
സാവൂള്‍ മരിച്ചുവീണ ഗില്‍ബൊവാ മലയുടെ വടക്കു കിഴക്കെ അറ്റത്ത്, ജെസ്രേല്‍ താഴ്‌വരയില്‍ ഉള്ള ഒരു പട്ടണമാണ് ബേത്ഷാന്‍. ഇന്ന് ബയ്‌സാന്‍ എന്ന പേരില്‍ ആ പട്ടണം അറിയപ്പെടുന്നു. ബി.സി. 15-ാം നൂറ്റാണ്ടു മുതല്‍ ജനങ്ങള്‍ അധിവസിച്ചിരുന്ന ഒരു പട്ടണമാണ് ബേത്ഷാന്‍. ബേത്‌ഷെയാന്‍ എന്നും പേരുണ്ട്.
കാനാന്‍ദേശം വിഭജിച്ചുകൊടുത്തപ്പോള്‍ മനാസ്സേക്കു നല്കിയ പ്രദേശത്തുള്ള ഒരു പട്ടണമായിരുന്നു ബേത്ഷാന്‍. (ജോഷ്വാ 17,11). എന്നാല്‍ അതു കീഴടക്കി സ്വന്തമാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ദാവീദിന്റെ കാലത്താണ് ഈ പട്ടണം ഇസ്രായേല്‍ക്കാര്‍ക്കു കീഴടങ്ങിയത്. നികുതി പിരിവും ഭരണവും എളുപ്പമാക്കാന്‍ വേണ്ടി കാനാന്‍ ദേശത്തെ 12 പ്രവിശ്യകളായി സോളമന്‍ തിരിച്ചപ്പോള്‍ അതില്‍ ഒരു പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു ബേത്ഷാന്‍ (1 രാജാ 4,12).
അനേകം യുദ്ധങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഒരു പട്ടണമാണ് ബേത്ഷാന്‍. ഫിലിസ്ത്യരും ഇസ്രായേല്യരും ഈജിപ്തുകാരും അസീറിയാക്കാരും യുദ്ധം ചെയ്തു കീഴടക്കുകയും അവിടെ താവളമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമകാലത്ത് ഈ പട്ടണം ഷീത്തോപോളിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ദശഗ്രാമങ്ങള്‍ അഥവാ ഡെക്കാപോളിസ് എന്നറിയപ്പെട്ടിരുന്ന പത്തു പട്ടണങ്ങളില്‍ ഒന്നാണിത്.
സാവൂളിന്റെയും പുത്രന്മാരുടെയും അന്ത്യവുമായി ബന്ധപ്പെട്ടാണ് ബേത്ഷാന്‍ ഏറ്റം കൂടുതല്‍ അറിയപ്പെടുന്നത്. ഗില്‍ബൊവാ ക്കുന്നില്‍ മരിച്ചുവീണ അവരുടെ മൃതദേഹങ്ങള്‍ പിറ്റേദിവസം ഫിലിസ്ത്യസൈന്യം കണ്ടെത്തി. തല വെട്ടിയെടുത്ത് വിജയസ്മാരകമായി താലത്തില്‍ എഴുന്നള്ളിച്ചു. കബന്ധങ്ങള്‍ ബേത്ഷാന്‍ പട്ടണത്തിന്റെ മതിലില്‍ തൂക്കിയിട്ടു.
തോറ്റോടി മരിച്ചു വീണവരെ സംസ്‌കരിക്കാനോ വെളിമ്പ്രദേശത്ത് ഉപേക്ഷിക്കാനോ മനസ്സാകാതെ മൃതശരീരങ്ങള്‍ മതിലിലില്‍ തൂക്കി വിജയം ആഘോഷമാക്കുന്നവര്‍ മനുഷ്യത്വത്തിന്റെ കണികപോലും അവശേഷിക്കാതെ, തിന്മയുടെ അവതാരങ്ങളായി അധഃപതിക്കുന്നു.
തലയറ്റ ശരീരങ്ങള്‍ തൂങ്ങുന്ന ബേത്ഷാന്‍ പട്ടണ മതിലുകള്‍ ഭീകരവും ബീഭത്സവുമായ താക്കീതുകള്‍ നല്കുന്നു. ദൈവകല്പനകളെ നിഷേധിക്കുന്നതിന്റെ തിക്തഫലം എന്തായിരിക്കും എന്നതിന്റെ സൂചനയാണ് ഒന്ന്.
അതോടൊപ്പം ശത്രുതയും വിദ്വേഷവും മനുഷ്യനെ എത്രത്തോളം ക്രൂരമാക്കാം എന്നതിന്റെ ഒരു ഉദാഹരണവുമാണത്. പാര്‍ട്ടിയുടെയും പ്രത്യയ ശാസ്ത്രത്തിന്റെയും മതത്തിന്റെയും പേരില്‍ അപരനെ ശത്രുവെന്നു മുദ്രകുത്തി അവഹേളിക്കുകയും വേട്ടയാടി നശിപ്പിക്കുകയും ചെയ്യുന്നിടത്തെല്ലാം ബേത്ഷാന്‍ ആവര്‍ത്തിക്കപ്പെടുന്നു.
സര്‍പ്പം എന്നര്‍ത്ഥമുള്ള നാഹാഷ് എന്ന ഹീബ്രു വാക്കുമായി ബേത്ഷാന്‍ എന്ന പേരിനു ബന്ധമുണ്ട്. ഈ നിഗമനം ശരിയാണെങ്കില്‍ സര്‍പ്പനഗരമെന്നോ നാഗപട്ടണമെന്നോ ഇതിനെ വിശേഷിപ്പിക്കാം. വിഷം ചീറ്റുന്ന സര്‍പ്പത്തെപ്പോലെയാണ് കബന്ധങ്ങള്‍ മതിലില്‍ തൂങ്ങുന്ന ബേത്ഷാന്‍ എന്ന് പേരു സൂചിപ്പിക്കുന്നു. വിദ്വേഷവും പകയും കുത്തിവച്ച് അക്രമം പ്രചരിപ്പിക്കുന്നവര്‍ക്കെല്ലാം ചേരുന്ന പേരാണ് ബേത്ഷാന്‍!