടകവിരുദ്ധമായിരുന്നു അനുഭവം.

''സഹായം നല്കുന്ന കല്ല്'' എന്നാണ് എബെനേസര്‍ എന്ന ഹീബ്രു നാമത്തിന്റെ അര്‍ത്ഥം. ഈ അര്‍ത്ഥം പുനഃസ്ഥാപിക്കുന്നതാണ് ഇസ്രായേല്‍ ജനത്തിന്റെ രണ്ടാമത്തെ അനുഭവം. പ്രാര്‍ത്ഥിക്കാനായി മിസ്പായില്‍ ഒരുമിച്ചുകൂടിയ ഇസ്രായേല്‍ക്കാര്‍ക്കെതിരേ യുദ്ധത്തിനു വന്ന ഫിലിസ്ത്യസൈന്യത്തെ കര്‍ത്താവുതന്നെ തുരത്തി.

ഇടിമുഴക്കം കേട്ടു ഭയന്ന്, പിന്തിരിഞ്ഞോടിയ ഫിലിസ്ത്യരെ ഇസ്രായേല്‍ക്കാര്‍ എബെനേസര്‍ വരെ അനുധാവനം ചെയ്തു വിജയം ഉറപ്പാക്കിയ സ്ഥലത്ത് സാമുവേല്‍ ''ഒരു കല്ല്, സ്ഥാപിച്ചു. ഇതുവരെ കര്‍ത്താവ് നമ്മെ സഹായിച്ചു എന്നു പറഞ്ഞ് ആ സ്ഥലത്തിന് എബെനേസര്‍ എന്നു പേരിട്ടു'' (1 സാമു 7,12).

പേരിന്റെ ഉത്ഭവത്തെക്കുറിച്ചു നല്കുന്ന വിവരണം സ്ഥലത്തിന്റെ പ്രതീകാത്മകമായ അര്‍ത്ഥം വ്യക്തമാക്കുന്നു. ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുകയും വിഗ്രഹങ്ങളെല്ലാം ഒഴിവാക്കി അനുതാപത്തോടെ പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ കര്‍ത്താവിന്റെ സഹായം അവര്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു.

അതിശക്തമായ ശത്രുസൈന്യത്തെ പരാജയപ്പെടുത്താന്‍ സാധിച്ചു. കര്‍ത്താവില്‍ മാത്രം ആശ്രയിക്കുകയും പ്രാര്‍ത്ഥനയിലൂടെ അവിടുത്തെ സഹായം തേടുകയും ചെയ്യുന്നവരെ കര്‍ത്താവ് സംരക്ഷിക്കും എന്ന ഉറപ്പാണ് എബെനേസര്‍ നല്കുന്നത്. കര്‍ത്താവു തന്നെയാണ് സഹായശില; അവിടുന്നില്‍ മാത്രമാണ് അഭയം. അതിനാല്‍ എബെനേസര്‍ ദൈവത്തിന്റെ തന്നെ ഒരു പര്യായമായി നിലകൊള്ളുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org