വി. ജോണ്‍ കാസ്സിയന്‍

വി. ജോണ്‍ കാസ്സിയന്‍

അദ്ധ്വാനിക്കുന്ന സന്യാസിയെ ഒരു പിശാച് മാത്രമേ ആക്രമിക്കുകയുള്ളൂ. എന്നാല്‍ മടിയനായ ഒരു സന്യാസിയെ എണ്ണമറ്റ പിശാചുക്കള്‍ ആക്രമിച്ചുകൊണ്ടിരിക്കും.''

സന്യാസ നിയമാവലികളുടെ ചരിത്രത്തില്‍ അനുപമമായ ഒരു സ്ഥാനം വി. ജോണ്‍ കാസ്സിയനുണ്ട്. പൗരസ്ത്യ ലോകത്തെ സന്യാസചൈതന്യത്തെ പാശ്ചാത്യ ലോകത്തിനു പകര്‍ത്തി നല്‍കിയത് അദ്ദേഹമാണ്. രണ്ടു സാംസ്‌കാരിക, പാരമ്പര്യ, ആത്മീയ പൈതൃകങ്ങള്‍ക്കിടയില്‍ ഒരു പാലമായി മാറാനും ഈജിപ്തിലെ സന്യാസ ജീവിത ആത്മീയതയെ മറുഭാഗത്തുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനും അദ്ദേഹം നല്‍കിയ സംഭാവനയെ ചെറുതായിക്കാണാനാവില്ല.

അതുകൊണ്ടുതന്നെ പൗരസ്ത്യ പാശ്ചാത്യ സഭകളില്‍ ഒരുപോലെ വണങ്ങപ്പെടുന്ന വിശുദ്ധ നാണ് വി. കാസ്സിയന്‍. എ ഡി 360-ല്‍ ജനിച്ച് 433-ല്‍ മരിച്ച അദ്ദേഹം മരുഭൂമി പിതാവായും കണക്കാക്കപ്പെടുന്നുണ്ട്. റോമാക്കാരനായി ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ പാലസ്തീനായിലേക്ക് പോവുകയും അവിടെ ബെത്‌ലെഹെമില്‍ ഒരു താപസാശ്രമത്തില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഈജിപ്തിലെ പല ആശ്രമങ്ങളും സന്ദര്‍ശിക്കുകയും കോണ്‍സ്റ്റാന്റിനോപ്പിളിലെത്തി വി. ജോണ്‍ ക്രിസോസ്റ്റത്തിന്റെ ശിഷ്യനാവുകയും ചെയ്തു. ക്രിസോസ്റ്റം ദൈവശാസ്ത്രപരമായ വിഷയങ്ങളില്‍ വെല്ലുവിളി നേരിട്ടപ്പോള്‍ റോമില്‍ പോയി പാപ്പാ ഇന്നസെന്റ് ഒന്നാമനോട് കാര്യങ്ങള്‍ അറിയിക്കാന്‍ നിയോഗിക്കപ്പെട്ടത് വി. ജോണ്‍ കാസ്സിയന്‍ ആയിരുന്നു.

ഗാള്‍ പ്രദേശത്തിന്റെ ദക്ഷിണഭാഗത്തായി മര്‍സെയില്‍ എന്ന പ്രദേശത്ത് ഈജിപ്ത്യന്‍ രീതിയില്‍ ആശ്രമം സ്ഥാപിക്കാനായി അദ്ദേഹം ഈ സമയത്ത് നിയോഗിക്കപ്പെട്ടു. അദ്ദേഹം സ്ഥാപിച്ച വി. വിക്ടറിന്റെ നാമത്തിലുള്ള ആശ്രമം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വ്യത്യസ്ത ആശ്രമങ്ങളുടെ ഒരു കൂട്ടമായിരുന്നു. സന്യാസ വളര്‍ച്ചയുടെ പാതയില്‍ നാഴികക്കല്ലായ ആ ആശ്രമങ്ങള്‍ യൂറോപ്പിലെ ആ വിധമുള്ള ആദ്യത്തെ ഒരു സംരംഭമായിരുന്നു. വി. ബെനഡിക്ട് കാസ്സിയന്റെ എഴുത്തുകളില്‍ വളരെ ആകൃഷ്ടനായിരുന്നു, അതുകൊണ്ടു തന്നെ കാസ്സിയന്റെ തത്വങ്ങള്‍ പലതും അദ്ദേഹം തന്റെ നിയമാവലിയിലേക്ക് പകര്‍ത്തുകയും കാസ്സിയന്റെ കൃതികള്‍ വായിക്കാനായി സ്വന്തം സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ബെനെഡിക്റ്റന്‍, സിസ്റ്റേഴ്ഷ്യന്‍, ട്രാപ്പിസ്റ്റ് സന്യാസികള്‍ ഇപ്പോഴും ബെനെഡിക്റ്റിന്റെ നിയമാവലി ഉപയോഗിക്കുന്നവരായതു കൊണ്ട് ഇന്നും ആയിരക്കണക്കിന് സന്യാസിനീ, സന്യാസികളുടെ ആത്മീയജീവിതം രൂപപ്പെടുത്തുന്നതില്‍ വി. ജോണ്‍ കാസ്സിയനു പങ്കുണ്ട്.

ആശ്രമസമൂഹങ്ങളുടെ ബാഹ്യപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് "Institutes" എന്നും ആത്മീയമനുഷ്യന്റെ രൂപീകരണവും ഹൃദയവളര്‍ച്ചയും ആസ്പദമാക്കി "Conferences" എന്നും പേരിട്ടിരിക്കുന്ന രണ്ടു പുസ്തകങ്ങളാണ് കാസ്സിയന്‍ പ്രധാനമായും എഴുതിയത്. ഈജിപ്തിലെ മരുഭൂമി പിതാക്കന്മാരുടെ അറിവുകളാണ് അദ്ദേഹം അതിലൂടെ പകരാനായി ശ്രമിച്ചത്. ആപ്റ്റിലെ ബിഷപ്പായിരുന്ന കാസ്റ്ററിന്റെ ആവശ്യപ്രകാരമാണ് ഈ പുസ്തകങ്ങള്‍ എഴുതിയത്.

കര്‍ത്താവിന്റെ മനുഷ്യാവതാരം എന്ന പേരില്‍ അദ്ദേഹം എഴുതിയ മൂന്നാമത്തെ പുസ്തകം നെസ്‌തോറിയൂസിന്റെ പഠനങ്ങള്‍ക്കെതിരെ, ആധികാരികമായ സഭയുടെ പഠനങ്ങള്‍ വഴി പ്രതിരോധിച്ചുകൊണ്ടായിരുന്നു. റോമിലെ ആര്‍ച്ച്ഡീക്കനും പിന്നീട് മാര്‍പാപ്പയുമായ മഹാനായ ലിയോയുടെ ആവശ്യപ്രകാരമാണ് ആ ഉദ്യമത്തിന് ആദ്ദേഹം തുനിഞ്ഞത്. ജോണ്‍ കാസ്സിയന്റെ പുസ്തകങ്ങളെല്ലാം എഴുതപ്പെട്ടത് ലളിതമായ ലത്തീന്‍ ഭാഷയിലായിരുന്നു. പിന്നീട് പൗരസ്ത്യ സന്യാസികളുടെ ഉപയോഗത്തിനായി അവ സുഗമമായി ഗ്രീക്ക് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അസുലഭമായ ഒരു അംഗീകാരമാണത്.

ഈജിപ്തിലെ മരുഭൂമിപിതാക്കന്മാര്‍ ആത്മീയതയില്‍ ലയിക്കാന്‍ മൂന്നുഘട്ടങ്ങളുള്ള ഒരു ആത്മീയാഭ്യാസം അനുവര്‍ത്തിച്ചിരുന്നു. ആദ്യത്തെ ഘട്ടം ശുദ്ധീകരണം (purgatio) എന്നറിയപ്പെടുന്നു. യുവാവായ സന്യാസി പ്രാര്‍ത്ഥനയിലൂടെയും താപസ രീതികളിലൂടെയും ശരീരത്തിന്റെതായ തൃഷ്ണകളെ, പ്രത്യേകിച്ച് കൊതി, കാമം, ദ്രവ്യാസക്തി എന്നിവ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ഈ ആഗ്രഹങ്ങളെയെല്ലാം ചെറുക്കാനും പ്രതിരോധിക്കാനും ലഭിക്കുന്ന ആത്മീയശക്തി പരിശുദ്ധാത്മാവില്‍ നിന്നാണെന്ന് ഈ സമയം നവസന്യാസി തിരിച്ചറിയുന്നു. വര്‍ഷങ്ങള്‍ എടുക്കാന്‍ സാധ്യതയുള്ള ഈ ശുദ്ധീകരണ കാലഘട്ടം കഴിയുമ്പോഴേക്കും സന്യാസി തന്റെ എല്ലാ കാര്യങ്ങള്‍ക്കും കര്‍ത്താവില്‍ ആശ്രയിക്കാനായി പഠിച്ചിട്ടുണ്ടാകും. സ്വയ വിമലീകരണത്തിന്റെ ഈ സമ യം അദ്ദേഹം മരുഭൂമിയിലെ പരീക്ഷകളെ അതിജീവിച്ച ക്രിസ്തുവുമായി സ്വയം താദാത്മ്യപ്പെടുന്നു.

ഈ സമയത്താണ് ജ്ഞാനോദയം (Illuminatio) ആരംഭിക്കുന്നത്. ഈ രണ്ടാമത്തെ ഘട്ടത്തില്‍ സന്യാസി സുവിശേഷത്തില്‍ വെളിവാക്കപ്പെടുന്ന വിശുദ്ധിയിലേക്കുള്ള പാതകള്‍ സ്വായത്തമാക്കുന്നു. ഈ ജ്ഞാനോദയത്തിന്റെ ഘട്ടത്തില്‍ പല സന്യാസികളും സന്ദര്‍ശകരെയും ശിഷ്യരെയും സ്വീകരിക്കുകയും പാവപ്പെട്ടവരെ അവര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വിഭവങ്ങള്‍കൊണ്ട് സംരക്ഷിക്കുകയും ചെയ്യാറുണ്ട്. മലയില്‍ അഷ്ടസൗഭാഗ്യം പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് അവര്‍ മനോമുകുരത്തില്‍ കുടിയിരുത്തുക. ആത്മചൈതന്യത്തോടെ സന്യാസി തന്റെ എളിയ ജീവിതം തുടരുന്നു. അദ്ദേഹത്തിന്റെ ആത്മസംയമനത്തോടുള്ള സഹനങ്ങളുടെ സ്വീകരണം തന്റെ പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തിന്റെ ബുദ്ധിമുട്ടേറിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്ന ഏകവ്യക്തിയാക്കി മാറ്റുന്നു. ഈ ഘട്ടം പിന്നിടാതെ മണ്‍മറഞ്ഞുപോയ സന്യാസികളും ധാരാളമായുണ്ട്.

മൂന്നാമത്തെ ഘട്ടം ഏകീഭാവം (unitio) ആണ്. ഈ ഘട്ടത്തില്‍ സന്യാസിയുടെ ആത്മാവും ദൈവാരൂപിയും ഉത്തമഗീതത്തിലെ വിവാഹം പോലെ ഒന്നായിത്തീരുന്നു. പലപ്പോഴും സന്യാസികള്‍ ഈ അവസ്ഥ ആവശ്യപ്പെടുന്ന ഏകാന്തതയും ശാന്തതയും ലഭിക്കാനായിട്ടാണ് മരുഭൂമിയിലേക്കോ ഉള്‍ക്കാടുകളിലേക്കോ ഓടിപ്പോയിരുന്നത്. ഈ ഘട്ടത്തില്‍ സന്യാസികള്‍ ഉത്ഥാനത്തിനുശേഷം പലപ്പോഴും ശിഷ്യരില്‍നിന്ന് മറഞ്ഞിരുന്ന, രൂപാന്തരപ്പെട്ട ക്രിസ്തുവുമായി അവരെ താദാത്മ്യപ്പെടുത്തിയിരുന്നു.

സെമിപെലാജിയനിസം എന്ന ആശയം രൂപപ്പെടുവാന്‍ കാസ്സിയന്റെ നിലപാടുകള്‍ കാരണമായി എന്ന് പറയപ്പെടുന്നു. ദൈവകൃപയെക്കാളും മനുഷ്യന്റെ സ്വതന്ത്രമായ മനസ്സ് രക്ഷ നേടുന്നതില്‍ കൂടുതല്‍ പങ്കുവഹിക്കുന്നുണ്ട് എന്നതായിരുന്നു ആ ആശയം. പാപമില്ലാതെ ജീവിക്കാന്‍ മനുഷ്യന്റെ ഇച്ഛകൊണ്ട് സാധിക്കുമെന്ന പെലാജിയനിസം പാഷണ്ഡതയ്ക്കും, ഉത്ഭവപാപവും കൃപയുടെ ആവശ്യകതയും ഊന്നിപ്പറയുന്ന അഗസ്റ്റിന്റെ പഠനങ്ങള്‍ക്കും ഇടയില്‍ ഒരു അനുരഞ്ജനത്തിനാണ് വി. കാസ്സിയന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം ശക്തിപ്പെട്ട ഈ ആശയസംഹിതയെ ഓറഞ്ചില്‍ ചേര്‍ന്ന 529ലെ പ്രാദേശിക സിനഡ് തള്ളിപ്പറഞ്ഞു. 19-ാം നൂറ്റാണ്ടിലെ നവീകരണ പ്രസ്ഥാനങ്ങള്‍ പിന്നീടും ഇവയെ ജനസമ്മതിയുള്ളതാക്കി.

പാശ്ചാത്യയൂറോപ്പില്‍ വലിയ തോതിലുള്ള ഒരു സ്വാധീനത്തിനു ജോണ്‍ കാസ്സിയന്റെ ആത്മീയ പാരമ്പര്യങ്ങള്‍ കാരണമായി. യൂറോപ്പിലെ പ്രധാന ആധ്യാത്മിക പിതാക്കളായ വി. ബെനെഡിക്ടും ഇഗ്‌നേഷ്യസ് ലയോളയുമെല്ലാം അവരുടെ ആശയങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത് വി. കാസ്സിയനോടാണ്. മധ്യകാലങ്ങളില്‍ കാസ്സിയന്റെ സ്വാധീനം മൂലം പല ആശ്രമങ്ങളും പഠനത്തിനായും സാംസ്‌കാരികമായ വളര്‍ച്ചയ്ക്കായും പരിശ്രമിച്ചു. പാവങ്ങളെയും രോഗികളെയും സഹായിക്കാനും അവര്‍ മടിച്ചില്ല.

മരുഭൂമി പിതാക്കന്മാരുടെ ജ്ഞാനം പകര്‍ന്നുനല്‍കിക്കൊണ്ട് വി. ജോണ്‍ കാസ്സിയന്‍ എഴുതിയ ആദ്യപുസ്തകമായ Institutes ലെ പത്താമത്തെ പുസ്തകത്തിലെ 23-ാം അദ്ധ്യായം ചുവടെ ചേര്‍ക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ടവയെങ്കിലും അവ പ്രഘോഷിക്കുന്ന സത്യം ഇന്നും സന്യാസ വഴികളില്‍ വെളിച്ചം വീശുന്നവയാണ്.

''പാശ്ചാത്യ ലോകത്ത് സന്യസ്തര്‍ക്കായി അധികം ആശ്രമങ്ങളില്ലാത്തതിനു കാരണം അല സതയാണ്. ഈ രാജ്യങ്ങളില്‍ ധാരാളം അംഗങ്ങളുള്ള ആശ്രമങ്ങളൊന്നും നാം കാണുന്നില്ല. സ്വയമായി ജോലി ചെയ്ത് അതില്‍ നിന്ന് കിട്ടുന്ന പണംകൊണ്ട് അവര്‍ക്ക് ആശ്രമങ്ങള്‍ മുന്‍പോട്ട് കൊണ്ടു പോകാന്‍ കഴിയുന്നില്ല. ഇനി ആരെങ്കിലും സ്വന്തം ഇഷ്ടമനുസരിച്ച് എന്തെങ്കിലും നല്‍കിയാല്‍ സുഖസൗകര്യങ്ങളോടുള്ള ഇഷ്ടവും ഹൃദയത്തിന്റെ ചാഞ്ചല്യവും അവരെ ഒരു സ്ഥലത്തു തന്നെ തുടരുവാനായി അനുവദിക്കുകയില്ല. അതിനെക്കുറിച്ച് മരു ഭൂമി പിതാക്കന്മാര്‍ പറഞ്ഞുവരുന്ന ഒരു പഴഞ്ചൊല്ല് ഇതാണ്: അദ്ധ്വാനിക്കുന്ന സന്യാസിയെ ഒരു പിശാച് മാത്രമേ ആക്രമിക്കുകയുള്ളൂ. എന്നാല്‍ മടിയനായ ഒരു സന്യാസിയെ എണ്ണമറ്റ പിശാചുക്കള്‍ ആക്രമിച്ചുകൊണ്ടിരിക്കും.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org