മരുഭൂമി പിതാക്കന്മാര്‍

മരുഭൂമി പിതാക്കന്മാര്‍
Published on

നാലാം നൂറ്റാണ്ടില്‍ ഈജിപ്തിലും സിറിയയിലും പാലസ്തീനിലുമായി പഴയകാല താപസജീവിതം സുവിശേഷവുമായി ചേര്‍ത്തുവച്ചുകൊണ്ടുള്ള തീക്ഷ്ണമായ ഒരു ക്രിസ്തീയ ജീവിതാനുഭവം വളരുവാന്‍ തുടങ്ങി. ഈജിപ്തില്‍ അക്കാലത്ത് സാധാരണമായിരുന്ന പട്ടാളസേവനവും നികുതി നല്‍കലും അവഗണിച്ചുകൊണ്ടുള്ള ജീവിതശൈലി ആയതുകൊണ്ട് സിവില്‍ അധികാരികളെയും, ഈ ജീവിത രീതിയില്‍ ആകര്‍ഷിക്കപ്പെട്ടുവന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതുകൊണ്ട് തങ്ങളുടെ സ്വച്ഛമായ ജീവിതത്തിനു തടസ്സമുണ്ടാക്കുമോ എന്ന ഭയത്തില്‍ സന്ന്യാസികളെയും ഒരുമിച്ച് ഈ മാറ്റം അത്യുത്കണ്ഠയിലാക്കി. എങ്കിലും ഈ ശൈലി വളരെ വേഗം സാധാരണക്കാരുടെയിടയില്‍ പ്രസിദ്ധമായി. പ്രധാനമായും മൂന്നു രീതിയിലാണ് താപസാനുഭവങ്ങള്‍ നിലനിന്നിരുന്നത്. തെക്കന്‍ ഈജിപ്തില്‍ കൂടുതലും ഏകരായി തപസ്സനുഷ്ഠിച്ചിരുന്ന സന്ന്യാസികളായിരുന്നു. വടക്കന്‍ ഈജിപ്തില്‍ സമൂഹമായി ജീവിച്ചിരുന്ന സന്ന്യാസികളും സന്ന്യാസിനികളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിട്രിയ, ഷെറ്റിസ് പ്രദേശങ്ങളില്‍ മൂന്നോ നാലോ പേരുടെ, പലപ്പോഴും ഒരു ഗുരുവും അദ്ദേഹത്തിന്റെ ശുഷ്യരുടേയും, ഏകാന്തമായ ജീവിതരീതികളും നിലനിന്നിരുന്നു. അവര്‍ കൂടുതല്‍ പേരും കൃഷിക്കാരായ സാധാരണക്കാരായിരുന്നു, വളരെക്കുറച്ചു പേര്‍ക്ക് മാത്രമേ വലിയ വിദ്യാഭ്യാസം ഉണ്ടായിരുന്നുള്ളൂ. പല സന്ദര്‍ശകരും ഈ ജീവിത രീതി അനുകരിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ അനുഭവിച്ച ആത്മീയാനുഭവങ്ങള്‍ സാഹിത്യസൃഷ്ടികളായി മറ്റുള്ളവര്‍ക്ക് ലഭ്യമാക്കുകയും ചെയ്തിരുന്നു. ഈ ആത്മീയ സാഹിത്യ സൃഷ്ടികള്‍ പിന്നീടുള്ള സന്ന്യാസ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.

ഉറക്കം, കുളി, വിനോദങ്ങള്‍, സൗഹൃദങ്ങള്‍, സുഖങ്ങള്‍, മുതലായവയെല്ലാം ഒഴിവാക്കിയ, പരുക്കന്‍ വസ്ത്രങ്ങള്‍ ധരിച്ച, കഠിനമായി അദ്ധ്വാനിക്കുന്ന, പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടാത്തവര്‍ എന്നൊക്കെയാകാം മരുഭൂമിയിലെ പിതാക്കന്മാരെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് വരുന്ന ചിത്രങ്ങള്‍. എന്നാല്‍ ലോകത്തിന്റെ സുഖങ്ങളോട് സമരസപ്പെടാതെ സുവിശേഷം വളരെ വ്യത്യസ്തമായി ജീവിച്ചുകാണിച്ചവരാണവര്‍.

എന്നാല്‍ അവരുടെ കൃതികള്‍ വായിക്കുമ്പോള്‍ നമുക്ക് മറ്റൊരു ആശയമായിരിക്കും ഹൃദയത്തില്‍ രൂപപ്പെടുന്നത്. മരുഭൂമികളില്‍ നിന്നു, നാഗരികതയുടെ യാതൊരു സുഖസൗകര്യങ്ങളും ഇല്ലാത്തിടങ്ങളില്‍ നിന്നാണ്, ഈ എഴുത്തുകള്‍ പിറവിയെടുക്കുന്നത്. തങ്ങള്‍ക്ക് എന്താണ് ലഭ്യമല്ലാത്തത് എന്നതല്ല, എന്താണ് തങ്ങള്‍ക്കുള്ളത് എന്നതിലാണ് ആ കൃതികള്‍ കൂടുതലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. പുറത്തുനിന്നുള്ളവര്‍ കാണുന്നത് അവരുടെ നിരാസങ്ങളാണ്. എന്നാല്‍ ഈ താപസശ്രേഷ്ഠരുടെ ശിഷ്യര്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന തീവ്രവിരക്തിയും ദാരിദ്ര്യവും അവര്‍ അവരുടെ ഭാഷയില്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനാകുന്ന വിധത്തില്‍ പങ്കുവയ്ക്കുകയാണ് ഈ കൃതികളില്‍ ചെയ്യുന്നത്. ആദ്ധ്യാത്മിക ദര്‍ശനങ്ങളോ തത്വശാസ്ത്രങ്ങളോ പഠിച്ചവരല്ല, മറിച്ച് ക്രിസ്തു വചനങ്ങള്‍ക്കനുസരിച്ച് അനുദിനം ജീവിതം കരുപിടിപ്പിക്കുന്ന, സഹോദരങ്ങളോടും സകല സൃഷ്ടികളോടും സ്‌നേഹം പുലര്‍ത്തുന്ന, ക്രിസ്തുവിന്റെ രാജ്യം വരുവാനായി ആഗ്രഹിച്ചുകാത്തിരിക്കുന്ന, ഓരോ നിമിഷവും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം നടത്തുന്ന ഇവരെല്ലാം സാധാരണക്കാരായ മനുഷ്യരാണ്.

സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഈ ആഗ്രഹം അവരില്‍ ആവേശിച്ചിരുന്നതുകൊണ്ടാണ് അവരെല്ലാം ഉപേക്ഷിച്ച് ലോകത്തില്‍നിന്ന് അപ്രത്യക്ഷരായത്, നിശ്ശബ്ദതയെ പരിണയിച്ചത്. അവര്‍ നിശ്ശബ്ദതയില്‍, മനുഷ്യര്‍ സംസാരിക്കുന്നതിലും ശ്രേഷ്ഠമായതിനെ, ദൈവവചനത്തെ ധ്യാനിക്കുകയായിരുന്നു. ജീവിതത്തിനു സ്വത്തും സമ്പത്തും ആവശ്യമാണെന്ന, മറ്റൊരാളുടെ ഉപദേശം സ്വീകരിക്കുന്നവന്‍ സ്വതന്ത്രനല്ലെന്ന, ഗാര്‍ഹികതയും ലൈഗികതയും ഇല്ലാതെ ഒരാള്‍ക്കു പൂര്‍ണ്ണമായ മനുഷ്യനാകാന്‍ സാധ്യമല്ലെന്ന ലോകനിയമങ്ങള്‍ തെറ്റിച്ച ഈ മനുഷ്യരെല്ലാം വിമതരായിരുന്നു. തപസ്വി എന്ന അവരുടെ പേരിന്റെ അര്‍ത്ഥം തന്നെ (anchorite) നിയ മങ്ങള്‍ പൂര്‍ത്തീകരിക്കാത്തവനെന്നും നിയമങ്ങളെ എതിര്‍ക്കുന്നവര്‍ എന്നുമൊക്കെയാണ്. മരുഭൂമിയിലെ ഏകാന്തതയില്‍ അവര്‍ ദൈവത്തിന്റെ മക്കളായി ജീവിക്കാനാവശ്യമായ, കഠിനമെങ്കിലും സാധ്യമായ ഒരു വഴി കണ്ടെത്തി.

അവരെഴുതിയ സാഹിത്യം നന്മയുടെയും ജ്ഞാനത്തിന്റെയും സ്പഷ്ടമായ ഒരു വീക്ഷണകോണോട് കൂടിയുള്ളതാണ്. അവര്‍ എഴുതിയത് വളരെ കുറച്ചുമാത്രമാണ്. എല്ലാത്തിലും ആത്മാവിനു ജീവന്‍ നല്‍കുന്ന വചനവെളിച്ചം അവര്‍ നിറച്ചു. അവരെഴുതിയ സാഹിത്യം മാനുഷിക പ്രശ്‌നങ്ങളുടെ അപഗ്രഥനമോ അതിന്റെ ദുരീകരണങ്ങളോ ലക്ഷ്യം വച്ചായിരുന്നില്ല, ദൈവശാസ്ത്ര പ്രശ്‌നങ്ങളെയും അവര്‍ അഭിസംബോധന ചെയ്തില്ല. ഗഹനമായ ഒരു ആത്മീയാനുഭവത്തിന്റെ വിവരണമോ അതുവഴി ദൈവത്തിനു സ്തുതിയും പുകഴ്ചയും അര്‍പ്പിക്കാനോ അവര്‍ ശ്രമിച്ചില്ല, മറിച്ച് ആ എഴുത്തുകള്‍ സൂര്യവെളിച്ചം മരുഭൂമിയില്‍ അനാവൃതമാക്കുന്ന മരുപ്പച്ചയെപ്പോലെ ക്രിസ്തുവിനെ വെളിപ്പെടുത്തി.

ജീവദായകമായ ഈ വാക്കുകള്‍ ശേഖരിക്കുകയും അത് എഴുതിയെടുക്കുകയും ചെയ്തത് ആദ്യമരുഭൂമി പിതാക്കന്മാരുടെ ശിഷ്യര്‍തന്നെയാണ്. അവര്‍ പിന്നീടത് പല ഗ്രൂപ്പുകളായി ക്രമീകരിച്ചു. ചിലപ്പോള്‍ അത് ചില സന്ന്യാസികളുടെ പേരില്‍ എഴുതിച്ചേര്‍ത്തു, ചിലപ്പോള്‍ അതിനു 'നിശ്ശബ്ദത', 'ഏകാന്തത', 'അനുസരണം', 'മാനസ്സീകമായ യുദ്ധങ്ങള്‍' എന്നെല്ലാം ചില പ്രത്യേക തലക്കെട്ടുകള്‍ നല്‍കി. പലപ്പോഴും അവര്‍ സംസാരിച്ച കാര്യങ്ങള്‍ ഈ സന്ന്യാസിവര്യന്മാരെക്കുറിച്ച് പല കഥകളായും എഴുതിച്ചേര്‍ക്കപ്പെട്ടു. ധാരാളമായി ഇത്തരത്തിലുള്ള എഴുത്തുകള്‍ ശേഖരിക്കപ്പെടുകയും ആവശ്യമായ തിരുത്തലുകളും ക്രോഡീകരിക്കലുകളും നടത്തി മാറ്റിയെഴുതുകയുമൊക്കെ ചെയ്തിരുന്നു. മരുഭൂമി പിതാക്കന്മാരുടെ ഈ ജ്ഞാന വചനങ്ങളോട് ചേര്‍ത്ത് ചില ഉപദേശങ്ങളും കഥകളുമൊക്കെ ക്രമീകരിക്കപ്പെട്ടു. ഇത് മറ്റ് പലഭാഷകളിലേക്കും മൊഴിമാറ്റം നടത്തപ്പെടുകയും ഭാഗികമായോ പൂര്‍ണ്ണമായോ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പലപ്പോഴും ഇതിനു രണ്ടു ഭാഗങ്ങള്‍ ഉണ്ടായി. ആദ്യത്തേത് സഹോദരനെ സ്‌നേഹിക്കുകയെന്ന ദൈവകല്പനയുമായി ബന്ധപ്പെടുത്തിയും രണ്ടാമത്തേത് എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്‌നേഹിക്കുവിന്‍ എന്ന കല്പനയോട് ബന്ധപ്പെടുത്തിയും.

'മരുഭൂമി പിതാക്കന്മാരുടെ ഉദ്യാനം' എന്നത് ഈജിപ്തിലെ മരുഭൂമി പിതാക്കന്മാരെക്കുറിച്ചുള്ള, അവരുടെ ജീവിതവും ജ്ഞാനവുമൊക്കെ പങ്കുവയ്ക്കുന്ന കൃതിയാണ്. ഈജിപ്ഷ്യന്‍ മരുഭൂമിയില്‍ നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പല താപസരുടെയും സന്ന്യാസികളുടെയും മഹദ്‌വചനങ്ങളും ജീവിതവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പാശ്ചാത്യ സന്ന്യാസത്തിന്റെ ആവിര്‍ഭാവം ഈജിപ്ഷ്യന്‍ സന്ന്യാസധാരയില്‍ നിന്നാണ് തുടങ്ങുന്നത്.

ഈജിപ്തിലെ സന്ന്യാസികളെക്കുറിച്ചുള്ള ആദ്യത്തെ എഴുത്തുകള്‍ ഇവയാണ് എങ്കിലും ആ താപസരുടെ ഏറ്റവും അടുത്ത ശിഷ്യരാണ് ഇവ എഴുതിയത് എന്നതില്‍ തര്‍ക്കമില്ല.

പാശ്ചാത്യ സന്ന്യാസത്തിന്റെ ആരംഭരൂപം ഈജിപ്തിലെ മരുഭൂമിയില്‍ നിന്നുണ്ടായതാണെന്നതിനു തര്‍ക്കമില്ലാത്തതുകൊണ്ട് മരുഭൂമി പിതാക്കന്മാരുടെ സാഹിത്യരചനകളും സര്‍വ്വപ്രധാനമായ ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ട്. 'മരുഭൂമി പിതാക്കന്മാരുടെ ഉദ്യാനം' എന്ന ആത്മീയ കൃതി മരുഭൂമി പിതാക്കന്മാരെക്കുറിച്ചുള്ള സാഹിത്യശാഖയിലെ ഒരേടുമാത്രമാണ്. പ്രഥമ പരിഗണ അര്‍ഹിക്കുന്ന ഈ കൃതിയിലെ ആദ്യ അധ്യായമാണ് ഇപ്രാവശ്യം നമ്മള്‍ പരിഗണിക്കുന്നത്. വളരെ സ്പഷ്ടവും തെളിമ നിറഞ്ഞതുമായ ഈ വരികള്‍ക്ക് ഒരു ആഖ്യാനം നല്‍കുന്നത് അനാവശ്യമാണ് എന്ന് കരുതുന്നു.

വിധിക്കരുത്

സുഭാഷിതം

താപസന്‍ എപ്പോഴും പറയുമായിരുന്നു: 'വിധിക്കുന്നതിനേക്കാള്‍ മോശമായി ഒന്നുമില്ല.'

അബ്ബാ മക്കാരിയൂസിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട്. അദ്ദേഹം ഭൂമിക്കു മുകളില്‍ ഒരു ദൈവത്തെപ്പോലെ ആയിത്തീര്‍ന്നു. കാരണം ദൈവം ഭൂമിയെ സംരക്ഷിക്കുന്നതുപോലെ അബ്ബാ മക്കാരിയൂസ് മറ്റുള്ളവരുടെ വീഴ്ചകളും പോരായ്മകളും, കണ്ടിട്ടു ണ്ടെങ്കിലും കാണാത്തതുപോലെയും, കേട്ടിട്ടുണ്ടെങ്കിലും കേള്‍ക്കാത്തതുപോലെയും മറച്ചുപിടിച്ചിരുന്നു.

അബ്ബാ പാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു: നീ കുറ്റം ചെയ്യാത്തവനെങ്കിലും വ്യഭിചാരിയായ മനുഷ്യനെ നീ വിധിക്കരുത്. കാരണം നീ അങ്ങനെ ചെയ്താല്‍ നീയും അവനെപ്പോലെ നിയമം ലംഘിക്കുന്നവനാകും. കാരണം നീ വ്യഭിചാരം ചെയ്യരുത് എന്ന് പറഞ്ഞവന്‍ നീ വിധിക്കരുത് എന്നും പറഞ്ഞിട്ടുണ്ട്.

അബ്ബാ പോമെനെ സമീപിച്ച് ഒരു സഹോദരന്‍ ചോദിച്ചു: ഞാന്‍ എന്റെ സഹോദരന്‍ തെറ്റ് ചെയ്യുന്നതു കണ്ടാല്‍ അതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നത് ശരിയാണോ? അദ്ദേഹം മറുപടി പറഞ്ഞു, ''നാം സഹോദരന്റെ പാപം മറയ്ക്കുമ്പോള്‍ ദൈവം നമ്മുടെ പാപം മറയ്ക്കുന്നു. നാം സഹോദരന്റെ പാപം മറ്റുള്ളവരുടെ മുന്‍പില്‍ പരസ്യപ്പെടുത്തുമ്പോള്‍ ദൈവവും അത് തന്നെ നമ്മോട് ചെയ്യുന്നു.''

കഥകള്‍

ഷെറ്റിസിലുള്ള ഒരു സഹോദരന്‍ തെറ്റ് ചെയ്തു. അവര്‍ ഒരു കൗണ്‍സില്‍ കൂടി, അതിലേക്ക് അബ്ബാ മോശ വിളിക്കപ്പെട്ടു, എങ്കിലും അദ്ദേഹം പോകാന്‍ മുതിര്‍ന്നില്ല. 'ഞങ്ങളെല്ലാം നിന്നെ കാത്തിരിക്കുന്നു' എന്നറിയിച്ചുകൊണ്ട് പുരോഹിതന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ആളെ ഉയയച്ചു. അദ്ദേഹം അതനുസരിച്ച് അവരുടെ അരികിലെത്തി. ഒരു ദ്വാരംവീണ കുടമെടുത്ത് അതില്‍ വെള്ളം നിറച്ച് അതുമെടുത്തുകൊണ്ടാണ് അദ്ദേഹം പോയത്. അദ്ദേഹം ചെയ്ത പ്രവൃത്തികണ്ട എല്ലാവരും അദ്ദേഹത്തോട് ചോദിച്ചു 'ഇതെന്താണ്?'

'എന്റെ പുറകില്‍ സംഭവിച്ച തെറ്റുകള്‍ ഞാന്‍ കാണുന്നില്ല, എന്നിട്ട് ഞാന്‍ വേറൊരാളെ വിധിക്കാനായി വരുന്നു.' അദ്ദേഹം മറുപടി നല്‍കി. അവരതു കേട്ടപ്പോള്‍ തെറ്റുചെയ്ത സഹോദരനോട് ഒന്നും പറയാതെ അദ്ദേഹത്തിനു മാപ്പ് നല്‍കി.

ഒരു സഹോദരന്‍ തെറ്റ് ചെയ്തതിനാല്‍ പുരോഹിതന്‍ അദ്ദേഹത്തോട് ദേവാലയത്തില്‍ നിന്നും പുറത്തുപോകാന്‍ കല്പിച്ചു. അബ്ബാ ബെസ്സറിയോണ്‍ അദ്ദേഹത്തോടൊപ്പം എഴുന്നേറ്റ് ഇങ്ങനെ പറഞ്ഞുകൊണ്ട് പുറത്തുപോയി. 'ഞാനും ഒരു പാപിയാണ്.'

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org