സ്വകാര്യ ധനം ആവൃതിക്കു പുറത്ത്

സ്വകാര്യ ധനം ആവൃതിക്കു പുറത്ത്

എഡി 293 മുതല്‍ 346 വരെ ജീവിച്ചിരുന്ന പക്കോമിയോസ് എന്ന സന്ന്യാസിയാണ് കൂട്ടമായുള്ള ആശ്രമജീവിതത്തിനു അടിസ്ഥാനമിട്ടത്. വിജാതീയരായ മാതാപിതാക്കളില്‍ നിന്ന് വടക്കന്‍ ഈജിപ്തില്‍ ജനിച്ച അദ്ദേഹം, ക്രിസ്ത്യാനികളെക്കുറിച്ച് അറിയുന്നതും അവരുമായി അടുത്തിടപഴകുന്നതും അദ്ദേഹത്തിന്റെ സൈന്യത്തിലെ സേവന കാലഘട്ടത്തിലാണ്. അവരുടെ നന്മയും പരസ്‌നേഹവും പക്കോമിയോസിനെ ഹഠാദാകര്‍ഷിച്ചു. സേവനത്തിനു ശേഷം തിരികെയെത്തിയ പക്കോമിയോസ് ജ്ഞാനസ്‌നാനം സ്വീകരിച്ച് ക്രിസ്തുമത വിശ്വാസിയായി. ക്രിസ്തുവിനോടുള്ള തീവ്രമായ സ്‌നേഹത്താല്‍ അദ്ദേഹം താപസ ജീവിതം തെരഞ്ഞെടുക്കുകയും പലേമോന്‍ എന്ന സന്ന്യാസിയുടെ ആത്മീയ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈജിപ്തിലെ വി. അന്തോണി സ്ഥാപിച്ച താപസജീവിതമാതൃക അന്ന് ഈജിപ്തില്‍ വളരെ പ്രശസ്തമായിരുന്നു. ദൈവികമായ ഒരു പ്രേരണയാല്‍ അദ്ദേഹം ഒരു ആശ്രമതാപസരീതി ക്രമീകരിക്കാനായി പരിശ്രമിച്ചു.

കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് അന്നുവരെ ക്രിസ്തുമതം അനുഭവിച്ച മര്‍ദ്ദനങ്ങളെല്ലാം അവസാനിച്ചു എന്നു മാത്രമല്ല ക്രിസ്തുമതം സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അറിയപ്പെടാന്‍ തുടങ്ങി. സഭയുടെ ഭൗതിക ഘടനയില്‍ വന്ന മാറ്റം ആന്തരികമായ ഘടനകളെയും സ്വാധീനിച്ചു. ലോകത്തില്‍ നിന്നകന്ന് ദൈവത്തെ ശുശ്രൂഷിക്കാനായി ഏകാന്തവാസത്തില്‍ കഴിഞ്ഞിരുന്ന താപസരെ ക്രിസ്ത്യാനികള്‍ ഏറെ ബഹുമാനിച്ചിരുന്നു. സഭയില്‍ നിന്നും ലോകത്തില്‍ നിന്നും അകന്ന് കഴിയുകയെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ഈജിപ്തിലെ വി. അന്തോണി ആയിരുന്നു. രക്തസാക്ഷിത്വം ഇല്ലാതാവുകയും ദൈവത്തോടുള്ള സ്‌നേഹം അതിലൂടെ പ്രകടിപ്പിക്കാന്‍ സാധിക്കാതാവുകയും വന്നപ്പോഴാണ് അന്തോണി കൊണ്ടു വന്ന താപസരാവുകയെന്ന ആശയം പരക്കെ സ്വീകരിക്കപ്പെട്ടത്. സമാധാനം നിറഞ്ഞ സഭാ സംവിധാനങ്ങളും ആത്മീയത നിറഞ്ഞ നേതാക്കളും സന്ന്യാസികളുടെ എണ്ണം കൂടുന്നതില്‍ നിര്‍ണ്ണായകമായ കാരണങ്ങളായി. ഈജിപ്തിലും യൂദയായിലും അറേബ്യായിലും മറ്റ് പല സ്ഥലങ്ങളിലും താപസര്‍ കൂട്ടമായും ഒറ്റയായും താമസിച്ചു. അവര്‍ മാത്രം താമസിക്കുന്ന കോളനികള്‍ പോലും രൂപപ്പെട്ടിരുന്നു എന്നതിന് ചരിത്രപരമായ രേഖകള്‍ തെളിവു നല്‍കുന്നു. വന്യമൃഗങ്ങളുടെയും കള്ളന്‍മാരുടെയും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും ആത്മീയമായ ഉപദേശങ്ങള്‍ സ്വീകരിക്കാനും കൂദാശകള്‍ സ്വീകരിക്കാനും ഇങ്ങനെയുള്ള സഹവാസങ്ങള്‍ കാരണമായി.

ഈ സാമൂഹ്യമായ ചുറ്റുപാടില്‍ പക്കോമിയോസ് നൈല്‍ നദിയുടെ കിഴക്കന്‍ തീരത്ത് ചുറ്റുമതിലോടു കൂടിയ ഒരു ആശ്രമം സ്ഥാപിക്കുകയും അതിനു തബെന്നിസ് എന്നു പേരിടുകയും ചെയ്തു. അതോടെ സന്യാസികളുടെ എണ്ണം കൂടുകയും കൂടുതല്‍ ആശ്രമങ്ങള്‍ സ്ഥാപിക്കേണ്ടി വരികയും ആവശ്യമായി. അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ ഒന്‍പത് ആശ്രമങ്ങള്‍ പുരുഷന്മാര്‍ക്ക് വേണ്ടിയും രണ്ടെണ്ണം സ്ത്രീകള്‍ക്കുവേണ്ടിയും സ്ഥാപിതമായി. അവയുടെ ശരിയായ നിയന്ത്രണത്തിനായി അതിന്റെ തലസ്ഥാനം പെബുവിലേക്ക് മാറ്റുകയും അവരുടെ തലവനായി നിയമിതനാവുകയും ചെയ്തു. നൂറുകണക്കിന് സന്ന്യാസികള്‍ മരിക്കാന്‍ ഇടയായ ഒരു പകര്‍ച്ചവ്യാധിക്കാലത്ത് അദ്ദേഹവും മരണമടഞ്ഞു.

നാലാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ മൂന്നുതരത്തിലുള്ള താപസജീവിതം രൂപപ്പെട്ടു. (1) മരുഭൂമിയിലെ വി. അന്തോണിയുടെ മാതൃകയില്‍ രൂപപ്പെട്ട കര്‍ശനമായ താപസജീവിതം (2) മകാരിയോസ് എന്ന സന്ന്യാസിയുടെ മാതൃകയില്‍ രൂപപ്പെട്ട, ഞായറാഴ്ച ആരാധന പ്രധാനപ്പെട്ടതായി പരിഗണിക്കുന്ന ഏകാന്തവാസികള്‍ (3) പക്കോമിയോസിന്റെ നേതൃത്വത്തില്‍ ആവിര്‍ഭവിച്ച ആശ്രമതാപസ ജീവിതം. ആവൃതിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍, രാത്രിയുടെയും പകലിന്റെയും ഓരോ മണിക്കൂറുകളും കൃത്യമായി വ്യവസ്ഥപ്പെടുത്തിയതായിരുന്നു ആശ്രമ താപസജീവിതം. പൊതുപ്രാര്‍ത്ഥന, പൊതുവായ ഭക്ഷണമേശ, പൊതുവായ ജോലി, ജോലിക്കാവശ്യമായ ഉത്പന്നങ്ങളുടെ പൊതുവായ ഉപയോഗം തുടങ്ങിയ എല്ലാ കാര്യങ്ങളെയും ആശ്രമ നിയമങ്ങള്‍ നിയന്ത്രിച്ചു. ഈ നിയമങ്ങള്‍ പക്കോമിയോസിനു ഒരു മാലാഖ പറഞ്ഞു കൊടുത്തതാണെന്നും അവയെ ദൈവവചനതുല്യം കരുതി അവയെ അനുസരിക്കുന്നത് വലിയ നന്മയായും പരിഗണിക്കപ്പെട്ടു. ആശ്രമങ്ങളില്‍ ഒരു അധികാരി നിയമിതനായി. അദ്ദേഹം സന്ന്യാസികളുടെ ആത്മീയനേതാവ് മാത്രമായിരുന്നില്ല, ഭൗമികമായ കാര്യങ്ങളില്‍ നിന്ന് സന്ന്യാസികളെ അകറ്റി നിര്‍ത്തുവാനായി ആശ്രമത്തിന്റെ സാമ്പത്തികകാര്യങ്ങളുടെ ഉത്തരവാദിത്വപ്പെട്ടയാളുമായിരുന്നു. മറ്റു കാര്യങ്ങളിലൊന്നും തലയിടാതെ സന്ന്യാസികള്‍ക്ക് ആത്മീയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുവാനായി ഇത് സഹായിച്ചിരുന്നു. പക്കോമിയൂസും മക്കാരിയോസും വിഭാവനം ചെയ്ത സന്ന്യാസത്തിന്റെ വ്യത്യസ്തത ഇവയായിരുന്നു സന്ന്യാസികളുടെ ആത്മീയ നേതാവ് മാത്രമല്ലായിരുന്നു അധികാരി, അദ്ദേഹം അവര്‍ക്കാവശ്യമായ താമസം, ഭക്ഷണം, വസ്ത്രം, ആരോഗ്യം എന്നിവയുടെ ഉത്തരവാദത്വപ്പെട്ടവനുമായിരുന്നു. ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടം, കഠിനമായ താപസജീവിതം, കായികമായ അദ്ധ്വാനം, പ്രാര്‍ത്ഥന, നിയമാവലിയോടും അധികാരിയോടുമുള്ള അനുസരണം മുതലായവ ഈ മൂന്നു താപസജീവിത രീതികളും തമ്മിലുള്ള സാമ്യങ്ങളായിരുന്നു.

പക്കോമിയോസ് താപസജീവിതത്തിന്റെ വലിയൊരു സിദ്ധാന്ത അദ്ധ്യാപകന്‍ ആയിരുന്നില്ല, അദ്ദേഹം അതിന്റെ പ്രയുക്തിയുടെ പ്രയോക്താവായിരുന്നു. സന്ന്യാസികളുടെ ജീവിതം നിയമാവലിയാല്‍ ക്രമീകരിക്കപ്പെട്ടതായിരിക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഈ നിയമങ്ങള്‍ ആവൃത്തിക്കുള്ളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ലോകത്തില്‍ നിന്നുള്ള മാറ്റം പ്രാവര്‍ത്തികമാക്കുവാനും അംഗങ്ങളുടെ യാത്രകളും ആളുകളുടെ സന്ദര്‍ശനങ്ങളും ക്രമീകരിക്കാനും വേണ്ടി ലക്ഷ്യമാക്കിയുള്ളതായിരുന്നു. സന്ന്യാസികളുടെ ജീവിതരീതി, വസ്ത്രം, ആവൃതിക്ക് പുറത്തായിരിക്കുമ്പോളുള്ള ഭക്ഷണരീതികള്‍ എന്നിവയില്‍ ഐക്യരൂപം കൊണ്ടുവരാനായി ഈ നിയമാവലികള്‍ അംഗങ്ങള്‍ക്ക് നല്‍കപ്പെട്ടു. രോഗികളായവര്‍ക്ക് മാത്രമാണ് ഈ വിധമുള്ള കര്‍ക്കശമായ നിയമങ്ങളില്‍നിന്ന് ഒഴിവു നല്‍കപ്പെട്ടത്. പക്കോമിയോസ് നല്‍കിയ നിയമാവലിയില്‍ ദിവസത്തിന്റെ രാത്രിയിലെയും പകലിലെയും എല്ലാ മണിക്കൂറുകളും കൃത്യമായി എങ്ങനെയാണു ജോലി, പ്രാര്‍ത്ഥന, വിശ്രമം, ആരാധന, ഭക്ഷണം എന്നിവ ചിട്ടപ്പെടുത്തേണ്ടത് എന്ന് വ്യക്തമാക്കുന്നുണ്ട്.

നിയമാവലിയുടെ ചിട്ടപ്പെടുത്തലിലെ സമഗ്രതയും പ്രയോജനവുമാണ് സന്ന്യാസത്തിന്റെ ചരിത്രത്തിലെ പക്കോമിയോസിന്റെ ഏറ്റവും വലിയ സംഭാവന. കാലത്തെ തന്നെ അതിജീവിക്കുന്ന ഒരു സന്ന്യാസ ശൈലി അദ്ദേഹം രൂപപ്പെടുത്തി. പൗരസ്ത്യ പാശ്ചാത്യ ലോകങ്ങളിലെ സന്ന്യാസത്തിന്റെ വളര്‍ച്ച പ്രധാനമായും ഈ നിയമാവലിയെ ആശ്രയിച്ചായിരുന്നു. മഹാനായ വി. ബേസില്‍, ജോണ്‍ കാഷിയന്‍, വി. ബെനഡിക്ട് എന്നിവരെ നേരിട്ടും പരോക്ഷമായും അദ്ദേഹം സ്വാധീനിച്ചു. ഇന്നും മൌണ്ട് ആത്തോസിലെ സന്ന്യാസികള്‍ അദ്ദേഹത്തിന്റെ കര്‍ശനമായ നിയമാവലിയാണ് പിഞ്ചെല്ലുന്നത്.

സന്ന്യാസികള്‍ക്കായി പക്കോമിയോസ് തന്റെ നിയമാവലി എഴുതിയുണ്ടാക്കിയത് കോപ്റ്റിക് ഭാഷയിലായിരുന്നു. വി. ജെറോം തയ്യാറാക്കിയ അതിന്റെ ഗ്രീക്കില്‍ നിന്നുള്ള ലത്തീന്‍ പരിഭാഷ മാത്രമേ ഇപ്പോള്‍ ലഭ്യമുള്ളൂ. കോപ്റ്റിക്, ഗ്രീക്ക് ഭാഷകളില്‍ നിയമാവലിയുടെ ഏതാനും ഭാഗങ്ങള്‍ മാത്രമേ നിലവിലുള്ളൂ എങ്കിലും എത്യോപ്യന്‍ അറബിക് ഭാഷകളില്‍ അവ പൂര്‍ണ്ണമായി നിലവിലുണ്ട്. ലഭ്യമായ അദ്ദേഹത്തിന്റെ നിയമാവലിയുടെ ദൈര്‍ഘ്യമേറിയ ഒരു പതിപ്പ് മൂലകൃതിതന്നെയാണെന്ന് കരുതപ്പെടുന്നു. പക്കോമിയോസിന്റെ 11 കത്തുകളും ജെറോം തര്‍ജ്ജമ നടത്തിയിട്ടുണ്ട്. പക്കോമിയോസ് നല്‍കിയ പ്രബോധനങ്ങളും വേദപാഠപരമായ നിര്‍ദ്ദേശങ്ങളുടെ ചെറിയൊരു ഭാഗവും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്കോമിയോസിന്റെ പേരില്‍ പല നിയമാവലിയുടെയും ശേഖരങ്ങളുണ്ട്. 194 ആര്‍ട്ടിക്കിളുകള്‍ ഉള്ള ഒന്നാണ് ഏറ്റവും വലുത്. ഗസായൂസ് ക്രോഡീകരിച്ച 128 ആര്‍ട്ടിക്കിളുകള്‍ ഉള്ള ലത്തീന്‍ ഭാഷയിലുള്ള ഒന്നാണ് ജെറോം തര്‍ജ്ജമ ചെയ്ത പക്കോമിയോസിന്റെ യഥാര്‍ത്ഥ നിയമാവലി എന്ന് വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുള്ളത് എത്യോപ്യന്‍ ഭാഷയില്‍ നിന്ന് തര്‍ജ്ജമ ചെയ്യപ്പെട്ടതാണ്.

'ആരെങ്കിലും ഗുരുവിന്റെ അറിവില്ലാതെ സ്വന്തമായി സമ്പത്ത് ശേഖരിക്കുകയാണെങ്കില്‍ അതൊരു സൂചിയായാല്‍ പോലും അമ്പത് ദിവസം വെള്ളവും അപ്പവും മാത്രം കഴിച്ചുകൊണ്ട് അദ്ദേഹം മൂന്നിരട്ടിയായി പരിഹാരം ചെയ്യണം. അദ്ദേഹത്തിന്റെ സമ്പാദ്യം സമൂഹത്തിന്റെ സമ്പാദ്യത്തിലേക്ക് വകയിരുത്തണം. ദിവസത്തില്‍ ഇരുന്നൂറു പ്രാവശ്യം അദ്ദേഹം സാഷ്ടാംഗപ്രണാമം ചെയ്യണം (പക്കോമിയോസിന്റെ നിയ മാവലി, മൂന്നാം ഭാഗം).

പക്കോമിയോസ് സ്ഥാപിച്ച സമൂഹജീവിതമായിരുന്നു അന്നുവരെ ഏകാകികളും ഒറ്റപ്പെട്ടവരുമായി കഴിഞ്ഞിരുന്നവരും, പലസ്ഥലങ്ങളിലും പല രീതികളിലും താപസജീവിതം നയിച്ചിരുന്നവരുമായ താപസര്‍ക്കായി ഏറ്റവും ആദ്യമായി ക്രമീകരിക്കപ്പെട്ടത്. അവര്‍ക്കായി എഴുതിയുണ്ടാക്കിയ നിയമാവലിയില്‍ തന്നെ ധനത്തിന്റെ വ്യക്തിപരമായ സമ്പാദനം ഗൗരവമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു എന്നത് ആദിമ സന്ന്യാസികളില്‍ ധനത്തോടുണ്ടായിരുന്ന പ്രതിപത്തിയേയും അതിന്റെ സന്ന്യാ സോചിതമായ പ്രതികരണത്തെയും കാണിക്കുന്നുണ്ട്. മാനുഷീകമായ ബലഹീനതകള്‍ തലപൊക്കാനുള്ള സാഹചര്യങ്ങളെ അംഗീകരിക്കുന്നതും അതിന് പ്രതിവിധി നേടുന്നതുമാണ് പക്കോമിയോസിന്റെ ആദ്യത്തെ നിയമാവലിയെന്നത് സന്ന്യാസം ബലഹീനനായ മനുഷ്യരുടെ ആധ്യാത്മീകമായ ഒരു അഭ്യാസമാണെന്നും അതില്‍ പരിമിതികള്‍ ഉണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു. അതേസമയം അതിനെ ഒരു മാനുഷീക ബലഹീനതയായി മാത്രം ലഘൂകരിക്കാതെ, സന്ന്യാസത്തിന്റെ ചൈതന്യം നഷ്ടപ്പെടുത്തുന്ന ആ മനോഭാവത്തെ പ്രതി രോധിക്കാനാവശ്യമായ രീതികളും അവലംബിക്കുന്നുണ്ട്.

നല്‍കപ്പെടുന്ന ശിക്ഷാരീതിയിലും ഒരു ആത്മീയമായ വശമുണ്ട്. ഏതെങ്കിലും ഗൗരവമായ ഒരു ശിക്ഷ നല്‍കി വ്യക്തിയെ തിരുത്തുക എന്നതല്ലാതെ ആത്മീയമായ വളര്‍ച്ചയ്ക്കും സമൂഹത്തിലുള്ളവരുടെ പൊതുനന്മയ്ക്കും കൂടി ഉപയുക്തമാകുന്ന വിധത്തിലാണ് ശിക്ഷണരീതികള്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. സമ്പത്തിന്റെ ശേഖരണം, അത് എത്ര ലഘുവായതാണെങ്കിലും ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്, ഒരു സൂചിയാണെങ്കില്‍പ്പോലും അത് ശിക്ഷാര്‍ഹമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. അതുവഴി, തെറ്റിനെ ന്യായീകരിക്കാനും നിസ്സാര വത്കരിക്കാനുമുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു.

1600-ല്‍ അധികം വര്‍ഷം പഴക്കമുള്ള ഈ നിയമാവലി പോലും മനുഷ്യന് സംഭവിക്കാന്‍ സാധ്യതയുള്ള വീഴ്ചകളെ ഗഹനമായ വീക്ഷണത്തോടെ കാണുകയും അതിനെ ചെറുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു എന്നത് സന്ന്യാസത്തിനു അവര്‍ നല്‍കിയിരുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ ഇന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറം നാം ഈ നിയമാവലിയില്‍ നിന്ന് എത്രമാത്രം അകന്നുപോയി എന്നും ഇതിന്റെ ആന്തരികമായ അര്‍ത്ഥതലങ്ങളോട് എത്രമാത്രം ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ട് എന്നും ചിന്തിക്കേണ്ട സമയമായിരിക്കുന്നു. തെറ്റുകള്‍ വ്യക്തികളെ ആശ്രയിച്ച് വ്യാഖ്യാനിക്കപ്പെടുകയും അവയുടെ ഗൗരവഭാവം തമസ്‌കരിക്കുകയും ചെയ്യപ്പെടുന്ന ഈ കാലയളവില്‍ ആദിമ സന്ന്യാസത്തിന്റെ ചൈതന്യം വീണ്ടെടുക്കുവാന്‍ നമുക്ക് സാധിക്കുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org