അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട

തീര്‍ഥാടനം : ഏദേന്‍ മുതല്‍ പറുദീസ വരെ
അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട
Published on

ന്യായാധിപന്മാരുടെ കാലത്ത് ഇസ്രായേല്‍ ജനത്തെ ഫിലിസ്ത്യര്‍ ദയനീയമായി പരാജയപ്പെടുത്തിയ സ്ഥലമാണ് അഫെക്ക്. കര്‍ത്താവു തങ്ങളുടെ കൂടെ ഇല്ലാഞ്ഞതിനാലാണ് യുദ്ധത്തില്‍ തോറ്റത് എന്ന് കരുതിയ ഇസ്രായേല്‍ നേതാക്കന്മാര്‍ ഷീലോയിലെ ആലയത്തില്‍ നിന്ന് ഉടമ്പടിയുടെ പേടകം പടക്കളത്തിലേക്കു കൊണ്ടുവന്നു. പേടകത്തിലൂടെ കര്‍ത്താവിന്റെ സംരക്ഷണം ലഭിക്കും എന്നു വിചാരിച്ച ജനത്തിനു തെറ്റി.

ഇസ്രായേലിന്റെ പടകുടീരങ്ങളില്‍ അവരുടെ ദേവന്മാര്‍ എത്തിയിരിക്കുന്നു എന്നുകേട്ട ഫിലിസ്ത്യര്‍ ഭയന്നെങ്കിലും വര്‍ദ്ധിത വീര്യത്തോടെ യുദ്ധം ചെയ്തു; ഇസ്രായേല്‍ക്കാരെ പറ്റെ പരാജയപ്പെടുത്തുക മാത്രമല്ല, അവരുടെ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്ന പേടകം പിടിച്ചെടുക്കുകയും ചെയ്തു (1 സാമു 4,1-11). നേതാക്കന്മാരുടെ ഔദ്ധത്യം വഴി ജനത്തിന് എല്ലാം നഷ്ടപ്പെട്ട സ്ഥലമാണ് അഫെക്ക്.

വീണ്ടും ഒരിക്കല്‍ക്കൂടി ഇസ്രായേലിന്റെ പരാജയത്തിന് അഫെക്ക് സാക്ഷിയായി (1 സാമു 29-31). ഇസ്രായേലിനെ ഉന്മൂലനം ചെയ്യാന്‍ തീരുമാനമെടുത്ത ഫിലിസ്ത്യ രാജാക്കന്മാര്‍ അഫെക്കില്‍ ഒരുമിച്ചുകൂടി. ഗത്തിലെ രാജാവായ അക്കീഷിന്റെ അനുചരനായി വന്ന ദാവീദിനെയും, സംഘത്തെയും അവിടെവച്ച് ഫിലിസ്ത്യര്‍ തിരിച്ചയച്ചു. തുടര്‍ന്നു ഫിലിസ്ത്യ സൈന്യം വടക്ക് ജെസ്രേലിലേക്കു നീങ്ങി.

ഗില്‍ബോവാ കുന്നില്‍വച്ച് സാവൂളിനെയും പുത്രന്മാരെയും വധിച്ചു. പരാജയത്തിന്റെയും നഷ്ടത്തിന്റെയും നാശത്തിന്റെയും കഥകളാണ് അഫെക്കിന് പറയാനുള്ളത്.

ഉറച്ച് അടിത്തറ, കോട്ട എന്നൊക്കെയാണ് അഫെക്ക് എന്ന ഹീബ്രു വാക്കിനര്‍ത്ഥം. ഷാരോണ്‍ സമതലത്തില്‍ നിന്ന് എഫ്രേം മലനാട്ടിലേക്കുള്ള കയറ്റത്തിലാണ് അഫെക്ക് പട്ടണം സ്ഥിതിചെയ്തിരുന്നത്.

മധ്യധരണ്യാഴിയുടെ തീരത്തുള്ള യോപ്പായില്‍നിന്ന് ഏകദേശം 16 കി.മീ. വടക്കു കിഴക്കാണിത്. ഇവിടെനിന്നും ഏകദേശം 40 കി.മീ. വടക്കുകിഴക്കാണ് ഷീലോ. ഗാസായില്‍ നിന്ന് ഡമാസ്‌കസിലേക്കു പോകുന്ന രാജപാതയിലെ തന്ത്രപ്രധാനമായ ഒരു പട്ടണമായിരുന്നു അഫെക്ക്. പടിഞ്ഞാറോട്ടൊഴുകി മധ്യധരണ്യാഴിയില്‍ പതിക്കുന്ന യാര്‍ക്കോണ്‍ പുഴ ഇവിടെയാണുത്ഭവിക്കുന്നത്.

മധ്യധരണ്യാഴിയുടെ തീരത്ത് കേസറിയാ എന്ന പേരില്‍ പുതിയൊരു തുറമുഖനഗരം പണികഴിപ്പിച്ച ഹേറോദേസ് മഹാരാജാവ് ബി.സി. 9-ല്‍ അഫെക്കില്‍ ഒരു പട്ടണം നിര്‍മ്മിച്ചു; തന്റെ പിതാവിന്റെ സ്മരണയ്ക്കായി അതിന് അന്തിപാത്രിസ് എന്നു പേരും നല്‍കി. കേസറിയായ്ക്കും ജെറുസലേമിനും മധ്യത്തിലാണ് ഈ നഗരം. ജറുസലേമില്‍നിന്ന് തടവുകാരനായി കേസറിയായിലേക്കു പോയ പൗലോസും പടയാളികളും ഇവിടെയാണ് വിശ്രമിച്ചത് (അപ്പ. 23,31). ഈ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ന് ''റാസ് എല്‍ അയിന്‍'' എന്നറിയപ്പെടുന്ന ഗ്രാമത്തിനടുത്ത് ദൃശ്യമാണ്.

ദൈവത്തോടുള്ള വിശ്വസ്തതയും അവിടുത്തെ പ്രമാണങ്ങളനുസരിച്ചുള്ള ജീവിതവുമാണ് സംരക്ഷണം നല്കുന്നത്. ദേവാലയവും പേടകവും ഒന്നും അതിനു പകരമാവുകയില്ല. കര്‍ത്താവിന്റെ സിംഹാസനം എന്നു വിശേഷിപ്പിച്ചിരുന്ന ഉടമ്പടിയുടെ പേടകം തന്നെ ശത്രുകരങ്ങളില്‍ പെട്ടതിന്റെ സ്മാരകമായി നില്ക്കുന്ന അഫെക്ക് നല്കുന്ന പാഠം വലുതാണ്. വിശുദ്ധ ജീവിതം നയിക്കാത്തവര്‍ക്ക് ഒരു വിശുദ്ധ വസ്തുവും വിശുദ്ധാചാരവും സംരക്ഷണം നല്കുകയില്ല!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org