ഗുരുനിയമാവലി

ഗുരുനിയമാവലി

പാശ്ചാത്യ ലോകത്ത് സന്ന്യാസത്തിനു വെന്നിക്കൊടി പാറിച്ച ആചാര്യനായിരുന്നു വി. ബെനഡിക്ട്. സന്ന്യാസ ജീവിതത്തിനു പുതിയ ശൈലികള്‍ കൊടുത്തതും അതിനു കെട്ടുറപ്പും പ്രൗഢിയും സമ്മാനിച്ചതും ബെനഡിക്ട് തന്നെയായിരുന്നു. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സന്ന്യാസം അതിന്റെ ഔന്നത്യത്തില്‍ എത്തിയതിനു പിന്നിലെ കാരണവും ഏറെക്കുറെ ബെനഡിക്ട് ആണെന്നതിനു ആര്‍ക്കും തര്‍ക്കമുണ്ടാവുകയില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യകാലത്തുവരെ ബെനഡിക്ട് തന്റെ സന്ന്യാസാംഗങ്ങള്‍ക്കായി നല്‍കിയ നിയമാവലി അദ്ദേഹത്തിന്റെ തന്നെ ഒരു വലിയ നേട്ടമായി കരുതിപ്പോന്നിരുന്നു. മരുഭൂമിയിലെ പിതാക്കന്മാരുടെയും, വി. അഗസ്റ്റിന്റെയും, വി. ജോണ്‍ കസ്സിയാന്‍ എന്നിവരുടെയും എഴുത്തുകളുടെ സഹായത്തോടെ അദ്ദേഹം സ്വയം എഴുതിയുണ്ടാക്കിയതാണ് അദ്ദേഹം നല്‍കിയ നിയമാവലി എന്നായിരുന്നു പ്രബലമായ വിശ്വാസം. എന്നാല്‍ അതിനുശേഷം Regula Magitsri, (Rule of Master), ഗുരു നിയമാവലി എന്ന പേരില്‍ ഒരു രേഖ കണ്ടെത്തുകയും അതുപയോഗിച്ചാണ് വി. ബെനെഡിക്ട് നിയമാവലി എഴുതിയതെന്നുമുള്ള അഭിപ്രായം സന്ന്യാസജീവിത ചരിത്രകാരന്മാരുടെ ഇടയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. അന്നുവരെ ഗുരുനിയമാവലി മോഷ്ടിച്ചെഴുതപ്പെട്ട ഒന്നായും, ബെനഡിക്ടിന്റെ നിയാമാവലിയുടെ പ്രാകൃതമായ തര്‍ജ്ജമയുമായാണ് കണക്കാക്കിയിരുന്നത്.

ഇന്നും ആധികാരികമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ലെങ്കിലും കൂടുതല്‍ പ്രാചീനമായ ഗുരുനിയമാവലിയെയാണ് കൂടുതല്‍ പണ്ഡിതന്മാരും പിന്തുണയ്ക്കുന്നത്. അങ്ങനെയെങ്കില്‍ ബെനഡിക്ടിന്റെ നിയമാവലിയില്‍ മൂന്നില്‍ ഒരു ഭാഗവും ഈ നിയമാവലിയില്‍ നിന്ന് കടം കൊണ്ടതാണ്. ആമുഖവും, എളിമ, അനുസരണം, ആശ്രമശ്രേഷ്ഠന്‍ മുതലായവയെക്കുറിച്ചുള്ള അദ്ധ്യായങ്ങളും ഈ നിയമാവലിയില്‍ നിന്നുള്ള പ്രധാനഭാഗങ്ങളാണ്.

ഗുരു നിയമാവലി എപ്പോഴാണ് എഴുതപ്പെട്ടത് എന്നതിനെക്കുറിച്ച് ഇപ്പോഴും സംശയങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും ബെനഡിക്ടിനെക്കാളും മൂന്നോ നാലോ ദശകങ്ങള്‍ക്ക് മുന്‍പാണ് അത് എഴുതപ്പെട്ടതെന്ന് പറയപ്പെടുന്നു. ഇത് എഴുതിയത് ആരാണെന്ന് അറിയില്ലെങ്കിലും ഈ പേര് നല്‍കിയത് പത്താം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഐമോന്‍ (Aimoin) എന്ന ഫ്രഞ്ച് ബെനഡിക്ടന്‍ സന്ന്യാസിയാണ്. അതുവരെ ഉപയോഗിക്കപ്പെട്ടിരുന്ന പക്കോമിയോസിന്റെ നിയമാവലി സമൂഹ ജീവിതത്തെക്കുറിച്ചുള്ള ചിട്ടകളുടെയും ക്രമങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും വിലക്കുകളുടെയും ഒരു ശേഖരണമായിരുന്നെങ്കില്‍ ഗുരുനിയമാവലി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമല്ല അവ നല്കപ്പെട്ടതിന്റെ പിന്നിലെ ദൈവശാസ്ത്രപരവും ആത്മീയവുമായ ഒരു ചിന്തയും നല്‍കിയിരുന്നു. സുവിശേഷങ്ങള്‍ ഇന്നുള്ളതുപോലെ എഴുതപ്പെടുന്നതിനു മുന്‍പായി യേശുചെയ്ത അത്ഭുതങ്ങളെക്കുറിച്ചും പഠിപ്പിക്കലുകളെക്കുറിച്ചും പൊതുവായ ഒരു മൂലരൂപം ഉണ്ടായിരുന്നതായി പറയപ്പെടുന്നതുപോലെ നിയമാവലികള്‍ ഓരോ സന്ന്യാസ സഭകള്‍ക്കുമായി എഴുതപ്പെടുന്നതിനു മുന്‍പ് സന്ന്യാസികള്‍ പാലിക്കേണ്ട ചിട്ടകളെയും അനുവര്‍ത്തിക്കേണ്ട രീതികളെക്കുറിച്ചും ഒരു നിയമാവലിയുടെ ശേഖരണം ഉണ്ടായതായി കരുതപ്പെടുന്നുണ്ട്. ഇത് ഒരുപക്ഷേ പല താപസശ്രേഷ്ഠരുടെയും ജീവിതത്തില്‍ നിന്ന് സ്വാധീനിക്കപ്പെട്ടതോ അവര്‍ തങ്ങളുടെ ശിഷ്യര്‍ക്കായി നല്കപ്പെട്ടതോ ആകാം. ആറാം നൂറ്റാണ്ടില്‍, ഒറ്റയ്ക്കും ഏതാനും പേര്‍ ചേര്‍ന്നും സന്ന്യസിച്ചിരുന്നവര്‍ക്ക് ഇത് സഹായമായിട്ടുണ്ടാകാം എന്നും കരുതുന്നു. ഇവയുടെ ഒരു പുരോഗമിച്ച രേഖയാകാം ഗുരുനിയമാവലി. ഗുരുനിയമാവലിയുടെ ഒരു പൂര്‍ണ്ണകയ്യെഴുത്തുപ്രതി പാരീസിലെ നാഷണല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഗുരുനിയമാവലിയിലെ ഒരു ഭാഗം നമുക്ക് വിചിന്തനത്തിനായി തിരഞ്ഞെടുക്കാം. ഒരു ആമുഖവും 95 അദ്ധ്യായവും ഗുരുനിയമാവലിയിലുണ്ട്. ഇതില്‍ ഇരുപതോളം അധ്യായങ്ങള്‍ യാമപ്രാര്‍ത്ഥനകളെ മാത്രം കുറിച്ചുള്ളതായിരുന്നു. ഇത് റോമിനടുത്ത് എവിടെയോ വച്ച് എഴുതപ്പെട്ടതാണെന്നു വിശ്വസിക്കപ്പെടുന്നു. പുതിയ അംഗങ്ങളെ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഭാഗമാണ് നാം പഠിക്കുക.

'ലോകത്തില്‍ നിന്നു ഓടിയൊളിച്ച് ദൈവത്തെ ശുശ്രൂഷിക്കാനായി പുതുതായി ആരെങ്കിലും ആശ്രമത്തില്‍ എത്തുകയും അവര്‍ക്ക് സന്ന്യസിക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്യുമ്പോള്‍ അവരെ വളരെ പെട്ടെന്ന് വിശ്വാസത്തിലെടുക്കരുത്. ആശ്രമശ്രേഷ്ഠന്‍ അവന് ആശ്രമത്തില്‍ ഇടം നല്കാതിരിക്കുന്നതായി വാക്കുകളിലൂടെ അഭിനയിക്കണം, യഥാര്‍ത്ഥത്തില്‍ അങ്ങനെ ചെയ്യരുത്. അവനെ പരീക്ഷിക്കാനായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കണം, അവന്റെ അനുസരണം ഉറപ്പിക്കുവാനായി അവന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധവും താല്പര്യങ്ങള്‍ക്ക് അരോചകവുമായ കാര്യങ്ങള്‍ അവനോട് ആവശ്യപ്പെടണം. അവന്‍ എല്ലാദിവസവും നോമ്പിലും ഉപവാസത്തിലും ആയിരിക്കട്ടെ. 'അതെനിക്ക് വേണം, ഇതെനിക്ക് വേണ്ട, അതെനിക്ക് ഇഷ്ടമാണ്, ഇതെനിക്ക് ഇഷ്ടമല്ല' എന്നൊന്നും ആശ്രമത്തില്‍ ആരോടും അവന്‍ പറയരുത്, അങ്ങനെ സ്വന്തം ഇഷ്ടം നോക്കാതെ ജീവിക്കണമെന്ന് നിയമാവലിയുടെ വായനകളില്‍ നിന്നും ആശ്രമശ്രേഷ്ഠന്റെ വാക്കുകളില്‍ നിന്നും അവന്‍ മനസ്സിലാക്കട്ടെ. (ഗുരുനിയമാവലി, അദ്ധ്യായം 90, § 15)

സന്ന്യസിക്കാനായി എത്തുന്നവര്‍ ആശ്രമത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയെക്കുറിച്ചാണ് പ്രാരംഭ നൂറ്റാണ്ടുകളില്‍ തന്നെ എഴുതപ്പെട്ട ഈ നിയമാവലി വിവക്ഷിക്കുന്നത്. എത്രമാത്രം ശ്രദ്ധയും നിരീക്ഷണവും ഒരര്‍ത്ഥിക്ക് വേണ്ടി വ്യയം ചെയ്യണ്ടതുണ്ട് എന്ന് ഈ നിയമാവലി വരികള്‍ നമ്മെ ചൂണ്ടിക്കാണിക്കുന്നു. വരുന്നവരോട് കാണിക്കേണ്ട കരുതലും പരിഗണനയും ഒരു തരത്തിലും കുറയ്ക്കാതെതന്നെ അവര്‍ക്ക് തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന ദൗത്യം കഠിനവും പരിക്കനുമാണെന്ന് അറിയിക്കണമെന്നാണ് സാരം. ആവശ്യത്തിന് സമയം നല്‍കി ഉറപ്പ് ലഭിച്ചിട്ടു മാത്രമേ പുതിയ അംഗങ്ങളെ സന്ന്യാസത്തിലേക്ക് സ്വീകരിക്കാവൂ എന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ നമ്മുടെ പൂര്‍വീകര്‍ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.

ഇന്നത്തെ സന്ന്യാസജീവിത സാഹചര്യങ്ങളോടും ഈ നിയമാവലികള്‍ ഉറക്കെ സംസാരിക്കുന്നുണ്ട്. ഗുണത്തിലുള്ള കുറവ് എണ്ണം കൊണ്ട് പരിഹരിക്കാനാവില്ലെന്നും എണ്ണമല്ല ഗുണമാണ് പ്രധാനമെന്നും ആര്‍ക്കാണ് അറിയാത്തത്? എന്നാല്‍ പ്രായോഗികതയിലേക്ക് കടക്കുമ്പോള്‍ ഇത്തരം നിയമങ്ങളും നിര്‍ദ്ദേശങ്ങളും അവഗണിക്കപ്പെടുന്നതായി നാം കാണുന്നു. പലപ്പോഴും തലയെണ്ണാനുള്ള ധൃതിയില്‍ നാം മനസ്സെണ്ണാന്‍ മറന്നുപോകുന്നു. അതിന്റെ പരിണിതഫലങ്ങള്‍ ആവൃതികളെ ശോകമയമാക്കുകയും സന്ന്യാസത്തിന്റെ ഗരിമയെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

സന്ന്യാസിസന്ന്യാസിനികളുടെ എണ്ണം കുറയുകയും പുതുതലമുറകള്‍ ആകൃഷ്ടരാകാതിരിക്കുകയും ചെയ്യുന്ന ഇക്കാലയളവില്‍ ഈ സ്വര്‍ണ്ണവിളക്കുകളെ അവഗണിക്കാവുന്നതല്ല. ദൈവശുശ്രൂഷയ്ക്ക് വരുന്നവര്‍ വേണ്ട ഒരുക്കത്തോടും തയ്യാറെടുപ്പോടും കൂടിയാണ് വരുന്നതെന്നും അവര്‍ക്ക് ആവശ്യത്തിന് മാനസിക വൈകാരിക പക്വത കൈവന്നിട്ടുണ്ടെന്നും ഉറപ്പുവരുത്തുന്നതില്‍ അധികാരികള്‍ അശ്രദ്ധ വരുത്തിക്കൂടാ. മാത്രമല്ല സന്ന്യാസപരിശീലനത്തിനായി ആശ്രമങ്ങളിലേക്ക് വരുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ തിരിച്ചറിയാനും അവര്‍ക്ക് സാധിക്കണം.

ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍ വേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കു കൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്? (ലൂക്കാ 14:28).

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org