ദൈവം സാക്ഷി; ഓര്‍മ്മകളും

ദൈവം സാക്ഷി; ഓര്‍മ്മകളും

ഓര്‍മ്മകള്‍ ഒരു പുസ്തകമാണെങ്കില്‍ ഇടയ്‌ക്കെങ്കിലും അതിന്റെ താളുകള്‍ മറിച്ചുനോക്കാതെ ആര്‍ക്കും ജീവിക്കാനാകില്ല. ചിലര്‍ ജീവിക്കുന്നതുപോലും ആ പുസ്തകത്തിലാണ്! ഒരര്‍ത്ഥത്തില്‍ വേദപുസ്തകവും ഓര്‍മ്മകളുടെ പുസ്തകമാണ്. മനുഷ്യനെ അനന്തമായി ഓര്‍മ്മിക്കുന്ന ദൈവവും ദൈവത്തെ അഗാധമായി ഓര്‍മ്മിക്കുന്ന മനുഷ്യനും അവിടെ സംഗമിക്കുന്നു. ''ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു'' എന്ന് തോബിതിനെപ്പോലെ പറയാന്‍ കഴിയുന്നതാണ് കൃപ (1:12). ''എന്റെ ദൈവമേ, എന്നെ എന്നും ഓര്‍മ്മിക്കണമേ!'' എന്ന ഹൃദ്യമായ പ്രാര്‍ത്ഥന നെഹെമിയാ പ്രവാചകന്റേതാണ് (13:31). കൂടെ കുരിശില്‍ തറയ്ക്കപ്പെട്ട കുറ്റവാളിപോലും യേശുവിനോട് യാചിച്ചത് ''എന്നെയും ഓര്‍ക്കണമേ'' എന്നാണ് (ലൂക്കാ 23:42). എന്തിനേറെ, അന്ത്യഭോജനവേളയില്‍ യേശുതന്നെയും സ്‌നേഹിതരോട് ആവശ്യപ്പെടുന്നത് ''എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍'' എന്നാണ്. പരസ്പരം ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ദൈവവും മനുഷ്യനും കൊതിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌നേഹാര്‍ദ്രവും രക്ഷാകരവുമായ ഓര്‍മ്മകളുടെ ഈ പാരസ്പര്യത്തെയാണ് അഭിവന്ദ്യ ബിഷപ് മാര്‍ തോമസ് ചക്യത്ത് 'ദൈവം സാക്ഷി' എന്ന ആത്മകഥാരൂപത്തിലുള്ള ഗ്രന്ഥത്തില്‍ ലളിതമായി അവതരിപ്പിക്കുന്നത്. 'കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ഏകാന്തതയാണ് ഈ രചനയ്ക്ക് ഉള്‍പ്രേരണയായത്' എന്ന് ആമുഖത്തില്‍ അദ്ദേഹം കുറിക്കുന്നുണ്ട്. ദൈവകൃപ നിറയുമ്പോഴാണ് ഏകാന്തതകള്‍ കാന്തിയും ദീപ്തിയും കൊണ്ട് വശ്യമാകുന്നത്. അത്തരമൊരു ഏകാന്തതയില്‍ തന്റെ ജീവിതത്തെ നിര്‍മ്മലവും നിര്‍മ്മമവുമായി അദ്ദേഹം പരിശോധിക്കുകയാണ്. ആ പരിശോധനയില്‍ ദൈവവും മനുഷ്യനും ലോകവും സഭയും കാലവും പ്രകൃതിയും സമൂഹവുമെല്ലാം കടന്നുവരുന്നുണ്ട്. ദൈവം കൈയൊപ്പിട്ട് തുല്യം ചാര്‍ത്തിയ തന്റെ ജീവിതത്തിന്റെ സാക്ഷ്യപത്രം അദ്ദേഹം വായനക്കാരന്റെ മുമ്പില്‍ സമര്‍പ്പിക്കുകയാണ്. നീണ്ട 59 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 'ആത്മാവില്‍ ചാര്‍ത്തപ്പെട്ട പൗരോഹിത്യ മുദ്രയുടെ ശോഭ' മിഴിവ് നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന ഒരു പുരോഹിതനെ അതില്‍ കാണാനാകും. കര്‍ത്താവ് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്ന ചിത്രവും 'സ്‌നേഹപൂര്‍വം ശുശ്രൂഷിക്കുക' (To Serve with Love) എന്ന ആപ്തവാക്യവുമായി അപ്പസ്‌തോലന്മാരുടെ പിന്‍ഗാമി എന്ന നിലയില്‍ കാല്‍നൂറ്റാണ്ടിലേറെയായി സഹോദരശുശ്രൂഷ തുടരുന്ന ഒരു മെത്രാനെ അവിടെ കാണാനാകും. 18 മെത്രാന്മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വൈദികരുടെ പരിശീലനത്തില്‍ പങ്കാളിയായി 23 വര്‍ഷം സെമിനാരിയില്‍ ശുശ്രൂഷ ചെയ്തിട്ടും, അവസരം കിട്ടിയാല്‍ 'നൂതനങ്ങളായ ചില സമീപനങ്ങളോടെ' ഇനിയും അതു തുടരാന്‍ മനസ്സാ കൊതിക്കുന്ന ഒരു സെമിനാരി പരിശീലകനെ അവിടെ കാണാം. സര്‍വമനുഷ്യരും സകല മതങ്ങളും അദൃശ്യമെങ്കിലും സ്‌നേഹലോലുപമായ ഒരു ചരടില്‍ കോര്‍ത്തിണക്കപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യസ്‌നേഹിയെയും സാമൂഹ്യശാസ്ത്രജ്ഞനെയും അതില്‍ ദര്‍ശിക്കാം. പൂക്കളെയും പറവകളെയും മൃഗങ്ങളെയും പ്രകൃതിയെയുമെല്ലാം സമഗ്രസുന്ദരമായ കാവ്യവസ്തുക്കളായി തിരിച്ചറിയുന്ന കവിതയുടെയും പ്രകൃതിയുടെയും ഒരു ഉപാസകനും അതില്‍ വെളിപ്പെടുന്നുണ്ട്. ഈ പ്രപഞ്ചത്തിലെ സര്‍വമനുഷ്യരുടെയും സര്‍വജീവജാലങ്ങളുടെയും പരിപ്രേക്ഷ്യത്തിലൂടെ വിശ്വാസപ്രമാണത്തെ പുനര്‍വായിക്കുന്ന വിശ്വമാനവനും അതില്‍ തെളിയുന്നുണ്ട്. ഓര്‍മ്മക്കുറിപ്പുകളെ മൂല്യമുള്ളതാക്കുന്നത് സത്യസന്ധതയാണ്. അങ്ങനെയെങ്കില്‍ 'ദൈവം സാക്ഷി' ഒരു നീണ്ട ജീവിതയാത്രയുടെ സത്യസന്ധമായ സാക്ഷ്യമാണ്. ഇതൊരു മെത്രാന്റെ വീരഗാഥയല്ല; ഒരു സെമിനാരി പരിശീലകന്റെ വിജയകഥയുമല്ല; പിന്നെയോ, ലഭിച്ച നിയോഗങ്ങളോട് അപാരമായ വിശ്വസ്തത പുലര്‍ത്തിയ ഒരു ക്രിസ്തുശിഷ്യന്റെ വിനയാന്വിതമായ ആത്മഭാഷണമാണ്. വിശ്വസ്തരാകുമ്പോള്‍ മാത്രമാണ് നാം യഥാര്‍ത്ഥത്തില്‍ വിജയികളാകുന്നത് എന്ന വലിയ പാഠമാണ് ഈ ഗ്രന്ഥപാരായണം നമുക്ക് നല്കുന്നത്. 'ദയാലുവായ അവിടുന്ന് എനിക്ക് മാപ്പ് തരും', 'പരമകാരുണികനായ ദൈവം എന്നോട് പൊറുക്കും', 'വിധിയാളന്‍ എന്നോട് കരുണ കാണിക്കും' എന്നതുപോലെയുള്ള വാചകങ്ങള്‍ ഈ പുസ്തകത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. അത്തരം അര്‍ത്ഥനകള്‍ ഹൃദയപൂര്‍വം ആവര്‍ത്തിക്കാതെ ഈ കര്‍മ്മകാണ്ഡം പിന്നിട്ട് സര്‍വേശ്വരന്റെ മുന്നിലണയാന്‍ ആര്‍ക്ക് കഴിയും? അപ്പസ്‌തോലന്റെ വാക്കുകള്‍ കടമെടുത്താല്‍, 'ആത്മപ്രശംസയിലുള്ള ദൃഢവിശ്വാസത്തോടെ, ഒരു ഭോഷനെപ്പോലെ' (2 കോറി. 11:17) ആത്മപ്രശംസ ചെയ്യാനാകുന്ന ഒരാള്‍ അതിന് തുനിയാതെ, തന്നില്‍ സമൃദ്ധമായി 'അധ്വാനിച്ച ദൈവകൃപയ്ക്കും' (1 കോറി. 15:10) വലിയ ഉത്തരവാദിത്വങ്ങള്‍ ഭരമേല്പിച്ച അധികാരികള്‍ക്കും കൂടെനിന്ന സഹോദരവൈദികര്‍ക്കും ആശയങ്ങള്‍ നല്കി ആവേശത്തോടെ ഒപ്പം നടന്ന അതിരൂപതയിലെ നൂറുകണക്കിന് അല്‍മായസഹോദരങ്ങള്‍ക്കുമായി എല്ലാ വിജയങ്ങളും പകുത്തു നല്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ അനുപമമായ ചാരുത.

സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പില്‍ അതീവഹൃദ്യമായി തോന്നാറുള്ളത് 'ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍' സഖറിയായോട് പറയുന്ന ''നിനക്ക് ആനന്ദവും സന്തുഷ്ടിയും ഉണ്ടാകും'' എന്ന വാചകമാണ്. 'ദൈവം സാക്ഷി' ആനന്ദത്തിന്റെയും സന്തുഷ്ടിയുടെയും പുസ്തകമാണ്; സഫലതയുടെയും കൃതാര്‍ത്ഥതയുടെയും പുസ്തകമാണ്; ദൈവത്തിനും ദൈവജനത്തിനുംവേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു നേതൃശുശ്രൂഷകന്റെ ഹര്‍ഷവും വ്യഥയും നിറഞ്ഞ കഠിനാദ്ധ്വാനത്തിന്റെ കണക്കുപുസ്തകമാണ്. ഈ പുസ്തകം ശ്രദ്ധയോടെ വായിക്കുന്നവര്‍ക്ക് ദൈവത്തോടും സഭയോടും, നിത്യമായ ഒരു അനുരാഗത്തിന്റെ മുദ്ര ആത്മാവില്‍ പതിഞ്ഞവരെന്ന നിലയില്‍ തങ്ങളോടു തന്നെയും (നിശ്ചയമായും ഗ്രന്ഥകാരനോടും) കൂടുതല്‍ സ്‌നേഹം തോന്നുമെന്ന് ഉറപ്പാണ്. വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് സാക്ഷിയായി ദൈവത്തെ കൂട്ടുപിടിക്കുന്നത് ഉചിതമാണോ എന്ന് ഒരു സുഹൃത്ത് സന്ദേഹമുന്നയിച്ചു. സര്‍വമനുഷ്യരുടെയും ഓര്‍മ്മകള്‍ക്കും ജീവിതത്തിനും ദൈവത്തേക്കാള്‍ മിഴിവാര്‍ന്ന സാക്ഷിയില്ലാത്തതിനാല്‍ ആ പേര് തന്നെയാണ് ഏറ്റവും അനുയോജ്യമെന്ന് മറുപടി നല്കി. ''അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി'' എന്ന് സങ്കീര്‍ത്തകന്‍ പറയുന്നുണ്ട് (18:35). 'നിസ്സാരനും ബലഹീനനും' എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവിടുത്തെ വാത്സല്യം വലിയവനാക്കിയ ഒരു ശുശ്രൂഷകന്‍, കര്‍ത്താവിന്റെ പൂന്തോപ്പില്‍ എത്ര സ്‌നേഹത്തോടും സമര്‍പ്പണത്തോടും വിശ്വസ്തതയോടും കൂടി വ്യാപരിച്ചു എന്നതിന്റെ നേര്‍വിവരണമാണ് 'ദൈവം സാക്ഷി'. ആത്മവിപഞ്ചികയുടെ തന്ത്രികള്‍ മിനുക്കി കാത്തിരുന്നാല്‍ അവിടുത്തെ വാത്സല്യം വന്ന് വിരലോടിക്കുമെന്നും നാമെല്ലാവരും ശ്രുതിമധുരമായ ജീവിതഗാനമുതിര്‍ക്കുന്ന വലിയവരാകുമെന്നും ഈ പുസ്തകം നമ്മോട് പറയാതെ പറയുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org