കാര്‍മ്മല്‍ : തീരുമാനത്തിന്റെ മല

തീര്‍ഥാടനം ഒന്നാം ഭാഗം : ഏദേന്‍ മുതല്‍ പറുദീസ വരെ
കാര്‍മ്മല്‍ : തീരുമാനത്തിന്റെ മല
Published on

കര്‍ത്താവിന്റെ ഉദ്യാനം എന്നാണ് ''കാര്‍മ്മല്‍'' എന്ന പേരിന്റെ അര്‍ത്ഥം. പലസ്തീനായുടെ പടിഞ്ഞാറ്, ഹയ്ഫാ തുറമുഖത്തിനടുത്ത്, മധ്യധരണ്യാഴിയിലേക്കു തള്ളിനില്ക്കുന്ന ഏകദേശം 600 മീറ്റര്‍ ഉയരമുള്ള മലയാണ് കാര്‍മ്മല്‍മല. ഇത് ഏകദേശം 20 കി.മീ. നീളവും 5-10 കി.മീ. വീതിയുമുള്ള പര്‍വ്വതനിരയിലെ ഒരു കൊടുമുടിയാണ്. പലസ്തീനായുടെ പടിഞ്ഞാറുള്ള കടല്‍ത്തീര സമതലത്തെ രണ്ടായി തിരിക്കുന്ന ഈ മലനിര ഒരു സ്വാഭാവിക അതിര്‍ത്തിയായിരുന്നു.

ഇതിനു വടക്ക് ആക്കോ സമതലം, തെക്ക് ഷാരോണ്‍ സമതലം. കാനാന്‍ ദേശം ഗോത്രങ്ങള്‍ക്കായി വീതിച്ചപ്പോള്‍ ആഷേര്‍ ഗോത്രത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയായി ജോഷ്വാ നിശ്ചയിച്ചതാണ് കാര്‍മ്മല്‍ മലനിര. ഒരുകാലത്ത് ഈ മലനിര ഇസ്രായേല്‍ രാജ്യത്തിന്റെ വടക്കു പടിഞ്ഞാറെ അതിര്‍ത്തിയായി പരിഗണിച്ചിരുന്നു.

പുരാതനകാലം മുതലേ കാര്‍മ്മല്‍ ഒരു വിശുദ്ധ പര്‍വ്വതമായി കരുതപ്പെട്ടിരുന്നു. ബി.സി. പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ഈജിപ്തു രേഖയില്‍ ഇതിനെ ''റോഷ്ഖിദ്ഷു'' (വിശുദ്ധശിരസ്) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കടലിലേക്കു തലനീട്ടി നില്ക്കുന്ന ഒരു കലമാനിനെപ്പോലെയാണ് ഈ മലയെന്നും ഈജിപ്തു രേഖകളില്‍ കാണുന്നു.

ഏലിയാ പ്രവാചകനുമായി ബന്ധപ്പെട്ടാണ് ബൈബിളില്‍ കാര്‍മ്മല്‍മല ഏറ്റം കൂടുതല്‍ അറിയപ്പെടുന്നത്. ബാല്‍ ആരാധന ഒരു രാജകീയ നയമായി ജെസബെല്‍ രാജ്ഞി ഇസ്രായേലില്‍ പ്രചരിപ്പിക്കുകയും യാഹ്‌വേയെ ആരാധിക്കുന്നതു വിലക്കുകയും ചെയ്ത സാഹചര്യത്തില്‍ ജനത്തെ ഒരു തീരുമാനത്തിനായി ഏലിയാ പ്രവാചകന്‍ വെല്ലുവിളിച്ചത് കാര്‍മ്മല്‍ മലയില്‍ വച്ചാണ് (1 രാജാ 18).

ഇടിയും മഴയും മണ്ണിനു ഫലപുഷ്ടിയും അയയ്ക്കുന്നത് ബാല്‍ദേവനാണെന്നു പഠിപ്പിച്ച ജെസബെലിന്റെ പുരോഹിതന്മാരെയും പ്രവാചകന്മാരെയും ഒരു അഗ്നിപരീക്ഷണത്തിന് ഏലിയാ വെല്ലുവിളിച്ചു; ആകാശത്തുനിന്ന് അഗ്നിയിറക്കി ബലി സ്വീകരിക്കുന്നതാരോ അതായിരിക്കും യഥാര്‍ത്ഥ ദൈവം. മൂകസാക്ഷിയായി ജനം നോക്കിനിന്നു. ദിവസം മുഴുവന്‍ അലറിവിളിച്ചും ദേഹം വെട്ടി മുറിച്ചും ശ്രമിച്ചിട്ടും ബാലിന്റെ പുരോഹിതര്‍ക്ക് അഗ്നിയിറക്കാന്‍ കഴിഞ്ഞില്ല.

സായാഹ്ന ബലിയുടെ സമയമായപ്പോള്‍ ഏലിയാ ബലിപീഠമൊരുക്കി, മൃഗത്തെമുറിച്ച് ബലിപീഠത്തില്‍ വച്ചു; കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചപ്പോള്‍ ആകാശത്തുനിന്ന് അഗ്നിയിറങ്ങി. ഏലിയാ വിശ്വസിക്കുന്ന യാഹ്‌വേ തന്നെ ദൈവം എന്ന് ഇസ്രായേല്‍ ജനം ഒന്നടങ്കം ഏറ്റു പറഞ്ഞു. അങ്ങനെ ആരാണ് യഥാര്‍ത്ഥ ദൈവം എന്നു തെളിയുകയും ജനം ഉറച്ച തീരുമാനമെടുക്കുകയും ചെയ്ത മലയാണ് കാര്‍മ്മല്‍.

ഏലിയായുടെ ശിഷ്യനായ എലീഷായും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ പ്രവാചകഗണങ്ങളും കാര്‍മ്മല്‍ മലയില്‍ വസിച്ചിരുന്നു (2 രാജാ 2,25; 4,25). ചരിത്രത്തിലുടനീളം ഈ വിശുദ്ധ പാരമ്പര്യം നിലനിന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ അവിടെ സേവൂസ് ദേവന്റെ ഒരു ക്ഷേത്രമുണ്ടായിരുന്നു.

യഹൂദരുടെ കലാപം അടിച്ചമര്‍ത്താനായി അയയ്ക്കപ്പെട്ട റോമന്‍ സൈന്യാധിപന്‍ വെസ്പാസിയാന്‍ ആ ക്ഷേത്രത്തില്‍ ബലിയര്‍പ്പിച്ചു; അദ്ദേഹം റോമാ ചക്രവര്‍ത്തിയാകും എന്ന് അവിടെവച്ച് അരുളപ്പാടുണ്ടായി. പില്ക്കാലത്ത് കാര്‍മ്മല്‍ മലയില്‍ ക്രിസ്തീയ താപസര്‍ വസിച്ചിരുന്നു. അവരുടെ പിന്‍ഗാമികളാണ് 12-ാം നൂറ്റാണ്ടുമുതല്‍ കര്‍മ്മലീത്താ സന്യാസികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ദൈവത്തിന്റെ ഉദ്യാനം, ഫലപുഷ്ടമായ ഭൂമി എന്നൊക്കെയാണ് കാര്‍മ്മല്‍ എന്ന പേരിന് അര്‍ത്ഥം. പഴയനിയമകാലത്ത് നിബിഢവനമായിരുന്ന കാര്‍മ്മല്‍ ഫലപുഷ്ടിയുടെ പ്രതീകമായിട്ടാണ് അറിയപ്പെടുന്നത് (ഏശ 35,2; ജറെ 50,19; ആമോ 1,2; നാഹു 1,4). ഇന്നും കാര്‍മ്മല്‍ മലയോരം ഫലപുഷ്ടമാണ്. അവിടുത്തെ മുന്തിരിയും വീഞ്ഞും പ്രസിദ്ധമത്രെ.

രണ്ടു വഞ്ചിയില്‍ കാല്‍വച്ചു യാത്ര ചെയ്യാതെ, ഉറച്ച തീരുമാനം എടുത്ത്, കര്‍ത്താവിനെമാത്രം ദൈവമായി ആരാധിക്കാനും അവിടുത്തെ പ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് ഇന്നും തല ഉയര്‍ത്തിനില്ക്കുന്നു കാര്‍മ്മല്‍മല.

കാര്‍മ്മല്‍ എന്ന പേരില്‍ തെക്ക് യൂദായില്‍ ഒരു പട്ടണമുണ്ട്. സാവൂളിനെ ഭയന്ന് ഒളിച്ചുനടന്ന കാലത്ത് ദാവീദ് തന്നെ അവഹേളിച്ച ധനാഢ്യനായ നാബാലിനെതിരേ പ്രതികാരത്തിനു മുതിരുകയും അയാളുടെ ഭാര്യ അബിഗായിലിന്റെ അഭ്യര്‍ത്ഥന മാനിച്ചു പിന്മാറുകയും ചെയ്തത് ഈ കാര്‍മ്മലില്‍ വച്ചാണ്. നാബാലിന്റെ മരണത്തിനുശേഷം അബിഗായില്‍ ദാവീദിന്റെ ഭാര്യയായി (1 സാമു 25). പ്രതികാരത്തില്‍നിന്ന് പിന്തിരിപ്പിക്കുന്ന വിവേകത്തിന്റെ മാതൃകയാണ് കാര്‍മ്മല്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org