കല്ലറ അഭയമല്ല

കല്ലറ അഭയമല്ല

പോള്‍ തേലക്കാട്ട്

ദൈവവുമായുള്ള ബന്ധത്തിനാണ് സാധാരണ ഭക്തി എന്ന പദം ഉപയോഗിക്കുക. അഗസ്റ്റിന്‍ ഉന്നയിച്ച ചോദ്യമുണ്ട്. ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറയുമ്പോള്‍, ആെരയാണ് സ്‌നേഹിക്കുന്നത്? അപരനായ മനുഷ്യനെ. പരോക്ഷമായ ഭക്തി മനുഷ്യസ്‌നേഹമാണ്. ഭക്തി മരണത്തേക്കാള്‍ ശക്തമാണ് എന്നു പറയും. കാരണം മരിക്കാന്‍ കൊള്ളാവുന്നതിനുവേണ്ടി ജീവിക്കുന്നു. അപരനോടുള്ള ശ്രദ്ധയും പരിഗണനയുമാണ് പ്രധാനം. ഞാന്‍ മരിക്കാന്‍ പോകുമ്പോള്‍ പീഡിപ്പിച്ചു കൊല്ലുമ്പോള്‍ അപരനെ ശ്രദ്ധിക്കുന്നത് എങ്ങനെ?
പീഡിതന്‍ അവന്റെ പീഡനാവസ്ഥയിലും പീഡനം സഹിക്കുന്ന സ്ഥിതിയിലും അവന്‍ അപരന്റെ മുമ്പില്‍ കുറ്റാരോപണ രൂപമാകുന്നുണ്ട്. പീഡിതന്‍ ഉയര്‍ത്തുന്ന കുറ്റാരോപണം – അതാണ് നിശബ്ദത. അതില്‍ അവന്‍ പീഡിതനുമായി ഐക്യപ്പെടുന്നു. അവന്റെ നിശബ്ദമായ സഹനം പീഡകനോടുള്ള പരിഹാസ ചോദ്യമായി മാറുന്നു. ഒരു പ്രതിരോധവുമില്ലാതെ പീഡനത്തിനു തയ്യാറായി നില്‍ക്കുന്നവന്റെ മുമ്പില്‍ പീഡകനായ മനുഷ്യന്‍ പതറുന്നു. കാരണം പീഡകനും മനുഷ്യനാണ് അവന്റെ മനുഷ്യത്വമാണ് അവനെതിരെ പ്രതികരിക്കുന്നത്. പീഡിതന്റെ നീതിയുടെ നിലവിളി മറികടക്കാന്‍ പീഡകന്റെ പ്രത്യയശാസ്ത്രം മതിയാകാതെ വരും. അവിടെ കൊല്ലാത്തവന്റെ ഹൃദയത്തില്‍ കൊല്ലപ്പെട്ടവന്‍ തീര്‍ക്കുന്ന മുറിവുണ്ട്. അതു തരണം ചെയ്യാനാണ് മൗലികവാദികളും ഫാസിസ്റ്റുകളും ഉന്നയിക്കുന്നതാണ് ഭീരുവിന്റെ ഉത്തവാദിത്വം. അതു ദേശസ്‌നേഹമാകാം, വംശസ്‌നേഹമാകാം. പക്ഷെ, അതൊക്കെ ആള്‍ക്കൂട്ടാരവത്തിന്റെ പല പേരുകളാണ്. ഏതു മനുഷ്യത്വമില്ലാത്ത പ്രത്യയശാസ്ത്രവും മുറിവേറ്റതായി മാറുന്നത് ഇവിടെയാണ്. കാരണം മനുഷ്യന്റെ അസ്തിത്വത്തിന്റെ ആധാരത്തില്‍ ആലേഖിതമായ കല്പനയാണ് ലംഘിക്കുന്നത്. അസ്തിത്വത്തിന് അര്‍ത്ഥം നല്കുന്ന ധര്‍മ്മം വെടിയുമ്പോള്‍ അത് ആത്മാവില്‍ മുറിവുണ്ടാക്കും.
വ്യക്തി വ്യക്തിപരമായി സ്വന്തം ആത്മാവില്‍ വിവേചിച്ച് ജീവിക്കാന്‍ തീരുമാനിക്കാതെ ആള്‍ക്കൂട്ടത്തിന്റെ നപുംസക ആരവത്തില്‍ മുങ്ങി മുന്‍പേ പോകുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കുന്ന ഗോക്കുകളായി മാറുമ്പോള്‍ ഉണ്ടാകുന്ന ദുരന്തമാണിത്. എല്ലാ മൗലികവാദങ്ങളും എല്ലാ ദേശീയതകളും എല്ലാത്തരം വര്‍ഗ്ഗീയതകളും ഈ ആള്‍ക്കൂട്ട മനോഭാവത്തിന്റെ രൂപങ്ങളാണ്. വ്യക്തിയും അവന്റെ തനിമയും പ്രത്യക്ഷമായ ഒരു ഉട്ടോപ്യയയും ഉണ്ടാക്കുന്നില്ല. ഞാന്‍ ആയിരിക്കുന്നിടത്തെ എന്റെ ഉത്തരവാദിത്വം എന്നില്‍ത്ത ന്നെ എഴുതപ്പെട്ടതു വായിച്ചു ജീവിക്കുന്നതാണ് മാന്യമായ ജീവിതം. ഈ വായന ഒരുവനെ ധാര്‍മ്മികമായി നിഷ്പക്ഷനാക്കുന്നില്ല. അത് ഒന്നാം തരം ആത്മവഞ്ചനയാണ്. മനുഷ്യാസ്തിത്വത്തിന്റെ സത്തയില്‍ എഴുതപ്പെട്ടതാണ് ധര്‍മ്മം. നന്മതിന്മകളുടെ ലോകസാഹചര്യങ്ങളിലും ദേശകാല ഇടങ്ങളിലും ഒരുവനേയും നിഷ്പക്ഷനാക്കുന്നില്ല. നന്മതിന്മകളോടുള്ള തുല്യസമീപനം ഒളിച്ചോട്ടമാണ്. അതു മനഃസാക്ഷിയില്‍നിന്നും ഉത്തരവാദിത്വത്തില്‍നിന്നുമാണ് ഓടിമറയുന്നത്. ലെവീനാസ് എഴുതി "ആഴമേറിയ ആന്തരിക ലോകത്തെ പ്രതി ഞാന്‍ ആണയിടുന്നില്ല. പക്ഷെ, എല്ലാവരും ആത്മാവില്‍ എഴുതപ്പെട്ടത് എന്നു വിളിക്കുന്നതാണ് പുസ്തകത്തില്‍ ആദ്യം എഴുതപ്പെട്ടത്.' ലെവീനാസ് ഇവിടെ സൂചിപ്പിക്കുന്നത് ജറെമിയാസ് പ്രവാചകന്‍ ഹൃദയത്തില്‍ എഴുതിയ പ്രമാണങ്ങളെപ്പറ്റിയുള്ള പദാദര്‍ശമാണ്. അതാകട്ടെ വേദഗ്രന്ഥത്തില്‍ ദൈവം മോസസ്സിനു കൊടുത്ത വെളിപാടായ പത്തു കല്പനകളായിരുന്നു.
ലെവീനാസിന്റെ വീക്ഷണത്തില്‍ ധര്‍മ്മം നമ്മുടെ വിധിയാണ്. തന്നില്‍നിന്നു പുറത്തു ജീവിക്കാനാവില്ല പുറത്തുകടക്കുമ്പോള്‍ ധര്‍മ്മനിഷ്പക്ഷനുമല്ല, അധാര്‍മ്മികനാണ്. ധര്‍മ്മത്തില്‍ നിന്നു ഓടി ഒളിക്കാനോ ധര്‍മ്മം മറന്നു ജീവിക്കാനോ ശ്രമിച്ചാല്‍ അതു അധാര്‍മ്മിക ജീവിതമാകും. ഒരുവന്റെ ധര്‍മ്മം ജീവിതത്തിന്റെയും മരണത്തിന്റെയും നേര്‍രേഖയില്‍ നിന്നു തീരുമാനിക്കേണ്ടതാണ്. ഞാന്‍ ഞാനാകുന്നത് ആ തീരുമാനത്തിലാണ്; ഞാന്‍ ഞാനാകാന്‍ ഞാന്‍ അപരനാകാതെ വേറെ മാര്‍ഗ്ഗമില്ല. അത് ആള്‍ക്കൂട്ടത്തിന്റെ ആരവത്തിലേക്കോ ആത്മഹത്യയുടെ ശവകുടീരത്തിലേക്കോ ഓടി ഒളിക്കാനാവില്ല. ഇതാണ് ഒരുവന്റെ അസ്തിത്വ പ്രതിസന്ധി.
ഏതോ നിശബ്ദതയിലെ നിശ്ചയമാണത്. നിശ്ചയിക്കാതിരിക്കലും ഒരു നിശ്ചയമായി മാറും. ഇത് മരിക്കാന്‍ അഭ്യസിക്കലാണ്. അയല്‍ക്കാരന്‍ എന്നോട് പറയുന്നതിനു മുന്‍പ് ഞാന്‍ അവനെ കേട്ടു എന്നതാണ് എന്റെ അസ്തിത്വബോധം. ഞാന്‍ എന്റെ വിധി അംഗീകരിച്ചു സ്‌നേഹിക്കണം. ഈ ഭൂമിയില്‍ എനിക്കു മറ്റൊരു വിധത്തിലാകാന്‍ കഴിയില്ല. മനുഷ്യത്വത്തിലേക്കു വിളിച്ചാണ് എന്റെ അസ്തിത്വ വിധി. എന്റെ അസ്തിത്വത്തിന്റെ ഇടം ധര്‍മ്മത്തിലാണ്. അവിടെ നിന്നു മാറി നില്‍ക്കാനാവില്ല. എന്നോടുള്ള ഈ ഉത്തരവാദിത്വം എന്റെ പ്രകൃതിയില്‍നിന്നുള്ള മോചനമാണ്. മനുഷ്യന്‍ അവന്റെ അഗാധതയില്‍ അവനെ കണ്ടെത്തുന്നു – അതാണ് ഒരുവന്റെ ഭക്തി. ജീവിത ഉത്തരവാദിത്വത്തില്‍നിന്നു രാജിയായി കല്ലറയില്‍ അഭയം തേടുന്നവരുണ്ടാകാം. കല്ലറ എന്റെ അസ്തിത്വത്തിന്റെ അഭയമല്ല. അതു ജീവിതത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിവാക്കുന്ന മോചനവുമല്ല. ഭക്തിയാണ് കല്ലറയെ അലങ്കരിക്കേണ്ടത്. എന്തിന് ജീവിച്ചു എന്ന ഭക്തി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org