മരുഭൂമി പിതാക്കന്മാരുടെ സുഭാഷിതങ്ങള്‍

മരുഭൂമി പിതാക്കന്മാരുടെ സുഭാഷിതങ്ങള്‍

മരുഭൂമി പിതാക്കന്മാരുടെ സുഭാഷിതങ്ങള്‍ എന്ന കൃതി ക്രിസ്ത്യന്‍ സന്ന്യാസത്തിന്റെ ആദ്യകാലഘട്ടത്തില്‍ നിന്നുള്ളതാണ്. നാലാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ സന്ന്യാസത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നത് ഈജിപ്ത്, സിറിയ, പാലസ്തീന്‍, അറേബ്യാ മുതലായ സ്ഥലങ്ങളായിരുന്നു. എല്ലാവിധത്തിലും രൂപത്തിലും ഭാവത്തിലുമുള്ള സന്ന്യാസ ജീവിതശൈലികള്‍ ഇവിടെ പരീക്ഷിക്കപ്പെട്ടു. സന്ന്യാസത്തിനു ക്രിസ്തുമതത്തിനേക്കാളും പഴക്കമുണ്ടെങ്കിലും ഇവിടെ രൂപപ്പെട്ട ക്രിസ്ത്യന്‍ സന്ന്യാസം അഭിവൃദ്ധി പ്രാപിക്കുകയും എപ്പോഴും മികച്ചുനില്‍ക്കുകയും ചെയ്തു. പൗരസ്ത്യദേശത്തെ മരുഭൂമിയില്‍ വെളിവാക്കപ്പെട്ട ജ്ഞാനത്തിലൂടെ, ക്രൈസ്തവ ജീവിതശൈലിയുടെ ഉരുക്കഴിക്കലിലൂടെ രൂപപ്പെട്ട ആദ്ധ്യാത്മികത പാശ്ചാത്യ സന്ന്യാസത്തിന്റെ നീറുറവയായി മാറി. ഇതില്‍ ഈജിപ്തായിരുന്നു പ്രധാന കേന്ദ്രം. എഡി 400 ആയപ്പോഴേക്കും ഈജിപ്ത് താപസരുടെയും സന്യസ്തരുടെയും നാടായിമാറി. ദക്ഷിണ ഈജിപ്ത്, ഉത്തര ഈജിപ്ത്, നിത്രിയ ഷെറ്റിസ് എന്നീ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് മൂന്നു വിധത്തിലുള്ള സന്ന്യാസ ജീവിതരീതികള്‍ നിലവില്‍ വന്നു.

(താപസസരണി 5)

സിറിയ - ഇടതടവില്ലാത്ത പ്രാര്‍ത്ഥനയും കായികമായ അദ്ധ്വാനവും അടിസ്ഥാനമാക്കിയ പുതിയ സംഘങ്ങള്‍ രൂപീകരിച്ചു കൊണ്ട് അതുവരെ നിലനിന്നിരുന്ന അവസ്ഥയ്ക്ക് ഘടകവിരുദ്ധമായ ആശയങ്ങള്‍ സ്വീകരിച്ചു കൊണ്ട് ഈജിപ്ഷ്യന്‍ സന്ന്യാസികള്‍ അവരുടേതായ ഒരു ധര്‍മ്മ ചിന്ത തന്നെ സൃഷ്ടിച്ചു. എദേസ്സയിലും, അന്ത്യോക്ക്യായിലും ടുര്‍ അബ്ദിന്‍ മലനിരകളിലും താപ സജീവിതശൈലി പുതിയ രൂപ മാറ്റങ്ങള്‍ക്ക് വിധേയമായി. നഗ്‌നരായി ചങ്ങലകളില്‍ സ്വയം ബന്ധിക്കപ്പെട്ടും, അലഞ്ഞുതിരിയുന്ന ജീവിതരീതി സ്വീകരിച്ചും, കാടുകളില്‍ ലഭ്യമായത് ആഹരിച്ചുമെല്ലാം മനുഷ്യര്‍ക്ക് അസാധ്യമായ പല ശൈലികളും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിക്കൊണ്ട് സിറിയന്‍ സന്ന്യാസികള്‍ തങ്ങളുടെ സന്ന്യാസം ജീവിച്ചു. ഏറ്റവും പരിമിതമായവ കൊണ്ട് ജീവിക്കാന്‍ അവര്‍ പരിശ്രമിച്ചു. ഇതില്‍ ഏറ്റവും ശ്രദ്ധേയം അഞ്ചാം നൂറ്റാണ്ടില്‍ തൂണുകളില്‍ ജീവിച്ചിരുന്ന താപസരായിരുന്നു (stylite). തൂണുകളുടെ മുകളില്‍ കാലങ്ങളോളം അവര്‍ താപസജീവിതം നയിച്ചു. അന്ത്യോക്ക്യാക്ക് വെളിയിലായി അമ്പത് അടിയുള്ള ഒരു തൂണിനുമുകളില്‍ നാല്പതു വര്‍ഷം ജീവിച്ച ശിമയോന്‍ എന്ന താപസനായിരുന്നു അവരില്‍ പ്രധാനി.

ഏഷ്യാ മൈനര്‍ വി. ബേസിലിനെപ്പോലെ അഭിവൃദ്ധിപ്പെട്ട പഠനത്തിലും ആരാധനാക്രമങ്ങളിലും ശ്രദ്ധ പുലര്‍ത്തിയിരുന്ന സന്ന്യസ്തരായിരുന്നു കപ്പഡോഷ്യയില്‍ ഉണ്ടായിരുന്നത്. ഈജിപ്തിലെ എളിയ താപസരേക്കാളും അവര്‍ എഴുത്തുകാരും ദൈവശാസ്ത്രജ്ഞരും ആയാണ് അറിയപ്പെട്ടിരുന്നത്.

പാലസ്തീന്‍ - അഞ്ചാം നൂറ്റാണ്ടിലെ പ്രധാന സന്ന്യാസകേന്ദ്രം പാലസ്തീന്‍ ആയിരുന്നു. യൂദാ മരുഭൂമിയില്‍, പ്രത്യേകിച്ച് ഗാസാ മേഖലയിലാണ് ബര്‍സാനുഫിയൂസ്, ജോണ്‍, ഡൊറോത്തിയോസ്, എവുതീമിയൂസ്, സാബാസ് മുതലായ വലിയ ആധ്യാത്മിക പിതാക്കള്‍ ജീവിച്ചിരുന്നത്.

മരുഭൂമി പിതാക്കന്മാരുടെ സു ഭാഷിതങ്ങള്‍ എന്ന കൃതി രൂപപ്പെടുന്നത് ഈയിടങ്ങളില്‍ നിന്നാണ്.

നാലും അഞ്ചും നൂറ്റാണ്ടുകളിലെ, പ്രത്യേകിച്ച് ഈജിപ്തിലെ, സന്ന്യാസ ജീവിത നിരീക്ഷണങ്ങള്‍ മരുഭൂമി പിതാക്കന്മാരുടെ സംഭാഷണങ്ങളുടെ ഒരു പുതിയ സാഹിത്യശൈലി രൂപപ്പെടുത്താന്‍ കാരണമായി. ഉപമകളും നാടോടിക്കഥകളും പോലെ പ്രമേയങ്ങളും ആഖ്യാനങ്ങളും ഉള്ള ഈ സുഭാഷിതങ്ങള്‍ നല്‍കപ്പെട്ടത് ചില പ്രത്യേക അവസരങ്ങളില്‍ ചില വ്യക്തികള്‍ക്കായിട്ടായിരുന്നെങ്കിലും പിന്നീട് അവ രേഖപ്പെടുത്തപ്പെട്ടു. ഈ സാഹിത്യ രചനയില്‍ നിപുണനായിരുന്നു ജോണ്‍ കാസിയന്‍ (360-435).

സന്ന്യാസികള്‍ അവരുടെ ഗുരുക്കന്മാരുടെയോ, വിശുദ്ധരായ സമകാലികരുടെയോ ഉപദേശങ്ങളെ രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്തുപോന്നു, സാവധാനത്തില്‍ സമാന ആശയങ്ങള്‍ അവയോട് കൂട്ടിച്ചേര്‍ക്കാനും അങ്ങനെ സുഭാഷിതങ്ങളുടെ ഒരു ശേഖരണം സംരക്ഷിക്കപ്പെടാനും ഇടയായി. ഇങ്ങനെയുള്ള ഒരു ശേഖരണം അക്ഷരമാല ക്രമത്തില്‍ ഗ്രീക്കുഭാഷയിലുണ്ട്. അജ്ഞാതനായ കര്‍ത്താവിന്റെ കൃതിയെന്ന പേരില്‍ മറ്റൊരു സുഭാഷിത ശേഖരവും ഗ്രീക്കുഭാഷയിലുണ്ട്. പാശ്ചാത്യസഭയില്‍ അറിയപ്പെടുന്നതില്‍ ഏറ്റവും നല്ല ശേഖരണം വിഷയങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ തരം തിരിച്ച് ക്രോഡീകരിച്ചിരിക്കുന്ന കോപ്റ്റിക് ഭാഷയില്‍ എഴുതപ്പെട്ട ഒന്നാണ്. സിറിയക്, അര്‍മേനിയന്‍, ലാറ്റിന്‍, സ്ലോവാക്യന്‍ ഭാഷകളിലേക്ക് ഇത് പിന്നീട് മൊഴിമാറ്റം ചെയ്യപ്പെട്ടു. മരുഭൂമിയിലെ വിജ്ഞാനം ഈ പുസ്തകങ്ങളില്‍ ലളിതമായ ഭാഷയില്‍ പരിപാലിക്കപ്പെട്ടിരിക്കുന്നു. താപസസന്ന്യാസ ജീവിതത്തിലെ വര്‍ഷങ്ങളുടെ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടു കൊണ്ട് നല്‍കപ്പെട്ട ഉപദേശങ്ങളാണ് ഇതില്‍ ഭൂരിഭാഗവും. അതു കൊണ്ടുതന്നെ പലപ്പോഴും ആശയങ്ങളിലും വിഷയങ്ങളിലും ഒരു സ്ഥിരത പുലര്‍ത്താന്‍ ഈ സുഭാഷിതരചനകള്‍ക്ക് കഴിഞ്ഞിട്ടില്ല. സന്ദര്‍ഭത്തില്‍ നിന്ന് മാറ്റിവായിച്ചാല്‍ അതിനു അര്‍ത്ഥവും നഷ്ടപ്പെട്ടുപോകും. വിവേകമില്ലാതെ പ്രയോഗിക്കാനുള്ള അമൂര്‍ത്തമായ ആശയങ്ങളല്ല, ചില പ്രത്യേക സാഹചര്യങ്ങളില്‍ നല്‍കപ്പെട്ട ഉദാഹരണങ്ങളാണ് അവ.

മരുഭൂമിയിലെ ആധ്യാത്മികതയുടെ പ്രത്യേകത അത് പഠിപ്പിക്കാനുള്ളതല്ല മറിച്ച് ഒരു ജീവിത ക്രമമാണ്. അത് എളുപ്പത്തില്‍ സ്വായത്തമാക്കാവുന്നതോ പ്രായോഗികമാക്കാവുന്നതോ ആയ, ഗൂഢമായ സിദ്ധാന്തങ്ങളോ ക്ലിപ്തിതമായ രൂപരേഖയോ അല്ല. സെന്‍ ബുദ്ധിസത്തിലെ ഗുരുവിന് സമാനമായ ഒരാളല്ല അബ്ബാ. മരു ഭൂമി പിതാക്കന്മാരുടെ പ്രാര്‍ത്ഥനയെക്കുറിച്ചോ ആദ്ധ്യാത്മികമായ പഠനങ്ങളെക്കുറിച്ചോ അവര്‍ ഒന്നും സംസാരിക്കുന്നില്ല. അവര്‍ക്ക് കൃത്യമായ ഒരു ശൈലി ഉണ്ടായിരുന്നില്ല, ജീവിതം മുഴുവന്‍ കഠിനാദ്ധ്വാനം നടത്തുകയും ആത്മാവും ശരീരവും മനസ്സും ദൈവോന്മുഖമായി നിര്‍ത്താന്‍ പരിശ്രമിക്കുകയുമാണ് അവര്‍ ചെയ്തത്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചു മാത്രമാണ് അവര്‍ക്ക് സംസാരിക്കാന്‍ ഉണ്ടായത്. അവരുടെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള വാക്കുകള്‍ക്ക് പോലും അര്‍ത്ഥവ്യത്യാസങ്ങളുണ്ടായിരുന്നു കാരണം അവര്‍ക്ക് പ്രാര്‍ത്ഥനയെന്നത് ദിവസത്തിന്റെ ഏതാനും മണിക്കൂറിലുള്ള പ്രവൃത്തിയായിരുന്നില്ല, മറിച്ച് അനുസ്യൂതമായി ദൈവത്തിങ്കലേക്കു തിരിച്ചു വച്ച ഒരു ജീവിതമായിരുന്നു. ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയാക്കിയ ഈ ജീവിതശൈലിയില്‍, ആധ്യാത്മികപിതാവെന്നനിലയില്‍ അബ്ബായുടെ കടമ വളരെ നിര്‍ണ്ണായകമായിരുന്നു. സ്വന്തം അനുഭവത്തില്‍ ദൈവം ആരാണെന്നറിഞ്ഞ അബ്ബായ്ക്ക് സ്വന്തം ശിഷ്യര്‍ക്കുവേണ്ടി / മക്കള്‍ക്കുവേണ്ടി ദൈവതിരുമുമ്പില്‍ മാധ്യസ്ഥ്യം വഹിക്കാനും കഴിയുമായിരുന്നു.

ഉപദേശങ്ങള്‍ക്കും ജീവന്‍ നിര്‍ഗ്ഗളിക്കുന്ന വാക്കുകള്‍ക്കുമായി സ്വന്തം ശിഷ്യന്മാരടക്കം പലരും ഈ പിതാക്കന്മാരെ സമീപിക്കുമായിരുന്നു. ദൈവശാസ്ത്രപരമായ സംവാദങ്ങള്‍ക്ക് പട്ടണങ്ങളില്‍ ധാരാളം സാധ്യതകള്‍ ഉണ്ടായിരുന്നുവെന്നതിനാല്‍ മറ്റൊരു തരത്തിലുള്ള ജ്ഞാനത്തിനായാണ് അവര്‍ മരുഭൂമികളിലേക്ക് എത്തിയിരുന്നത്. തങ്ങളെ സമീപിക്കുന്നവര്‍ വെറും ജിജ്ഞാസ മൂലമാണോ അതോ ദൈവഭക്തി മൂലമാണോ വരുന്നതെന്ന് തിരിച്ചറിയാന്‍ ഈ പിതാക്കന്മാര്‍ക്ക് കഴിഞ്ഞിരുന്നു. ജിജ്ഞാസയുമായി വരുന്നവരെ ബാബിലോണില്‍ നിന്നുള്ള സന്ദര്‍ശകരെന്നും ശരിയായ തീക്ഷണതയില്‍ വരുന്നവരെ ജറുസലെമില്‍നിന്നുള്ള സന്ദര്‍ശകരെന്നും അവര്‍ പേര്‍ വിളിച്ചു. ബാബിലോണില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഒരു കപ്പ് സൂപ്പു നല്‍കി പറഞ്ഞയയ്ക്കാനും ജറുസലേം സന്ദര്‍ശകര്‍ക്ക് രാത്രി മുഴുവന്‍ ചില വഴിച്ച് സംശയനിവൃത്തി വരുത്താനും പിതാക്കന്മാര്‍ക്ക് മടിയില്ലായിരുന്നു.

മരുഭൂമി പിതാക്കന്മാര്‍ സാധാരണ ജീവിതത്തില്‍നിന്ന് പിന്മാറി ഏകാന്തതയിലും പ്രാര്‍ത്ഥനയിലും അഭയം തേടിയവരായിരുന്നു. അതായിരുന്നു അവരുടെ ആധ്യാത്മികതയുടെ ആദ്യപടി. അതിനു ശേഷം അവര്‍ അവരെത്തന്നെ ആധ്യാത്മിക പിതാക്കന്മാരുടെ ശിക്ഷണത്തിനായി സമര്‍പ്പിച്ചു. പിന്നീട് പ്രാര്‍ത്ഥനയായി അവരുടെ ജീവിതം. ഏറ്റവും ലളിതമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച വൃക്ഷശിഖരങ്ങള്‍ മേല്‍ക്കൂരയാക്കിയ ഒരു കുടില്‍, കിടക്കാനായി ഈറ്റകോര്‍ത്തുണ്ടാക്കിയ ഒരു പായ, ആടിന്റെ തുകല്‍, ഒരു വിളക്ക്, വെള്ളം, എണ്ണ എന്നിവ ഉപയോഗിക്കാനായി ഒരു പാത്രം ഇത്രയും സാധനങ്ങള്‍ തന്നെ അവര്‍ക്ക് അധികമായിരുന്നു. ഭക്ഷണം ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം ആഹരിച്ചു. യോദ്ധാവായ സന്ന്യാസിക്ക് ഒരു മണിക്കൂര്‍ ഉറക്കം മതി എന്നായിരുന്നു അവരുടെ മതം. എന്തെങ്കിലും വസ്തുക്കള്‍ കൈവശപ്പെടുത്താന്‍ അവര്‍ ഒരിക്കലും ആഗ്രഹിച്ചില്ല. ഉപവാസത്തെക്കുറിച്ച് അവര്‍ പല പരീക്ഷണങ്ങളും നടത്തി അവസാനം ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നു പ്രാര്‍ത്ഥനയുടെ മനുഷ്യന് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണമേ ആവശ്യമുള്ളൂ.

മരുഭൂമി പിതാക്കന്മാരുടെ സുഭാഷിതങ്ങള്‍ എന്ന കൃതിയിലെ ഒരു ഭാഗം ചേര്‍ക്കുന്നു.

ഒരു ദിവസം വി. എപ്പിഫാനിയൂസ് അബ്ബാ ഹിലാരിയോണിന്റെ അടുത്തേക്ക് ഒരാളെ അയച്ച് ഈ സന്ദേശം അറിയിച്ചു: 'വരൂ ജീവന്‍ ഈ ശരീരങ്ങളെ വെടിയുന്നതിനു മുമ്പ് നമുക്ക് പരസ്പരം കാണാം.' അദ്ദേഹം വരികയും അവര്‍ പരസ്പരം കണ്ട് ആ സംസര്‍ഗ്ഗത്തെയോര്‍ത്ത് സന്തോഷിക്കുകയും ചെയ്തു. ഭക്ഷണസമയത്ത് അവര്‍ക്ക് അല്പം മാംസമാണ് കഴിക്കാന്‍ ഉണ്ടായിരുന്നത്. എപ്പിഫാനിയൂസ് അതെടുത്ത് ഹിലാരിയോണിന് നല്‍കി. അപ്പോള്‍ ഹിലാരിയോന്‍ പറഞ്ഞു 'എന്നോട് ക്ഷമിക്കണം, ഞാന്‍ സന്ന്യാസവസ്ത്രം ധരിച്ചതു മുതല്‍ ഒന്നിന്റെയും മാംസം കൊന്നുഭക്ഷിച്ചിട്ടില്ല.' എപ്പിഫാനിയൂസ് മറുപടി പറഞ്ഞു 'ഞാന്‍ സന്ന്യാസവസ്ത്രം ധരിച്ചതിനുശേഷം എനിക്കെതിരായി പരാതിയുമായി ഉറങ്ങാന്‍ ഞാന്‍ ആരെയും അനുവദിച്ചിട്ടില്ല. ഞാന്‍ ആരോടുമുള്ള പരാതിയുമായി ഇതുവരെ ഉറങ്ങാന്‍ പോയിട്ടുമില്ല.' ഹിലാരിയോണ്‍ പറഞ്ഞു 'എന്നോട് ക്ഷമിക്കണം. നിങ്ങളുടെ ജീവിതശൈലി എന്റെതിനേക്കാള്‍ മെച്ചപ്പെട്ടതാണ്.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org