
ഒരു ആശ്രമശ്രേഷ്ഠന്‍ ഏത് വിധമുള്ള ചൈതന്യത്തോടെയാണ് തന്റെ സന്ന്യാസ സഹോദരങ്ങളെ നയിക്കേണ്ടത്?
ചോദ്യം 30:
ഏറ്റവും എളിയവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗ്ഗ സൗഭാഗ്യം നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്ന വിധമോ (മാര്‍ക്കോ. 5:3), അഹംഭാവത്താല്‍ അന്ധനായി, പിശാചിനു ലഭിച്ച ശിക്ഷാവിധി ലഭിക്കുന്ന വിധമോ (1 തിമോ. 3:6) അപകടസാധ്യതയില്‍ വീഴാതിരിക്കത്തക്കവിധം ആശ്രമശ്രേഷ്ഠന്‍ തന്റെ സ്ഥാനത്തിന്റെ വൈശിഷ്ട്യത്തെപ്പറ്റി അഹങ്കരിക്കരുത്. അധികാരം ശുശ്രൂഷയ്ക്ക് വേണ്ടിയിട്ടുള്ളതാണെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടാകണം.
മുറിവേറ്റയാള്‍ക്ക് തന്റെ ശുശ്രൂഷ നല്കുമ്പോഴോ, മുറിവിലെ പഴുപ്പ് നീക്കം ചെയ്യുമ്പോഴോ, രോഗാവസ്ഥയ്ക്ക് അനുസരിച്ച് ഔഷധം നല്കുമ്പോഴോ താന്‍ നല്‍കിയ ശുശ്രൂഷയെക്കുറിച്ച് അഹങ്കരിക്കാതെ അതില്‍ എളിമപ്പെടാനും ഉത്കണ്ഠപ്പെടാനും വ്യഥയനുഭവിക്കാനും കാരണം കണ്ടെത്തട്ടെ.
അങ്ങനെ, എല്ലാവരുടെയും ശുശ്രൂഷകനും, എല്ലാവരുടെയും കണക്ക് ബോധിപ്പിക്കേണ്ടവനുമായ സമൂഹത്തിന്റെ പരിചരണം ഏല്പിക്കപ്പെട്ടിരിക്കുന്നയാള്‍ (care of healing), ആകുലതകളും അസ്വസ്ഥതകളും ഉള്‍ക്കൊള്ളണം. കര്‍ത്താവിന്റെ വചനമനുസരിച്ച് 'ആരെങ്കിലും ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണമെന്ന' (മാര്‍ക്കോ. 9:35) ലക്ഷ്യത്തില്‍ അപ്പോള്‍ മാത്രമേ അദ്ദേഹം യഥാര്‍ത്ഥത്തില്‍ എത്തിച്ചേരുന്നുള്ളൂ.
ലോകത്തില്‍ നിന്നുള്ള ഒരൊളിച്ചോട്ടമായും, ആന്തരികവെളിച്ചത്തെ അന്വേഷിച്ചുള്ള യാത്രയായും, ദൈവത്തില്‍ മറഞ്ഞിരിക്കുന്ന ഒരു ജീവിതവും ധ്യാനവുമൊക്കെയായിട്ടാണ് സന്ന്യാസജീവിതത്തിന്റെ അന്തസത്തയെ ആദ്യകാലങ്ങളില്‍ ക്രിസ്ത്യാനികള്‍ മനസ്സിലാക്കിയിരുന്നതെങ്കിലും ഏകാന്ത ജീവിതത്തിന്റെ അപകടങ്ങളും അതിന്റെ പ്രലോഭനങ്ങളും വളരെ പെട്ടെന്ന് തന്നെ അവരുടെയിടയില്‍ പ്രത്യക്ഷമായി. ആശ്രമശ്രേഷ്ഠനെന്ന ആത്മീയ പിതാവിന്റെ പിന്തുണയോടെ സന്ന്യാസികള്‍ ചെറിയ സമൂഹങ്ങളായി സ്വതന്ത്രമായി അവരുടെ താപസജീവിതം തുടര്‍ന്നെങ്കിലും ഈ അപകടങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും അതൊരു തടസ്സമായില്ല. ആത്മീയ ജീവിതത്തിനാവശ്യമായ ഭൗതീകവും ആത്മീയവുമായ സഹായങ്ങള്‍ നല്‍കാന്‍ കഴിവുള്ള സമൂഹ ജീവിതത്തോടുള്ള താല്പര്യം വേഗത്തില്‍ അവരില്‍ പ്രകടമാകാന്‍ തുടങ്ങി.
വടക്കന്‍ ഈജിപ്തിലെ തേബൈഡ് എന്ന സ്ഥലത്തെ പക്കോമിയൂസ് എന്ന സന്ന്യാസിയാണ് ഇന്ന് കാണുന്ന സമൂഹജീവിതത്തിന്റെ ആരംഭകന്‍. നേതൃത്വവും ഉപനേതൃത്വവും ഉള്ള വലിയ സമൂഹങ്ങളെ അദ്ദേഹം രൂപീകരിച്ചു. അവരുടെ അധികാരങ്ങള്‍ നിശ്ചയിച്ചു. നിശ്ചിത ഇടവേളകളില്‍ കൂടിചേരലുകളും ക്രമീകരിച്ചു. പ്രാര്‍ത്ഥനയ്ക്കും നിശബ്ദതയ്ക്കുമൊപ്പം ലാഭം നല്‍കുന്ന ജോലികളില്‍ ഏര്‍പ്പെടാമെന്നും അതുവഴി സമൂഹ ആവശ്യങ്ങള്‍ നടത്താമെന്നും തീരുമാനിച്ചു. സഭാസ്ഥാപകനും ആശ്രമശേഷ്ഠനുമൊക്കെ യാത്രയിലായിരിക്കുമ്പോഴോ, പുതിയ ഭവനങ്ങള്‍ ആരംഭിക്കുമ്പോഴോ അവര്‍ക്ക് പാലിക്കാനായി സുവിശേഷങ്ങളില്‍ വേരുറപ്പിച്ച ചിട്ടകളും രീതികളും എഴുതി നല്‍കപ്പെട്ടു. ദൈനംദിന ജീവിതവും, സന്ന്യാസജീവിത പ്രവേശനവും, അധികാരവും, തിരഞ്ഞെടുപ്പുമെല്ലാം അതില്‍ വിഷയങ്ങളായി.
നിയമാവലികള്‍ സന്ന്യാസ ജീവിതത്തിന്റെ ആരംഭ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായിരുന്നു. ഏകാന്ത താപസ ജീവിതങ്ങളില്‍ നിന്ന് അല്പം കൂടി വിപുലീകരിക്കപ്പെട്ട് സമൂഹമായി ജീവിക്കാനാരംഭിച്ച സന്യാസികള്‍ക്ക് തങ്ങളുടെ അനുദിന ജീവിതത്തിന്റെ ചിട്ടകളും രീതികളും ക്രമപ്പെടുത്തേണ്ടതിന്റെ ഭാഗമായി നിയമാവലികള്‍ ആവശ്യമായിവന്നു. ഏകാന്ത താപസ ജീവിതങ്ങളില്‍ ഓരോരുത്തരും സ്വന്തം മനോധര്‍മ്മമനുസരിച്ച് അവരവരുടെ ആത്മീയജീവിതത്തെ ചിട്ടപ്പെടുത്തിയെങ്കില്‍, സഭാസ്ഥാപകര്‍ നല്‍കിയ നിയമാവലികള്‍ സമൂഹജീവിതത്തിലെ ചട്ടക്കൂടുകളായി മാറി. സന്ന്യാസജീവിതത്തിന്റെ ബാല്യത്തില്‍ തന്നെ ഉരുത്തിരിഞ്ഞ, ക്രോഡീകരിക്കപ്പെട്ട, ആധികാരികമായ നിയമാവലികളില്‍ പ്രധാനമാണ് വി. ബേസിലിന്റേത്.
കപ്പഡോഷ്യന്‍ പിതാക്കന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മഹാന്മാരായ വി. ബേസിലും (329379), അദ്ദേഹത്തിന്റെ സഹോദരന്‍ നിസ്സയിലെ വി. ഗ്രിഗറിയും നസ്യാന്‍സസിലെ വി. ഗ്രിഗറിയും നാലാം നൂറ്റാണ്ടിലെ സഭയ്ക്ക് നല്‍കിയ സേവനങ്ങള്‍ ഇന്നും സ്മരിക്കപ്പെടുന്നതാണ്. പരസ്ത്യ സഭയില്‍ സന്ന്യാസ ജീവിതത്തെ നവീകരിച്ചതും അതിന് ഊടും പാവും നല്‍കിയതും ആര്യന്‍ പാഷാണ്ഡതയ്‌ക്കെതിരെ അതിഘോരമായി യുദ്ധം ചെയ്തതും വി. ബേസിലാണ്.
ദീര്‍ഘനാളത്തെ പഠനത്തിനും താപസ ആശ്രമങ്ങളിലൂടെയുള്ള യാത്രകള്‍ക്കുമൊടുവില്‍ അദ്ദേഹം സന്ന്യാസത്തിനായി മുപ്പതാമത്തെ വയസ്സില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. അവിടെവച്ച് പൊതുവായ ഒരു നിയമാവലി അനുസരിച്ച് ജീവിക്കുന്ന സന്ന്യാസികളുടെ ഒരു സമൂഹജീവിതത്തിനു ആരംഭമിട്ടു. ഏഷ്യാമൈനറിലെ ആദ്യത്തെ സമൂഹജീവിതം ഇതായിരുന്നു.
മരുഭൂമിയിലെ പിതാക്കന്മാരുടെ അതികഠിനവും കര്‍ശനവുമായ നിയമാവലികളെ ഒഴിവാക്കി അദ്ദേഹം എഴുതിയ നിയമാവലി വളരെ ലളിതവും മനസ്സിലാക്കാന്‍ എളുപ്പവുമായിരുന്നു. പിന്നീട് എഴുതപ്പെട്ട, പ്രത്യേകിച്ച് പാശ്ചാത്യസഭകളില്‍ രൂപംകൊണ്ട നിയമാവലികളെക്കാള്‍ സരളവും സൗമ്യവുമായിരുന്നു വി. ബേസില്‍ രൂപം കൊടുത്ത നിയമാവലി.
സമൂഹജീവിതത്തിലൂടെയും അനുസരണത്തിലൂടെയും എത്തിച്ചേരാന്‍ സാധിക്കുന്ന ദൈവശുശ്രൂഷയായിരുന്നു അദ്ദേഹം വിഭാവനം ചെയ്ത സന്ന്യാസം. യാമ പ്രാര്‍ത്ഥനകളും ശാരീരികവും മാനസികവുമായ അദ്ധ്വാനവും നിയമബദ്ധമായിരുന്നു. ബ്രഹ്മചര്യവും ദാരിദ്ര്യവും അദ്ദേഹത്തിന്റെ നിയമാവലിയില്‍ അന്തര്‍ലീനമായ ആശയമായിരുന്നു. പാശ്ചാത്യസഭയില്‍ വി. ബെനഡിക്ട് എന്തായിരുന്നുവോ അതായിരുന്നു വി. ബേസില്‍ പൗരസ്ത്യ സഭയില്‍.
അദ്ദേഹം എഴുതിയ നിയമാവലിയുടെ ആദ്യഭാഗം ഏകദേശം 1500 ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് എഴുതിയ 80 നിയമങ്ങളായിരുന്നു. ധാര്‍മ്മിക നിയമാവലി എന്നത് അറിയപ്പെടുന്നു. അത് എല്ലാ വിശ്വാസികള്‍ക്കുമായിട്ടാണ് എഴുതപ്പെട്ടത്. രണ്ടാമതായി, ബേസില്‍ നല്‍കിയ ഉപദേശങ്ങളും തത്വങ്ങളും അദ്ദേഹത്തിന്റെ ശിഷ്യരാല്‍ ക്രോഡീകരിക്കപ്പെട്ട നിയമാവലികളായി അറിയപ്പെടുന്നുണ്ട്. വിസ്തരിച്ച നിയമാവലിയെന്നും സംക്ഷിപ്തമായ നിയമാവലിയെന്നും (diffused rules and brief rules) അവ അറിയപ്പെടുന്നു. മൂന്നാമതായി അദ്ദേഹം തന്റെ സമൂഹത്തിലെ അംഗങ്ങള്‍ക്കായി മാത്രം ഒരു നിയമാവലി എഴുതി നല്‍കിയിട്ടുണ്ട്. സന്യസ്തര്‍ക്കുള്ള നിയമാവലി എന്നാണു (Rules for monks) അതറിയപ്പെടുന്നത്. ചോദ്യോത്തരമായി എഴുതപ്പെട്ട നിയമാവലികളിലെ വിസ്തൃത നിയമാവലിയിലെ (diffused rules) മുപ്പതാമത്തെ ചോദ്യമാണ് നാമിന്ന് വിശകലനം ചെയ്യുന്നത്.
ആശ്രമശ്രേഷ്ഠന്‍ ഏത് മനോഭാവമാണ് തന്റെ സഹോദരനോട് പുലര്‍ത്തേണ്ടതെന്ന സ്പഷ്ടമായ ചോദ്യമാണ് ചോദ്യകര്‍ത്താവ് ചോദിക്കുക. അതിനു മൂന്നു തിരുവചന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരുത്തരമാണ് ബേസില്‍ നല്‍കുന്നത്. മൂന്നു ഖണ്ഡികയായി നല്‍കപ്പെട്ട ഉത്തരത്തില്‍ അധികാരം ശുശ്രൂഷയ്ക്ക് വേണ്ടിയിട്ടുള്ളതാണെന്ന ഓര്‍മ്മപ്പെടുത്തലിനോടൊപ്പം ആശ്രമശ്രേഷ്ഠന് സമൂഹത്തിന്റെ സൗഖ്യശുശ്രൂഷകൂടി ഏല്പിക്കപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.
ആശ്രമശ്രേഷ്ഠന്‍ തന്റെ ശു ശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന സമൂഹത്തിനു സൗഖ്യം പകരേണ്ടവനാണ് എന്ന ചിന്ത വളരെ കാലികപ്രസക്തമാണ്. അതില്‍നിന്നു തന്നെ തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സമൂഹം മുറിവുകളും രോഗങ്ങളും ഉള്ളവരാണെന്നും അവരില്‍നിന്ന് പൂര്‍ണ്ണത അവകാശപ്പെടാനാവില്ലെന്നും ബേസില്‍ പിതാവ് അര്‍ത്ഥമാക്കുന്നുണ്ട്. അവരില്‍നിന്ന് താന്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നതിനു മുന്‍പ് താനാണ് അവര്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യേണ്ടതെന്ന ഓര്‍മ്മപ്പെടുത്തലും വ്യംഗ്യമായുണ്ട്. പലപ്പോഴും അധികാരികള്‍ മറന്നു പോകുന്ന ഒരു ഗൗരവമാര്‍ന്ന കാര്യമാണ് പിതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഒരു സമൂഹവും പൂര്‍ണ്ണ ആരോഗ്യം ഉള്ളവരല്ലെന്നും എല്ലാവര്‍ക്കും അവരവരുടേതായ വേദനകളും നൊമ്പരങ്ങളും ഉണ്ടെന്നും നാം മറന്നുപോകുന്നുണ്ട്.
എല്ലാവരെയും പൂര്‍ണ്ണമായ ആരോഗ്യത്തിലേക്ക് ആത്മീയമായും ശാരീരികമായും മാനസീകമായും തിരികെകൊണ്ട് വരികയെന്നതാണ് ആശ്രമശ്രേഷ്ഠന്‍/അധികാരി എന്ന നിലയില്‍ ഒരാളുടെ പ്രഥമ ദൗത്യം. എന്റെ ദൗത്യം മറക്കാനോ നിരസിക്കാനോ എനിക്കാവില്ല. സ്വന്തം സഹോദരന്‍ രോഗിയായിരിക്കുമ്പോള്‍ ഞാന്‍ അവനോട് എത്രയോ കരുതലുള്ളവനായിരിക്കും? അങ്ങനെയെങ്കില്‍ എന്റെ സഹോദരന്റെ വീഴ്ചകളെയും കുറവുകളേയും എല്ലാം എനിക്ക് രോഗാവസ്ഥയുടെ പ്രശ്‌നങ്ങളായേ കാണാനാകൂ. ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് സമൃദ്ധമായിട്ടുണ്ടാകാനുമാണെന്ന ദൈവവചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ആശ്രമാധിപന്‍ പരിശ്രമിക്കണം. മറ്റുള്ളവരുടെ കണക്കുകള്‍ കൂടി ബോധ്യപ്പെടുത്താന്‍ കടമപ്പെട്ടവനാണല്ലോ അധികാരി.
സമൂഹാംഗങ്ങള്‍, അധികാരി തങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാനായി നിയോഗിക്കപ്പെട്ട ആളെന്ന നിലയില്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും ബാധ്യസ്ഥരാണെന്നും പറയേണ്ടതില്ലല്ലോ.