
ഏകദേശം നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് വി. അഗസ്റ്റിന്‍ തന്റെ നിയമാവലിക്ക് രൂപം നല്‍കിയത്. മിലാനില്‍ നിന്ന് വി. അംബ്രോസ് വഴി മാമോദീസാ സ്വീകരിച്ച അഗസ്റ്റിന്‍ വടക്കന്‍ ആഫ്രിക്കയില്‍ തിരിച്ചെത്തി ഒരു ചെറിയ സമൂഹം സ്ഥാപിച്ചു. തന്റെ എല്ലാ സ്വത്തുക്കളും വിറ്റ് ദാനം ചെയ്ത ശേഷം ചെറിയ ഒരു ഭാഗം തന്റെ സമൂഹവുമൊത്തുള്ള സമര്‍പ്പണ ജീവിതത്തിനായി മാറ്റിവച്ചു. അവിടെ എല്ലാവരുടെയും കൂടെ പ്രാര്‍ത്ഥനയിലും പങ്കുവയ്ക്കലിലും ജീവിച്ചു. മെത്രാന്‍ പദവിയിലെത്തിയപ്പോള്‍ തന്റെ സഹവൈദികരെ ഈ സമൂഹത്തിന്റെ ഭാഗമാകുവാന്‍ അദ്ദേഹം ക്ഷണിച്ചു.
അദ്ദേഹം രൂപം കൊടുത്ത നിയമാവലി ഒരു സമൂഹ ജീവിതത്തിനായുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിച്ചു. പാശ്ചാത്യ സഭയിലെ ഏറ്റവും പഴക്കമുള്ള സന്ന്യാസ നിയമാവലി അഗസ്റ്റിന്‍ രൂപം കൊടുത്ത ഈ നിയമാവലിയാണ്. വി. ബെനഡിക്ട് എഴുതിയുണ്ടാക്കിയ നിയമാവലിയെ വച്ചുനോക്കുമ്പോള്‍ ഇത് വളരെ സംക്ഷിപ്ത രൂപത്തിലായിരുന്നു. പക്ഷെ സമൂഹ ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അഗസ്റ്റിന്റെ നിയമാവലി.
സുവിശേഷാനുസൃതം ജീവിക്കാന്‍ ആഗ്രഹിച്ച വ്യക്തികളുടെ ചെറിയ സമൂഹങ്ങളില്‍ ഈ നിയമാവലി പ്രചുരപ്രചാരം നേടി. യൂറോപ്പ് മുഴുവനും അഞ്ചാം നൂറ്റാണ്ടു മുതല്‍ താപസരായ സന്ന്യാ സികളുടെയും സന്ന്യാസിനികളുടെയും രൂപതാവൈദികരുടെയും കൂട്ടായ്മകള്‍ ഈ നിയമാവലി ഉപയോഗിക്കാന്‍ തുടങ്ങി. ഹിപ്പോയില്‍ അഗസ്റ്റിനൊപ്പം വൈദികര്‍ ജീവിച്ചതുപോലെ പലയിടങ്ങളിലും കത്തീഡ്രലുകളോട് ബന്ധപ്പെട്ട് മെത്രാന്മാരുടെ കൂടെ വൈദികര്‍ സമൂഹമായി ജീവിച്ചിരുന്നു. ദൈവരാജ്യത്തിലേക്കുള്ള വഴിയില്‍ എല്ലാവരും ഒരേ മനസ്സോടും ഒരേ ഹൃദയത്തോടും കൂടി ഐക്യത്തില്‍ ജീവിക്കണമെന്ന് അഗസ്റ്റിന്റെ നിയമാവലി ആവശ്യപ്പെടുന്നു. നിയമാവലിയുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഇതാണ്: ദൈവത്തോടും സഹോദരങ്ങളോടും ഉള്ള സ്‌നേഹമാണ് ക്രിസ്ത്യന്‍ ജീവിതത്തിന്റെ കേന്ദ്രം.
സഭയിലെ ഏറ്റവും പഴക്കമുള്ള നിയമാവലികളില്‍ ഒന്നാണ് അഗസ്റ്റിന്‍ എഴുതിയ നിയമാവലി. സന്ന്യാസ അനുഷ്ഠാനങ്ങളെയും നിര്‍ദ്ദേശങ്ങളെയും കുറിച്ച് അത് കാര്യമായി സംസാരിക്കുന്നില്ല. അഗസ്റ്റിന്‍ കൂടുതലും ശ്രദ്ധിച്ചത് സമൂഹജീവിതത്തിന്റെ അടിസ്ഥാനം ക്രമപ്പെടുത്തുവാനായിരുന്നു. അത് ശരിയായാല്‍ ബാക്കിയെ ല്ലാം ക്രമേണ ശരിയാകുമെന്നുമായിരുന്നു അഗസ്റ്റിന്റെ വിശ്വാസം. അപ്പസ്‌തോല പ്രവര്‍ത്തനത്തിലെ 4:32 ആയിരുന്നു സന്ന്യാസ ജീവിതത്തിന്റെ അടിസ്ഥാനമായി അദ്ദേഹം കണ്ടത്. 'വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു.' ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹം എപ്പോഴും ഐക്യത്തില്‍ ജീവിക്കണമെന്നും ദൈവരാജ്യത്തിലേക്കുള്ള യാത്രയില്‍ ഒരു മനസ്സും ഒരു ഹൃദയവുമായി മുന്നേറണമെന്നും നിഷ്‌കര്‍ഷിച്ചു. സ്‌നേഹം - ദൈവസ്‌നേഹവും പരസ്‌നേഹവും - ആണ് ക്രിസ്തീയജീവിതത്തിന്റെ കേന്ദ്രം എന്ന് നിയമാവലി അടിവരയിടുന്നു.
അംഗങ്ങള്‍ എല്ലാവരും അവരുടെ ആത്മീയവും ഭൗതീകവുമായ സ്വത്തുക്കള്‍ എളിമയോടെ പൊതുവായി പങ്കുവയ്ക്കുന്നത് സ്‌നേഹത്തില്‍ വളരാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗമായി കരുതപ്പെട്ടു. ബാഹ്യമായ നിര്‍ദ്ദേശങ്ങളേക്കാളും അനുഷ്ഠാനങ്ങളെക്കാളും ആന്തരികമായ മാറ്റങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ബാഹ്യമായ ആചാരങ്ങളില്‍ നിന്ന് ആത്മീയമായ മാനസാന്തരത്തിലേക്കു കടക്കുവാന്‍ ഈ നിയമാവലിയില്‍ ഏഴിടങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങളെക്കാളും സമൂഹജീവിതത്തിനു പ്രാധാന്യം കൊടുക്കാന്‍ നിയമാവലി ആവശ്യപ്പെടുന്നുണ്ട്. ഇതുകൊണ്ടുതന്നെ എല്ലാവരും അവരവര്‍ക്കുള്ളത് പൊതുവായി പങ്കുവയ്ക്കണമെന്നും എല്ലാവരും അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു മാത്രമേ എല്ലാം സ്വീകരിക്കാവൂ എന്നും നിയമാവലി നിര്‍ദ്ദേശിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും എല്ലാവരുടെയും പൊതുനന്മയെ ലക്ഷ്യം വച്ചായിരിക്കണം പൂര്‍ത്തീകരിക്കപ്പെടുന്നത്. എല്ലാ അംഗങ്ങളും പരസ്പരം കരുതലും മറ്റുള്ളവരെക്കുറിച്ച് ജാഗ്രതയും ഉള്ളവരായിരിക്കണം. രോഗികളായവരെ പരിചരിക്കുന്നതില്‍ സമൂഹത്തിന്റെ സവിശേഷമായ ശ്രദ്ധ പതിയണം.
മറ്റൊരാളെ ദ്രോഹിക്കാന്‍ ഇട വന്നാല്‍ എത്രയും വേഗം ക്ഷമ ചോദിക്കാനും ക്ഷമ വാങ്ങുവാനും പരിശ്രമിക്കണം. കൃത്യസമയങ്ങളിലെ പ്രാര്‍ത്ഥനയ്ക്ക് വിഘാതം സംഭവിക്കരുത്. ക്രൈസ്തവ ശൈലി ജീവിക്കുന്നതിലും സമൂഹാംഗങ്ങളുമായി ഐക്യം നില നിര്‍ത്തുന്നതിലും ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി, ഓരോരുത്തരുടെയും ഈഗോ തൃപ്തിപ്പെടുത്താനുള്ള പ്രവണതയാണെന്നും അതിനെ അതിജീവിക്കണമെന്നും അഗസ്റ്റിന്‍ ഓര്‍മിപ്പിക്കുന്നു. പരസ്പര സ്‌നേഹത്തിലൂടെയും പരസ്പരം ഐക്യത്തില്‍ ജീവിക്കാനുള്ള ഒത്തൊരുമയിലൂടെയും സമൂഹാംഗങ്ങള്‍ ക്രിസ്തുവിന്റെ മൂല്യങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കുന്നു. അവര്‍ ക്രിസ്തുസ്‌നേഹം മറ്റുള്ളവര്‍ക്ക് പ്രാപ്യമാക്കുന്നു.
പാശ്ചാത്യലോകത്ത് ഏറ്റവും പഴക്കവും ആധികാരികതയും ഉള്ള നിയമാവലിയായതിനാല്‍ അഗസ്റ്റീനിയന് സഭ മാത്രമല്ല മറ്റു പല സന്ന്യാസ സഭകളും ഈ നിയമാവലിയില്‍ നിന്ന് കടം കൊണ്ടിട്ടുണ്ട്.
അധികാരം കയ്യാളുന്നത് ഒരു ഭാഗ്യമല്ല. മറിച്ച് അതൊരു ശുശ്രൂഷയാണ് എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വി. അഗസ്റ്റിന്‍ പറയുന്നുണ്ട്. അധികാരത്തിന്റെ ഭാഷയായി ശുശ്രൂഷ മാറണം. പലപ്പോഴും സന്ന്യാസസഭകളില്‍ അധികാരം തന്നിഷ്ടം നടപ്പാക്കുന്നതിന്റെയും സ്വന്തമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെയും മറുരൂപങ്ങള്‍ ആകുന്നുണ്ടോ എന്ന് സംശയിക്കപ്പെടുന്നു. ദൈവം നയിക്കുന്നതനുസരിച്ച് മുന്‍പോട്ട് പോകുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട അധികാരികള്‍ ദൈവപാതയിലല്ല, തങ്ങളുടെ പാതയില്‍ സഭയെ നയിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താന്‍ ഇടയാകണം. 'നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം' (മത്തായി 20:27) എന്ന തിരുവചനം ഇവിടെ മുഴങ്ങുന്നുണ്ട്.
ഗൗരവമായ ഒരു മാറ്റം കൂടി ഈ നിയമാവലിയില്‍ സ്പഷ്ടമാണ്. ജോലികളില്‍ മറ്റുള്ളവര്‍ക്ക് മാതൃക നല്‍കാനും അഗസ്റ്റിന്‍ അധികാരിയെ ചുമതലപ്പെടുത്തുന്നുണ്ട്. എല്ലാ ജോലികളും സ്വയം ചെയ്തുകൊണ്ടാണ് അദ്ദേഹം മാതൃക നല്‍കേണ്ടത്. മറ്റുള്ളവരുടെ ജോലിക്ക് മാര്‍ക്കിടാനും നിലവാരം നിശ്ചയിക്കാനുമല്ല, സ്വയം ആ ജോലികള്‍ ചെയ്ത് മാതൃക നല്‍കാനാണ് അഗസ്റ്റിന്‍ ഓര്‍മ്മപ്പെടുത്തുന്നത്. അധികാരികള്‍ പലപ്പോഴും മറ്റ് സന്ന്യാസികള്‍ ചെയ്യുന്ന ജോലികളില്‍ നിന്ന് അകന്നു നില്‍ക്കരുതെന്നും സ്വയം ശുശ്രൂഷകളില്‍ നിന്ന് പിന്മാറരുതെന്നും ഇതിനു വിവക്ഷയുണ്ട്.
അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അച്ചടക്കം സന്ന്യാസത്തിന്റെ അലങ്കാരമാണ്. നിഷ്ഠയില്ലാത്ത ജീവിതം ഒരു പരാജയമാകുന്നതുപോലെ, അച്ചടക്കം ഇല്ലാത്ത സന്ന്യാസം ഫലരഹിതവും അര്‍ത്ഥരഹിതവുമായിരിക്കും. അതുകൊണ്ടുതന്നെ ആ വൃതിക്കുള്ളില്‍ ക്രമങ്ങളും നിഷ്ഠകളും പാലിക്കപ്പെടുന്നുണ്ട് എന്നത് അധികാരി ഉറപ്പാക്കേണ്ട കാര്യമാണ്.
മറ്റുള്ളവര്‍ക്കു ആശ്രമശ്രേഷ്ഠനോട് ഉണ്ടാകേണ്ട വികാരം ഭയമല്ല, സ്‌നേഹമാണ്. നാം ദൈവത്തെ ആരാധിക്കുന്നതിനു പിന്നിലെ വികാരം ഭയമാണെങ്കില്‍ ആ ആരാധനകൊണ്ട് യാതൊരു പ്രയോജനവുമില്ല. അതുപോലെ അധികാരിയെ അനുസരിക്കുന്നതും ബഹുമാനിക്കുന്നതും ഭയംകൊണ്ടാണെങ്കില്‍ ആ അധികാരി തന്റെ ഉത്തരവാദിത്വങ്ങളില്‍ വിജയിക്കുന്നില്ല. മറ്റുള്ളവര്‍ ആശ്രമശ്രേഷ്ഠനിലുള്ള അധികാരം, ദൈവദത്തമായി കാണുകയും അധികാരി ആ നിയോഗം ശുശ്രൂഷാ ചൈതന്യത്തോടെ നിര്‍വഹിക്കുകയും അതുവഴി സമൂഹം മുഴുവന്‍ ദൈവമഹത്വത്തിനു കാരണമാവുകയും ചെയ്യുമ്പോഴാണ് അധികാരി വിജയിക്കുന്നത്.