
ഓരോ 500 വര്‍ഷങ്ങളെയും ഓരോ ഘട്ടങ്ങളായി കണക്കിലെടുത്താല്‍ എ ഡി 500-നും 1000-നും ഇടയിലുള്ള രണ്ടാമത്തെ ഘട്ടം സന്യാസത്തിനു ഘടനയും കെട്ടുറപ്പും പുരോഗതിയും സമ്മാനിച്ച കാലയളവാണ്. സംശയങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും കാലത്തില്‍നിന്നു സന്യാസം ദൃഢതയുടെയും ആധികാരികതയുടെയും രൂപം കൈക്കൊണ്ടു. ഇതിനു ഏറ്റവും വലിയ സംഭാവന നല്‍കിയത് പാശ്ചാത്യ സന്യാസത്തിന്റെ പിതാവെന്നു വിളിക്കാവുന്ന വി. ബെനഡിക്ട് ആയിരുന്നു. സന്യാസ നിയമാവലികളുടെ ചരിത്രത്തില്‍ ഇന്ന് കാണുന്ന കൃത്യവും സുവ്യക്തവുമായി എഴുതപ്പെട്ട നിയമാവലികളില്‍ ആദ്യത്തേത് വി. ബനഡിക്ട് എഴുതിയതാണ്. ഇന്നും സന്യാസജീവിതത്തെ ഇത്രമേല്‍ സ്വാധീനിച്ച നിയമാവലി വേറെയില്ല.
എ ഡി 500 നോടടുത്ത് അദ്ദേഹം റോമിനടുത്ത് സുബിയാക്കോ എന്ന പ്രദേശത്ത് ഒരു ഗുഹയില്‍ ഏകനായി തന്റെ താപസ ജീവിതം തുടങ്ങി. സാവധാനം അദ്ദേഹത്തിന്റെ ജീവിതശൈലി ധാരാളം യുവാക്കളെ സ്വാധീനിച്ചു, അവര്‍ അദ്ദേഹത്തെ പിന്‍ചെല്ലാനായി തത്പരരായി. അദ്ദേഹം സുബിയാക്കോയില്‍ തന്നെ ആദ്യത്തെ സമൂഹത്തിനു രൂപം നല്‍കാനായി പരിശ്രമിച്ചത്, ഫലം ചൂടിയത് മോന്തെ കാസിനോയില്‍ ബൃഹത്തായ ഒരു ആശ്രമം 529-ല്‍ സ്ഥാപിച്ചപ്പോഴാണ്. 547-ല്‍ 67-ാമത്തെ വയസ്സില്‍ അദ്ദേഹം ഇഹ ലോകവാസം വെടിഞ്ഞു.
വി. ബെനഡിക്ട് എഴുതിയ നിയമാവലി 73 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഭൂമിയില്‍ ക്രിസ്തുവിനെ ഉപാസിച്ചുകൊണ്ട് എങ്ങനെ ജീവിക്കാമെന്നും ഒരു ആശ്രമം എങ്ങനെയാണ് ക്രമീകരിക്കപ്പെടേണ്ടതെന്നും ഈ അധ്യായങ്ങള്‍ നിര്‍ദേശിക്കുന്നു. പൗരസ്ത്യ സന്യാസവര്യനായ വി. ജോണ്‍ കാസിയന്റെ എഴുത്തുകളില്‍ നിന്ന് പ്രചോദിപ്പിക്കപ്പെട്ടാണ് ബെനഡിക്ട് നിയമാവലി എഴുതിയതെന്നും അതുകൊണ്ടുതന്നെ അത് പൂര്‍ണ്ണമായും ബെനഡിക്ടിന്റെ മാത്രം സൃഷ്ടിയല്ലെന്നും കരുതപ്പെടുന്നു. മാറ്റങ്ങളുടെ അഭാവം സന്യാസ ശൈലിയില്‍ കൊണ്ടുവന്ന അശ്രദ്ധയ്ക്കും ലൗകികതയ്ക്കും അതിനു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട നിര്‍ബന്ധിതമായ താപസരീതികള്‍ക്കും ഇടയില്‍ ഒരു സമദൂരത്തിന്റെ പ്രതിവിധിയുമായാണ് ബെനഡിക്ടിന്റെ നിയമാവലി കടന്നുവന്നതെങ്കിലും അതിന്റെ ഉള്ളടക്കം ഗൗരവകരമായ അച്ചടക്കത്തിന്റെതായിരുന്നു.
ദിവസത്തെ എട്ടു യാമപ്രാര്‍ത്ഥനാ മണിക്കൂറുകളായി അദ്ദേഹം ക്രമീകരിക്കുകയും സമൂഹ പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നു. ശ്രേണീരീതിയിലുള്ള ശിക്ഷണങ്ങള്‍ അദ്ദേഹം പല തെറ്റുകള്‍ക്കായും നിര്‍ദേശിക്കുന്നു. വ്യക്തിപരമായ താക്കീത്, പരസ്യമായ ശാസന, ഭക്ഷണസമയത്തും മറ്റ് പൊതു ചടങ്ങുകളിലും നിന്ന് മാറ്റിനിറുത്തല്‍, ശാരീരികമായ ശിക്ഷകള്‍, അവസാനം പുറത്താക്കല്‍ എല്ലാം ഇതിന്റെ ഭാഗമായി വരുന്നു. ആശ്രമത്തിന്റെ സ്വത്തുക്കളും വസ്തുവകകളും നോക്കിനടത്താനായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും സ്വകാര്യമായ സ്വത്തുക്കള്‍ ആശ്രമശ്രേഷ്ഠന്റെ അനുവാദമില്ലാതെ അനുവദനീയമല്ലെന്നും നിയമാവലി വ്യക്തമാക്കുന്നു. അടുക്കളയില്‍ സന്യാസികള്‍ ഊഴമനുസരിച്ച് സഹായിക്കണമെന്നും നിയമാവലിയുടെ കര്‍ശനമായ പാലനത്തില്‍ നിന്ന് കുട്ടികള്‍, രോഗികള്‍, പ്രായമേറിയവര്‍ എന്നിവര്‍ക്ക് ഇളവ് നല്കണമെന്നും നിയമാവലിയിലുണ്ട്.
ഭക്ഷണ സമയങ്ങളില്‍ ദൈവ വചനം വായിക്കണം, ആ സമയം എല്ലാവരും നിശ്ശബ്ദത പാലിക്കണം. ദിവസത്തില്‍ രണ്ടു നേരം പാകം ചെയ്ത ഭക്ഷണം നല്കണമെന്നും അതിനോടൊപ്പം ഒരു കഷ്ണം റൊട്ടിയും ഒരു ഗ്ലാസ് വീഞ്ഞും നല്‍കണമെന്നും നിയമാവലിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ക്കും അവശര്‍ക്കുമൊഴികെ മാംസാഹാരം ലഭിക്കില്ല. സായന്തനങ്ങളില്‍ നല്ല പുസ്തകങ്ങള്‍ വായിക്കണമെന്നും ദിവസത്തിന്റെ അവസാനത്തെ കൂട്ടക്രമമായ നിശാപ്രാര്‍ത്ഥനയ്ക്കുശേഷം പൂര്‍ണ്ണമായ നിശ്ശബ്ദത പാലിക്കണമെന്നും നിയമാവലി നിഷ്‌കര്‍ഷിക്കുന്നു.
മതപരമായ സ്വാധീനത്തിനു പുറമേ പാശ്ചാത്യ സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച ഒന്നാണ് ബെനഡിക്ടിന്റെ നിയമാവലി. എഴുതപ്പെട്ട ഭരണഘടനാ, നിയമത്താല്‍ നിയന്ത്രിക്കപ്പെട്ടതും നിയമത്തിനു കീഴിലുള്ളതുമായ അധികാരം, മേലധികാരികള്‍ ചെയ്ത പ്രവൃത്തികള്‍ വിലയിരുത്തുവാനുള്ള ഭരിക്കപ്പെടുന്നവരുടെ അവകാശം, ജനാധിപത്യം എന്നീ ആശയങ്ങള്‍ മൂര്‍ത്തമായവതരിപ്പിക്കുന്ന ഈ നിയമാവലി യൂറോപ്പിലെ പൊതുസമൂഹത്തെ സ്വാധീനിച്ചതില്‍ അത്ഭുതമില്ല.
ബെനഡിക്ടന്‍ സന്യാസികള്‍ എടുക്കുന്നത് മൂന്ന് വ്രതങ്ങളാണ്. ദാരിദ്ര്യവും, ബ്രഹ്മചര്യവും അവരുടെ സന്യാസ ജീവിതശൈലിയുടെ അന്തര്‍ലീനമായ ഭാഗമാണ്. അതിനു പുറമേ അനുസരണവും ആശ്രമജീവിതരീതിയോടുള്ള വിശ്വസ്തതയും സ്ഥിരതയും (vow of stabiltiy) അവര്‍ വ്രതങ്ങളായി പാലിക്കുന്നു.
ബെനഡിക്ട് തന്റെ നിയമാ വലിയില്‍ നാലുതരം സന്യാസികളെക്കുറിച്ച് പറയുന്നുണ്ട്. 1. Cenobites: ഇന്നത്തെ സമര്‍പ്പിതരെപ്പോലെ ആശ്രമങ്ങളില്‍ സമൂഹമായി ജീവിക്കുന്ന സന്യാസികള്‍. 2) anchorites: ഒറ്റയ്ക്ക് തപോജീവിതം നയിക്കുന്നവര്‍. 3) Sarabaits: പ്രത്യേകിച്ച് നിയമങ്ങളോ അധികാരിയോ ഇല്ലാതെ ഒരുമിച്ച് സന്യസിക്കുന്ന രണ്ടോ മൂന്നോ പേരെ വിവക്ഷിക്കുന്നു. 4) Gyrovagues: ഒരു ആശ്രമത്തില്‍നിന്ന് മറ്റൊന്നിലേക്ക് ചുറ്റിത്തിരിഞ്ഞു നടക്കുന്നവര്‍. ആദ്യത്തെ ഗ്രൂപ്പില്‍പ്പെടുന്നവര്‍ക്കായാണ് ബെനഡിക്ട് നിയമാവലി തയ്യാറാക്കിയത്. 'വിവിധങ്ങളായ ആശ്രമങ്ങളില്‍ മൂന്നോ നാലോ ദിവസം തങ്ങിക്കൊണ്ട്, ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് ജീവിതകാലം മുഴുവന്‍ യാത്ര ചെയ്യുന്ന, എങ്ങും സ്ഥിരമായി നില്‍ക്കാത്ത സന്യാസികളുണ്ട് (Chapter 1:10).' അവരെ gyrovague (അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍) എന്നാണു ബെനഡിക്ട് വിളിക്കുന്നത്.
പ്രാര്‍ത്ഥിക്കുക പണിയെടുക്കുക എന്ന ആപ്തവാക്യം ബെനഡിക്ടിന്റെ നിയമാവലിയുടെ അന്തസത്തയാണ്. ആത്മീയതയുടെ പേരില്‍ ഭൗതീകമായ എല്ലാത്തിലും നിന്ന് ഒളിച്ചോടി, മറ്റുള്ളവരുടെ അദ്ധ്വാനത്തില്‍നിന്ന് ഓഹരി പറ്റിയിരുന്ന ഒരു സമൂഹത്തിലാണ് ബെനഡിക്ട് പ്രാര്‍ത്ഥനയും ജോലിയും ഒരുപോലെ കൂട്ടിയിണക്കി സന്യാസ ജീവിതശൈലി ക്രമീകരിച്ചത്. എല്ലാ സന്യാസികളും അഞ്ചുമണിക്കൂര്‍ കായികമായി അദ്ധ്വാനിക്കണമെന്ന് നിയമാവലിയില്‍ അദ്ദേഹം നിര്‍ദേശിച്ചു. കാരണം പല താപസരും ആത്മീയസിദ്ധന്മാരായി, അദ്ധ്വാനിക്കാതെ മറ്റുള്ളവരുടെ ജീവിതത്തില്‍ ഇത്തിക്കണ്ണികളായി അക്കാലങ്ങളില്‍ ജീവിച്ചിരുന്നു.
പലപ്പോഴും തങ്ങള്‍ ആയിരിക്കുന്ന ആശ്രമങ്ങളില്‍നിന്ന് കൂടുതല്‍ നല്ല ഭക്ഷണവും സുഖസൗകര്യങ്ങളും ലഭിക്കുന്ന ആശ്രമങ്ങള്‍ തേടി അവര്‍ ചുറ്റി നടന്നു. ഏതെങ്കിലും ഒരു ആശ്രമത്തില്‍ സ്ഥിരമായി താമസിച്ചാല്‍ അവിടെയുള്ള ജോലികളില്‍ പങ്കുപറ്റേണ്ടതുകൊണ്ട് അവര്‍ പലപ്പോഴും എങ്ങും സ്ഥിരമായി നില്‍ക്കാതെ തീര്‍ത്ഥാടകരായ സന്യാസികളായി. അവരെക്കുറിച്ചാണ് gyrovague എന്ന നാലാമത്തെ തരം സന്യാസികളെക്കുറിച്ച് ബെനഡിക്ട് പറയുന്നത്. അതുകൊണ്ടുതന്നെ തന്റെ ശിക്ഷണത്തിലുള്ള ആ ശ്രമങ്ങളില്‍ വരുന്നവര്‍ സ്ഥിരതയെന്ന ഒരു വ്രതം കൂടി ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏത് ആശ്രമത്തിലാണോ ഒരാള്‍ അംഗമാകുന്നത് ജീവിതാവസാനം വരെ ആ ആശ്രമത്തില്‍ ജീവിക്കുവാന്‍ അദ്ദേഹം വ്രതബദ്ധനാകുന്നതാണ് സ്ഥിരതാവ്രതം. തന്റെ ആശ്രമത്തില്‍ പ്രതിസന്ധികളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോള്‍ മറ്റൊരിടത്തേക്ക് ഓടിപ്പോകാതെ അവയെ പരിഹരിക്കാനും ഇത് കാരണമായി. എവിടെയാണ് താമസിക്കുന്നതെന്നും ആരുടെ കൂടെയാണ് താമസിക്കുന്നതെന്നും പ്രസക്തമല്ലെന്നും സ്വയം മനസാന്തരപ്പെടുന്നതാണ് ശരിയായ മാര്‍ഗമെന്നും ഇത് വ്യക്തമാക്കുന്നു. സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത് ഓട്ടപ്പാച്ചിലുകളിലൂടെയല്ല. ഇപ്പോള്‍ ഇവിടെ കണ്ടെത്താനാവാത്ത സന്തോഷം മറ്റെങ്ങും കണ്ടെത്താനാകണമെന്നില്ല. സ്ഥിരതാവ്രതം വേരുറച്ചതിന്റെയും സ്വന്തം ഭവനമായി ആശ്രമത്തെ കാണാന്‍ സാധിക്കുന്നതിന്റെയും ബഹിര്‍സ്ഫുരണമാണ്.